Tuesday 26 July 2016

17. പറങ്കിമാവ്

17. പറങ്കിമാവ്

പറങ്കിമാവ്  – Cashewnut tree
    പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാ‍ർ (പറങ്കികൾ) ഇന്ത്യയിൽ എത്തിച്ചത് കൊണ്ട് പറങ്കിമാവെന്ന പേര് വന്നു. പ്രാദേശികമായി കശുവണ്ടി എന്നും അറിയപ്പെടുന്നു. ഉത്ഭവം ബ്രസീലാണെന്നു കരുതിപ്പോരുന്നു. വിയത്നാം, ബ്രസീൽ, മലയ, ഫിലിപ്പൈൻസ്, ശ്രീലങ്ക,  ആഫ്രിക്കൻ രാജ്യങ്ങളാ‍യ താൻസാനിയ, മൊസാംബിക് എന്നിവിടങ്ങളിൽ വൻതോതിലും, തെന്നിന്ത്യയിലും ബംഗാൾ, ആസാം, ഒഡീഷ എന്നിവിടങ്ങളിൽ വൻ തോട്ടവിളയായും കൃഷി ചെയ്ത് വരുന്നു. സ്വാദും ഗുണവും ഒത്തിണങ്ങിയ നാണ്യവിളയാണ് കശുവണ്ടി.
ശാസ്ത്ര പഠന വിഭാഗം –
കുടുംബം:അനാകാർഡിയേസീ / ഗട്ടിഫെറേ
ശാസ്ത്ര നാമം:അനാകാർഡിയം ഓക്സിഡെന്റേൽ /Anacardium occidentale L.

അറിയപ്പെടുന്ന പേരുകൾ-
മലയാളം:പറങ്കിമാവ്, കശുമാവ്, പറങ്കിമൂച്ചി, കപ്പൽമാവ്
ഇംഗ്ളീഷ്:കാഷ്യൂനട്ട് ട്രീ (Cashewnut tree)
സംസ്കൃതം:ഖജൂതക
ഹിന്ദി  :കാജൂ
ബംഗാളി:ഹിജ്ലിബദാം
തമിഴ്  :കോട്ടേ മുന്തിരിക്കായ്, മിന്ദ്രി പരുപ്പു
തെലുങ്ക്           :ജിഡിമാമിഡി
സസ്യ വിശേഷങ്ങൾ:
       ചൂടും ഈർപ്പവുമുള്ള ഉഷ്ണമേഖലയിൽ വൻ തോതിൽ കൃഷിചെയ്ത് വരുന്നു. പൊതുവേ ഫലപൂയിഷ്ടിത കുറഞ്ഞ പ്രദേശങ്ങളിൽ വ്യാപകമായി തോട്ടവിളയായി കശുമാവ് കൃഷിചെയ്തു വരുന്നു. 10-15 മീ. ഉയരത്തിൽ വിസ്തൃതമായി പടന്ന് ശാഖോപശാഖകളായി പടർന്ന് പന്തലിക്കുന്ന നിത്യ ഹരിത സസ്യമാണിത്. മറ്റ്കൃഷികൾ ചെയ്യാനാകത്തിടത്ത് ആ‍ധായകരമായി പറങ്കിമാവ് കൃഷിചെയ്യാവുന്നതാണ്. വളരെ വേഗത്തിൽ വളർച്ച പ്രദർശിപ്പിക്കുന്ന പറങ്കിമാവിന്റെ വിത്തുതൈകൾ മൂന്നാം വർഷം മുതൽ കായ്ച്ചുതുടങ്ങും. നവംബർ-ജനുവരി മാസത്തിൽ പൂവിടുന്ന പറങ്കിമാവിൻ പൂക്കൾ രണ്ട് മാസത്തിനുള്ളിൽ കായ്കൾ പാകമാകും.
  • കാണ്ഡം:
കാണ്ഡം ചാരനിറത്തിലും മരപ്പട്ട വളരെ കട്ടിയുള്ളതും അങ്ങിങ്ങ് ആഴത്തിൽ പൊട്ടൽ പാ‍ടുള്ളതും കറയുള്ളതുമാ‍ണ്. പടർന്നു പന്തലിച്ച് വലിയ കുട്ടയുടെ ആകൃതിയാകും. ചുവടിനു അല്പം മുകളിൽ നിന്നും ശാഖകൾ ഉണ്ടാകാറുണ്ട്. ചിലവ ചരിഞ്ഞ് നിലത്ത് തട്ടുകയും ക്രമേണ വേരുമുളച്ച് പുതിയ സസ്യമാകുകയും ചെയ്യാറുണ്ട്. ബലവും ഉറപ്പും കൂടുതലില്ല.
  • വേര്:
തായ്‌വേര് വിന്യാസമാണെങ്കിലും ഉപരിതലത്തിൽ ധാരാളം ചെറു വേരുകൾ ഉള്ളതുകൊണ്ട് തായ്‌വേരിന് കോട്ടം വന്നാലും മരത്തിന് കുഴപ്പമൊന്നും ഉണ്ടാകാറില്ല.
  • ഇല:
അനുപർണ്ണങ്ങളില്ലാത്ത ലഘുപത്രഇലകളാണ്. ഇലകൾ ഏകാന്തരവും പത്രവൃന്തം ചെറുതുമാണ്. ഇലയുടെ അഗ്രം ഉരുണ്ടതും അപാണ്ഡാകൃതിയുമാണ്. ഇലയ്ക്ക് 12-15 സെ. മീ. നീളവും 5-10 സെ. മീ. വീതിയും ഉണ്ട്. ഇലഞെട്ട് 1-1.5 വരെ നീലമുണ്ട്.
  • പൂവ്:
നവംബർ മുതൽ ഫബ്രുവരി വരെയുള്ള കാലയളവിലാണ് പൂക്കാലം. ശാഖാഗ്രങ്ങളിൽ കുലകളായി കാണുന്ന പൂക്കൾ പച്ച കലർന്ന മഞ്ഞ നിറമാണ്. പൂക്കൾ ദ്വിലിംഗവും ഏകലിംഗവുമുണ്ട്. ബാഹ്യദളങ്ങൾ, ദളങ്ങൾ എന്നിവ 5 വീതവുമുണ്ട്. കേസരങ്ങൾ 7-10 വരെയുമുണ്ട്. ഒന്നിന് മാത്രമേ ഉത്പാദനശേഷിയുള്ളൂ. ഊർധ്വവർത്തിതമായ അണ്ഡാശയമാണുള്ളത്.
  • ഫലം:
കശുവണ്ടി കൂടാതെ പുഷ്പാസനം വളർന്ന് കശുമാങ്ങ (പറങ്കിമാങ്ങ) എന്ന കപടഫലം ഉണ്ടാകുന്നു. കശുവണ്ടി വൃക്കാകാരവും കശുമാങ്ങ മണിയുടെ ആ‍കൃതിയുമാണുള്ളത്. കശുമാങ്ങയുടെ അടിഭാഗത്ത് തൂങ്ങിയ നിലയിലാണ് കശുവണ്ടി കാണുന്നത്. കശുവണ്ടി പുതിയ വിത്ത് തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്. കശുമാങ്ങയും കശുവണ്ടിയും വിളയുന്നതിനു മുൻപ് ഇളം പച്ചയും വിളയുമ്പോൾ കശുവണ്ടി കടുത്ത ചാരനിറത്തിലും കശുമാങ്ങ ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിൽ കാണുന്നു. കശുവണ്ടിപ്പരിപ്പ് കശുവണ്ടിക്കുള്ളിലാണ് കാണുന്നത്.അത് ഇരട്ടവിത്താണ്. സംസ്കരിക്കാത്ത രീതിയിൽ കശുവണ്ടി മൃദുവും പാൽ നിറത്തിൽ വെളുത്തതുമാണ്. നിശ്ചിത ചൂടിൽ വറുത്തെടുത്ത് സംസ്കരിച്ച കശുവണ്ടിപ്പരിപ്പിന്റെ നിറം സ്വർണ്ണ വർണ്ണവും സ്വാദ് വർദ്ദിക്കുന്നതുമാണ്.
ഉപയോഗങ്ങൾ:
  • കായ് (കശുവണ്ടി):
വിളഞ്ഞ കശുവണ്ടി ഉണക്കി സൂക്ഷിക്കാവുന്നതാണ്. പച്ചയായും ഉണക്കിയും സംസ്കരിച്ചെടുത്തതുമായ കശുവണ്ടി ഭക്ഷണത്തിൽ ഉപയോഗിക്കാവുന്നതാണ്. സംസ്കരിച്ച കശുവണ്ടി വിദേശനാണ്യം നേടിത്തരുന്നു. വിത്തിനെ പൊതിഞ്ഞ് കാണുന്ന സ്തരം കന്നുകാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • കായ് (കശുമാങ്ങ):
കശുമാങ്ങ ഭക്ഷണമായി ഉപയോഗിക്കുന്നു. ഓറഞ്ചിനെക്കാൾ അഞ്ചുമടങ്ങ് വൈറ്റമിൻ-സിയും വെണ്ണപ്പഴം, വാഴപ്പഴം എന്നിവയെക്കാൾ കാത്സ്യം, ഇരുമ്പ് വൈറ്റമിൻ-ബി എന്നിവയും അടങ്ങിയിട്ടുണ്ട്. പഴുത്ത പഴം നേരിട്ടും വൈൻ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. പറങ്കിപ്പഴത്തിൽ നിന്നും പ്രകൃതിദത്ത ആൾക്കഹോളും (ഫെന്നി) വിനാഗിരിയും ഉത്പാദിപ്പിക്കുന്നു. അച്ചാറുകൾ, സിറപ്പുകൾ, ജാം എന്നിവയും ഉണ്ടാക്കാവുന്നതാണ്.
  • കാണ്ഡം:
കശുമാവിൻ തടി വിരകിനും കരി നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഉപ്പ് വെള്ളത്തിൽ താഴ്ത്തിവച്ച് പാകമാക്കി ഫർണിച്ചർ ഉണ്ടാക്കാം. തടി വഞ്ചി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടി അരച്ചുണ്ടാക്കുന്ന പൾപ്പ് ഉപയോഗിച്ച് ഹാർഡ്ബോർഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
  • തോട്      :
കശുവണ്ടിത്തോടിൽ നിന്നും എണ്ണ സംസ്കരിച്ചെടുക്കുന്നു. ആയുർവ്വേദ മരുന്നിനായി എണ്ണ പ്രയോജനപ്പെടുത്തുന്നു. തോടെണ്ണയുപയോഗിച്ച് താപ പ്രതിരോധശേഷിയുള്ള വസ്തുക്കൾ നിർമ്മിക്കുന്നു. പെയിന്റ്, വാർണിഷ്, കൃത്രിമ റസിൻ നിർമ്മാണം എന്നിവ ഉത്പാദിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.
  • കറ:
തടിയിലുണ്ടാകുന്ന ബ്രൌൺ നിറത്തിലുള്ള കറ വായുസാമീപ്യത്താൽ കറുക്കുകയും ചെയ്യും. ഇതിനെ ലിനൻ, കോട്ടൺ വസ്ത്ര നിർമ്മാണ രംഗങ്ങളിൽ മഷി നിർമ്മാണത്തിനുപയോഗിക്കുന്നു. കൂടാതെ വാർണിഷ്, സോൾഡർ വസ്തുവായും ഉപയോഗിക്കാറുണ്ട്. തടികളിൽ കാണപ്പെടുന്ന സ്വർണ്ണ വർണ്ണത്തിലുള്ള കട്ട വെള്ളത്തിൽ ചേർത്ത് പശയായും ഉപയോഗിക്കാവുന്നതാണ്.
രാസഘടകങ്ങൾ:
  • കശുവണ്ടി തോട് :
കശുവണ്ടിയുടെ തോടിൽ കാർഡോളും പോളിസാക്കറൈഡുകളും അനാകാർഡിക് അമ്ളവും ഉണ്ട്. മഞ്ഞനിറത്തിലും ചുവപ്പ് നിറത്തിലുമുള്ള പശയിൽ അണുനാശക വസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
  • പറങ്കിപ്പഴം:
പറങ്കിപ്പഴത്തിൽ പഞ്ചസാര, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടിട്ടുണ്ട്.
  • കശുവണ്ടിപ്പരിപ്പ്:
കശുവണ്ടിപ്പരിപ്പിൽ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, ധാതുലവണങ്ങൾ, വൈറ്റമിനുകൾ എന്നിവവ അടങ്ങിയിരിക്കുന്നു.
  • ഇല:
കശുമാവിന്റെ ഇലയിൽ ഹൈഡ്രോക്സിബെൻസോയിക്, പ്രോട്ടീകാറ്റെച്ചുവിൻ, ഗ്ളൂക്കോസൈഡുകൾ, റാമ്നോസൈഡുകൾ, ജെന്റിസിക് അമ്ളം, ഗാലിക് അമ്ളം എന്നിവ വേർതിരിച്ചിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഫലം, കറ, മരപ്പട്ട എന്നിവയാണ് ഔഷധ യോഗ്യമായ സസ്യഭാഗങ്ങൾ.
രസ ഘടകങ്ങൾ
രസം:മധുരം
ഗുണം:ഗുരു, സ്നിഗ്ധം
വീര്യം  :ഉഷ്ണം
വിപാകം:മധുരം
  • കശുവണ്ടിപ്പരിപ്പ് വാതം എന്നിവ ശമിപ്പിക്കും.
  • കശുവണ്ടിപ്പരിപ്പ് നിത്യേനെ ഉപയോഗിച്ചാൽ ശരീരശക്തി വർദ്ധിപ്പിക്കും.
  • കൃമിനാശത്തിന് കശുവണ്ടിത്തോടിലെ എണ്ണ ഉപയോഗിക്കുന്നു.
  • കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് ഛർദ്ദി, അതിസാരം, ഗ്രഹണി എന്നിവയ്ക്കു ശമനം ഉണ്ടാകും.
  • കശുവണ്ടിപ്പരിപ്പ് താഴ്ന്ന രക്തസമ്മർദ്ദം, പ്രസവശേഷമുള്ള ക്ഷീണം എന്നിവയ്ക്ക് ശമനമുണ്ടാക്കും.
  • കശുവണ്ടി സിറപ്പ് ചുമ, ജലദോഷം എന്നിവയ്ക്ക് നല്ലതാണ്.
  • കശുവണ്ടിത്തോടിൽ നിന്നെടുക്കുന്ന എണ്ണ കാൽ വിണ്ടുകീറലിന് നല്ല ലേപനമാണ്.
  • കശുമാങ്ങാ സത്ത് കോളറ, വൃക്കസംബന്ധ അസുഖം എന്നിവയ്ക്ക് ഉത്തമമാണ്.
  • കശുമാവിൻ തൈമുകുളവും ഇളം ഇലകളും ത്വക് രോഗശമനത്തിനുപയോഗിക്കുന്നു.
വിവിധ ഇനങ്ങൾ :
      കശുവണ്ടി സധാരണയായി കാണുന്ന തരത്തിലാണുള്ളത്. സാധാരണ ഇനം കൂടാതെ ഗ്രാഫ്റ്റ് / ബഡ്ഡ് തൈകളും കാ‍ണാറുണ്ട്. വിപണിമൂല്യം കൂടിയതിനാൽ കേരള കാർഷിക സർവ്വകലാശാല മലപ്പുറം ജില്ലയിലെ ആനക്കയം, മാടക്കത്തറ എന്നീ കശുവണ്ടി ഗവേഷണ കേന്ദ്രങ്ങളിൽ നടത്തിയ ഗവേഷണ ഫലമായി അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  • അക്ഷയ (H-7-6):
കേരള കാർഷിക സർവ്വകലാശാല മലപ്പുറം ജില്ലയിലെ ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് അക്ഷയ. അധികം വിസ്താരമില്ലാത്ത മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്. ഈ ഇനം ഡിസംബർ- ജനുവരി മാസങ്ങളിൽ പൂവിടുകയും ജനുവരി- മാർച്ച് മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. ഇടവേളകളിൽ കായ്ക്കുന്ന ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ മഞ്ഞനിറത്തിലും കശുവണ്ടിക്ക് 11 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 11.7 കിലോ കശുവണ്ടി ലഭിക്കും.
  • അനഘ (H-8-1):
     കേരള കാർഷിക സർവ്വകലാശാല മലപ്പുറം ജില്ലയിലെ ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് അനഘ. അധികം വിസ്താരമില്ലാത്ത മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്. ഈ ഇനം ജനുവരി- ഫബ്രുവരി മാസങ്ങളിൽ പൂവിടുകയും ഫബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. ഇടവേളകളിൽ കായ്ക്കുന്ന ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ ഓറഞ്ച് കലർന്ന ചുവപ്പ് നിറത്തിലും കശുവണ്ടിക്ക് 10 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 13.7 കിലോ കശുവണ്ടി ലഭിക്കും.
  • അമൃത (എച്ച് 1597):
     കേരള കാർഷിക സർവ്വകലാശാല മാടക്കത്തറ കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് അമൃത. വളരെ വിസ്താരമുള്ള മരത്തിന് കൂടുതൽ പരന്ന ശാഖകളുണ്ട്. ഈ ഇനം ഡിസംബർ- ജനുവരി മാസങ്ങളിൽ പൂവിടുകയും ജനുവരി- മാർച്ച് മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. ഇടവേളകളിൽ കായ്ക്കുന്ന ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ മഞ്ഞ നിറത്തിലും കശുവണ്ടിക്ക് 7 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 18.4 കിലോ കശുവണ്ടി ലഭിക്കും.
  • ആനക്കയം-1 (BLA-139-1):
     കേരള കാർഷിക സർവ്വകലാശാല മലപ്പുറം ജില്ലയിലെ ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് ആനക്കയം. അധികം വിസ്താരമില്ലാത്ത മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്.  ഈ ഇനം ഒക്ടോബർ- നവംബർ മാസങ്ങളിൽ പൂവിടുകയും ഡിസംബർ- ജനുവരി മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. വളരെ നേരത്തേ തന്നെ പൂക്കുകയും പെട്ടെന്നു കായ്ക്കുകയും ചെയ്യുന്നു. ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ പിങ്ക് കലർന്ന മഞ്ഞ നിറത്തിലും കശുവണ്ടിക്ക് 6 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 12 കിലോ കശുവണ്ടി ലഭിക്കും.
  • ധന (H-1608):
കേരള കാർഷിക സർവ്വകലാശാല മാടക്കത്തറ കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് ധന. അധികം വിസ്താരമില്ലാത്ത മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്.  ഈ ഇനം ഡിസംബർ- ജനുവരി മാസങ്ങളിൽ പൂവിടുകയും ജനുവരി- മാർച്ച് മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ കുലകളായി കായ്ക്കുന്നു. ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ മഞ്ഞ നിറത്തിലും കശുവണ്ടിക്ക് 8.2 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 10.7 കിലോ കശുവണ്ടി ലഭിക്കും.
  • ധനശ്രീ (H-3-17):
കേരള കാർഷിക സർവ്വകലാശാല മലപ്പുറം ജില്ലയിലെ ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് ധനശ്രീ. അധികം വിസ്താരമില്ലാത്ത മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്.  ഈ ഇനം ഡിസംബർ- ജനുവരി മാസങ്ങളിൽ പൂവിടുകയും ജനുവരി- മാർച്ച് മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ കായ്ക്കുന്നു. ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ മഞ്ഞ കലർന്ന പിങ്ക് നിറത്തിലും കശുവണ്ടിക്ക് 7.8 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 10.7 കിലോ കശുവണ്ടി ലഭിക്കും.
  • കനക (H-1598):
കേരള കാർഷിക സർവ്വകലാശാല മാടക്കത്തറ കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് കനക. വിസ്താരമേറിയ മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്.  ഈ ഇനം നവംബർ- ഡിസംബർ മാസങ്ങളിൽ പൂവിടുകയും ഡിസംബർ- മാർച്ച് മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ കായ്ക്കുന്നു. ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ മഞ്ഞ നിറത്തിലും കശുവണ്ടിക്ക് 6.8 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 12.8 കിലോ കശുവണ്ടി ലഭിക്കും.
  • മാടക്കത്തറ-1(BLA-39-4):
കേരള കാർഷിക സർവ്വകലാശാല മാടക്കത്തറ കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് മാടക്കത്തറ-1. വിസ്താരമില്ലാത്ത മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്.  ഈ ഇനം നവംബർ മാസങ്ങളിൽ പൂവിടുകയും ജനുവരി- മാർച്ച് മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിലും വളരെ നേരത്തേയും കായ്ക്കുന്നു. ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ മഞ്ഞ നിറത്തിലും കശുവണ്ടിക്ക് 6.2 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 13.8 കിലോ കശുവണ്ടി ലഭിക്കും
  • മാടക്കത്തറ-2 (NDR-2-1):
കേരള കാർഷിക സർവ്വകലാശാല മാടക്കത്തറ കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് മാടക്കത്തറ-2. വിസ്താരമുള്ള മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്.  ഈ ഇനം ജനുവരി- മാർച്ച് മാസങ്ങളിൽ പൂവിടുകയും ഫെബ്രുവരി- മേയ് മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ താമസിച്ച് പൂവിട്ട് കായ്ക്കുന്നു. ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ ചുവപ്പ് നിറത്തിലും കശുവണ്ടിക്ക് 7.3 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 15 കിലോ കശുവണ്ടി ലഭിക്കും
  • പ്രിയങ്ക (H-1591):
കേരള കാർഷിക സർവ്വകലാശാല മാടക്കത്തറ കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് പ്രിയങ്ക. വരൾച്ച പ്രധിരോധിച്ച് വളരാൻ കഴിയും. വിസ്താരമുള്ള മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്.  ഈ ഇനം ഡിസംബർ- ഫബ്രുവരി മാസങ്ങളിൽ പൂവിടുകയും ഫെബ്രുവരി- മേയ് മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ പൂവിട്ട് കായ്ക്കുന്നു. കായ്കൾക്ക് വലുപ്പമുണ്ട്. ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ മഞ്ഞ കലർന്ന ചുവപ്പ് നിറത്തിലും കശുവണ്ടിക്ക് 10.8 ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 17 കിലോ കശുവണ്ടി ലഭിക്കും
  • സുലഭ (K-10-2):
കേരള കാർഷിക സർവ്വകലാശാല മാടക്കത്തറ കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് സുലഭ. തിങ്ങി വളരുന്ന മരത്തിന് വളരെ കൂടുതൽ ശാഖകളുണ്ട്.  ഈ ഇനം ജനുവരി- ഫബ്രുവരി മാസങ്ങളിൽ പൂവിടുകയും ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കായ്ക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ പൂവിട്ട് വളരെ കൂടുതൽ കായ്ക്കുന്നു. ഇവയുടെ പറങ്കിപ്പഴം പാകമാകുമ്പോൾ ഇളം ഓറഞ്ച് നിറത്തിലും കശുവണ്ടിക്ക് 9.8ഗ്രാം ഭാരവും ഉണ്ടാകും. വർഷത്തിൽ ശരാശരി 21.9 കിലോ കശുവണ്ടി ലഭിക്കും
പരാഗണവും വിതരണവും:
  • തേനീച്ച, കാറ്റ്, പൂമ്പാറ്റ, മറ്റ് ഈച്ചകൾ, ഉറുമ്പുകൾ എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ, അണ്ണാൻ, എലി, കുരങ്ങ് എന്നിവ മുഖേനെ വിത്ത് വിതരണം നടക്കുന്നു.
ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
  • വിത്ത് / വിത്തുതൈ തെരഞ്ഞെടുക്കൽ:
വിളഞ്ഞ കശുമാവിൻ കായ്കൾ ശേഖരിച്ച് വെയിലിൽ 2-3 ദിവസം നന്നായി ഉണക്കിയ ശേഷം നടാനുപയോഗിക്കാവുന്നതാണ്. നടുന്നതിന് മുൻപ് ഒരു രാത്രി വെള്ളത്തിൽ കുതിർക്കുകയും വേണം. വിത്തിന് പുനരുത്ഭവ ശേഷി കൂടുതലാണ്. എന്നാൽ പലപ്പോഴും മാതൃ ഗുണം കുറവായിരിക്കും. നല്ല വലുപ്പമുള്ള വിത്ത് തെരഞ്ഞെടുത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ജൂലായ്, ഒക്ടോബർ മാസങ്ങളാണ് തൈ നടാൻ കൂടുതൽ അനുയോജ്യം. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്ത് നട്ടാൽ മുളയ്ക്കുന്നതാണ്. സാധാരണ നിലയിൽ നനവുണ്ടെങ്കിൽ പോലും മുളപൊട്ടുകയും വളരുകയും ചെയ്യുകയാണ് പതിവ്. മുളപൊട്ടാൻ 5 ദിവസം മുതൽ രണ്ട് ആഴ്ചകൾ വരെ വേണ്ടിവരും. ആയതിന് ശേഷം ഒന്നുരണ്ടു മാ‍സം നനച്ച് സൂക്ഷിച്ച ശേഷം മൂന്നുനാലു ഇലപൊട്ടിയ ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് ചെറുതായി നനയ്ക്കണം. തൈകൾ തമ്മിൽ 8-10 മീറ്റർ അകലത്തിലാണ് നടേണ്ടത്.
അലൈംഗിക പ്രജനന രീതിയായ ഗ്രാഫ്റ്റിംഗ് / എയർ ലെയറിംഗ് രീതിയിൽ കൂടുതൽ മെച്ചപ്പെട്ട തൈ നിർമ്മിക്കാവുന്നതാണ്. ഇവയ്ക്ക് മാതൃ ഗുണം കൂടുതലാണ്. ഓഗസ്റ്റ് - സെപ്തംബർ മാസത്തിലോ ഡിസംബർ - ജനുവരി മാസത്തിലോ മാതൃ വൃക്ഷത്തിന്റെ കാണ്ഡം സ്റ്റോക്ക് ചെടിയിൽ ചരിച്ച് ചെത്തി ഗ്രാഫ്റ്റിംഗ് നടത്തുകയും മൂന്ന് മാസം വരെ ഗ്രാഫ്റ്റ് ശ്രദ്ധിച്ച് പുതിയ ഇലകൾ ഉണ്ടാകുന്നതായി കണ്ടാൽ മാതൃ സസ്യത്തിലെ ശാഖ ഗ്രാഫ്റ്റിന് താഴെ വച്ച് മുറിക്കാവുന്നതാണ്. ഇങ്ങനേയുള്ള തൈകൾ ഒന്നുരണ്ടുമാസം നനച്ച് സൂക്ഷിച്ച ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് ചെറുതായി നനയ്ക്കണം. ബഡ്ഡ് തൈകൾ 8-10 മീറ്റർ അകലത്തിലാണ് നടേണ്ടത്. കളകൾ കാലാകാലങ്ങളിലായി നീക്കം ചെയ്യുക വഴി വിളവ് ലഭ്യത കൂടുകയും വിളവെടുക്കാൻ സഹായമാകുകയും ചെയ്യും.
  • മണ്ണൊരുക്കലും, നടീൽ രീതിയും:
സമതലം മുതൽ കുന്നിൻ ചരുവുകളിൽ വരെ കശുമാവ് കൃഷി ചെയ്യാവുന്നതാണ്. ഏതു തരം മണ്ണും വളരാൻ അനുയോജ്യമെങ്കിലും മണൽ മണ്ണ്, എക്കൽ മണ്ണ്, ചരൽമണ്ണ് എന്നിവയിൽ വളരാറുണ്ട്. കളിമണ്ണ് കൂടുതലുള്ള മണ്ണ് കൃഷിക്ക് ഒഴിവാക്കേണ്ടതാണ്. വെള്ളം കൂടുതൽ വലിയുന്ന മണ്ണാണ് കൂടുതൽ അഭികാമ്യം. ഏതുസമയത്തും കശുമാവിൻ തൈകൾ നടാമെങ്കിലും മഴക്കാല ആരംഭത്തിൽ നട്ടാൽ നനയ്ക്കൽ കാര്യമായി ഒഴിവാക്കാം. നല്ല പ്രകാശം ലഭിക്കുന്നതും ചെറുതായി നനവുള്ളതുമായ മണ്ണാണ് തൈ നടാൻ കൂടുതൽ അനുയോജ്യം. 45 സെ. മീ. നീളം, 45 സെ. മീ. വീതി, 45 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം മേൽമണ്ണ്, 10 കിലോ കമ്പോസ്റ്റ്, 1 കിലോ വേപ്പിൻ പിണ്ണാക്ക് എൻനിവ നിറയ്ക്കണം. കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. ലയറിംഗ് / ഗ്രാഫ്റ്റ് തൈകൾ നടുമ്പോൾ ബഡ്ഡ്, ഗ്രാഫ്റ്റ് മുളകൾ മണ്ണിനു മുകളിൽ നാലഞ്ച് ഇഞ്ചെങ്കിലും കുറഞ്ഞ ഉയരത്തിലാകണം നടേണ്ടത്. കൂടാതെ അത്തരം മുളകൾ ഒഴികെയുള്ള മുളകൾ നശിപ്പിക്കുകയും ചെയ്യണം.
  • വളപ്രയോഗം, ജലസേചനം, ചില്ലകോതൽ:
കൃത്യമായ വളപ്രയോഗം കശുമാവിന്റെ ആധായ വർദ്ധനവിന് കാരണമാകാറുണ്ട്. ഒരുവർഷം പ്രായമായ തൈകൾക്ക് വേരിന് ക്ഷതം വരാതെ അരമീറ്റർ അകലത്തിൽ കശുമാവ് മരത്തിനെ ചുറ്റിലും 10 കിലോ കമ്പോസ്റ്റ് / ചാണകം എന്നിവ നിക്ഷേപിക്കണം കൂടാതെ എൻ.പി.കെ മിശ്രിതം 70:40:60 ഗ്രാം എന്ന അളവിൽ നൽകണം. രണ്ടാം വർഷത്തിൽ കമ്പോസ്റ്റ് / ചാണകം എന്നിവ 20 കിലോയും എൻ.പി.കെ മിശ്രിതം 140:80:120ഗ്രാം എന്ന അളവിലും, മൂന്നാം വർഷത്തിൽ കമ്പോസ്റ്റ് / ചാണകം എന്നിവ 20 കിലോയും എൻ.പി.കെ മിശ്രിതം 210,120,180 ഗ്രാം എന്ന അളവിലും, നാലാം വർഷത്തിൽ കമ്പോസ്റ്റ് / ചാണകം എന്നിവ 30 കിലോയും എൻ.പി.കെ മിശ്രിതം 280,160,240 ഗ്രാം എന്ന അളവിലും, അഞ്ചാം വർഷം മുതൽ കമ്പോസ്റ്റ് / ചാണകം എന്നിവ 50 കിലോയും എൻ.പി.കെ മിശ്രിതം 500,200,300 ഗ്രാം എന്ന അളവിലും നൽകണം. സിങ്ക് അപര്യാപ്തത ഒഴിവാക്കാൻ 20 ഗ്രാം സിങ്ക് ഓക്സൈഡ് 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിൽ സ്പ്രേ ചെയ്യേണ്ടതാണ്.
വളർന്നുകഴിഞ്ഞാൽ ചൂടു കാ‍ലമൊഴികെ കാര്യമായ നനവ് വേണ്ടാത്ത മരമാണ് കശുമാവ്. ചൂടുകാലത്ത് ഒന്നിടവിട്ട ദിവസവും മുടങ്ങാതെ വെള്ളമൊഴിച്ച് നനവ് നിലനിർത്തേണ്ടതാണ്. കശുമാവിൻ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൂടാതെ തടങ്ങളിൽ പുതയായി ഉണങ്ങിയ ഇലകളോ മറ്റു ചപ്പുചവറുകളോ ഉപയോഗിച്ച് നനവ് നിലനിർത്താവുന്നതാണ്. പൂക്കാലങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തേണ്ടതാണ്. 7-8 വർഷത്തിനുള്ളിൽ 7-12 മീറ്റർ ഉയരമെത്തുകയും ചെയ്യും കായ്ഫലം നന്നായി ലഭ്യമാകുകയും ചെയ്യും. ലയർ തൈകൾ 4-5 വർഷങ്ങൾക്കുള്ളിൽ ഫലം ലഭ്യമാക്കിത്തുടങ്ങും.
വർഷത്തിൽ മഞ്ഞുകാലത്തിന് മുൻപ് ഉണങ്ങിയതും ആരോഗ്യമില്ലാത്തതും താഴ്ന്നതുമായ ചില്ലകൾ ജൂലായ്- ആഗസ്റ്റ് മാസങ്ങളിൽ കോതേണ്ടതാണ്. ഇങ്ങനെ ചെയ്യുക വഴി രോഗ / കീട ബാധ ഒഴിവാക്കാം. താഴ്ന്ന ചില്ലകൾ കോതുകവഴി വിളവെടുക്കലിന് കൂടുതൽ സഹായകമാകും.
  • വിളവ് ലഭ്യത:
കശുമാവ് വിത്ത് തൈകൾ 3-5 വർഷം കൊണ്ട് കായഫലം ലഭ്യമാക്കുമ്പോൾ ഗ്രാഫ്റ്റ് തൈകൾ പതിനെട്ടാം മാസം മുതൽ കായ്ച്ചുതുടങ്ങും. നവംബർ - ഫബ്രുവരി മാസങ്ങളിൽ പൂവിടുന്ന കശുവണ്ടി മാർച്ച് – ഏപ്രിൽ മാസങ്ങളിൽ പാകമാകും. പലപ്പോഴും മറ്റു സീസണുകളിൽ കായ്കുകയും ചെയ്യാറുണ്ട്.  മൂപ്പെത്തിയ പഴുത്ത കായ്കൾ ശേഖരിച്ച് മാംസളമായ പഴഭാഗം മാറ്റിയശേഷം കശുവണ്ടി ശേഖരിക്കാം. കശുവണ്ടി മൂന്നുനാല് ദിവസങ്ങളിൽ ഉണക്കിയ ശേഷം രണ്ട് വർഷം വരെ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനേയുള്ള കായ്കൾ നല്ല തീയിൽ വറുത്തശേഷം തോട് നീക്കി പരിപ്പ് ലഭ്യമാക്കാം. സംസ്കരിക്കുന്ന വേളയിൽ തോടിൽ നിന്നും എണ്ണ പുറത്തുവരാറുണ്ട്. ആയത് കയ്യിലോ ശരീര ഭാഗങ്ങളിലോ വീഴാനിടയായാൽ പൊള്ളൽ, നിറം മാറ്റം എന്നിവ സംഭവിക്കാറുണ്ട്. ചൂട് നീരാവി കടത്തി വിട്ട് കറ ഒഴിവാക്കി സംസ്കരിച്ചെടുക്കുന്ന ആധുനിക രീതിയുമുണ്ട്. കശുവണ്ടിപ്പുറത്തെ തൊലി നീക്കം ചെയ്യാൻ കശുവണ്ടി 70 ഡിഗ്രി സെൽ‌ഷ്യസിൽ ചൂടാക്കി തണുപ്പിച്ച് തൊലി നീക്കാവുന്നതാണ്.
രോഗങ്ങളും രോഗ നിവാരണവും :
  • രോഗം:      ഇലചീയൽ
രോഗാണു:  ഫൈറ്റോഫ്‌തോറോ പാമിവോറ
ലക്ഷണം: അന്തരീക്ഷതാപനില താഴുകയും ഈർപ്പം കൂടുകയും ചെയ്യുന്ന കാലാവസ്ഥയിലാണ് ഈ ഫംഗസ് രോഗം കാണാറുള്ളത്. എല്ലാത്തരം കശുമാവിനേയും ആക്രമിക്കുമെങ്കിലും ഇളം കശുമാവിനെയാണ് കൂടുതലാക്രമിക്കാറുള്ളത്. ഇളം ഇലകൾക്ക് മഞ്ഞ നിറം ഉണ്ടാകുകയും പിന്നീട് ഇലയോടെ കടഭാഗം അഴുകുകയും ദുർഗ്ഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.
പ്രതിവിധി: രോഗ ഭാഗങ്ങൾ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോർഡോ മിശ്രിതം കുഴമ്പ് രൂപത്തിൽ അവിടെ പുരട്ടിയ ശേഷം നന്നായി കെട്ടിപ്പൊതിഞ്ഞ് പുതു ഇലകൾ വരുന്നതുവരെ സൂക്ഷിക്കണം. മൂന്നു മാസത്തിലൊരിക്കൽ വീതം രോഗം തീരുവോളം ചെയ്യുകയും വേണം. രോഗാണു ആക്രമണം കൂടുകയോ, രക്ഷപ്പെടാൻ സാ‍ധ്യതയില്ലാത്തതോ ആയ കശുമാവ് തീയിൽ നശിപ്പിക്കുകയും വേണം.
  • രോഗം:            കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം:       മരച്ചില്ലകൾക്കും വലിയ ശാഖകൾക്കും ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി:       ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.
  • രോഗം:            ഇലപ്പൊട്ട് രോഗം (Anthracnose)
ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യി ആദ്യം കാണുന്നു. പിന്നീട് ഇലയും തണ്ടും ചീയുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:      ഇലപ്പുള്ളി രോഗം:
ലക്ഷണം:       മഴക്കാലത്തോടെ വാഴയിലകളിൽ മഞ്ഞനിറമാർന്ന വരകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ വരകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ ഒടിഞ്ഞ് തൂങ്ങുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള ഇലകൾ മുറിച്ചുമാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതാണ് ഉചിതം.
  • രോഗം:            പിങ്ക് രോഗം / ചീക്ക് രോഗം(Corticium Salminicola)
ലക്ഷണം:       തുലാമഴ സമയത്താണ് സാധാരണ പിങ്ക് രോഗം കശുമാവ് മരങ്ങളിൽ കാണാറുള്ളത്. പ്രായമില്ലാത്ത മരങ്ങളേയാണ് സാധാരണ പിങ്ക് രോഗം ബാധിക്കാറുള്ളത്. കോർട്ടീസിയം സാൽമണിക്കളർ എന്ന കുമിൾ വിഭാഗങ്ങളാണ് ഈ രോഗബാധയ്ക്ക് കാരണം. മഴയെത്തുടർന്ന് ശാഖാഭാഗങ്ങൾ പിങ്ക് നിറത്തിലാവുകയും പിന്നീട് ഈ ഭാഗത്ത്നിന്ന് പൊട്ടിയൊഴുക്കൽ ഉണ്ടാവുകയും ശിഖരം ഉണങ്ങുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗം ബാധിച്ച ഭാ‍ഗം മുറിച്ചുമാ‍റ്റി അവിടെ ബോർഡോ മിശ്രിതം തേയ്ച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
കീടങ്ങളും കീട നിവാരണവും :

  • കീടം: തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)
ലക്ഷണം:  കാണ്ഡഭാഗത്ത് തണ്ടുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം: തേയില കൊതുക് (Helopeltis Antonii)
ലക്ഷണം:       കൊതുക് വർഗ്ഗത്തിൽപ്പെടുന്ന ഇവ വിവിധ നിറങ്ങളിൽ കാണുന്നു. ഇളം ഇലകൾ, മുകുളങ്ങൾ, ഇളം തണ്ട് എന്നിവയിലെ നീര് ഊറ്റിക്കുടിക്കുന്നു. ഇവയുടെ കൂട്ടായതും ഒറ്റയ്ക്കുമായ ആക്രമണ ശേഷം ആക്രമണ ഭാഗം കറുത്ത പുള്ളിക്കുത്ത് രൂപപ്പെടുകയും പിന്നീട് തീപ്പൊള്ളൽ പോലെ കറുത്ത് നശിക്കുകയും ചെയ്യുന്നു.
നിവാരണം:     0.1% കാർബാറിലോ, 0.1% മാലത്തിയോൺ ഇവയിലേതെങ്കിലും ഇളം ഇലത്തളിര്, ഇളം മുകുളം, എന്നിവ ഉണ്ടാകുന്ന സമയത്ത് തളിച്ചാൽ ഈ കീടത്തെ നിയന്ത്രിക്കാം. പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയില കഷായം എന്നിവ കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.

  • കീടം:   വേര് തുരപ്പൻ പുഴു (Derobrachus geminatus)
ലക്ഷണം:       കറുപ്പ് / ബ്രൌൺ നിറത്തിൽ കാണുന്ന വണ്ട് വർഗ്ഗ ജീവിയുടെ ലാർവ്വയാണ് വേരു തുരപ്പൻ പുഴു. വേരുഭാഗത്ത് വേരുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം പ്രത്യേകിച്ച് കാതൽ ഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. തണ്ട് ഉണക്കം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം:     125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.
  • കീടം:   ഇലപ്പുഴു (Acrocercops syngramma)
ലക്ഷണം:  കശുമാവിന്റെ ഇളം ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന നിശാശലഭ ലാർവ്വയാണ് ഇലപ്പുഴു. വെളുത്ത നിറത്തിൽ കാണുന്ന ഇവ ഇലകളുടെ മുകൾ ഭാഗത്തും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ ആദ്യം ചാരനിറത്തിൽ പൊള്ളൽ പോലെയും പിന്നീട് പൊള്ളൽ വ്യാപിച്ച് ദ്വാരമായി മാറുകയും ചെയ്യുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം:   പച്ചപ്പുഴു (Lamida moncusalis)
ലക്ഷണം:  കശുമാവിന്റെ ഇളം ഇലകൾ, ഇളം തണ്ട്, പഴം എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന നിശാശലഭ ലാർവ്വയാണ് പച്ചപ്പുഴു. പച്ച നിറത്തിൽ കാണുന്ന ഇവ ഇലകളുടെ മുകൾ ഭാഗത്തും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട് എന്നിവ ആദ്യം പൊള്ളൽ പോലെയും പിന്നീട് പൊള്ളൽ വ്യാപിച്ച് ദ്വാരമായി മാറുകയും ചെയ്യുന്നു. കായ്കളിൽ പൊട്ടലുപോലെ വരകൾ പ്രത്യക്ഷപ്പെടുകയും ആകൃതി നഷ്ടപ്പെടുകയും ചെയ്യുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
മറ്റുപ്രത്യേകതകൾ:
  • കശുമാവിന്റെ യഥാർത്ഥ ഫലം കശുവണ്ടിയാണ്.
  • പഴത്തിന് പുറത്ത് വിത്തുണ്ടാകുന്ന അപൂർവ്വ ഫലവും കശുമാവാണ്.
  • കശുമാങ്ങ ‘കപട ഫല’മാണ്.
  • കശുവണ്ടി ഉത്പാദനത്തിൽ ഭാരതം ലോകരാജ്യങ്ങളിൽ മൂന്നാമതാണ്.
  • കശുവണ്ടി കയറ്റുമതിയിൽ ഭാരതം ലോകരാജ്യങ്ങളിൽ ഒന്നാമതും, കമ്പോളത്തിലെ നമ്മുടെ സംഭാവന നാൽപ്പത് ശതമാനവുമാണ്.
  • കേരളത്തിൽ കശുവണ്ടി സംസ്കരണത്തിൽ ഒന്നാമത് കൊല്ലം ജില്ലയാണ്.
  • കേരളത്തിൽ മുന്തിയ ഇനം കശുവണ്ടി ഉത്പാദിപ്പിക്കുന്നത് കണ്ണൂർ, കാസർഗോഡ് ജില്ലകളാണ്.
  • ഗോവയിൽ പറങ്കിപ്പഴം ഉപയോഗിച്ച് നിർമ്മിക്കുന്ന മദ്യമാണ് ഫെനി/ഫെന്നി.
  • കശുമാങ്ങാ നീരിലെ കറ മാറ്റാൻ അല്പം കഞ്ഞിവെള്ളം ചേർത്ത് ഇളക്കിയാൽ കറ അടിയുകയും അരിച്ചുമാറ്റി പഞ്ചസാര ചേർത്ത് ഉപയോഗിക്കാവുന്നതുമാണ്.
  • ചതുപ്പ് നിലങ്ങൾ നികത്താൻ കശുമാവിൻ തടി ഉപയോഗിക്കാവുന്നതാണ്.

കശുവണ്ടി

കശുമാവിന്റെ തൈ

കശുമാവില

കശുമാവിൻ ശാഖ

കശുമാവിൻ പൂവ്

കശുമാങ്ങ - ചുവപ്പ്

കശുമാങ്ങ - മഞ്ഞ

കശുമാങ്ങ - ഛേദം

കശുവണ്ടിപ്പരിപ്പ്

Friday 8 July 2016

16. കുടമ്പുളി

കുടമ്പുളി – Malabar tamarind
    ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമുള്ള നനവാർന്ന നിത്യഹരിത വനങ്ങളിൽ കാണുന്നു. തോട്ടുപുളി, പിണമ്പുളി, വടുകപ്പുളി, മരപ്പുളി, വടക്കൻ പുളി എന്നീ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജന സസ്യമാണ് കുടമ്പുളി. ആയുഃവ്വേദത്തിലും ഭക്ഷണത്തിലും കുടമ്പുളി ഉപയോഗിക്കുന്നു. പശ്ചിമഘട്ടത്തിൽ വ്യാപകമായി കാണുന്നതും ഏകദേശം 12 മീറ്റർ ഉയരത്തിൽ വളരുന്നതുമായ സസ്യമാണ് കുടമ്പുളി. മലയാളികൾ പ്രധാനമായും മധ്യതിരുവിതാംകൂർകാർ കറികളിൽ പ്രത്യേകിച്ച് മീൻ‌കറിയിലും ചെമ്മീൻ കറിയിലും കുടമ്പുളി ഉപയോഗിക്കുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:ക്ളൂസിയേസി / ഗട്ടിഫെറേ
ശാസ്ത്ര നാമം:
ഗാർസീനിയ ഗമ്മി ഗട്ട / Garcinia gummi gutta
ഗാർസീനിയ കംബോജിയ / Garcicia cambogia

അറിയപ്പെടുന്ന പേരുകൾ:
മലയാളം:കുടമ്പുളി, പിണമ്പുളി, കൊറുക്കപ്പുളി, വടക്കൻപുളി, മരപ്പുളി, തോട്ടുപുളി
ഇംഗ്ളീഷ്:മലബാർ ടമരിൻഡ് (Malabar tamarind)
സംസ്കൃതം:ഫലാമ്ളഃ, വൃക്ഷാമ്ളം
ഹിന്ദി  :കോകം, ഗോരക
ബംഗാളി:കോകം
തമിഴ്  :മുർഗൽ
കന്നട:മുർഗല

സസ്യ വിശേഷങ്ങൾ:
സഹ്യപർവ്വതത്തിൽ ധാരാളം കണ്ടുവരുന്ന കുടമ്പുളിക്ക് 10-20 മീറ്റർ ഉയരമുണ്ട്. കുടമ്പുളി ഫലം സംസ്കരിച്ച് പുളിക്ക് പകരമായി ഉപയോഗിക്കാം. കേരളത്തിന്റെ മധ്യതിരുവിതാംകൂർ പ്രദേശങ്ങളിൽ ഭക്ഷണത്തിന് ഒഴിവാക്കാനാകാത്തതായതിനാൽ വൻ തോതിൽ കൃഷിചെയ്ത് വരുന്നു. ഇവയുടെ എല്ലാ ഭാഗത്തും മഞ്ഞനിറത്തിലുള്ള കറയുണ്ട്.

  • കാണ്ഡം:
കുടമ്പുളിയുടെ കാണ്ഡം ചാരനിറത്തിലും ഉള്ളിൽ മങ്ങിയ ചാരനിറത്തിലുമാണ്. സാമാന്യം നല്ല ബലവും ഉറപ്പുമുണ്ട്.
  • വേര്:
കുടമ്പുളിവേര് തായ്‌വേര് വിന്യാസമാണെങ്കിലും ഉപരിതലത്തിൽ ധാരാളം ചെറു വേരുകൾ കാണപ്പെടാറുണ്ട്.
  • ഇല:   
കുടമ്പുളി ഇലകൾ ലഘുവും നല്ല കട്ടിയും തിളക്കവും മിനുസവുമുണ്ട്. സമ്മുഖ വിന്യാസമാണ്. നീളം 10 സെ.മീ. വരെയും 4-5 വരെ സെ. മീ. വീതിയുമുള്ള ദീർഘവൃത്താകൃതിയുമാണ്. ഇലയുടെ മുകൾഭാഗം കടും പച്ചയും അടിഭാഗം വിളറിയ മഞ്ഞ കലർന്ന പച്ചയുമാണ്. പത്രസീമാന്തം അഖണ്ഡമാണ്.
  • പൂവ്:
കുടമ്പുളിയുടെ പൂക്കാലം ഡിസംബർ-ഫെബ്രുവരി കാലത്താണ്. പൂക്കൾ മഞ്ഞ കലർന്ന വെള്ള നിറത്തോട് കൂടിയതും രാത്രി പൂക്കുന്നവയുമാണ്. പൂക്കൾ ദ്വിലിംഗവും ഏകലിംഗവുമായ മരങ്ങളുണ്ട്. ആൺ പൂങ്കുല ഛത്രമഞ്ജരിയാണ്. പെൺപൂക്കൾ മൂന്നുനാലെണ്ണം ചേർന്നാണ് കാണുന്നത്. സ്വതന്ത്ര ബാഹ്യദളങ്ങൾ 4 എണ്ണം, ദളങ്ങൾ 4 എണ്ണം എന്നിങ്ങനെയുണ്ട്. കറ്റയായ 4-8 കേസരങ്ങൾ ഉള്ള ആൺപൂക്കൾ ചെറുതാണ്.
  • ഫലം:
കുടമ്പുളി കായ്കൾ തടിച്ചുരുണ്ട് ബെറിയാണ്.പച്ച നിറത്തിലുള്ള കായകൾ പാകമാകുമ്പോൾ മഞ്ഞ നിറമാകും. മഞ്ഞനിറമുള്ള കായ്ക്ക് നെടുകെ 6-8 വരെ ചാലുകൾ കാണുന്നു. കായിൽ 6-8 വരെ വിത്തുകൾ ഉണ്ടാകും. ഓഗസ്റ്റിൽ കായ് വിളയും. വിത്തിനെ പൊതിഞ്ഞ് മഞ്ഞ നിറത്തിൽ വഴുക്കൽ സ്വഭാവമുള്ള പുളിയോട് കൂടിയ ചാറുണ്ട്. പുളിക്കുള്ളിലെ വിത്ത് പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്.
ഉപയോഗങ്ങൾ:
  • കായ്:
വിളഞ്ഞ കുടമ്പുളി ഉണക്കിയശേഷം കറികളിൽ ഉൾപ്പെടുത്തി ആഹാരത്തിന് സ്വാദ് കൂട്ടാൻ  ഉപയോഗിക്കുന്നു. മധ്യ തിരുവിതാംകൂറിൽ മീൻ കറിയിൽ വാളൻപുളിക്ക് പകരമായി ഉപയോഗിക്കുന്നു.ഔഷധ രംഗങ്ങളിലും ഉപയോഗിക്കുന്നു.
  • കാണ്ഡം:
സാമാന്യം കടുപ്പവും ഉറപ്പും ബലവുമുണ്ടെങ്കിലും ഈടുനിൽക്കാത്തതിനാൽ തീപ്പെട്ടി, പായ്ക്കിങ് പെട്ടി, കളിപ്പാട്ട നിർമ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
രാസഘടകങ്ങൾ:
  • കാണ്ഡം:
കുടമ്പുളിയുടെ കാണ്ഡത്തിൽ വൊൾകെൻസിഫ്ളാവോൺ,  മോറിലോഫ്ളാവോൺ എന്നിവ അടങ്ങിയിട്ടുണ്ട്.
  • ഫലം:
കുടമ്പുളിയുടെ ഫലത്തിൽ ടാർടാറിക്, മാലിക്, സിട്രിക്, അസെറ്റിക്, ഫോസ്ഫോറിക്, ഹൈഡ്രോക്സി സിട്രിക് എന്നീ അമ്ളങ്ങൾ അടങ്ങിയിട്ടുണ്ട്. ഗാർസിനോൾ, ഐസോഗാർസിനോൾ എന്നീ ഘടകങ്ങളും കുടംപുളി ഫലത്തിൽ അടങ്ങിയിട്ടുണ്ട്.
  • ഇല:
കുടമ്പുളിയുടെ ഇലയിൽ നിന്നും എൽ- ലൂസിൻ എന്ന രാസവസ്തു ലഭിക്കുന്നു.
ആ‍യുഃവേദ പ്രയോഗങ്ങൾ:
വേരിലെ തൊലി, ഫലമജ്ജ, തൈലം എന്നിവയാണ് ഔഷധ യോഗ്യമായ സസ്യ ഭാഗങ്ങൾ.
രസ ഘടകങ്ങൾ
രസംഅമ്ളം, കഷായം
ഗുണം:ഗുരു, രൂക്ഷം
വീര്യം  :ഉഷ്ണം
വിപാകം:അമ്ളം
  • കുടമ്പുളി വാതം, കഫം എന്നിവ ശമിപ്പിക്കും.
  • കുടമ്പുളിയുടെ ഉപയോഗത്താൽ ശരീരത്തിന്റെ ചുട്ടുനീറ്റൽ, ദാഹം എന്നിവ കുറയ്ക്കുന്നു.
  • കുടമ്പുളി ദഹനം വർധിപ്പിക്കും. ഗുൽമം, അർശ്ശസ്സ്, രക്തവാർച്ച എന്നിവ കുറയ്ക്കുന്നു.
  • ഉദര രോഗം കുറയ്ക്കാനും മലബന്ധം വർദ്ധിക്കാനും ഗ്രഹണിക്കു ശമനം ഉണ്ടാക്കാനും കുടമ്പുളി സത്ത് ഉത്തമമാണ്.
  • കായ്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡിന് അമിത വണ്ണം കുറയ്ക്കാൻ കഴിയുന്നു.
  • പ്രസവ രക്ഷയ്ക്കും വാദരോഗത്തിനും കുടമ്പുളിയുടെ പുറംതൊലി കഷായം ഉപയോഗിക്കാവുന്നതാണ്.
വിവിധ ഇനങ്ങൾ :
      കുടമ്പുളി സധാരണയായി കാണുന്ന തരത്തിലാണുള്ളത്. സാധാരണ ഇനം കൂടാതെ ഗ്രാഫ്റ്റ് / ബഡ്ഡ് തൈകളും കാ‍ണാറുണ്ട്. വിപണിമൂല്യം കൂടിയതിനാൽ കേരള കാർഷിക സർവ്വകലാശാല കോട്ടയം ജില്ലയിലെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഗവേഷണ ഫലമായി അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  • സാധാരണ കുടമ്പുളി:
സാധാരണ കുടമ്പുളി ഏകദേശം 10-20 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നു. കുടമ്പുളിപ്പഴം മറ്റിനങ്ങളേക്കാൾ വലുപ്പം കുറവാണ്. ഏതാണ്ട് 60 വർഷത്തോളം  ആയുസ്സുണ്ട്. ഉരുണ്ട ആകൃതിയുള്ള പഴങ്ങൾ പഴുക്കുമ്പോൾ മഞ്ഞ നിറവും മൃദുവും ആകും. വർഷത്തിൽ ശരാശരി 10 കിലോ പുളി ലഭ്യമാകും. വെള്ളക്കെട്ടുള്ളിടത്തും ചതുപ്പുകളിലും താഴ്ന്ന പ്രദേശങ്ങളിലും നടാ‍വുന്നതാണ്.
  • അമൃതം:
     കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പന്ത്രണ്ട് മീറ്ററോളം ഉയരത്തിൽ വളരുന്ന അത്യുൽപ്പാദനശേഷി കൂ‍ടിയ ഇനമാണ് അമൃതം. ഉണങ്ങിയ കുടമ്പുളി കൂടുതൽ ലഭ്യമാക്കുന്ന ഇനമായതിനാൽ കൂടുതൽ വ്യാവസായികമായി കൃഷിചെയ്തുവരുന്നു. 10 വർഷം പ്രായമായ ഒരു വൃക്ഷത്തിൽ നിന്നും ശരാശരി 16 കിലോ ഉണങ്ങിയ പുളി വർഷത്തിൽ ലഭിക്കും. കായ്കൾക്ക് ശരാശരി 100 ഗ്രാം ഭാരവുമുണ്ടാകും. ഉരുണ്ട ആകൃതിയുള്ള പഴങ്ങൾ പഴുക്കുമ്പോൾ മഞ്ഞ നിറവും മൃദുവും ആകും. വെള്ളക്കെട്ടുള്ളിടത്തും ചതുപ്പുകളിലും താഴ്ന്ന പ്രദേശങ്ങളിലും കൃഷി ചെയ്യാ‍വുന്നതാണ്. തെങ്ങിന്തൊപ്പുകളിലും ഇടവിളയായി കൃഷി ചെയ്യാം.
  • ഹരിതം:
     ആറുമീറ്റർ ശരാശരി ഉയരത്തിൽ വളരുന്ന അത്യുൽപ്പാദനശേഷി കൂടിയ ഇനമാണ് ഹരിതം. ഗാർഹിക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉയരം കുറഞ്ഞ കുടമ്പുളി ഇനമാണ് ഹരിതം. പുളിക്ക് ഗുണമേന്മ കൂടുതലുമാണ്. 10 വർഷം പ്രായമായ ഒരു വൃക്ഷത്തിൽ നിന്നും ശരാശരി 10 കിലോ ഉണങ്ങിയ പുളി വർഷത്തിൽ ലഭിക്കും. കായ്കൾക്ക് ശരാശരി 100 ഗ്രാം ഭാരവുമുണ്ടാകും. ഉരുണ്ട ആകൃതിയുള്ള പഴങ്ങൾ പഴുക്കുമ്പോൾ ആകർഷകമായ മഞ്ഞ നിറവും മൃദുത്വവും ഉണ്ടാകും. കൃഷി ചെയ്യാൻ കുറച്ച് സ്ഥലം മതിയെന്ന പ്രത്യേകതയുമുണ്ട്.
  • കുടമ്പുളി – ബഡ്ഡ് / ഗ്രാഫ്ട്:
കുടമ്പുളി – ബഡ്ഡ് / ഗ്രാഫ്ട് ഏകദേശം 6-8 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമാണ്. എല്ലായിനം കുടമ്പുളിയും ബഡ്ഡ് / ഗ്രാഫ്ട് ചെയ്യാവുന്നതാണ്. അവയുടെ മാതൃഗുണം കൂടുതലായിരിക്കും. ബഡ്ഡ് / ഗ്രാഫ്ട് ചെയ്യാനെടുക്കുന്ന കുടമ്പുളി മരത്തിന്റെ വലുപ്പത്തേക്കാൾ ചെറുതും ധാരാളം ശാഖകളും  ബഡ്ഡ് / ഗ്രാഫ്ട് ഇനത്തിനുണ്ടാ‍വും. സധാരണ കുടമ്പുളി മരത്തേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 30-40 വർഷത്തോളം  ആയുസ്സുണ്ട്.
പരാഗണവും വിതരണവും:
  • തേനീച്ച, കാറ്റ്, പൂമ്പാറ്റ, മറ്റ് ഈച്ചകൾ എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ, അണ്ണാൻ, എലി, കുരങ്ങ് എന്നിവ മുഖേനെ വിത്ത് വിതരണം നടക്കുന്നു.
  • കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ 6-8 വരെ വിത്തുകൾ കാണും. മൂപ്പെത്തിയ വിത്തു നട്ടും പുതിയ തൈകൾ ഉണ്ടാവുന്നതാണ്. ആധുനിക ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികളിൽ കൂടുതൽ മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:

  • വിത്ത് / വിത്തുതൈ തെരഞ്ഞെടുക്കൽ:
പഴുത്ത കുടമ്പുളി കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസള ഭാഗം നീക്കി ഉണക്കിയ ശേഷം നടാനുപയോഗിക്കാവുന്നതാണ്. വിത്തിന് പുനരുത്ഭവ ശേഷി കൂടുതലാണ്. ഒരു ഫലത്തിനുള്ളിൽ 6-8 വരെ വിത്തുകൾ കാണാറുണ്ട്. നല്ല വലുപ്പമുള്ള വിത്ത് തെരഞ്ഞെടുത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ജൂലയ്, ഒക്ടോബർ മാസങ്ങളാണ് തൈ നടാൻ കൂടുതൽ അനുയോജ്യം. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്ത് നട്ടാൽ മുളയ്ക്കുന്നതാണ്. സാധാരണ നിലയിൽ നനവുണ്ടെങ്കിൽ പോലും സാവധാനം മുളപൊട്ടുകയും വളരുകയും ചെയ്യുകയാണ് പതിവ്. മുളപൊട്ടാൻ 5-7 മാസങ്ങൾ വേണ്ടിവരും. ആയതിന് ശേഷം ഒന്നുരണ്ടു മാ‍സം നനച്ച് സൂക്ഷിച്ച ശേഷം മൂന്നുനാലു ഇലപൊട്ടിയ ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം. തൈകൾ തമ്മിൽ 7 മീറ്റർ അകലത്തിലാണ് നടേണ്ടത്.
അലൈംഗിക പ്രജനന രീതിയായ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികളിൽ കൂടുതൽ മെച്ചപ്പെട്ട തൈ നിർമ്മിക്കാവുന്നതാണ്. ഓഗസ്റ്റ് - സെപ്തംബർ മാസത്തിലോ ഡിസംബർ - ജനുവരി മാസത്തിലോ മാതൃ വൃക്ഷത്തിന്റെ മുകുളം സ്റ്റോക്ക് ചെടിയിൽ ഒട്ടിച്ച് ബഡ്ഡിംഗ് നടത്തുകയും മുകുളത്തിന് മുളവരുന്നമുറയ്ക്ക് മുളപ്പിൽ ചുറ്റിയ പോളിത്തീൻ ആവരണം മാറ്റി ഒന്നുരണ്ട്മാസം നനച്ച് സൂക്ഷിച്ച ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം. ബഡ്ഡ് തൈകൾ 4 മീറ്റർ അകലത്തിലാണ് നടേണ്ടത്.

  • മണ്ണൊരുക്കലും, നടീൽ രീതിയും:
തനിവിളയായും ദീർഘകാല ഇടവിളയായി തെങ്ങ്, കവുങ്ങ് തോട്ടങ്ങളിലും കുറ്റമ്പുളി മരങ്ങൾ നടാവുന്നതാണ്. സമതലം മുതൽ കുന്നിൻ ചരുവുകളിൽ വരെ കൃഷി ചെയ്യാവുന്നതാണ്. ഏതു തരം മണ്ണും വളരാൻ അനുയോജ്യമെങ്കിലും മണൽ നിറഞ്ഞ എക്കൽ മണ്ണിൽ വളരുന്നത് കൂടുതൽ വിളവ് നൽകും. ഏതുസമയത്തും കുടമ്പുളി മരത്തൈകൾ നടാമെങ്കിലും മഴക്കാല ആരംഭത്തിൽ നട്ടാൽ നനയ്ക്കൽ കാര്യമായി ഒഴിവാക്കാം. നല്ല പ്രകാശം ലഭിക്കുന്നതും നനവുള്ളതും ചെറുതായി അംമ്ള ഗുണമുള്ളതുമായ മണ്ണാണ് തൈ നടാൻ കൂടുതൽ അനുയോജ്യം. 75 സെ. മീ. നീളം, 75 സെ. മീ. വീതി, 75 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. പുഴയോരത്തും കൈത്തോടുകളുടെ കരയിലും നടാവുന്നതാണ്. ബഡ്ഡ്, ഗ്രാഫ്റ്റ് തൈകൾ നടുമ്പോൾ ബഡ്ഡ്, ഗ്രാഫ്റ്റ് മുളകൾ മണ്ണിനു മുകളിൽ നാലഞ്ച് ഇഞ്ചെങ്കിലും കുറഞ്ഞ ഉയരത്തിലാകണം നടേണ്ടത്. കൂടാതെ അത്തരം മുളകൾ ഒഴികെയുള്ള മുളകൾ നശിപ്പിക്കുകയും ചെയ്യണം.
  • വളപ്രയോഗം, ജലസേചനം:
ഒരുവർഷം പ്രായമായ തൈകൾക്ക് വേരിന് ക്ഷതം വരാതെ അരമീറ്റർ അകലത്തിൽ കുടമ്പുളിമരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ 10 കിലോ കമ്പോസ്റ്റ്, ചാണകം എന്നിവയോ 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. 15 വർഷം വരേയുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് 50 കിലോ ഗ്രാം ലഭ്യമാകുന്ന തരത്തിൽ നൽകാവുന്നതാണ്. എൻ.പി.കെ മിശ്രിതം ആദ്യവർഷത്തിൽ 45 ഗ്രാം യൂറിയ, 120 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. അളവ് വർദ്ദിപ്പിച്ച് 15 വർഷമാകുമ്പോൾ 1.1 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 1.5 കിലോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും തുല്യ ഗഡുവായി മേയ് സെപ്റ്റംബർ മാസങ്ങളിൽ നൽകണം.
വളർന്നുകഴിഞ്ഞാൽ കാര്യമായ നനവ് വേണ്ടുന്ന മരമാണ് കുടമ്പുളി. ചൂടുകാലത്ത് ഇലപൊഴിക്കുന്ന സ്വഭാവം ശ്രദ്ധയിൽപ്പെട്ടാൽ ദിവസവും മുടങ്ങാതെ വെള്ളമൊഴിച്ച് നനവ് നിലനിർത്തേണ്ടതുമാണ്. കൂടാതെ തടങ്ങളിൽ പുതയായി ഉണങ്ങിയ ഇലകളോ മറ്റു ചപ്പുചവറുകളോ ഉപയോഗിച്ച് നനവ് നിലനിർത്താവുന്നതാണ്. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും നിർത്തുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 7-8 വർഷത്തിനുള്ളിൽ 7-12 മീറ്റർ ഉയരമെത്തുകയും ചെയ്യും കായ്ഫലം നന്നായി ലഭ്യമാകുകയും ചെയ്യും. ലയർ തൈകൾ 4-5 വർഷങ്ങൾക്കുള്ളിൽ ഫലം ലഭ്യമാക്കിത്തുടങ്ങും.
  • വിളവ് ലഭ്യത:
കുടമ്പുളിവിത്ത് തൈകൾ 10-12 വർഷം കൊണ്ട് കായഫലം ലഭ്യമാക്കുമ്പോൾ ഗ്രാഫ്റ്റ് തൈകൾ മൂന്നാം വർഷം മുതൽ കായ്ച്ചുതുടങ്ങും പൂർണ്ണ കായ്ഫലം ആകുന്നത് 12-15 വർഷം ആകുമ്പോഴാണ്. ജനുവരി – മാർച്ച് മാസങ്ങളിൽ പൂവിടുന്ന കുടമ്പുളി ജൂലൈ മാസങ്ങളിൽ പാകമാകും. പലപ്പോഴും മറ്റു സീസണുകളിൽ കായ്കുകയും ചെയ്യാറുണ്ട്.  മൂപ്പെത്തിയ പഴുത്ത കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസള ഭാഗവും വിത്തുകളും നീക്കി പുറന്തോട് വേർതിരിക്കണം. ആയത് നല്ല വെയിലിൽ ഉണക്കിയ ശേഷം പുക കൊള്ളിക്കുകയും വേണം. ഇങ്ങനെ ഉണക്കിയ പുളിയിൽ ഒരു കിലോയ്ക്ക് 150 ഗ്രാം ഉപ്പ്, 50 മില്ലി. ലിറ്റർ വെളിച്ചെണ്ണ എന്നിവ ചേർത്ത്
രോഗങ്ങളും രോഗ നിവാരണവും :
കാര്യമായ രോഗ ബാധയില്ലാത്ത സസ്യമാണ് കുടമ്പുളി.
  • രോഗം:        കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം:       കുടമ്പുളി മരത്തിന്റെ മരച്ചില്ലകൾക്ക് ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി:       ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.
കീടങ്ങളും കീട നിവാരണവും :
  • കീടം: ഇല തുള്ളൻ
ലക്ഷണം:       ശലഭ വിഭാഗത്തിൽപ്പെടുന്ന ഇവ ഇലകളിൽ മുട്ടയിട്ട് പെരുകുന്നു. ഇവയുടെ ലാർവ്വ തളിരിലകൾ തിന്ന് നശിപ്പിക്കുന്നു.
നിവാരണം:     0.1% കാർബാറിലോ, 0.1% മാലത്തിയോൺ ഇവയിലേതെങ്കിലും പൂക്കുന്ന സമയത്ത് തളിച്ചാൽ ഈ കീടത്തെ നിയന്ത്രിക്കാം.

  • കീടം: ഇല വണ്ട്
ലക്ഷണം:       വണ്ട് വർഗ്ഗത്തിൽപ്പെടുന്ന ഇവ ഇലകളിൽ കൂട്ടമായും ഒറ്റയ്ക്കും എത്തുന്നു. ഇവ തളിരിലകൾ തിന്ന് നശിപ്പിക്കുന്നു.
നിവാരണം:     0.1% കാർബാറിലോ, 0.1% മാലത്തിയോൺ ഇവയിലേതെങ്കിലും പൂക്കുന്ന സമയത്ത് തളിച്ചാൽ ഈ കീടത്തെ നിയന്ത്രിക്കാം. പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയില കഷായം എന്നിവ കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.

  • കീടം:   തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)
ലക്ഷണം:       കാണ്ഡഭാഗത്ത് തണ്ടുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം:     125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.
  • കീടം:   ഇലപ്പേൻ
ലക്ഷണം:  കുടമ്പുളിയുടെ ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: ചിതൽ
ലക്ഷണം: തറയിൽ അങ്ങിങ്ങായും തടിചുവട്ടിലും ചിതൽ പുറ്റുകളോ, മൺ വട്ടങ്ങളോ കാണുന്നതാണ് ചിതലിന്റെ ലക്ഷണം. മണ്ണിൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകളും തടികളും ഒക്കെയാണ് ഇവയുടെ വളർച്ചയെ സ്വാധീനിക്കുന്ന വസ്തുക്കൾ. ചെറിയ നനവ് ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

നിവാരണം:     കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതാണ് ശ്രദ്ധേയമായ ഏക മാർഗ്ഗം. ചിതൽ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകൾ തടികൾ മുതലായവ നീക്കം ചെയ്യുന്നത് നല്ലതാണ്. മണ്ണെണ്ണ - സോപ്പ് ലായനിയാണ് ചിതലുകൾക്ക് എതിരെ പ്രയോഗിക്കവുന്ന കീടനിവാരണ മാർഗ്ഗം. 500 മി. ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം 1000 മി. ലിറ്റർ മണ്ണെണ്ണ ചേർത്തിളക്കിയാൽ മണ്ണെണ്ണ സോപ്പ് ലായനി തയ്യാർ. ഇതിൽ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചശേഷം കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. തടിയിൽ ചിതലിന്റെ ആക്രമണമുണ്ടായാൽ ആ ഭാഗത്തെ ചിതൽ മണ്ണ് മാറ്റിയശേഷം കുമ്മായപ്പൊടിയോ തുരിശോ തേയ്ച്ച് പിടിപ്പിച്ചും അവയെ നിയന്ത്രിക്കാവുന്നതാണ്.
  • കീടം: ശൽക്ക കീടം
ലക്ഷണം:       ഇളം കുടമ്പുളി മരങ്ങളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം:     0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.
മറ്റുപ്രത്യേകതകൾ:
  • ഇന്ത്യയിൽ പ്രത്യേകിച്ച് സഹ്യപർവ്വതത്തിൽ മാത്രം കണ്ടുവരുന്ന പുളിയാണ് കുടമ്പുളി.
  • ചതുപ്പ് നിലങ്ങളിലും തോപ്പുകളിലും കുന്നിൻ‌ചരിവുകളിലും സമതലങ്ങളിലും നന്നായി വളരുന്ന വൃക്ഷമാണ് കുടമ്പുളി.
  • കുടമ്പുളി കൃഷി ചെയ്യാൻ കർഷകർ മടിക്കുന്നതിനുള്ള പ്രധാന കാരണം വിത്തുമുളയ്ക്കാനുള്ള താമസവും ആൺ-പെൺ ചെടികളെ തിരിച്ചറിയാനുള്ള കാലതാമസവും കായ്ക്കാനുള്ള കാലതാമസവുമാണ്.
  • കുടമ്പുളി വിത്ത് മുളയ്ക്കാൻ 5 മുതൽ 7 വരെ മാസമുള്ള ദീർഘ കാലയളവുണ്ട്.
  • കുടമ്പുളി വിത്ത് തൈകളിൽ നിന്നും കായ്കളുണ്ടാകാൻ 10-12 വർഷം എടുക്കാറുണ്ട്.
  • കുടമ്പുളി വിത്തുതൈകളിൽ 60% തൈകളും ആൺ ചെടികളാകാനാണ് സാധ്യത.
  • കുടമ്പുളി ഗ്രാഫ്റ്റ് തൈകൾ മൂന്നാം വർഷം മുതൽ കായ്ഫലം നൽകുന്നതിനാൽ കർഷകർക്ക് ഇതിനോട് കൂ‍ടുതൽ ആഭിമുഖ്യം കാ‍ണിക്കാറുണ്ട്.
  • സ്വര്‍ണവും വെള്ളിയും പോളിഷ് ചെയ്യുവാനും ഉണങ്ങിയ കുടംപുളി ഉപയോഗിക്കാറുണ്ട്.
  • വെയിലിലും പുകയിലും മാറിമാറി ഉണക്കിയാണ് കുടമ്പുളി സംസ്കരിക്കുന്നത്.
  • കുടമ്പുളിയിൽ ഉപ്പും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത് മൃദുത്വം കിട്ടാനും നിറം ലഭിക്കാനും കുമിൾ ബാധ ഒഴിവാക്കാനുമാണ്.
  • വിപണി സാധ്യത ചൂഷണം ചെയ്യാൻ കുടമ്പുലിയിൽ മുട്ടിപ്പഴ (മുട്ടിക്കായ്പ്പൻ) തോട് ഉണക്കി മായമായി ചേർക്കാറുണ്ട്.
  • കുടമ്പുളി അൽപ്പം പല്ലിൽ കൊള്ളിച്ച് കടിച്ചാൽ പല്ലിൽ മഞ്ഞ പശ ഒട്ടുന്നതായും നിറം പറ്റിയിരിക്കുന്നതും കാണാം. ഇങ്ങനെ പരിശോധിച്ച് കലർപ്പ് തിരിച്ചറിയാം.
  • അലങ്കാര വൃക്ഷമായി പാർക്കുകളിലും മൈതാനങ്ങളിലും പൂന്തോട്ട വൃക്ഷമായി വീട്ടുവളപ്പിലും കുടമ്പുളി നട്ടുവളർത്താവുന്നതാണ്.
  • കുടമ്പുളി തൈ
  • കുടമ്പുളി ഇല
  • കുടമ്പുളി പൂവ്
  • കുടമ്പുളി ഫലം
  • കുടമ്പുളി- പാകമായ ഫലം
  • കുടമ്പുളി വിത്ത്
  • ഭക്ഷ്യയോഗ്യമായ കുടമ്പുളി
  • കുടമ്പുളി മരം
  • കുടമ്പുളി മരം പൂന്തോട്ടത്തിൽ