Saturday, 26 March 2016

4. പ്ളാവ്

പ്ളാവ് – Jackfruit Tree
     ഇന്ത്യയിലെ പ്രധാന ഫലവൃക്ഷങ്ങളിൽ ഒന്നാണ് പ്ളാവ്. ഏറ്റവും വലിയ ഫലം തരുന്ന വൃക്ഷം കൂടിയാണിത്. മഴ ധാരാളമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് പ്രധാനമായും പ്ളാവ് കാണപ്പെടുന്നത്. ശ്രീലങ്ക, പാക്കിസ്താൻ, മ്യാന്മാർ, ബ്രസീൽ എന്നിവിടങ്ങളിൽ കാണുന്നു. ഭാരതീയർ പുണ്യവൃക്ഷമായി പ്ളാവിനെ കരുതുന്നു. തെക്കും തെക്ക്-കിഴക്കൻ ഏഷ്യയുമാണ് പ്ളാവിന്റെ ജന്മദേശമായി കണക്കാക്കുന്നത്. ഏറ്റവും വലിയ ഫലം നൽകുന്ന സസ്യം കൂടിയാണ്. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നിവിടങ്ങളിലും കാണപ്പെടുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:മോറേസീ
ശാസ്ത്ര നാമം:ആർട്ടോകാർപ്പസ് ഇന്റെഗ്രിഫോളിയ / Artocarpusintegrifolia

അറിയപ്പെടുന്ന പേരുകൾ :
മലയാളം:പ്ളാവ്, പ്ലാവ്, പിലാവ്
ഇംഗ്ളീഷ്:ജാക്ക് ഫ്രൂട്ട് ട്രീ (Jackfruit tree)
സംസ്കൃതം:പനസഃ
ഹിന്ദി  :കടഹല കെ പേഡ്
കന്നട:ഹലസു മറഡാ
തമിഴ്  :പളപ്പഴമരം
തെലുങ്ക്           :പനസ സെട്ടു

സസ്യ വിശേഷങ്ങൾ :
നിത്യഹരിത ബഹുവർഷി വൃക്ഷമാണ് പ്ളാവ്. വിശാലവും വിസ്തൃതവും അനേകം ശാഖകളോടും പടർന്ന്  പന്തലിച്ച് വളരുന്ന സസ്യമാണിത്. എത് ഭാഗത്തും മുറിവുണ്ടായാൽ വെളുത്ത ഒട്ടലോടുകൂടിയ അരക്ക് ഒഴുകാറുണ്ട്. കാര്യമായ രോഗബാധ ഇല്ലാത്തതിനാൽ കീടനാശിനിപ്രയോഗം കുറവാ‍ണ്. സാധാരണ പ്ളാവിന് വളപ്രയോഗം ചെയ്യാറുമില്ല എന്നതും എടുത്ത് പറയാവുന്ന പ്രത്യേകതയാണ്. പാതയോരത്തും ഉദ്യാനത്തിലും ഈ നിത്യഹരിത സസ്യത്തെ വളർത്താവുന്നതാണ്. വളപ്രയോഗമോ കീടനാശിനി പ്രയോഗമോ ഇല്ലാത്ത അപൂർവ്വം ഫലലഭ്യതയുള്ള വൃക്ഷമായതിനാൽ ഫലം ആരൂപത്തിൽ വിഷമയമായ ഇക്കാലത്ത് വിശ്വസിച്ച് ഉപയോഗിക്കാവുന്നതാണ്.
  • കാണ്ഡം:
പ്ളാവിന്റെ കാണ്ഡഭാഗം വിശാലവും വിസ്തൃതവും അനേകം ശാഖകളോടും പടർന്ന്  പന്തലിച്ച് വളരുന്നതുമാണ്. മരത്തിന്റെ പട്ട ചെറു വിള്ളലോട് കൂടി ഇരുണ്ടതും അങ്ങിങ്ങ് ചുവന്ന തൊലിയുള്ളതുമാണ്.
  • വേര് :
തായ് വേരുപടലമുള്ള സസ്യമാണ് പ്ളാവ്. കട്ടിയേറിയതും ഇളം ചുവപ്പ് നിറത്തിലുള്ള ശാഖാ വലുപ്പമുള്ള വേരുകൾ മേൽമണ്ണിൽ ഉയർന്ന് നിൽക്കാറുണ്ട്.
  • ഇല:
അനുപർണ്ണങ്ങളോടുള്ള ഇലകളുണ്ട്. ഇലാ വിന്യാസം ഏകാന്തരമാണ്. ജാലികാ വിന്യാസത്തിലുള്ള ഇലകളുടെ പത്രസീമാന്തം അഖണ്ഡമാണ്. ഇലകൾക്ക് ഏകദേശം 10 സെന്റി മീറ്റർ നീളമുള്ളതും ദീർഘ വൃത്താകൃതിയിലുള്ളതുമാണ്. ഇലഞെട്ടിന് 1 സെ. മീറ്ററോളം നീളമുണ്ടാകും. കടും പച്ചനിറമുള്ള ഇലകൾ ലഖുപത്രങ്ങളാണ്. ഇല പൊട്ടിക്കുമ്പോൾ പാൽ നിറമുള്ള കറയുണ്ടാകുന്നു.
  • പൂവ്:
പ്ളാവ് അഞ്ചോ ആറോ വർഷമാകുമ്പോൾ പൂവിടുന്നു. ശിശിരകാല (ഡിസംബർ- ജനുവരി) ത്താണ് പൂവിടൽ. ഇതിന്റെ പൂക്കൾ ക്യാറ്റ്കിൻ എന്നറിയപ്പെടുന്നു. തായ്തടിയിലും ശാഖകളിലും പൂവുണ്ടാകുകകയും ചെയ്യുന്നു. പൂക്കാലം ശിശിരകാലമാണ്. ആൺ പൂങ്കുലയും പെൺ പൂങ്കുലയും വെവ്വേറെ ഉണ്ടാകുന്നു.
  • ഫലം:
സംയുക്ത ഫലമാണ് ചക്ക. പെൺപൂങ്കുലയിലെ മഞ്ജരീദണ്ഡ് വളർന്നു കൂഞ്ഞിലും, പരിദളപുടം വളർന്ന് ചുളയും, വന്ധ്യപുഷ്പങ്ങൾ വളർന്ന് ചകിണിയും, അണ്ഡാശയം വളർന്ന് വിത്തും, അണ്ഡാശയഭിത്തി വളർന്ന് പാടയും ഉണ്ടാകുന്നു. കായകൾ 30- 40 കി ഗ്രാം വരെ ഭാരം ഉണ്ടാകും. മുള്ളുകൾ പരന്ന് മഞ്ഞകലർന്ന പച്ച നിറത്തിലാണ് ചക്കകൾ കാണാറുള്ളത്. ഏപ്രിൽ-മേയ് മാസങ്ങളിൽ വിളവെടുക്കാവുന്നതാണ്. പഴുത്തചക്കയ്ക്ക് മധുരവുമേറും. വർഷം ശരാശരി മരമൊന്നിന് 10 മുതൽ 50 വരെ ഫലം ലഭിക്കുന്നതാണ്. ചിലയിനങ്ങൾക്ക് 250 വരെ ഫലം ൽഅഭിക്കാറുണ്ട്.
ഉപയോഗങ്ങൾ:
  • കായ് :
ചക്ക ഏത് തരത്തിലും ഭക്ഷ്യയോഗ്യമാണ്. പച്ച ഭക്ഷണമായി പ്രയോജനപ്പെ ടുത്തുമ്പോൾ, പഴുത്ത ചക്ക പഴ വർഗ്ഗമായി ഉപയോഗിക്കാവുന്നതുമാണ്. ചക്കപ്പഴം പാലിൽ വേവിച്ച് ഓറഞ്ച് നിറത്തിലുള്ള കസ്റ്റാഡുണ്ടാക്കാം. പഴുത്ത ചക്കച്ചുള പഞ്ചസാരപ്പാവിലിട്ട് ചക്ക കാൻഡി ഉണ്ടാക്കവുന്നതാണ്. ചക്ക ഉപയോഗിച്ച് നാടൻ വിഭവങ്ങളായ കറികൾ, പുഴുങ്ങിയത്, ചക്ക പ്രഥമൻ, ചക്കവരട്ടി, പപ്പടം എന്നിവ ഉണ്ടാക്കുന്നു.
  • തടി:
പ്ളാവിൻ തടി കെട്ടിട ഭാഗ നിർമ്മാണത്തിനും വിവിധ കടച്ചിൽ പണികൾക്കും ഫർണിച്ചർ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. മരക്കാതൽ ആദ്യം മഞ്ഞനിറത്തിലും പിന്നീട് തേക്കുതടിയുടെ നിറത്തിലും ബലത്തോളവും അനുഭപ്പെടുന്നു.
  • ഇല:
പ്ളാവില നല്ലൊരു കന്നുകാലിത്തീറ്റയാണ്. പ്ളാവില ജൈവ വളമായും കൃഷിക്ക് ഉപയോഗിക്കുന്നു.
  • വിത്ത്:
ചക്ക വിത്ത് വേവിച്ചും വറുത്തും കഴിക്കാവുന്നതാണ്. വറുത്ത് മാവാക്കി ഭക്ഷ്യസാധനങ്ങളിൽ ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ചത് നല്ലൊരു കോഴിത്തീറ്റയാണ്. കുരുവിലടങ്ങിയ ലക്സിൻ മുതലായ ഘടകങ്ങൾ ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതായും, അർബുദത്തിനും എയിഡ്സിനും എതിരേ പ്രവർത്തിക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
രാസഘടകങ്ങൾ:
  • ചക്കപ്പഴം / ചക്കക്കുരു:
വൈറ്റമിൻ എ, ബി1, ബി2, ഇരുമ്പ് എന്നിവയും പ്രോട്ടീൻ, കൊഴുപ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാർബോഹൈഡ്രേറ്റും നാരുകളും അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഫലം, വേര്, ഇല, വിത്ത് എന്നിവയാണ് ഔഷധ ഭാഗങ്ങൾ.
രസ ഘടകങ്ങൾ
പഴുത്ത ചക്ക
രസംമധുരം
ഗുണം:ലഘു
വീര്യം  :ശീതം
വിപാക:മധുരം

  • പ്ളാവിന്റെ ഇളം ചക്ക ആയുഃവേദവിധിയിൽ പേശികളെ ചുരുക്കുന്നതും വായൂകോപത്തെ ശമിപ്പിക്കുകയും ചെയ്യുന്നു.
  • പ്ളാവിന്റെ പഴുത്ത ചക്ക പിത്തവും മെലിച്ചിൽ വിരേചനതടസ്സം എന്നിവയ്ക്ക് ഔഷധമാണ്.
  • ചക്കക്കുരു മൂത്രമൊഴിക്കൽ  വർധിപ്പിക്കുക, മലബന്ധം ഉണ്ടാക്കുക എന്നിവ ചെയ്യുന്നു.
  • പ്ളാവിൻ വേര് കഷായം അതിസാരം ശമിപ്പിക്കുന്നു.
വിവിധ ഇനങ്ങൾ:
ഇനമനുസരിച്ച് പ്രധാനമായും രണ്ടുതരം കണ്ടുവരുന്നു. വരിക്ക പ്ളാവ്, കൂഴ പ്ളാവ് (പഴപ്ളാവ്) എന്നിവയാണ്.
  • വരിക്ക:
ഇതിന്റെ ഫലത്തിലെ ചുളകൾക്ക് മധുരം, സ്വാദ്, ഉറപ്പും കൂടുതലാണ്. കേരളത്തിൽ കൃഷി ചെയ്യുന്ന വരിക്ക ഇനമാണ് മുട്ടം വരിക്ക, സിങ്കപ്പൂർ (സിലോൺ) പ്ളാവ്, നവരിക്ക, രിദ്രാക്ഷച്ചക്ക, താമരച്ചക്ക എന്നിവ. വർച്ച, കുജ്ജ, കോർച്ച, ബർക്ക എന്നിവ വർക്ക പ്ളാവിനമാണ്.
  • മുട്ടം വരിക്ക:
കേരളത്തിൽ സാധാരണ കാണുന്ന വരിക്ക ഇനമാണ്. ചുളകൾക്ക് നല്ല ഉറപ്പുണ്ട്. മധുരം കൂടുതലുള്ള ഇവയ്ക്ക് സവിശേഷമായ സുഗന്ധമുണ്ട്. ശരാ‍ശരി ഏഴു കി. ഗ്രാമോളം തൂക്കം വരും ഉറച്ച ചുളയുള്ളതിനാൽ വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ കഴിയും

  • സിങ്കപ്പൂർ (സിലോൺ) പ്ളാവ്:  
ശ്രീലങ്കൻ ജന്മദേശമായ ഈ ഇനം മൂന്നാം വർഷം മുതൽ കായ്ക്കാറുണ്ട്. കായ്ഫലം കൂടുതലുള്ളതും ഇതിന്റെ എടുത്തുപറയാവുന്ന പ്രത്യേകതയാണ്. ഇരുന്നൂറ്റമ്പതോളം ചക്കകൾ ഒരു വർഷത്തിൽ ഉണ്ടാകാറുണ്ട്.

  • കൂഴ (പഴപ്ലാവ്):

താരതമ്യേനെ മൃദുലവും കട്ടികുറവുമായിരിക്കും. പൾപ്പിലെ ജലസാന്നിദ്യം കൂടുതലാണ്. നാരുകൂടുതലായ ഇതിന്റെ കുരു വലുതുമായിരിക്കും. ഇളം മഞ്ഞ മുതൽ സ്വർണ്ണ വർണ്ണം വരെ നിറമുള്ള ചുളകൾ ഇതിനുണ്ടാകും. പലഹാരമുണ്ടാക്കാൻ ഈ ഇനം കൂടുതൽ പ്രയോജനപ്പെടുത്താറുണ്ട്. പഴംകുല, വേല, ഖില, കൊപ്പ എന്നിവ പ്രധാന കൂഴയിനങ്ങളാണ്.
പരാഗണവും വിതരണവും:
  • മറ്റുജീവികളോ മറ്റ് ഘടകങ്ങളൂടെ സഹായമില്ലാതെ പരാഗണം നടത്തുന്നു.
  • അണ്ണാ‍ൻ, വാവലുകൾ, പക്ഷികൾ എന്നിവ വഴിയാണ് സാധാരണ വിത്ത് വിതരണം നടക്കുന്നു.
ഉത്പാദനവും വളപ്രയോഗവും:
  • മൂപ്പെത്തിയ വിത്തുകളിൾ നിന്നാണ് തൈകൾ സാധാരണമായി ഉത്പാദിപ്പിക്കുന്നത്. ഇവയ്ക്ക് മാതൃഗുണം കുറവാണ്.
  • അലൈംഗിക പ്രജനന രീതിയായ ഗ്രാഫ്റ്റിംഗിലൂടെ മേൽത്തരം തൈ നിർമ്മാണ മേഖലകളിൽ കണ്ടുവരുന്നു. ഇവയ്ക്ക് ശരാശരി എൺപത് വർഷം ആയുസ്സുണ്ട്. മാതൃ വൃക്ഷത്തിന്റെ ഗുണം കൂടുതലാ‍യിരിക്കും.
  • പ്ളാസ്റ്റിക്ക് കൂടുകളിൽ നടുന്ന വിത്തുകൾക്ക് 9-12 മാസമാകുമ്പോൾ 10-15 സെ. മീറ്റർ അകലത്തിൽ ചരിച്ച് കാണ്ഡം ചേദിച്ച് അതേവലുപ്പമുള്ള നല്ലയിനം പ്ളാവിനത്തെ കാണ്ഡഭാഗത്തിന്റെ ഒരുവശം ചെത്തിയശേഷം ചേർത്തുവച്ച് ചരടുകൊണ്ടോ പോളിത്തീൻ കവറുകൊണ്ടോ കെട്ടി തൈ നിർമ്മിക്കവുന്നതാണ്.
  • ഒന്നുരണ്ട് മാസങ്ങൾക്കകം ഒട്ടിപ്പ് നന്നായാൽ മാതൃവൃക്ഷ ശാഖ ശ്രദ്ധയോടെ കത്തിയുപയോഗിച്ച് മുറിച്ച ശേഷം പുതിയ ഇലവരുന്നതുവരെ തണലത്ത് വയ്ച്ച് നനയ്ക്കാവുന്നതാണ്.
  • മറ്റൊരു രീതിയിൽ, പത്ത് ദിവസം പ്രായമുള്ളതും വലുപ്പവും ആരോഗ്യവും ഒത്തിണങ്ങിയ വിത്തുമുളപ്പിച്ച തൈയ്ച്ചെടിയെ സ്റ്റോക്കായി ഒട്ടിക്കാൻ തെരഞ്ഞെടുക്കുന്നു
  • തറനിരപ്പിൽ നിന്നും സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് 5 സെ. മീ. അകലത്തിൽ വൃത്താകൃതിയിൽ മുറിച്ചശേഷം മുകൾ ഭാഗത്ത് മധ്യ ഭാഗത്തിലൂടെ 2-2.5 സെ.മീറ്റർ താഴ്ചയിൽ പിളർപ്പ് ഉണ്ടാക്കണം.
  • സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് ഒട്ടിക്കുന്നതിന്  ഇതേ വലുപ്പമുള്ള നല്ല ഇനത്തിലും ആരോഗ്യത്തിലുമുള്ള മാതൃവൃക്ഷശിഖരത്തെ ഒട്ടുകമ്പായി (സയോൺ) ഉപയോഗിക്കുന്നു.
  • സയോണിന്റെ 10 സെ.മീറ്റർ ഉയരത്തിലുള്ള ഇലകൾ അതിനോട് ചേർന്ന മുളപ്പിന് കോട്ടം തട്ടാതെ ഇരുപത് ദിവസത്തിനുമുമ്പേ നീക്കം ചെയ്തശേഷം മുറിച്ചഭാഗം 2-2.5 സെ.മീറ്റർ വലുപ്പത്തിൽ ഇരുവശവും തുല്യമായ രീതിയിൽ ചരിച്ചുചെത്തി ആപ്പ് രൂപത്തിലാക്കണം.
  • സ്റ്റോക്കിന്റെ പിളർപ്പിൽ സയോണിന്റെ ആപ്പ്ഭാഗം ശ്രദ്ധയോടെ കടത്തി പോളിത്തീൻ നാട താ‍ഴേനിന്നു മുകളിലേയ്ക്ക് കെട്ടണം.
  • ഇത് തണലത്ത് വച്ച് ചെറുതായി നനയ്ക്കണം. ഗ്രാഫ്റ്റ് വിജയമെങ്കിൽ എൺപത് ദിവസത്തിനുള്ളിൽ  തളിരുകൾ വരികയും ചെയ്യും
  • ആറുമാസം മുതൽ ഒരു വർഷം വരെ പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്ട് തൈകളാണ് കൃഷിക്ക് അനുയോജ്യം.
  • ഗ്രാഫ്ട് തൈകൾക്ക് നല്ല സൂര്യപ്രകാശം അത്യാവശ്യമായതിനാൽ തുറസ്സായ സ്ഥലം കൂടുതൽ അഭികാമ്യം.
  • മഴ ലഭിക്കുന്നമുറയ്ക്ക് വിത്ത് തൈകളോ, ഒരുവർഷം പഴക്കമുള്ള ഗ്രാഫ്റ്റ് തൈകളോ നടാവുന്നതാണ്.
  • കുഴികൾ 12-15 മീറ്റർ അകലത്തിൽ 75 സെ.മീറ്റർ നീളം, 75 സെ.മീറ്റർ വീതി, 75 സെ.മീറ്റർ താഴ്ചയുള്ള കുഴിയെടുത്ത് അതിൽ 10 കിലോ ഗ്രാം വീതം കമ്പോസ്റ്റ്, ചാണകപ്പൊടി, മേൽമണ്ണ് എന്നിവ നിറയ്ക്കണം. ആയതിന്റെ നിരപ്പ് തറനിരപ്പിൽ നിന്നും ഉയരത്തിലുമായിരിക്കണം.
  • കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം നടുന്നത്. കാറ്റിൽ ഒട്ടിപ്പിന് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം.
  • ഗ്രാഫ്റ്റിന് താഴേയുണ്ടാകുന്ന പൊടിപ്പുകൾ നീക്കം ചെയ്യേണ്ടതും ഗ്രാഫ്റ്റിന് മുകളിൽ മണ്ണ് വരാതിരിക്കേണ്ടതുമാണ്.
  • നാലഞ്ച് വർഷം നനയ്ക്കുകയും, കടുത്ത വേനലുള്ളപ്പോൾ തണലുകൊടുക്കുകയും നന്ന്.
  • സാധാരണ വിത്ത് തൈകൾ എട്ടുവർഷംകൊണ്ട് കായ്ഫലമുണ്ടാകുമ്പോൾ ഗ്രാഫ്റ്റ് തൈകൾ മൂന്നുവർഷം കഴിയുമ്പോൾ കായ്ഫലമുണ്ടാകുന്നു.
  • ഡിസംബർ-ജനുവരി മാസത്തിൽ കായ്കൾ ഉണ്ടാകുന്നത് മെയ്- ജൂൺ മാസത്തിൽ വിളവുകാലവുമാകും.
  • പ്ളാവിന് സാധാരണ മറ്റു വളങ്ങൾ ആവശ്യമില്ല.
രോഗങ്ങളും രോഗ നിവാരണവും:
  • രോഗം:         പിങ്ക് രോഗം / ചീക്ക് രോഗം
ലക്ഷണം:       തുലാമഴ സമയത്താണ് സാധാരണ പിങ്ക് രോഗം മരങ്ങളിൽ കാണാറുള്ളത്. പ്രായമില്ലാത്ത പ് ളാവുകളേയാണ് സാധാരണ പിങ്ക് രോഗം ബാധിക്കാറുള്ളത്. കോർട്ടീസിയം സാൽമണിക്കളർ എന്ന കുമിൾ വിഭാഗങ്ങളാണ് ഈ രോഗബാധയ്ക്ക് കാരണം. മഴയെത്തുടർന്ന് ശാഖാഭാഗങ്ങൾ പിങ്ക് നിറത്തിലാവുകയും പിന്നീട് ഈ ഭാഗത്ത്നിന്ന് പൊട്ടിയൊഴുക്കൽ ഉണ്ടാവുകയും ശിഖരം ഉണങ്ങുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗം ബാധിച്ച ഭാ‍ഗം മുറിച്ചുമാ‍റ്റി അവിടെ ബോർഡോ മിശ്രിതം തേയ്ച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
  • രോഗം:         തടിചീയൽ
ലക്ഷണം:       നീർവാർച്ചാസൌകര്യം കുറയുമ്പോഴാണ് ഈ രോഗം ബാധിക്കുന്നത്. ഇളം തൈകളേയും അപൂർവ്വമായി വലിയവൃക്ഷങ്ങളേയും ആക്രമിക്കാറുണ്ട്. ചെറു ദുർഗ്ഗന്ധത്തോടെ ചീയുന്നതാണിതിന്റെ ലക്ഷണം.
പ്രതിവിധി:       രോഗം ബാധിച്ച ഭാ‍ഗം മുറിച്ചുമാ‍റ്റി അവിടെ ബോർഡോ മിശ്രിതം തേയ്ച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
  • രോഗം:            കായ്ചീയൽ
ലക്ഷണം:       കായ്കൾ ചെറുതാകുമ്പോഴാണ്  ഈ രോഗം ബാധിക്കുന്നത്. മഞ്ഞകലർന്ന ഇളം പച്ച കായ്കളിൽ കടുത്ത പച്ചനിറത്തിലാകുകയും ചെറുതായി അമർന്നുപോകുകയും ചെയ്യുന്നതാണ് ലക്ഷണം. വലിയ കായ്കൾക്ക് ഈ രോഗം ബാധിക്കാറില്ല.
പ്രതിവിധി:       രോഗം ബാധിച്ച ഭാ‍ഗം മുറിച്ചുമാ‍റ്റി അവിടെ ബോർഡോ മിശ്രിതം തേയ്ച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
കീടങ്ങളും കീട നിവാരണവും:
  • കീടം: തണ്ടുതുരപ്പൻ പുഴു
ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം: മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)
ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: ശൽക്ക കീടം
ലക്ഷണം: ഇളം പ്ളാവുകളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.


മറ്റ് വിശേഷങ്ങൾ:
  • അൻപതോളം പ്ളാവിനങ്ങളുടെ ശേഖരമുള്ള ഏറ്റവും വലിയ പ് ളാവ് ഗവേഷണ കേന്ദ്രം തമിഴ്നാട്ടിലെ കല്ലാർ- ബർലിയാറിലാണ്.
  • ചക്കകളിൽ ഏറ്റവും മുന്തിയ ഇനമാണ് ടി- നഗർ ജാക്ക് ആണ്.
  • പഴയകാല തലമുറ പ്ളാവില മംഗള കാര്യങ്ങൾക്ക് അലങ്കാരമായി ഉപയോഗിച്ചിരുന്നു.
  • പഴയകാല തലമുറ പ്ളാവില കോട്ടി കരണ്ടിക്ക് സമാനമായി ഉപയോഗിച്ചിരുന്നു.
  • ഹോമങ്ങൾക്ക് പ്ളാവിൻ വിറക് ഉപയോഗിക്കുന്നു.
  • ചെറിയ ഇലയുള്ളത് വരിക്കയാകാനുള്ള സാധ്യത കൂടുതലും ഇതിനു മധുരവും, രുചിയും, മണവും കൂടുതലുമായിരിക്കും.
  • കൂഴയ്ക്കു മൃദുവാ‍യ ചുളയും ചാറ് കൂടുതലുമായിരിക്കും. പഴം വലപോലെ കുഴയുന്നതുമാണ്.
  • പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമാക്കി വസ്ത്രം നിറം പിടിപ്പിക്കാൻ ബുദ്ധഭിക്ഷുക്കൾ ഉപയോഗിച്ചിരുന്നു.
  • സഫേദ, ബടിയാ, ഭൂസില ഹൻസിദാ, മാമ്മത്ത്, ഘാജാ, റോസ്സെന്റ്സ് എന്നിവ പ്രധാന പ്ലാവിനങ്ങളാണ്.
  • കുരുവിൽ നിന്നും പ്ളാവിൻ തൈ മുളയ്ക്കുന്നത്
  • ഗ്രാഫ്റ്റ് പ്ളാവിൻ തൈ
  • പ്ളാവില
  • പ്ളാവിൻ കായ് (ഇളം ചക്ക)
  • ചക്കച്ചുള, ചക്കക്കുരു
  • നെടുകേ മുറിച്ച ചക്ക

3. തേന്മാവ്

തേന്മാവ് – Mango Tree
     ഇന്ത്യയിലെ പ്രധാന ഫലവൃക്ഷമാണ് മാവ്. നാരക വർഗ്ഗങ്ങൾ, ആപ്പിൾ എന്നിവയെക്കാൾ ജനപ്രിയമാണ് മാമ്പഴം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് മാവ് കാണപ്പെടുന്നത്. തെക്കൻ ഏഷ്യയാണ് മാവിന്റെ ജന്മദേശമായി കണക്കാക്കുന്നത്. പാക്കിസ്താൻ, മ്യാന്മാർ, ചൈന, ശ്രീലങ്ക എന്നിവിടങ്ങളിൽ മാവ് കൃഷിചെയ്തുവരുന്നു.നൂറ് കണക്കിന് ഇനങ്ങൾ അതാത് പ്രദേശങ്ങൾക്കിണങ്ങിയ തരത്തിൽ കൃഷി ചെയ്തുകാണുന്നു. ഇന്ത്യയിൽ ഉടനീളവും ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ, കേരളം, കർണ്ണാടക, മഹരാഷ്ട്ര, തമിഴ്നാട്, ഉത്തരാഞ്ചൽ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൻതോതിൽ മാവ് കൃഷി ചെയ്തുവരുന്നു. ഒരേയിനം മാവുകൾ പലപ്രദേശങ്ങളിൽ പലപേരുകളിൽ കാണുന്നത് ഏറേ വിചിത്രവുമാണ്.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:അനാകാർഡിയേസീ
ശാസ്ത്ര നാമം:മാൻജിഫെറ ഇൻഡിക്ക / Mangifera indica

അറിയപ്പെടുന്ന പേരുകൾ:
മലയാളം:മാവ്, തേന്മാവ്
ഇംഗ്ളീഷ്:മാങ്കോ ട്രീ (Mango tree)
സംസ്കൃതം:ആമ്രഃ, പികവല്ലഭഃ, മധുദൂതഃ, പികവല്ലഭഃ, രസാലഃ, മാകന്ദഃ
ഹിന്ദി  :ആമ്
ബംഗാളി:ആമ്ര
തമിഴ്  :മാമ്പളം
തെലുങ്ക്           :മാമിടി

സസ്യ വിശേഷങ്ങൾ:
വിശാലവും വിസ്തൃതവും പത്ത് മീറ്ററോളം ഉയരമുള്ളതും അനേകം ശാഖകളോടുകൂടി പടർന്നുപന്തലിച്ച് വളരുന്ന നിത്യഹരിതസസ്യമാണ് മാവ്. സസ്യം ബഹുവർഷിയാണ്. നനവുള്ള മണ്ണിൽ മാവ് തഴച്ചുവളരും.
  • കാണ്ഡം:
മാവിന്റെ കാണ്ഡഭാഗം വിശാലവും വിസ്തൃതവും അനേകം ശാഖകളോടും പടർന്ന്  പന്തലിച്ച് വളരുന്നതുമാണ്. മരത്തിന്റെ പട്ട പരുക്കനും വിള്ളലോട് കൂടിയ ചാരനിറമാർന്നതുമാണ്. തൊലി പരുക്കനും ചിലകാലങ്ങളിൽ വിണ്ടുകീറിയും കാണുന്നു.
  • വേര്:
തായ് വേരുപടലമുള്ള സസ്യമാണ് മാവ്. കട്ടിയേറിയതും ഇളം ചാരനിറത്തിലുള്ള ശാഖാ വലുപ്പമുള്ള വേരുകൾ മേൽമണ്ണിൽ ഉയർന്ന് നിൽക്കാറുണ്ട്.
  • ഇല:
മാവിലകൾക്ക് ഏകദേശം 10-30 സെന്റി മീറ്റർ നീളവും 2-6 സെ. മീ. വീതിയും പരുപരുത്തതും അഗ്രം കൂർത്തതുമാണ്. പുതിയ ഇലകൾ പ്രത്യേക കാലങ്ങളിൽ ഒരുമിച്ച് ശാഖാഗ്രങ്ങളിൽ നിന്നുമുണ്ടാകുന്നു. ഇലകൾ ആദ്യം ചുവപ്പ് കലർന്ന നിറത്തിലും വയലറ്റ് നിറത്തിലും മൃദുലമായും പിന്നീട് ചെമ്പ്കലർന്നപച്ചനിറത്തിലും കാണപ്പെടും. ക്രമേണെ കടുത്ത പച്ച നിറമാകും. അനുപർണ്ണങ്ങളില്ല. ഇലകൾ ഒരു സീസൺ വരേ നിലനിൽക്കുകയും പിന്നീട് മഞ്ഞ നിറത്തിലെത്തി കൊഴിയുകയും ചെയ്യും. ഇടവിട്ടുണ്ടാകുന്ന തിളിർപ്പുകൾ വഴിയാണ് സസ്യങ്ങൾ വളർച്ചപ്രാപിക്കുന്നത്.
  • പൂവ്:
ശിശിര കാലങ്ങളിൽ (ജനുവരി) സസ്യമാകമാനം പുതിയ ഇലകളോടൊപ്പം ഇളം ശാഖകളുടെ അറ്റത്ത് സ്തൂപികാകൃതിയിൽ ഏകദേശം 40 സെ. മീ നീളത്തിൽ പൂങ്കുല കാണപ്പെടും. പൂങ്കുല പാനിക്കിൾ ആണ്. പൂങ്കുലയ്ക്ക് 10 മുതൽ 25 സെ.മീ. നീൾഅമുണ്ടാകും. ഇളം പച്ച കലർന്ന വെള്ള നിറമാർന്ന ചെറിയ പൂക്കളാണ് മാവിൻ പൂവ്. അനേകം പൂക്കളുള്ള ഒരു പൂങ്കുലയിൽ ദ്വിലിംഗ പുഷ്പങ്ങളും കൂടുതൽ ആൺപൂക്കളുമുണ്ട്.പൂക്കളിൽ പ്രത്യുൽപ്പാദന ശേഷിയുള്ള ഒറ്റക്കേസരം ഉൾപ്പടെ മൂന്നു നാലു കേസരങ്ങൾ ഉണ്ടാകും.
  • ഫലം:
ഫലം ആമ്രക (ഡ്രൂപ്പ്) മാണ്. മാർച്ചിൽ വിളയും. മാമ്പഴത്തിന്റെ ആകൃതി, വലുപ്പം, നിറം, തൊലിയുടെ പ്രത്യേകത, അകക്കാമ്പിന്റെ നിറം, അകക്കാമ്പിന്റെ കട്ടി, ചാറിന്റെ അളവ്, നാര്, മധുരം, ഗന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് മാവിനങ്ങൽ കാണുന്നത്. കായ്കൾ ദീർഘഗോളാകൃതി, ഗോളാകൃതി, ജ്വാലാമുഖം, അണ്ഡാകൃതി, ചുണ്ട് മടങ്ങിയത് എന്നീ ആകൃതിയിൽ കാണുന്നു. കായ്കളുടെ പുറമ്പാളി (എക്സോകാർപ്പ്) മിനുസമുള്ള നേർത്തതും, മധ്യപാളി (മിസോകാർപ്പ്) മാംസളമായ വലിയ ഭാഗമായും, ഉള്ളിലെ പാളി (എൻഡോകാർപ്പ്) കട്ടിയുള്ള സ്തരത്തോടുള്ള വിത്തായും കാണുന്നു. നാടൻ ഇനങ്ങളിൽ ചിലതിന് ബഹുഭ്രൂണതയുള്ളതിനാൽ വിത്ത് മുളയ്ക്കുമ്പോൾ ഒന്നിലധികം തൈച്ചെടികൾ ഉണ്ടാകുന്നു. ഫല കഞ്ചുകം മഞ്ഞയോ ചുവപ്പോ, ഇവ കലർന്നതോ ആയ നിറമാണ്. പച്ച മാങ്ങയ്ക്ക് പുളിരസവും പഴുത്തതിന് മധുരവുമേറും.
ഉപയോഗങ്ങൾ:
  • കായ്:
മാമ്പഴം ഏത് തരത്തിലും ഭക്ഷ്യയോഗ്യമാണ്. പച്ച മാങ്ങ അച്ചാറുകൾ/ ഉപ്പുമാങ്ങ എന്നിവയ്ക്ക് ഉപയോഗപ്പെടുത്തുമ്പോൾ, പഴുത്ത മാങ്ങ മുന്തിയ പഴമാണ് സ്ക്വാഷുകൾ, ജാമുകൾ, ദാഹശമനികൾ എന്നിവയായി മാമ്പഴസത്ത് ഉപയോഗിക്കുന്നു. മാങ്ങ ഉപ്പ്ചേർത്ത് ഉണക്കി (അടമാങ്ങ) ഏറേക്കാലം ഉപയോഗിക്കാവുന്നതാണ്.
  • തടി:
മാവിൻ തടി വിറകിനായി ഉപയോഗിക്കുന്നു. ചുരുക്കം ചില കെട്ടിട നിർമ്മാണത്തിനും ഉപയോഗിക്കാ‍റുണ്ട്. ഉപ്പും രാസവസ്തുക്കളും ചേർത്ത് സീസൺ ചെയ്ത് ഉപയോഗിക്കാറുണ്ട്. പച്ചയായി വിറക് ഉപയോഗിക്കാവുന്നതാണ്.
  • ഇല:
മാവില പല്ലുതേയ്ക്കുന്നതിന് പഴയകാല തലമുറ ഉപയോഗിച്ചിരുന്നു.      
രാസഘടകങ്ങൾ:
  • പച്ച മാങ്ങ:
മാലിക്, സിട്രിക്, ടാർടാറിക് അമ്ളം എന്നിവയും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
  • പഴുത്ത മാമ്പഴം:
വൈറ്റമിൻ എ, ബി, സി എന്നിവയും പഞ്ചസാര, സ്റ്റാർച്ച്, ടാനിൻ, ഗാലിക് അമ്ളം എന്നിവയും അടങ്ങിയിട്ടുണ്ട്.
  • മരത്തോലി:
മഞ്ഞകലർന്ന ബ്രൌൺ നിരത്തിൽ പശയും, ടാനിക് അമ്ളം, റേസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഫലം, വിത്ത്, ഇല, പൂവ് എന്നിവയാണ് മാവിന്റെ ഔഷധയോഗ്യഭാഗം.
  • രസ ഘടകങ്ങൾ
പച്ച മാങ്ങ:
രസം:അമ്ളം, കഷായം
ഗുണം:ലഘു, രൂക്ഷം
വീര്യം  :ഉഷ്ണം
വിപാകം:കടു

പഴുത്ത മാമ്പഴം:
രസം:മധുരം
ഗുണം:സ്നിഗ്ധം, ഗുരു
വീര്യം  :ശീതം
വിപാകം:മധുരം

  • പച്ച മാങ്ങ ആയുഃവേദവിധിയിൽ പിത്തവും വാതവും വർധിപ്പിക്കുന്നു.
  • മാമ്പഴം പിത്തവും വാതവും കുറയ്ക്കുന്നു. ബീജ മജ്ജയ്ക്ക് ഉത്തേജനം നൽകുന്നു. വയറിളക്കം, വയറുകടി എന്നീ രോഗങ്ങൾക്ക് ആശ്വാസമാണ്.
വിവിധ ഇനങ്ങൾ:
  • നാട്ടുമാവ് / പാണ്ടിമവ്:
കേരളത്തിൽ സഹ്യപർവ്വതം മുതൽ കടലോരം വരേ കാണപ്പെടുന്ന തനത് ഇനം. ഏറ്റവും ഉയരവും വലുപ്പവുമുള്ള ഈ ഇനത്തിന്റെ കായ്കൾ വളരെചെറുതുമാണ്. ചന്ത്രകാരൻ മാവിന്റെ കായേക്കാൾ ചെറുതും സ്വാഭാവികമായ ആകർഷകമായ ഗന്ധവുമുണ്ട്. 10-15 മീറ്റർ ഉയരം വരെ ശാഖകൾ കാണാറില്ല. നീളമുള്ള ഞെട്ടിൽ 10-15 കായ്കൾ കാണും. ഇളം കായ്കൾക്ക് രൂക്ഷമായ ചെനപ്പ് അധികമാണ്. താമസിച്ച് കായ്ഫലം തന്നു തുടങ്ങുന്ന ചിലയിനം മൂന്നു വർഷത്തിലൊരിക്കൽ മാത്രം കായ്ക്കും. വിത്തുറയ്ക്കാത്ത ഇളം കായ്കൾ കണ്ണിമാങ്ങാ അച്ചാറിന് അത്യുത്തമമാണ്. വർഷങ്ങളോളം അച്ചാറായി സൂക്ഷിക്കാവുന്നതിനാൽ പഴുക്കുന്നതിനേക്കാൾ കേരളീയർക്ക് പ്രിയം ഇളം മാങ്ങയോടാണ്. പഴുക്കുമ്പോൾ മഞ്ഞ നിറത്തിലെത്തുന്ന ഇതിന്റെ മധുരവും സുഗന്ധവും മറ്റുമാങ്ങകളെ കടത്തിവെട്ടുന്നു. പഴുത്തമാങ്ങ മാമ്പഴപ്പുളിശ്ശേരിക്ക് അത്യുത്തമമാണ്. നാരുള്ള ഇതിന്റെ കാ‍യ്കളുടെ ഞെട്ടുഭാഗത്തിലൂടെ ഊറിക്കുടിക്കാൻ കഴിയും. വലുപ്പക്കൂടുതലും ആദ്യകായ്ഫലം നൽകാനുള്ള താമസവും ഈ മാവിന്റെ പുനരുത്ഭവത്തിന് വിഘാദമായിട്ടുണ്ട്.
  • ചന്ദ്രകാരൻ:
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ബഹുഭ്രൂണി മാവിനം. ചുവടുമുതൽ ശാഖകൾ കാണുന്നു. കുലകുലകളാ‍യി കായ്കൾ സമൃദ്ധിയായിക്കാണുന്നു. നാട്ടുമാവിന്റെ ഫലത്തേക്കാൾ വലുതെങ്കിലും ചെറിയ ഇനത്തിൽപ്പെട്ട മാങ്ങയ്ക്ക് മധുരം കൂടുതലാണ്. പച്ചയ്ക്ക് പുളിയും സവിശേഷ ഗന്ധവുമുള്ളതിനാൽ ഫലം പച്ചയ്ക്ക് കറിവയ്ക്കാനും ഉപയോഗപ്പെടുത്തുന്നു.  മാങ്ങയ്ക്ക് ചെനപ്പ് കുറവാണ്. ചാറു ധാരാളമുള്ളതിനാലും നാരുകൾ അടങ്ങിയതിനാലും വലിച്ചുകുടിയ്ക്കാൻ ഉത്തമമാണ്. ഇളം മാങ്ങകൾ കണ്ണിമാങ്ങ അച്ചാറുകൾക്ക് നല്ലതാണ്. ഇതിന്റെ ഇളം കായ്കൾ നാട്ടുമാവിന്റെ ഇളം കായ് പോലായതിനാൽ വിപണിയിൽ കബളിപ്പിക്കലിന് സാധ്യത കൂടുതലുമാണ്.
  • പ്രിയോർ:
പേരയ്ക്കാ മാവ് എന്നറിയപ്പെടുന്ന മാവിനമാണുന്നു പ്രിയോർ. കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്നു. സമൃദ്ധമായി കായ്ക്കുന്ന ഈ ഇനം സീസണിലിൽ നേരത്തേ കായ്ക്കുന്നതിനാൽ വിപണിയിൽ നല്ല വില ലഭിക്കുന്നു. ഇടത്തരം വലുപ്പമുള്ള കായ്കൾക്ക്  250 ഗ്രാമിനടുത്ത് ഭാരവുമുണ്ടാകും. ശരാശരി അളവ് പഞ്ചസാരയുള്ള ഫലം സംസ്കരിച്ച്  ഉത്പന്നങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. നാര് വളരെ കുറവാണ്.
  • ഒളോർ:
കേരളത്തിന്റെ തനത് മാവിനമാണ് ഒളോർ. വടക്കൻ കേരളത്തിൽ ധാരാളം നട്ടുവളർത്തുന്നു. ഫെബ്രുവരി-മാർച്ച് മാസത്തിൽ കായ്ക്കുന്നതുകൊണ്ട് ഉത്തരേന്ത്യയിൽ കയറ്റുമതി സാധ്യതകൂടുതലാണ്. വിത്തു തൈകൾക്ക് മാതൃ വൃക്ഷത്തിന്റെ ഗുണം പ്രദർശിപ്പിക്കാൻ കഴിയുന്നു. പഴങ്ങൾ ഇടത്തരം വലുപ്പമുള്ളതും അണ്ഡാകൃതിയുമുള്ളതുമാണ്. കായ്കകൾക്ക്  മധുരവും സവിശേഷഗന്ധവുമുണ്ട്. കഴമ്പ് മൃദുവും ചെറിയതോതിൽ നാരുള്ളതുമാണ്.
  • കോട്ടൂ‍ക്കോണം:
തെക്കൻ കേരളത്തിൽ കാണപ്പെടുന്ന സവിശേഷ ഇനമാണ് കോട്ടുക്കോണം. ധാരാളം ശാഖോപശാഖകളായി കാണുന്ന ഈ മാവിൽ സീസണിൽ നിറയെ കായ്കൾ കാണാ‍റുണ്ട്. പുളി കുറവായ മാങ്ങയ്ക്ക് തൊലിക്കട്ടി കൂടുതലാണ്. പച്ചയ്ക്ക് ഉപയോഗിക്കാനും ഉത്തമമാണ്. പഴുക്കുമ്പോൾ മധുരം കൂടുതലുള്ള മാങ്ങ മഞ്ഞകലർന്ന ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ കാ‍ണുന്നു.
  • കപ്പമാങ്ങ:
തെക്കൻ കേരളത്തിൽ കാണപ്പെടുന്ന താരതമ്യേനെ വലുപ്പം കുറഞ്ഞ മാവിൽ വളരെ വലുപ്പമുള്ള മാങ്ങകളാണ് കപ്പമാവിൽ ഉണ്ടാകുക. ഒരു കിലോ ഗ്രാം വരെ വലുപ്പമുണ്ടാ‍കുന്ന കപ്പമാങ്ങയ്ക്ക് ദൃഡതകൂടുതലും നാര് കുറവുമാണ്. അടമാങ്ങ (ഉണക്കിയെടുക്കുന്ന മാങ്ങ) ഉണ്ടാക്കുന്നതിനും പഴുപ്പിക്കുന്നതിനും നന്ന്.
  • വരിക്ക മാവ്:
തെക്കൻ കേരളത്തിൽ കാണപ്പെടുന്നതും പഞ്ചാര വരിക്ക എന്ന് അറിയപ്പെടുന്നതുമായ ചെറിയ ഇനം മാവാണ്. ഇതിന്റെ മധുരം പഞ്ചസാര പോലെ ഏറേ സവിശേഷപ്പെട്ടതാണ്. ഇടത്തരം വലുപ്പമുള്ള ഇവ മരത്തിൽ കുലകുലകളായിക്കിടക്കാറുണ്ട്. പച്ചക്കായ് അച്ചാറുകൾക്കും അടമാങ്ങയായും പഴുത്താൽ ഊറിക്കുടിക്കാവുന്ന തരത്തിലുമുള്ളതാണ്.  
  • അൽഫോൺസോ:
ഭാരതത്തിൽ ഏറ്റവുമധികം ക്ര്6ഷിചെയ്യപ്പെടുന്ന ഇനമാണ് അൽഫോൺസോ. മഹാരാഷ്ട്രയിൽ കൂടുതൽ കൃഷിചെയ്യുന്നു. നല്ല സ്വാദ്, സമൃദ്ധമായ വിളവ്, നല്ല സൂക്ഷിപ്പ് ഗുണം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഇടത്തരം വലുപ്പമുള്ള ഫലത്തിന് അണ്ഡാകൃതിയും വശങ്ങൾ പരന്നതുമാണ്. പഴുക്കുംപ്പോൾ മഞ്ഞ നിറമുള്ള ഫലത്തിന് കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. അതിമധുരമുള്ളതും നല്ല ഗന്ധവുമുള്ള കായ്കൾ പഴുത്താൽ മൂന്നാഴ്ച്ചവരെ കേടുകൂടാതിരിക്കും. ബദാമി(മൈസൊരു), ഗുണ്ടു(സേലം, കോയമ്പത്തൂർ), പട്ടണം ജാതി(തിരുനെൽവേലി), ഖാദർ(ചെന്നൈ), ആപ്പൂസ്(കന്നഡ) എന്നീപേരുകളിൽ അറിയപ്പെടുന്നു.
  • ഖുദാദാദ്:
തമിഴ്നാട്ടിലെ സേലം ജില്ലയിൽ ജന്മംകൊണ്ട ഇനമാണിത്. തെക്കേയിന്ത്യയിൽ കൃഷിചെയ്യുന്ന ഇതിന്റെ പ്രധാന ന്യൂനത സൂക്ഷിപ്പ്ഗുണം കുറവ് എന്നുള്ളതാണ്. ഫലം വലുതും ഓവലാകൃതിയുമാണ്. പഴുക്കുംപ്പോൾ മഞ്ഞനിറമുള്ള ഇവയ്ക്ക് കട്ടിയുള്ള തൊലിയാണുള്ളത്. മധുരം കൂടുതലുള്ള ഇതിന് കഴമ്പിൽ നാ‍രില്ല. നല്ല ഗന്ധമുള്ള ഇതിന് ചാറു ധാരാളമുണ്ട്.
  • ലാംഗ്ര:
ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ഉത്തരേന്ത്യൻ ഇനമാണ്. ഇടത്തരം വലുപ്പമുള്ള അണ്ഡാകൃതിയാണ് ഇതിനുള്ളത്. ചെറിയ തൊലിക്കട്ടിയുള്ള ഇതിന്റെ ഫലം പഴുക്കുമ്പോൾ പച്ചനിറം വിട്ടുമാറാറില്ല. കഴമ്പ് കട്ടിയുള്ളതും നാരുകൾ ഇല്ലാത്തതുമായ ഇതിന് അംമ്ളാംശമുള്ള മധുര രസമുണ്ട്. മെയ്-ജൂലൈ മാസങ്ങളാണ് മാമ്പഴക്കാലം. ലാംഗ്ഡ, ഡേവിഡ് ഫോർഡ്, റൂ- ഇ- അഫ്സ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
  • മൽഗോവ:
നല്ല വിപണന മൂല്യമുള്ള ഇവ തേക്കേ ഇന്ത്യയിലും ഡക്കാനിലും വൻ തോതിൽ കൃഷിചെയ്യുന്നു. പഴം വലുതും അഗ്രം വളഞ്ഞതുമാണ്. പലപ്പോഴും ഫലപാകത്തിൽ മഴയുണ്ടാകുകയും കൂടുതലും കൊഴിയുകയുംചെയ്യുന്നു. അല്ലാത്തതിന്റെ തൊലിയിൽ കറുത്ത പുള്ളിക്കുത്തുണ്ടാവുകയും ഭംഗി നഷ്ടപ്പെട്ട് വിപണിയിൽ പിന്തള്ളപ്പെടുകയും ചെയ്യുന്നു. കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. പഴുക്കുംപ്പോൾ മഞ്ഞ നിറത്തിലെത്തുന്ന ഫലത്തിന് നല്ല സുഗന്ധവും അതിമധുരവും ചാറുമുണ്ട്. വൈകി പാകമാകലും കുറഞ്ഞ കായ്പിടുത്തവും ഇതിന്റെ ന്യൂനതയാണ്.
  • നീലം:
തമിഴ്നാട്ടിൽ ജന്മംകൊണ്ട ഈ ഇനം തെക്കേ ഇന്ത്യയിലെ സുപ്രധാന വാ‍ണിജ്യമൂല്യമുള്ള ഫലങ്ങളിലൊന്നാണ്. തമിഴ്നാട്ടിൽ ചിലേടങ്ങളിൽ കാജാലഡുവെന്നറിയപ്പെടുന്നു. ഈർപ്പമുള്ള കാലവസ്ഥയിൽ നന്നായി വളരുന്ന ഈ ഇനം സൂക്ഷിപ്പ് ഗുണം കൂടുതലയാതിനാൽ കയറ്റുമതിക്ക് കൂടുതൽ അനുയോജ്യമാണ്. മാർച്ച്-ഏപ്രിൽ വരേയാണ് മാമ്പഴക്കാലം. മധുരമേറിയ പഴത്തിന്റെ കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. മിതവലുപ്പമുള്ള ഇതിന്റെ ഭാരം 200-250 ഗ്രാം കാണാറുണ്ട്. വൈകി മാത്രമേ മാങ്ങ മൂപ്പെത്തൂവെന്നത് ഇതിന്റെ എടുത്തുപറയാവുന്ന ന്യൂനതയാണ്.
  • ബങ്കനപ്പള്ളി :
വലുപ്പമേറിയ ഫലമാണ് ലഭിക്കുന്നത്. തൊലി നേർത്തതും, മിനുമിനുപ്പുമുള്ള മാമ്പഴത്തിന് സ്വർണ്ണനിറമുള്ളതുമാണ്. സീസണിന്റെ ആദ്യം തന്നെ കായ്ക്കുന്നതിനാൽ നല്ല വിലകിട്ടുന്നതുമാണ്. സാമാന്യം നല്ല വിളവുതരുന്ന ഫലത്തിന് നല്ലഗന്ധം കൂടിയുണ്ട്. സമാന്യം വലുപ്പമുള്ള ഇതിന് ഭാരം ഏകദേശം 300-600 ഗ്രാമും പഞ്ചസാര അളവ് കൂടുതലുമാണ്.
  • കലപ്പാടി:
കാലേപ്പാട്, കട്ടിനീലം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇനമാണ് കലപ്പാടി. കുലകുലകളായി കായ്ക്കുന്ന ഇവ മറ്റു മാവുകളെ അപേക്ഷിച്ച് ഉയരം വളരെക്കുറവാണ്. ആയതിനാൽ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്താവുന്നതാണ്. പഴം ചെറുതും കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതും നല്ലമധുരമുള്ളതുമാണ്.
  • ബാങ്കളോറ:
സേലം, തോട്ടാപൂരി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇനമാണ്  ബാങ്കളോറ. ഇടത്തരം വലുപ്പത്തിലുള്ള ഫലത്തിന്റെ അഗ്രം വളഞ്ഞ് തത്തച്ചുണ്ടുപോലിരിക്കും. സ്വർണ്ണ നിറമുള്ള കായ്കൾക്ക് കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. നന്നായി കായ്ക്കുന്ന ഇവയ്ക്ക് സൂക്ഷിപ്പുഗുണം കൂടുതലാണ്. വലുപ്പമുള്ള ഇവയ്ക്കു ഭാരം 500 ഗ്രാമത്തിനടുത്ത് വരും. ശരാശരി അളവ് പഞ്ചസാരയുള്ള ഫലം സംസ്കരിച്ച്  ഉത്പന്നങ്ങളുണ്ടാക്കാൻ ധാരാളം ഉപയോഗിക്കുന്നു. ചെറിയ പുളിമണമുള്ളതാണ്.
  • മുണ്ടപ്പ:
കർണ്ണാ‍ടകത്തിൽ നിന്നെത്തിയ ഇനമാണ് മുണ്ടപ്പ. സീസണിൽ വളരെ താമസിച്ച് കായ്ക്കുന്നതിനാൽ മഴകൊണ്ടുള്ള ദോഷഫലങ്ങൾ ഇതിനെ ബാധിക്കുന്നില്ല. പഴം സാമാന്യം വലുതും കഴമ്പ് ഉറപ്പുള്ളതുമാണ്. ഏറക്കുറേ ഉരുണ്ട കായ്കൾക്ക് നാരില്ലാത്തതും മധുരമേറിയതുമാണ്. വിളവ് കുറവെന്നത് എടുത്തുകാണിക്കവുന്ന ദോഷയമാണ്.
  • ആലമ്പൂർ ബനിഷൻ:
ആന്ധ്രാ സ്വദേശിയായ ഈ ഇനം ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ കൂടുതൽ കൃഷിചെയ്യുന്ന ഇനമാണ് ആലമ്പൂർ ബനിഷൻ. വലുപ്പം കൂടുതലുള്ള ഇതിന് നേർത്ത തൊലിയും നാരിന്റെ അംശമില്ലാത്തതും ഉറപ്പുള്ള കഴമ്പുമാണുള്ളത്. നല്ലരുചിയും മണവും മധുരവും എടുത്തുപറയാവുന്ന പ്രത്യേകതയാണ്. സൂക്ഷിപ്പ് ഗുണം കൂടുതലുള്ള ഈ ഇനത്തിന് വിളവ് താരതമ്യേനെ കുറവാണെന്ന ന്യൂനതയുമുണ്ട്.
  • പിയറി:
സമൃദ്ധമായി കായ്ക്കുന്ന ഈ ഇനം ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. കേരളത്തിൽ പ്രിയപ്പെട്ട ഇനമായ ഈ ഇനം ‘പീറ്റർ‘ എന്നപേരിൽ അറിയപ്പെടുന്നുണ്ട്. കടുത്ത ഓറഞ്ച് നിറം ഇതിന്റെ ആകർഷകമായ പ്രത്യേകതയാണ്. ഇടത്തരം വലുപ്പമുള്ളതും നല്ല മധുരവും നാരില്ലാത്ത മൃദുവായ കഴമ്പുള്ളതുമാണ്.
  • സുവർണരേഖ:
പേരുപോലെതന്നെ സ്വർണവർണ നിറവും മധുരവുമുള്ളതുമാണ്. സൂക്ഷിപ്പ്ഗുണം കൂടുതലാണ്. സീസണിന്റെ ആദ്യം തന്നെ കായുണ്ടാകുകയും പാകമാകുകയും ചെയ്യുന്നതിനാൽ വാണിജ്യപ്രാധാന്യത്തിൽ മുന്നിലാണ്. കേരളീയ കാലാവസ്ഥയിൽ നന്നായി വളരുകയും കായ് പിടിയ്ക്കുകയും ചെയ്യും.
  • ഹിമായുദ്ദീൻ:
ഇമാം പസന്ത്, ഹമാം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇനമാണ് ഹിമായുദ്ദീൻ. കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതും നല്ല സുഗന്ധവുമുള്ള ഈ ഇനത്തിന്റെ ഫലം വലുതാണ്. വിളവു കുറവെന്ന ന്യൂനതയുണ്ടെങ്കിലും ഏറേ സ്വാദിഷ്ടമാണ്.
  • ജഹാംഗീർ:
ഹിമായുദ്ദീൻ ഇനത്തോട് അഭേദ്യബന്ധമുള്ള ഇനമാണ് ജഹാംഗീർ. നാരില്ലാത്ത പഴത്തിന് നല്ല മധുരമാണ്. വിളവു കുറവെന്ന ന്യൂനത ഇതിനുമുണ്ട്.
  • ദഷേരി:
ഉത്തരേന്ത്യയിൽ വാണിജ്യപ്രാധാന്യത്തോടെ നട്ടുവളർത്തുന്ന ഇനമാണ് ദാഷേരി. താരതമ്യേനെ ചെറിയ മാമ്പഴമെങ്കിലും നന്നായി കായ്ക്കും. മധുരമേറെയുള്ള ഈ ഇനത്തിന് നാരില്ലാത്ത കഴമ്പുണ്ട്.
സങ്കരയിനം മാവുകൾ:
കേരളത്തിൽ മണ്ണിനും കാലാവസ്ഥയ്ക്കും അനുകൂലമായി വളർത്താവുന്ന ചില സങ്കരയിനം മാവുകൾ കുറിക്കുന്നു.
  • സങ്കരം-45
ബെന്നറ്റ് അൽഫോൺസോ, ഹിമായുദ്ദീൻ എന്നീ ഇനങ്ങളുടെ സങ്കര സന്തതിയാണ് സങ്കരം-45. ഇതിന്റെ പഴത്തിന് ഹിമയുദ്ദീന്റെ ആകൃതിയാണ്. കഴമ്പ് നാരില്ലാതതും ദൃഡവുമായ ഫലത്തിന് നല്ല മധുരം കാണുന്നു. വർഷത്തിൽ നല്ല വിളവുതരുന്ന മാമ്പഴത്തിന് സൂക്ഷിപ്പ് ഗുണം കൂടുതലാണ്.
  • സങ്കരം-56:
ബെന്നറ്റ് അൽഫോൺസോ, ഹിമായുദ്ദീൻ എന്നീ ഇനങ്ങളുടെ മറ്റൊരു സങ്കര സന്തതിയാണ് സങ്കരം-56. ഇതിന്റെ പഴത്തിന് അൽഫോൺസോ മാമ്പഴത്തിന്റെ ആകൃതിയാണ്. കഴമ്പ് നാരില്ലാതതും ദൃഡവുമായ ഫലത്തിന് ഹിമായുദ്ദീനേക്കാൾ നല്ല മധുരം കാണുന്നു. വർഷത്തിൽ നല്ല വിളവുതരുന്നു.
  • സങ്കരം-87:
കലപ്പാടി, ആലമ്പൂർ ബനിഷൻ എന്നീ ഇനങ്ങളുടെ സങ്കര സന്തതിയാണ് സങ്കരം-87. ഇതിന്റെ പഴത്തിന് വലുപ്പം കുറവാണ്. നല്ല മധുരം കാണുന്ന ഫലമാണുള്ളത്. വർഷത്തിൽ നല്ല വിളവുതരുന്നു.
  • സങ്കരം-151:
കലപ്പാടി, നീലം എന്നീ ഇനങ്ങളുടെ സങ്കര സന്തതിയാണ് സങ്കരം-151. കാഴ്ചയ്ക്ക് നീലം പോലാണെങ്കിലും ഗുണത്തിൽ സാമ്യം കലപ്പാടിക്കൊപ്പമാണ്.  ഇതിന്റെ പഴത്തിന് വലുപ്പം വളരെ കുറവാണ്. നല്ല മധുരം കാണുന്ന ഫലമാണുള്ളത്. വർഷത്തിൽ നല്ല വിളവുതരുന്നു.

  • വെള്ളരി, കസ്തൂരി, നാട്ടുമാങ്ങ, കപ്പ, പുളിച്ചി, ചാമ്പവരിക്ക, വെള്ളംകൊള്ളി, ഞെട്ടുകുഴിയൻ, ഞാരൻ എന്നിവ നാടൻ മാവിനങ്ങളാണ്.
  • മൽഗോവ, നീലം, അൽഫോൺസ, സിന്ധു, കേസർ, ജൂലി എന്നിവ വിപണിയിലെ മുന്തിയ മാവിനങ്ങളാണ്.
  • കലപ്പാടി, ബംഗനപ്പള്ളി, മല്ലിക, മൈലാപ്പൂർ, പാതിരി, അമൃത്, ബെന്നറ്റ് അൽഫോൺസോ, പ്രിയൂർ, മുണ്ടപ്പ, സുവർണ്ണ രേഖ, പഞ്ചധാര കലശ, ബധാമി, ചന്ദന, ബ് ളാക്ക് ആണ്ട്രൂസ്, കാവേരി, ജഹാംഗീർ, പച്ചരശി, സിന്ദൂരം, മഹാരാജ പസന്ത് എന്നിവ തെക്കേ ഇന്ത്യയിൽ കൃഷി ചെയ്തുവരുന്ന മാവിനങ്ങളാണ്.

പരാഗണവും വിതരണവും :
  • തേനീച്ചകൾ വഴിയും കാറ്റ് മഞ്ഞ് എന്നിവ വഴിയും പരാഗണം നടക്കാറുണ്ട്.
  • ജലവും അണ്ണാ‍ൻ, വാവലുകൾ, പക്ഷികൾ എന്നിവ വഴിയും സാധാരണ വിത്ത് വിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും:
  • മൂപ്പെത്തിയ വിത്തുകളിൾ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. വിത്തിൽ നിന്നുത്പാദിപ്പിക്കുന്ന തൈകൾക്ക് മാതൃസസ്യത്തിന്റെ ഗുണം കുറയുമെങ്കിലും ആയുസ്സ് നൂറോളം വർഷമുണ്ട്.
  • അലൈംഗിക പ്രജനന രീതിയായ സ്റ്റോൺ ഗ്രാഫ്റ്റിംഗ് മേൽത്തരം തൈ നിർമ്മാണ രംഗങ്ങളിൽ കണ്ടുവരുന്നു. ഇവയ്ക്ക് ശരാശരി എൺപത് വർഷം ആയുസ്സുണ്ട്. മാതൃ വൃക്ഷത്തിന്റെ ഗുണം കൂടുതലാ‍യിരിക്കും.
  • ഒന്നോ രണ്ടോ ആഴ്ച പ്രായമുള്ളതും വലുപ്പവും ആരോഗ്യവും ഒത്തിണങ്ങിയ വിത്തുമുളപ്പിച്ച തൈയ്ച്ചെടിയെ സ്റ്റോക്കായി ഒട്ടിക്കാൻ തെരഞ്ഞെടുക്കുന്നു. ഇതിന്റെ ഇലകളുടേയും തണ്ടിന്റേയും ചെമ്പ് നിറം മാറുന്നതിന് മുൻപ് ഒട്ടിക്കുകയും വേണം.
  • സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് 10 സെ. മീ. അകലത്തിൽ മുറിച്ചശേഷം മുകൾ ഭാഗത്ത് മധ്യ ഭാഗത്തിലൂടെ 2-3 സെ.മീറ്റർ താഴ്ചയിൽ പിളർപ്പ് ഉണ്ടാക്കണം.
  • സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് ഒട്ടിക്കുന്നതിന്  ഇതേ വലുപ്പമുള്ള നല്ല ഇനത്തിലും ആരോഗ്യത്തിലുമുള്ള മാതൃവൃക്ഷശിഖരത്തെ ഒട്ടുകമ്പായി (സയോൺ) ഉപയോഗിക്കുന്നു.
  • സയോണിന്റെ 10 സെ.മീറ്റർ ഉയരത്തിലുള്ള ഇലകൾ അതിനോട് ചേർന്ന മുളപ്പിന് കോട്ടം തട്ടാതെ നീക്കം ചെയ്തശേഷം മുറിച്ചഭാഗം 2-3 സെ.മീറ്റർ വലുപ്പത്തിൽ ചരിച്ചുചെത്തി ആപ്പ് രൂപത്തിലാക്കണം.
  • സ്റ്റോക്കിന്റെ പിളർപ്പിൽ സയോണിന്റെ ആപ്പ്ഭാഗം ശ്രദ്ധയോടെ കടത്തി പോളിത്തീൻ നാട കെട്ടണം.
  • ഇത് തണലത്ത് വച്ച് ചെറുതായി നനയ്ക്കണം. ഗ്രാഫ്റ്റ് വിജയമെങ്കിൽ മൂന്ന് നാലു ആഴ്ചയ്ക്കുള്ളിൽ തളിരുകൾ വരികയും ചെയ്യും
  • ആറുമാസം മുതൽ ഒരു വർഷം വരെ പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്ട് തൈകളാണ് കൃഷിക്ക് അനുയോജ്യം.
  • ഗ്രാഫ്ട് തൈകൾക്ക് നല്ല സൂര്യപ്രകാശം അത്യാവശ്യമായതിനാൽ തുറസ്സായ സ്ഥലം കൂടുതൽ അഭികാമ്യം.
  • നീർവാർച്ചയും ജൈവാംശവും ഉള്ള മണ്ണാണ് ഇവയ്ക്കു കൂടുതൽ അനുയോജ്യം.
  • മെയ്- ജൂൺ മാസമാണ് തൈ നടാൻ അനുകൂലമെങ്കിലും ജല ലഭ്യതയ്ക്കനുസരിച്ച് എപ്പോഴും മാവ് നടവുന്നതാണ്.
  • രണ്ട് തൈകൾ തമ്മിലുള്ള അകലം പത്ത് മീറ്ററെങ്കിലും വേണ്ടിവരും. തൈക്കുഴികൾ നടുന്നതിന് ഒരുമാസമെങ്കിലും മുൻപ് തയ്യാറാക്കുകയും വേണം.
  • കളിമണ്ണുള്ളിടത്താണെങ്കിൽ, ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയെടുത്ത് അതിൽ 10 കിലോ ഗ്രാം വീതം കമ്പോസ്റ്റ്, ചാണകപ്പൊടി, മേൽമണ്ണ് എന്നിവ നിറയ്ക്കണം. മണൽ പ്രദേശത്തണെങ്കിൽ അര - മുക്കാൽ ഘന മീറ്റർ കുഴിയും ആനുപാതിക മിശ്രിതവും മതിയാകും.
  • കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം നടുന്നത്. കാറ്റിൽ ഒട്ടിപ്പിന് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം.
  • ഗ്രാഫ്റ്റിന് താഴേയുണ്ടാകുന്ന പൊടിപ്പുകൾ നീക്കം ചെയ്യേണ്ടതും ഗ്രാഫ്റ്റിന് മുകളിൽ മണ്ണ് വരാതിരിക്കേണ്ടതുമാണ്.
  • നാലു വർഷം വരേയുള്ള മാമ്പൂക്കൾ കായ്ക്കാനനുവദിക്കരുത്. അതു ചെറുതിലേ നീക്കംചെയ്യുകയും വേണം.
  • മേയ്-ജൂൺ മാസങ്ങളിലാണ് വളപ്രയോഗം നടത്തേണ്ടത്. പച്ചിലവളം, വെണ്ണീറ്, രാസവളം എന്നിവ ഉപയോഗിക്കാവുന്നതാണ്.
  • നാടൻ വിത്ത് ഗ്രോബാഗിലോ മറ്റ് ബാഗുകളിലോ നട്ട് ഒരുവർഷമെങ്കിലും കഴിഞ്ഞ് തടത്തിൽ നടാവുന്നതാണ്.
  • ഒന്നാം വർഷത്തിൽ ജൈവ വളം-10 കി.ഗ്രാം; എൻ.പി.കെ-20:15:50 ഗ്രാം എന്ന അനുപാതത്തിലും രണ്ടാം വർഷത്തിൽ ജൈവ വളം-15 കി.ഗ്രാം; എൻ.പി.കെ-50:25:75 ഗ്രാം എന്ന അനുപാതത്തിലും മൂന്ന്-അഞ്ച് വരേ വർഷത്തിൽ ജൈവ വളം-25 കി.ഗ്രാം; എൻ.പി.കെ-100:35:100 ഗ്രാം എന്ന അനുപാതത്തിലും ആറ്-ഏഴ് വരേ വർഷത്തിൽ ജൈവ വളം-40 കി.ഗ്രാം; എൻ.പി.കെ-250:70:700 ഗ്രാം എന്ന അനുപാതത്തിലും എട്ട്-ഒൻപത് വരേ വർഷത്തിൽ ജൈവ വളം-50 കി.ഗ്രാം; എൻ.പി.കെ-400:140:400 ഗ്രാം എന്ന അനുപാതത്തിലും പത്താം വർഷം മുതൽ ജൈവ വളം-75 കി.ഗ്രാം; എൻ.പി.കെ-500:360:750 ഗ്രാം എന്ന അനുപാതത്തിലും നൽകാവുന്നതാണ്.
  • കായ്ചുതുടങ്ങാത്തവയുടെ തടിയിൽ നിന്നും 15-30 സെ. മീറ്റർ അകലത്തിലും കായ്ചുതുടങ്ങിയവയുടെ ചുവട്ടിൽ നിന്നും 2.5-3മീറ്റർ അകലത്തിൽ 30 സെ. മീറ്റർ താഴ്തി ചാലെടുത്ത് കുഴികുത്തി വളമിടേണ്ടത്.
  • കാ‍യ്ചുതുടങ്ങിയവയ്ക്കു ജൂൺ, ആഗസ്റ്റ് മാസങ്ങളിലെ മഴയ്ക്കനുസരിച്ച് വർഷത്തിൽ രണ്ടുവട്ടം വളം നൽകാവുന്നതാണ്.
  • 25 കി ഗ്രാം പച്ചിലവളവും 10 കിഗ്രാം വെണ്ണീറും വർഷത്തിൽ ലഭ്യമാക്കുന്നത് നന്ന്. ഇവ ഇടവപ്പാതി മഴയ്ക്ക് ചുവട്ടിൽ ഇടാവുന്നതാണ്.
  • നാലഞ്ച് വർഷം വരേ വേനൽക്കാലത്ത് ആഴ്ചയിൽ രണ്ട് തവണ നനയ്ക്കേണ്ടതാണ്.
  • 8-10 മാസം വിളഞ്ഞ കമ്പുകളാണ് പൂക്കുന്നത്. ഒരുലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി പൂക്കളിൽ സ്പ്രേ ചെയ്താൽ പൂകരിച്ചിൽ മാറിക്കിട്ടും, കൂടുതൽ പൂക്കൾ കായ്പിടിക്കും. കായ്ച് രണ്ടാഴ്ചയ്ക്ക് ശേഷം നാഫ്തലിൻ അസറ്റിക് ആസിഡ് 10-30 പി. പി. എം. ഗാഡതയിൽ സ്പ്രേ ചെയ്താൽ കായ് കൊഴിച്ചിൽ കുറയുകയും കായ്ഫലം കൂടുകയും ചെയ്യുന്നു.

രോഗങ്ങളും രോഗ നിവാരണവും :
  • രോഗം:         പൊടിപ്പൂപ്പ് (പൌഡറി മൈൽഡ്യൂ)
ലക്ഷണം:       മഞ്ഞു കാലത്ത് ഇലകളിലും ചെറു ശാഖകളിലും പൊടിപോലെ കാണുകയും പിന്നീട് നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)
ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യി ആദ്യം കാണുന്നു. പിന്നീട് ഇലയും തണ്ടും ചീയുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം:       മരച്ചില്ലകൾക്കും വലിയ ശാഖകൾക്കും ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി:       ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.
  • രോഗം:            കരിമ്പൂപ്പ് (ബ്ളാക്ക് മോൾഡ്)
ലക്ഷണം:       ഇലകളിലും ചെറു ശാഖകളിലും കറുത്ത പൊടിപോലെ കാണുകയും പിന്നീട് ഇലയുടെ സ്വാഭാവിക നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            ചെന്നീരൊലിപ്പ്
രോഗാണു: തിലാവിയോപ്‌സിസ് പാരഡോക്‌സ് 
ലക്ഷണം: തടിയിൽ നെടുകേ അങ്ങിങ്ങ് ചെറിയ വിള്ളലുണ്ടാകുകയും തവിട്ടുകലർന്ന ചുവന്ന ദ്രാവകം ഒഴുകുകയും ചെയ്യും. ക്രമേന തെങ്ങിൻ തടി മുഴുവനും വിള്ളലുണ്ടാകുകയും ചെയ്യുന്നു. ഈ ഭാഗങ്ങൾ അഴുകാൻ തുടങ്ങുന്നു.
പ്രതിവിധി: കാലിക്സിൻ വേപ്പിൻ പിണ്ണാക്ക് എന്നിവ തടത്തിലിടുകയും ആക്രമണത്തിന്റെ ആദ്യകാലം രോഗ ബാധയേറ്റ സ്ഥലം വെട്ടിമാറ്റി കാലിക്സിൻ പുരട്ടുകയും രണ്ട് ദിവസത്തിനു ശേഷം കോൾട്ടാർ പുരട്ടുകയും വേണം

കീടങ്ങളും കീട നിവാരണവും :
  • കീടം: മാംഗോ ഹോപ്പർ (തുള്ളൻ)
ലക്ഷണം: ശലഭ വിഭാഗത്തിൽപ്പെടുന്ന ഇവ ഇലകളിൽ മുട്ടയിട്ട് പെരുകുന്നു. ഇവറ്യുടെ ലാർവ്വ തിളിരിലകൾ തിന്ന് നശിപ്പിക്കുന്നു.
നിവാരണം: 0.1% കാർബാറിലോ, 0.1% മാലത്തിയോൺ ഇവയിലേതെങ്കിലും പൂക്കുന്ന സമയത്ത് തളിച്ചാൽ ഈ കീടത്തെ നിയന്ത്രിക്കാം.

  • കീടം: തണ്ടുതുരപ്പൻ പുഴു
ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം: മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)
ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: കായീച്ച / പഴയീച്ച
ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കയകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: ഇലതീനിപ്പുഴു
ലക്ഷണം: ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: ഇലച്ചാടി
ലക്ഷണം: പുൽച്ചാടി വർഗ്ഗത്തിൽപ്പെട്ട ഇവ ഇളം ഇലകൾ കരണ്ട് തിന്നു ൻഅശിപ്പിക്കാറുണ്ട്. ഇലതീനിപ്പുഴുക്കളേപ്പോലെ കൂട്ടമായി ആക്രമിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ മറ്റു രോഗങ്ങളുടെ രോഗവാഹികളാകാറുമുണ്ട്.
നിവാരണം:    ജൈവ കീടനാശിനിയായ പെരുവല പ്രയോഗം, വെളുത്തുള്ളി-മുളക് പ്രയോഗം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. 100 ഗ്രാം വെളുത്തുള്ളി, 100 ഗ്രാം മുളക് 100 ഗ്രാം ഇഞ്ചി എന്നിവ വെള്ളത്തിൽ കുതുർത്ത് അരച്ചശേഷം അരിച്ച് ആവശ്യാനുസരണം നേർപ്പിച്ച് ഉപയോഗിക്കാം.  0.1% കാർബാറിൻ, 0.05% ഡൈമെത്തയേറ്റ് എന്നിവ സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം

മറ്റ് വിശേഷങ്ങൾ:
  • ഭാരതത്തിൽ ഉത്പാദനത്തിൽ 30%വും ആന്ധ്രപ്രദേശിന്റെ സംഭാവനയാണ്. 30-35 ലക്ഷം ടൺ മാമ്പഴമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
  • മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന ‘അൽഫോൺസോ’ എന്ന ഇനമാണ് മാമ്പഴങ്ങളിലെ രാജാവ് എന്നറിയപ്പെടുന്നത്.
  • ഭാരതത്തിന്റേയും പാക്കിസ്താന്റേയും ദേശീയ ഫലമാണ് മാങ്ങ.
  • പഴയകാല തലമുറ മാവില മംഗള കാര്യങ്ങൾക്ക് അലങ്കാരമായി ഉപയോഗിച്ചിരുന്നു.
  • പഴയകാല തലമുറ ശവദാഹത്തിന് മാവിൻ വിറക് ഉപയോഗിച്ചിരുന്നു.
  • മാവിന് ഇടവിളയായി പച്ചക്കറികൾ, ഉഴുന്ന്, പയർ, മുതിര, ചീര, എള്ള്, വാഴ എന്നിവ ആദ്യകാലങ്ങളിൽ കൃഷി ചെയ്യാം.
  • ‘ആലി പസന്ത്’, ‘അബ്ബാസി’, ‘ഇമാം പസന്ത്’, ‘മുണ്ടപ്പ’, ‘അയ്യപ്പഷെട്ടി’ എന്നിവ ആളുകളുടെ പേരുകളിൽ അറിയപ്പെടുന്ന മാങ്ങകളാണ്.
  • ‘ജയിലർ‘, ‘കളക്ടർ‘, ‘നവാബ്’, ‘ബിഷപ്പ്’, ‘മഹാരാജ്’ എന്നീ സ്ഥാനപ്പേരിൽ അറിയപ്പെടുന്ന മാങ്ങകൾ വിപണിയിലെത്താറുണ്ട്.
  • ചരിത്ര പുരുഷന്മാരുടെ പേരുകളിൽ അറിയപ്പെടുന്ന മാങ്ങകളാണ് ‘ജഹാംഗീർ‘, ‘ഷാജഹാൻ‘, ‘നൂർജഹാ‍ൻ‘, ‘ശിവജീ പസന്ത് ‘എന്നിവ.
  • സ്ഥലപ്പേരുകളിൽ നിന്നും ഉടലെടുത്ത മാങ്ങ ഇനങ്ങളാണ് ‘ആലമ്പൂർ ബനിഷൻ‘, ‘ബങ്കനപ്പള്ളി’, ‘കൽക്കത്ത’, ‘ബാരമാസി’, ‘സേലം’, ‘കുറ്റ്യാട്ടൂർ‘  എന്നിവ.
  • പഴത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ ‘സുവർണ്ണരേഖ’, ‘സഫ്രാൺ‘, ‘സർദാലു’, ‘സിന്ധൂരിയ’ എന്നീ മാങ്ങകളുണ്ട്.
  • ‘മനോരഞ്ജൻ‘, ‘മല്ലിക’, ‘ഖുദാദാദ്’ എന്നിവ കാൽപ്പനിക നാമങ്ങളിലുള്ള മാങ്ങകളാണ്.
  • ‘ഗുണ്ടു’, ‘ഗുമ്മട്ടി’, ‘തോട്ടാപൂരി’, ‘കരേലിയ’, ‘ലാഡു’, ‘തുപ്പാക്കി മടിയം’, ‘ഞാറ്റിക്കുഴിയൻ‘, മൂ’ക്കുരസം’  എന്നിവ ആകൃതി സവിശേഷങ്ങളായ മാങ്ങകളാണ്.
  • ‘ജാമ്പലു’, ‘പെദ്ദ സുവർണ്ണരേഖ’, ചി’ന്നരസം’, ‘ഹാംലെറ്റ്’ എന്നിവ വലുപ്പത്തെ സൂചിപ്പിക്കുന്ന മാങ്ങകളാണ്.
  • രുചിയുമായി ബന്ധപ്പെട്ട വകഭേദങ്ങളാണ് ‘സീതാഫൽഗോവ’, ‘അതിമധുരം’, ‘പഞ്ചദാര കലസ’, ‘മിത് വാ’, ‘മൽഗോവ’ എന്നീ മാങ്ങകൾ.
  • മത്സ്യാകൃതിയുള്ള മാങ്ങയായ ‘മച്ലി’, നീലക്കല്ല് ആകൃതിയുള്ള ‘നീലം’ മാങ്ങ എന്നിവ വ്യാപാര മേഖലയിലെ ആകഷണമാണ്.
  • ഗന്ധത്തിന്റെ അടിസ്ഥാനത്തിൽ കാണുന്ന മാങ്ങകളാണ് ‘കൊത്തബള്ളിഗൊബ്ബാരി’, ‘തെണ്ണേരു’, ‘ന്യൂനേ പസന്ത് ‘എന്നിവ.
  • അന്താരാഷ്ട്ര വിപണികളിലെ താരമായ ‘അൽഫോൺസൊ’ മാമ്പഴം മഹാരാഷ്ട്രയില ‘ആപ്പൂസ്’ എന്നും കർണാടകത്തിൽ ‘ബദാമി’ എന്നും അറിയപ്പെടുന്നു.
  • മുംബായിലെ ആകർഷക ഇനമായ ‘പീറ്റർ‘ മാങ്ങ തമിഴിൽ ‘ഗുണ്ടു’, ‘നടുസാലൈ’ എന്നും അറിയപ്പെടുന്നു.
  • മാവിൻ തൈ
  • മാവിൻ പൂങ്കുല
  • ഇളം മാങ്ങ (കണ്ണിമാങ്ങ)
  • മാങ്ങ
  • ഇളം മാവില
  • പൂവുള്ള കുല

2. കമുക്

കമുക് – Arecanut palm
     തെങ്ങുപോലെ സർവ്വസാധാരണമായി കാണുന്ന കാർഷിക വിളയാണ് കമുക്. കമുകിന്റെ ഫലമായ അടയ്ക്ക (പാക്ക്) താമ്പൂല ചവർണ്ണത്തിലെ മുഖ്യ ഘടകങ്ങളിൽ ഒന്നാണ്. അടയ്ക്ക ആയൂർവ്വേദവിധി പ്രകാരം ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഇന്ത്യ, വിയത്നാം രാജ്യങ്ങളാണ് ഉത്ഭവസ്ഥാനമെന്ന് കരുതുന്നു. ആദ്യകാല വ്യാപക കൃഷി ആഫ്രിക്കൻ രാജ്യങ്ങളിലാണെന്ന് കരുതിപ്പോരുന്നു. അമേരിക്ക, ആഫ്രിക്ക, ഫിജി, മൌറീഷ്യസ്, ചൈന, ശ്രീലങ്ക, ഇന്തോനേഷ്യ, വിയത്നാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്നു.


ശാസ്ത്ര പഠന വിഭാഗം :
കുടുംബം:അരക്കേസീ / പാമേസീ
ശാസ്ത്ര നാമം:അരക്ക അറ്റേച്ചു / Areca catechu

അറിയപ്പെടുന്ന പേരുകൾ :
മലയാളം:അടയ്ക്ക മരം, കമുക്, കവുങ്ങ്, പാക്ക് മരം
ഇംഗ്ളീഷ്:അരക്കാ പാം (Areca palm), ബീറ്റൽനട്ട് പാം (Betel nut palm)
സംസ്കൃതം:ക്രമുകഃ, ഗുവാകഃ, ഘോണ്ടാ, പൂഗ:, പൂഗഫലഃ,ഉദ്വേഗം
ഹിന്ദി  :സുപാരി
ബംഗാളി:ശുപാരി
തമിഴ്  :കമുഹു, പാക്കു
തെലുങ്ക്           :വക്കാ

സസ്യ വിശേഷങ്ങൾ :
തെക്കേയിന്ത്യൽ ഉടനീളവും പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്ര, തെലുംങ്കാന, മഹാരഷ്ട്ര എന്നിവിടങ്ങളിൽ അടയ്ക്കാ കൃഷി ചെയ്തുവരുന്നു. കമുക് ബഹുവർഷി ഒറ്റത്തടി സസ്യമാണ്. ഭാരതത്തിലെ കവുങ്ങ് കൃഷിയുടെ ഉത്പാദനത്തിൽ 90% സംഭാവന കർണ്ണാടകം, കേരളം, ആസ്സാം എന്നീ സംസ്ഥാനങ്ങളുടേതാ‍ണ്.
  • കാണ്ഡം:
ഏകദേശം 17-25 മീറ്റർ ഉയരം വരുന്ന ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ് കമുക്. തെങ്ങ്പോലെ വളഞ്ഞ് വളരാതെ വളരുന്നത് ഇതിന്റെ പ്രത്യേകതയാണ്. മുകൾ ഭാഗത്ത് ഇലകൾ, പൂങ്കുല, കായ്കൾ എന്നിവ കാണുന്നു. കാണ്ഡത്തിൽ പഴകിയ ഇലപ്പാടുകൾ അവ്യക്തമായി കാണാം. മുകൾ ഭാഗത്ത് നീളമേറിയ ഇലകൾ, പൂങ്കുല, കായ്കൾ എന്നിവ കാണുന്നു.
  • വേര് :
നാരുവേരുപടലമുള്ള സസ്യമാണ് കമുക്. കട്ടിയേറിയ നാരുകൾ പോലുള്ള വേരുകൾ മേൽമണ്ണിൽ ധാരാളം ഉണ്ടാകും. നനവും വായൂസഞ്ചാരവുമുള്ള പ്രദേശങ്ങളിൽ വേര് കൂടുതൽ കാണുന്നു.
  • ഇല:
കമുകിന്റെ ഇലകൾ (ഓല) ഏകദേശം ഒന്നര മീറ്ററോളം നീളമുള്ള പകുതികീറലുള്ള ഓലക്കാലുകളുള്ളതുമാണ്. പിച്ഛാകാര സംയുക്ത ഇലകളാണ്. കമുകില നടുത്തണ്ടിന്റെ ഇരുഭാഗത്തും തുല്യമായും സമുഖമായും വിന്യസിച്ചിരിക്കുന്നു. ഇതിന് 0.75 മീ നീളമുള്ള ഓല പരന്ന പാളയോട് ചേർന്ന് കാണപ്പെടുന്നു.
  • പൂവ്:
6 വർഷമാ‍കുമ്പോൾ പൂത്തു തുടങ്ങും. പൂങ്കുലകളിൽ നിന്നാണ് കായ്കളുണ്ടാകുന്നത്. പൂങ്കുലകൾ ശാഖകളായികാണുന്നു. ശാഖകളുടെ ചുവട് ഭാഗത്ത് പെൺ പൂക്കളും അതിനു മുകളിൽ അല്പം ചെറുതും വെളുത്ത് ത്രികോണാകൃതിയുമുള്ള ആൺപൂക്കളും ഉണ്ട്. കട്ടി കുറഞ്ഞ ആവരണത്തിലാണ് ചെറിയ പൂങ്കുല രൂപം കൊള്ളുന്നത്. പെൺപൂക്കളിലെ അണ്ഡാശയവും അണ്ഡാകൃതിയിലുള്ളതാണ്. ഒരു കുലയിൽ ഒന്നിലധികം കായ്കൾ സാധാരണം.
  • ഫലം:
ആമ്രക ഫലമാണ്. കായ്കൾ കുലകളായി കാണുന്നു. കായ്കളുടെ പുറമ്പാളി (എക്സോകാർപ്പ്) മിനുസമുള്ള നേർത്തതും, മധ്യപാളി (മിസോകാർപ്പ്) ചകിരി നിറഞ്ഞതും, ഉള്ളിലെ പാളി (എൻഡോകാർപ്പ്) വലുപ്പത്തോടും ചെറിയ സ്ഥരത്തോടും കാണുന്നു. ഇളം കായ്കൾ കടുത്ത പച്ച നിറത്തിലും വിളയുമ്പോൾ മഞ്ഞയും കാവിനിറത്തിൽ ആകുകയും ചെയ്യുന്നു. നല്ലയിനം കമുകിൻ കുലയിൽ ശരാശരി 100-125 കായ്കൾ ഉണ്ടാകും. കായ്കൾ പാകമാകാൻ 10 മാസം വേണ്ടിവരും.
ഉപയോഗങ്ങൾ :
  • അടയ്ക്ക:
മൂപ്പെത്തിയ കായ്കൾ താമ്പൂലചവർണ്ണത്തിനും വൻ തോതിൽ വാസനപ്പാക്ക് നിർമ്മാണത്തിനും ഔഷധനിർമ്മാണത്തിനും ഉപയോഗിച്ചുവരുന്നു.
  • തടി:
കമുകിൻ തടി വീടുകളുടെ മേൽക്കൂരയ്ക്ക് പുരാതനകാലം മുതൽക്കേ പ്രയോജനപ്പെടുത്താറുണ്ട്. ക്ഷേത്രങ്ങളിൽ കൊടിമരമായി കമുകിൻ തടി ആചാരപൂർവ്വം ഉപയോഗിച്ചുവരുന്നു.
രാസഘടകങ്ങൾ:
  • അടയ്ക്ക:
അരക്കോളിൻ ആൽക്കലോയ്ഡ്, അരക്കെയ്ഡിൻ, അരക്കോളിഡിൻ, ഗുവാസിൻ, ഗുവാക്കോളിൻ, ടാനിൻ, പ്രോട്ടീൻ, അന്നജം, ലൈലിക് അംമ്ളം എന്നിവ അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
വിത്താണ് (അടയ്ക്ക) കമുകിന്റെ ഔഷധയോഗ്യ ഭാഗം.
  • രസ ഘടകങ്ങൾ
രസം:കഷായം, മധുരം
ഗുണം:ഗുരു, രൂക്ഷം
വീര്യം  :ശീതം
വിപാക:കടു
  • അടയ്ക്ക ആയുഃവേദത്തിൽ പ്രമേഹം, രക്തവാർച്ച, ഗർഭശുദ്ധി, മുകപാകം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
  • അടയ്ക്കക്ക് അണുനാശകശക്തിയുണ്ട്. വിരനാശിനിയായി ഉപയോഗിക്കുന്നു. ചിലതരം അടയ്ക്ക ഉപയോഗം വിയർപ്പോടെയുള്ള അബോധാവസ്തയ്ക്ക് കാരണമാകുന്നു.
പരാഗണവും വിതരണവും ഉത്പാദനവും:
  • തേനീച്ചകൾ വഴിയും കാറ്റ് മഴ എന്നിവ വഴിയും പരാഗണം നടക്കാറുണ്ട്.
  •  ജലവും അണ്ണാ‍ൻ, വാവലുകൾ എന്നിവ വഴിയും സാധാരണ വിത്ത് വിതരണം നടക്കുന്നു.
  • മൂപ്പെത്തിയ അടയ്ക്കയിൽ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. ഈർപ്പമുള്ള മണ്ണ് മുളപ്പിന് അത്യുത്തമം
വിവിധ ഇനങ്ങൾ:
ഭാരതത്തിലൊട്ടാകെ തൊണ്ണൂറോളം പ്രാദേശിക ഇനങ്ങളും ഇരുപതോളം വിദേശ ഇനങ്ങളും കൃഷിചെയ്തുവരുന്നു. എന്നാൽ വ്യാപകമായി കൃഷിചെയ്തുവരുന്ന ഇനങ്ങൾ കുറവുമാണ്. കൂടുതൽ വിളവും വ്യാപകമായി കൃഷിചെയ്തുവരുന്ന ചില ഇനങ്ങൾ ചുവടേ ചേർക്കുന്നു.
മംഗള: ചൈന ജന്മദേശമായ ഈ ഇനത്തിന് ഇടത്തരം പൊക്കവും പൂർണ്ണമായി തൂങ്ങി നിൽക്കുന്ന മകുടവും നല്ലപോലെ വിരിഞ്ഞ ഓലകളും കാണുന്നു. കൂടുതൽ ഓലയുള്ള കമുകിന്റെ കടും പച്ച നിറമുള്ള ഓലകളുടെ അഗ്രഭാഗം ചുരുണ്ടിരിക്കും. പെട്ടെന്ന് സ്ഥിരമായ വളർച്ചയിലെത്തുന്ന കമുകിൽ വർഷത്തിൽ ശരാശരി 10 കി. ഗ്രാം പഴുക്കടയ്ക്ക ഉത്പാദിപ്പിക്കുന്നു.
സുമംഗള: ഇന്തോനേഷ്യയിൽ ജന്മദേശമായ ഈ ഇനത്തിന് ഉയരക്കൂടുതലും ഭാഗീകമായി തൂങ്ങിനിൽക്കുന്ന മകുടവുമുണ്ട്. അനുകൂലമായാൽ നാലഞ്ചുവർഷംകൊണ്ട് കായ്ഫലം തരുന്ന ഇവയുടെ അടയ്ക്ക അണ്ഡാകൃതിയുള്ളതും പഴുക്കുമ്പോൾ കടും മഞ്ഞ നിറമോ ഓറഞ്ച് നിറമോ ആണ്. പത്താം വർഷം മുതൽ മരമൊന്നിന് ശരാ‍ശരി 17 കി. ഗ്രാം പഴുക്കടയ്ക്ക ലഭിക്കും.
ശ്രീമംഗള: സിംഗപ്പൂർ സ്വദേശിയായ ഇതിന്റെ ഉയരവും ഭാഗീകമായി തൂങ്ങിനിൽക്കുന്ന മകുടവുമുള്ള ഇവയ്ക്ക് സുമംഗളയുടെ പ്രത്യേകതകൾ ഉണ്ട്. ഇവയുടെ അടയ്ക്ക അണ്ഡാകൃതിയുള്ളതും പഴുക്കുമ്പോൾ ഓറഞ്ച് നിറവുമാണ്. മരമൊന്നിന് ശരാ‍ശരി 15 കി. ഗ്രാം പഴുക്കടയ്ക്ക ലഭിക്കും.
മോഹിത് നഗർ: പശ്ചിമ ബംഗാൾ സ്വദേശമായുള്ള ഈ ഇനത്തിന്റെ അടയ്ക്കകൾക്ക് ഒരേ വലുപ്പമാണുള്ളത്. കുലകൾ ഏതാണ്ട് ഒരേ അകലത്തിൽ ഇടവിട്ട് നല്ല ഉരുണ്ട കായ്കൾ ഉണ്ടാകുന്നതിനാൽ അവ ഒരേപോലെ വളരുന്നു. സ്ഥിരമായ വിളവിലേയ്ക്ക് നേരത്തെ എത്തുകയും ഉയർന്ന വാർഷിക വിളവിലെത്തുകയും ചെയ്യുന്നു. മരമൊന്നിന് വാർഷിക ശരാശരി 15 കി. ഗ്രാം പഴുക്കടയ്ക്ക ലഭിക്കും.
കോഴിക്കോട്-17: നല്ല ഉയരത്തിൽ വളരുന്ന സ്വഭാവമുള്ള ഈ ഇനത്തിന് പട്ടകൾ തമ്മിൽ കൂടുതൽ ഇടയകലവും നീണ്ട മകുടവും ഉണ്ട്. സ്ഥിരമായ ഉയർന്ന വിളവു തരുന്ന ഇവയ്ക്ക് വർഷം തോറും 19 കി. ഗ്രാം പഴുക്കടയ്ക്ക നൽകാൻ കഴിയുന്നു.
സാസ്-1 (സിഴ്സി അരക്കനട്ട് സെലക്ഷൻ-1): നല്ല ഉയരത്തിൽ വളരുന്നതും ഒതുങ്ങിയ മകുടവുമുള്ള ഈ ഇനം മലമ്പ്രദേശങ്ങളിൽ കൃഷിക്ക് യോജിച്ചതാണ്. സ്ഥിരമായ ഉയർന്ന വിളവു തരുന്ന ഇവയുടെ കായ്കൾ ഉരുണ്ടതും കുലകളിൽ തിങ്ങിയും കാണുന്നു. ഇളം പരുവത്തിലും (പൈങ്ങ അടയ്ക്ക) പഴുത്തരീതിയിലും സംസ്കരിക്കാൻ അഭികാമ്യം.
തീർത്തഹള്ളി: ഉയരമുള്ളതും ഒതുങ്ങിയ മകുടവുമുള്ള ഈ ഇനം മലമ്പ്രദേശങ്ങളിൽ കൃഷിക്ക് യോജിച്ചതാണ്. ഇളം പരുവത്തിലുള്ള (പൈങ്ങ അടയ്ക്ക) സംസ്കരണത്തിനാണ് കൂടുതൽ അനുയോജ്യം.
ഹിരേള്ളി ഡ്വാർഫ്: അടയ്ക്കാ വർഗ്ഗങ്ങളിൽ കുള്ളൻ പ്രാദേശിക ഇനം. കർണ്ണാ‍ടകയിൽ കാണപ്പെടുന്ന ഇവയ്ക്ക് കായ്ഫലം കുറവാണെങ്കിലും പരിചരണം കുറവാണ്. ഇലയടുപ്പമുള്ള ഈ ഇനം അലങ്കാരത്തിനും വച്ചുപിടിപ്പിക്കാറുണ്ട്.
സൌത്ത് കാനറ: തെക്കൻ കർണ്ണാടക, കാസർഗോഡ് എന്നിവിടങ്ങളിൽ സാധാരണമായി കൃഷിചെയ്തുവരുന്ന വലുപ്പമുള്ള അടയ്ക്ക ലഭിക്കുന്ന ഇനം. സ്ഥിരമായി നല്ല വിളവു തരുന്ന മരത്തിന് വർഷിക നിരക്കിൽ 7 കി. ഗ്രാം പഴുക്ക അടയ്ക്ക ലഭിക്കും.
ശ്രീവർദ്ധൻ: മഹരാഷ്ട്രയിലെ തീരപ്രദേശങ്ങലിൽ കൃഷി ചെയ്തുവരുന്ന ഇനമാണിത്. മാർബിൾ നിറമുള്ള വെള്ളനിറമുള്ള അണ്ഡാകൃതിയിലുള്ള ഇവ താംബൂല ചവർണ്ണത്തിന് ഏറ്റവും അനുയോജ്യമാണ്. സ്ഥിരമായി വിളവു തരുന്ന ഇവ വർഷംതോറും ശരാശരി 7 കി. ഗ്രാം പഴുക്ക അടയ്ക്ക ലഭിക്കും.
സങ്കരയിനം:
വി.ടി.എൻ.ഏ.എച്ച്.-1; നാടൻ ഇനങ്ങളായ ഹിരേഹള്ളിയും സുമംഗളയും ചേർന്ന സങ്കരയിനം. വി.ടി.എൻ.ഏ.എച്ച്.-1 ഒരു കുള്ളൻ ഇനമാണ്. നെടിയ ഇനത്തിന്റെ തലയെടുപ്പും കുറഞ്ഞ ഇലച്ചാർത്തും നല്ല അത്യുൽപ്പാദന ശേഷിയുമുണ്ട്. വാർഷിക വളയങ്ങൾ തമ്മിലുള്ള അകലം കുറവാണ്. ഉരുണ്ടതും ഓറഞ്ച് കലർന്ന ചുവപ്പ് കലർന്ന അടയ്ക്കയാണ് ഈ സങ്കരയിനത്തിൽ നിന്നും കിട്ടുന്നത്.
ഉത്പാദനവും വളപ്രയോഗവും:
  • ഉഷ്ണമേഖലാ പ്രദേശങ്ങളിലെ എല്ലാ പ്രദേശങ്ങളിലും കൃഷിചെയ്യുന്ന കമുക്  സമുദ്ര നിരപ്പ് മുതൽ ഏകദേശം ഒരു കിലോ മീറ്റർ ഉയരം വരെയുള്ള ഉയർന്ന പ്രദേശങ്ങളിലും കൃഷി ചെയ്യാവുന്നതാണ്.
  • നനവാർന്നതും, നീർവാർച്ചയുള്ളതുമായ പ്രദേശത്ത് കമുക് നന്നായി വളരുന്നുണ്ട്.
  • നേരത്തേയും കൂടുതലും വിളവുതരുന്നതും കൂടുതൽ കായുണ്ടാകുന്നതും മരത്തലപ്പിൽ കൂടുതൽ ഓലകളുള്ളതും വർഷത്തിൽ ചുരുങ്ങിയത് നാല് കുലകളെങ്കിലും തരുന്നതും വാർഷിക വളയങ്ങൾ തമ്മിലുള്ള അകലം കുറവായതുമായ കമുകിലെ കായ്കളാണ് വിത്തായി തെരഞ്ഞെടുക്കേണ്ടത്.
  • കമുകിൽത്തന്നെ നിന്ന് നല്ലപോലെ മൂത്തുപഴുത്ത മധ്യ ഭാഗത്തെ കുലയിലെ മധ്യഭാഗത്തെ ഉരുണ്ടതും ഭാരമുള്ളതും വലുപ്പകൂടുതലുള്ളതുമായ നല്ല ആടയ്ക്കകളാണ് വിത്തിനെടുക്കേണ്ടത്.
  • വിത്തിനെടുക്കുന്ന കുലകൾ കയർകൊണ്ട് കെട്ടിയിറക്കുന്നത് വിത്തിന് ക്ഷതം ഇല്ലതാക്കുന്നു.
  • വെള്ളത്തിലിടുമ്പോൾ തൊപ്പി/ഞെട്ട് നേരെ കുത്തനെ മുകളിൽ വരുന്ന കായ്കൾ വിത്തിനെടുക്കാവുന്നതാണ്.
  • തണൽ കിട്ടുന്ന സ്ഥലത്ത് തടം കോരി തലപ്പു ഭാഗം അൽപ്പം ഉയർത്തി മുകളിലായി വരത്തക്കവിധം അഞ്ചെട്ട് സെ. മീ. അകലത്തിൽ വിത്ത് പാകി മുകളിൽ മണൽ മൂടി ദിവസേനെ നനയ്ക്കണം.
  • 45 ദിവസത്തിനകം മുളയ്ക്കാൻ തുടങ്ങുകയും മൂന്നുമാസം അത് തുടരുകയും ചെയ്യുന്നു. രണ്ട് മൂന്നിലകൾ വരുന്ന തൈകൾ രണ്ടാം തടത്തിൽ ഒന്നര മീറ്റർ നീളവും വീതിയും ആഴവുമുള്ള തടങ്ങളിൽ 30-35 സെ. മീറ്റർ അകലത്തിൽ ചെറു തണലുള്ളിടത്ത് നടാവുന്നതാണ്.
  • 12-18 മാസമാകുമ്പോൾ ഏറ്റവുംകൂടുതൽ ഉയരവും ഇലകളും ഉള്ള തൈകൾ തൈത്തടത്തിൽ നിന്നും പറിച്ചു നടാവുന്നതാണ്.
  • ഇലകളുടെ എണ്ണത്തെ 40 കൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയിൽ നിന്നും ചെടിയുടെ ഉയരം കുറയ്ക്കുക. ഇത്തരത്തിൽ കിട്ടുന്ന കൂടിയ സംഖ്യ കിട്ടിയ തൈകൾ നല്ല തൈകളായി കണക്കാക്കാം.
  • തൈമാറ്റുമ്പോൾ വേര് പൊട്ടാതിരിക്കാൻ വിത്ത് നഴ്സറിയിൽ നടുന്നതിനുപകരം ഗ്രോ ബാഗിലോ ചാക്കിലോ നടാവുന്നതാണ്.
  • കുറിയ ഇനമെങ്കിൽ ഒരടി നീളവും അരയടി വീതിയുമുള്ള പോളിത്തീൻ ബാഗിൽ മണ്ണ്, മണൽ, ചാണകം എന്നിവ തുല്ല്യ അളവിൽ നിറച്ച് തൈകളെ ബാഗിലേയ്ക്ക് മാറ്റി ഒന്നരവർഷം കഴിഞ്ഞേ നടാവൂ.
  • ലോമ മണ്ണ്, എക്കൽ മണ്ണ്, ചരൽ കലർന്ന വെട്ടുകല്ല് മണ്ണ്, ചുവന്ന ലോമ മണ്ണു എന്നിവയിൽ കമുക് കൃഷി ചെയ്യാവുന്നതാണ്.
  • രണ്ടേ മുക്കാൽ മീറ്റർ അകലത്തിൽ 1 മീറ്റർ ഘനയടിയിലുള്ള കുഴിയിൽ 20 സെ. മീ ഉയരത്തിൽ 15 കി. ഗ്രാം ചാണകവും മേൽമണ്ണും ചേർത്ത് കുഴിയൊരുക്കി അതിൽ തൈകൾ വച്ചശേഷം കടഭാഗം വരേ മണ്ണിട്ട് അമർത്തി നടാവുന്നതാണ്.
  • നല്ല നീർവാർച്ചയുള്ളതും വെള്ളക്കെട്ട് ഉണ്ടാകത്തതുമായ സ്ഥലമാണ് കൃഷിക്ക് അഭികാമ്യം.
  • സൂര്യതാപം കുറയ്ക്കാൻ തോട്ടത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ പെട്ടെന്നു വളരുന്ന തണൽ മരങ്ങൾ നടുന്നത് നല്ലതാണ്.
  • മെയ് മാസമാണ് വിത്ത് നടാൻ പറ്റിയ സമയം. എന്നാൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒക്ടോബർ മാസമാ‍കും കൂടുതൽ അഭികാമ്യം.
  • തൈ നട്ട് ഒരുവർഷം കഴിയുമ്പോൾ കടഭാഗത്തെ വണ്ണം 20 സെ. മീറ്ററിൽ താഴേയും, രണ്ടു വർഷം കഴിയുമ്പോൾ പട്ടപൊഴിക്കുന്ന അടയാളം(മുട്ട്/അരഞ്ഞാണം) നാലിൽ താഴേയും ആയാൽ തൈകളെ ഒഴിവാക്കേണ്ടതാണ്.
  • വളർച്ചയുടെ ആരംഭ ദശയിൽ തണലും തണുപ്പും വളരെ അത്യാവശ്യമാണ്. വർഷം മുഴുവനും ഏതാണ്ട് തുല്യമായ മഴയാണ് ഉത്തമം.
  • വരൾച്ചാ കാലത്ത് മണ്ണിന്റെ സ്വഭാവമനുസരിച്ച് 4-7 ദിവസം ഇടവിട്ട് മരമൊന്നിന് ഏകദേശം 150-200 ലിറ്റർ ജലം ലഭ്യമാക്കേണ്ടതുണ്ട്.
  • ജല ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ തുള്ളി ജലസേചന രീതി (Drip irrigation) കമുകിന് പറ്റിയതാണ്.
  • ആദ്യ വർഷം മുതൽ തന്നെ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ മരമൊന്നിന് കുറഞ്ഞത് 12 കി. ഗ്രാം കാലിവളം, കമ്പോസ്റ്റ്, ആട്ടിൻ കാഷ്ടം, എല്ല് പൊടി, മീൻ വളം, കോഴിവളം, തുടങ്ങിയ പച്ചിലകൾ എന്നിവ ജൈവ വളങ്ങളായി നൽകാവുന്നതാണ്.
  • നാടൻ ഇനങ്ങൾക്ക് വർഷം തോറും 10:40:140 ഗ്രാം എന്ന കണക്കിൽ പാക്യജനകം, ഭാവകം, ക്ഷാരം അടങ്ങിയ എൻ. പി. കെ- NPK (എൻ-നൈട്രജൻ, പി-ഫോസ്ഫറസ്, കെ-പൊട്ടാഷ്) മിശ്രിതം നൽകാവുന്നതാണ്.
  • മംഗളപോലെ ഉത്പാദനശേഷിയുള്ള ഇനങ്ങൾക്ക് 150:60:210 ഗ്രാം എന്ന കണക്കിൽ പാക്യജനകം, ഭാവകം, ക്ഷാരം അടങ്ങിയ എൻ. പി. കെ മിശ്രിതം നൽകാവുന്നതാണ്. ആദ്യ വർഷം മൂന്നിലൊന്നും രണ്ടാം വർഷം മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ മുഴുവൻ അളവിലും മിശ്രിതം നൽകാവുന്നതാണ്.
  • സെപ്തംബർ-ഒക്ടോബർ, ഫബ്രുവരി മാസങ്ങളിൽ പകുതി വീതം വർഷത്തിൽ രണ്ട് പ്രാവശ്യം വളം നൽകാവുന്നതാണ്
  • ആദ്യ വർഷ പകുതിയിൽ കവുങ്ങിൻ ചുവട്ടിൽ അരമീറ്റർ വൃത്ത അകലത്തിൽ ഇരുപത് സെ. മീ. ആഴത്തിൽ കുഴികുത്തി വളം വിതറി മണ്ണ് മൂടണം.
  • അടുത്ത വർഷ പകുതിയിൽ തടത്തിലെ കളകൾ നീക്കി വളം വിതറി മണ്ണിളക്കിയാൽ മതിയാകും.
  • തടങ്ങളിൽ കരിയില, ശീമക്കൊന്ന എന്നിവ പുതയിടുന്നത് ഉണക്കിന്റെ കാഠിന്യം കുറയ്ക്കാനും മണ്ണിലെ ഈർപ്പം നിലനിർത്താനും വളമായും ഉപയോഗയോഗ്യമാകുന്നു.
  • അംമ്ളാംശം കുറവെങ്കിൽ രണ്ട് വർഷത്തിലൊരിക്കൽ മരമൊന്നിന് അരക്കിലോ കുമ്മായം ഏപ്രിൽ-മേയ് മാസം നൽകാവുന്നതാണ്.
  • കമുകിന് തണലിനായി ആദ്യ നാലഞ്ച് വർഷം വാഴ നടുന്നത് നല്ലതാണ്.
  • കമുകിൻ തടത്തിൽ പയർവർഗ്ഗങ്ങൾ നടുന്നത് കമുകിന് നല്ലതാണ്.
  • വെള്ളക്കെട്ട്, നീർവാർച്ചകൂടുതൽ പ്രദേശങ്ങളിൽ ചാലുകൾ അത്യാവശ്യമാണ്.
  • ചരിവുള്ളിടത്ത് കയ്യാല കോരി തൈനടുന്നത് നല്ലതാണ്.
  • അംമ്ള ഗുണമുള്ള മണ്ണിൽ രണ്ട് വർഷത്തിലൊരിക്കൽ അര കി. ഗ്രാം നീറ്റുകക്ക ചേർക്കണം.
  • അടയ്ക്കാ‍മരത്തൈകളുടെ കാണ്ഡഭാഗത്ത് വയിലേറ്റ് പൊള്ളി നശിക്കാതിരിക്കാൻ കവുങ്ങിൻ പാള, ഓല എന്നിവ കൊണ്ടോ കുമ്മയമോ, ചേടി തൊളി പൂശിയോ സംരക്ഷിക്കേണ്ടതാണ്.

രോഗങ്ങളും രോഗ നിവാരണവും:
  • കൂമ്പ് അടപ്പ്:
ലക്ഷണം: എല്ലാത്തരം കമുകിനേയും ആക്രമിക്കുമെങ്കിലും ഇളം കമുകിനെ കൂടുതലാക്രമിക്കാറുണ്ട്. നാമ്പിലയ്ക്ക് ചുറ്റുമുള്ള ഇലകൾക്ക് മഞ്ഞ നിറം ഉണ്ടാകുകയും പുറത്തേക്ക് നാമ്പ് നീളാൻ പ്രയാസവും നേരിടുന്നു. പിന്നീട് നാമ്പിലയുടെ കടഭാഗം അഴുകുകയും ദുർഗ്ഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.
പ്രതിവിധി: രോഗ ഭാഗങ്ങൾ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോർഡോ മിശ്രിതം കുഴമ്പ് രൂപത്തിൽ അവിടെ പുരട്ടിയ ശേഷം നന്നായി കെട്ടിപ്പൊതിഞ്ഞ് പുതു നാമ്പ് വരുന്നതുവരെ സൂക്ഷിക്കണം. മൂന്നു മാസത്തിലൊരിക്കൽ വീതം രോഗം തീരുവോളം ചെയ്യുകയും വേണം. രോഗാണു ആക്രമണം കൂടുകയോ, രക്ഷപ്പെടാൻ സാ‍ധ്യതയില്ലാത്തതോ ആയ കമുക് തീയിൽ നശിപ്പിക്കുകയും വേണം.
  • വേരുചീയൽ:
ലക്ഷണം:  നടുഭാഗത്തെ ഇലകൾക്കിരുവശത്തും മുകൾഭാഗത്തും കറുത്ത പാടുകൾ പ്രത്യക്ഷമാകും. പിന്നീട് ഇവ ചുരുളുകയും പൊട്ടിപ്പിളന്ന് വിശറിരൂപത്തിൽ കാണപ്പെടുന്നു. പിന്നീട് ബാക്കി കമുകോലകളിലും ഇത് വ്യാപിക്കാറുണ്ട്.
പ്രതിവിധി: മൂന്നു മാസത്തിലൊരിക്കൽ വീതം രോഗം തീരുവോളം രോഗ ഭാഗങ്ങൾ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോർഡോ മിശ്രിതം പുരട്ടി രോഗം ഒഴിവാക്കവുന്നതാണ്.
  • കാറ്റ് വീഴ്ച:
ലക്ഷണം: ഓലക്കാലുകൾ മഞ്ഞനിറത്തിലാകുക, ഓലക്കാൽ അകത്തേയ്ക്കു വളയുക, ഓലക്കാലിന്റെ അറ്റം പൊട്ടിപ്പിളരുക എന്നിവ. വേരുരോഗമാണ് കാറ്റ് വീഴ്ച.
പ്രതിവിധി: രോഗാണു ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ അത്തരം കമുക് നശിപ്പിക്കുകയാണ് പ്രതിവിധി.
  • മഞ്ഞളിപ്പ്:
ലക്ഷണം: ഇളം കമുകോലയും നാമ്പിലകളും പഴുത്തതുപോലെ മഞ്ഞ നിറം വ്യാപിക്കുകയും പിന്നീട് മറ്റ് ഇലക്ലിലേയ്ക്കും ബാധിക്കുകയും ചെയ്യുന്നു. ക്രമേണ കരിഞ്ഞുണങ്ങുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
  • മഹാളി:
ലക്ഷണം: കായ്കളിലും പൂവിലും പൊള്ളലുകൾ പ്രത്യക്ഷപ്പെടുകയും കറുത്തപാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. ക്രമേണ അഴുകുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
  • ഫംഗസ്/ ബാക്ടീരിയ:
ലക്ഷണം: അടുത്തകാലത്ത് കാസർകോഡ് മേഖലയിൽ കൂടുതലായി വരുന്ന രോഗത്തിന് കാരണമോന്നും ഇതേവരെ കണ്ടെത്തിയിട്ടില്ല. കമുകുകൾ വാടുകയും രോഗഭാഗം വെട്ടിയാൽ കടുത്ത ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. രോഗലക്ഷണം ഫംഗസ് രോഗലക്ഷണത്തേയും ദുർഗന്ധലക്ഷണം ബാക്ടീരിയ ബാധയേയും സൂചിപ്പിക്കുന്നതിനാൽ വിശദപഠനം ആവിശ്യമാണ്.
  • അടയ്ക്കവിണ്ടുകീറൽ:
ലക്ഷണം: അടുത്തകാലത്ത് പലഭാഗത്തും അങ്ങിങ്ങ് കണ്ടുവരുന്ന രോഗമാണിത്. കായ്കൾ പൊള്ളിയതുപോലെ അടയാളങ്ങൾ ഉണ്ടാകുകയും പിന്നീട് നെടുകേ വരപോലെ പ്രത്യക്ഷപ്പെടുകയും വിണ്ടുകീറുകയും ചെയ്യുന്നു. കായ്കൾ ചെറുതാകുകയും ഭാരം കുറയുകയും ചെയ്യുന്നു.
പ്രതിവിധി: രോഗലക്ഷ്ണം കണ്ടാൽ കമുകിൻ തടത്തിൽ നല്ല നീർച്ചാ സൌകര്യം ചെയ്യുകയും ബൊറക്സ് ഉപയോഗിക്കുകയും ചെയ്യണം.
മറ്റ് വിശേഷങ്ങൾ:

  • മംഗളകാര്യങ്ങൾ തുടങ്ങുമ്പോൾ അടയ്ക്കയും വെറ്റിലയും നൽകുന്നത് മതപരമായതും പവിത്രമായതുമായ ആചാരമാണ്.
  • ധാന്യ വിളകളായ കരനെല്ല്, ചോളം തുടങ്ങിയവ കമുകിന് ഇടവിളയായി കൃഷിക്ക് അനുയോജ്യമാണ്.
  • മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ് എന്നീ കിഴങ്ങുവർഗ്ഗങ്ങൾ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • പയർ, നിലക്കടല എന്നീ പയറു വർഗ്ഗങ്ങൾ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • ഇഞ്ചി, മഞ്ഞൾ, കൂവ, ഗ്രാമ്പു, മുളക്, ജാതി എന്നീ സുഗന്ധവ്യഞ്ജനങ്ങൾ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • വാഴ, കൈതച്ചക്ക, പപ്പായ എന്നീ പഴവർഗ്ഗങ്ങൾ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • കൊക്കോ, തീറ്റപ്പുല്ലിനങ്ങൾ എന്നിവ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • കുരുമുളക്, വെറ്റില എന്നിവയ്ക്ക് കമുക് പറ്റ് മരമാണ്.
  • പഴയകാല തലമുറ പാടത്ത് വെയിലിൽ നിന്നും രക്ഷനേടുന്നതിന് പാളത്തൊപ്പിയും മുതുക് മറയ്ക്കുന്നതിന് പാളക്കോട്ടും ഉപയോഗിച്ചിരുന്നു.
  • പഴയകാല തലമുറ പാളകോട്ടി പാള സഞ്ചി ഉപയോഗിച്ചിരുന്നു. വെള്ളം കോരുന്നതിന് തൊട്ടിയായും ഉപയോഗിച്ചിരുന്നു.
  • പഴയകാല തലമുറ പാടത്തേയ്ക്ക് വെള്ളം തേവുന്നതിനും ചെടികൾ നനയ്ക്കുന്നതിനും പാള ഉപയോഗിച്ചിരുന്നു.
  • പഴയകാല തലമുറ ചെറിയ കുട്ടികളെ കിടത്തിക്കുളിപ്പിക്കുന്നതിന് പാള ഉപയോഗിച്ചിരുന്നു.
  • ഇന്ത്യയിൽ കൂടുതൽ അടയ്ക്ക ഉത്പാദിപ്പിക്കുന്നത് കർണ്ണാടക സംസ്ഥാനമാണ്.
  • കർണ്ണാടകത്തിൽ കാണുന്ന ഹിരേഹള്ളി ലോക്കൽ, തമിഴ്നാട്ടിൽ കാണുന്ന മേട്ടുപ്പാളയം നാടൻ, ആസ്സാമിൽ കാണുന്ന കാച്ചികുച്ചി എന്നിവ അന്നാ‍ട്ടിലെ സാധാരണ ഇനം കമുകുകളാണ്.
  • കമുകുമരക്കൂട്ടം- ചുവട്ടിൽ നിന്നും മുകളിലേയ്ക്കുള്ള ദൃശ്യം
  • കമുകിന്റെ വേര്
  • കമുകിൻ പൂങ്കുല



  • പാകമായ കമുകിൻ കുല
  • പച്ചക്കുല
  • കമുകിൻ തൈകൾ