Tuesday 29 March 2016

6. മുരിങ്ങ

മുരിങ്ങ –Drumstick Tree
     മുരിങ്ങ ഔഷധമാ‍യും ഭക്ഷണമായും ഉപയോഗിക്കുന്നു. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗസംഹാരിയായി ഉപയോഗിക്കുന്നു. പ്രധാന പച്ചിലക്കറിയായി ഉപയോഗിക്കുന്ന മുരിങ്ങയില വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ്. വളരേ വേഗം വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതുമായ സസ്യമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചരുവാണ് ജന്മദേശമായി കണക്കാക്കുന്നത്. സിംഗപ്പൂർ, പാകിസ്താൻ, ശ്രീലങ്ക, മലേഷ്യ, ക്യൂബ, ജമൈക എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു. ഇന്ത്യയിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്തുവരുന്നു. ഭക്ഷണം, ഔഷധം, ജലശുദ്ധീകരണം എന്നിവയ്ക്കായി മുരിങ്ങ കൃഷിചെയ്തുവരുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബ           :മൊരിങ്ങേസീ
ശാസ്ത്ര നാമം:മൊരിങ്ങ ഒലീഫെറ / Moringa oleifera

അറിയപ്പെടുന്ന പേരുകൾ:
മലയാളം:മുരിങ്ങ, മൊരിങ്ങ
ഇംഗ്ളീഷ്:മൊരിങ്ങ (Moringa), ഡ്രംസ്റ്റിക്ക് ട്രീ (Drumstick Tree)
സംസ്കൃതം:അക്ഷിവഃ, തീക്ഷ്ണഗന്ധഃ, മോചകഃ, ശോഭാഞ്ജനഃ, ശിഗ്രു, ശിഗ്രുജം
ഹിന്ദി  :സേഞ്ജൻ
ബംഗാളി:ശജിന
തമിഴ്  :മുരുംഗൈയ്
തെലുങ്ക്           :മുനാഗാ

സസ്യ വിശേഷങ്ങൾ:
ഏകദേശം 10 മീറ്റർ വരെ വളരുന്ന ബഹുവർഷി സസ്യമാണ് മുരിങ്ങ ഇന്ത്യയിലുടനീളം സമൃദ്ധമായി കാണപ്പെടുന്നു. നനവാർന്ന പ്രദേശങ്ങളിൽ നന്നായി വളരുന്ന ഇവയുടെ കാണ്ഡം ദുർബ്ബലമാണ്. കൊടും തണുപ്പും ചൂടും താങ്ങില്ല.
  • കാണ്ഡം:
10 മീറ്റർ വരെ വളരുന്ന മുരിങ്ങയുടെ കാണ്ഡം ചാര കലർന്ന ഇളം മഞ്ഞ നിറത്തിലാണുള്ളത്. ശാഖോപശാഖകളുള്ള മുരിങ്ങയുടെ കാണ്ഡം ജലസാന്നിദ്യമുള്ളതും ദുർബ്ബലവുമാണ്. തൊലിക്ക് കാണ്ഡത്തേക്കാൾ കട്ടികൂ‍ടുതലാണ്. കായുണ്ടാകുമ്പോൾ അവയുടെ ഭാരം കൊണ്ട്തന്നെ കാണ്ഡം ഒടിയുക പതിവാണ്.
  • വേര് :
സാധാരണ വേരുകളാണ് മുരിങ്ങയ്ക്കുള്ളത്. തായ്‌വേര് രീതിയില്ല. എളുപ്പം വേരുണ്ടാകുന്നത് പ്രത്യേകതയാണ്. തീക്ഷ്ണ ഗന്ധവും ബാഷ്പശീലവുമുള്ള എണ്ണ വേരിൽ അടങ്ങിയിരുപ്പുണ്ട്.
  • ഇല:
അരമീറ്ററോളം നീളമുള്ള സംയുക്ത ത്രിപിച്ഛക ഇലയാണിതിനുള്ളത്. ഇലകൾ ആയതാകൃതിയാണ്. ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു. വേനലിൽ ഇലകൾ പൊഴിക്കാറുണ്ട്. ഇലകളുടെ മുകൾ ഭാഗം കടുത്ത പച്ചയും അടിഭാഗം മഞ്ഞകലർന്ന ഇളം പച്ചനിറവുമാണ്.
  • പൂവ്:
വർഷത്തിൽ ചെറുതും വലുതുമായ പൂക്കാലങ്ങൾ പലതുണ്ട്. പൂക്കൾ വെള്ള നിറത്തോടും തേനോടും കൂടിയ ദ്വിലിംഗ പൂങ്കുലകളാണ്. ഇവ ഇളം തണ്ടിന്റെ മുകൾ ഭാഗത്തോ മുകൾ ഭാഗത്തെ ഇലക്കക്ഷങ്ങളിലോ കാണുന്നു. പൂക്കൾക്ക് ബാഹ്യ ആന്തരിക ദളങ്ങൾ അഞ്ചു വീതം. വന്ധ്യ കേസരങ്ങളുൾപ്പടെ പത്തോളം കേസരങ്ങളുണ്ട്. ബീജാണ്ഡപർണ്ണങ്ങൾ മൂന്ന് വീതം. തണുപ്പുള്ളിടങ്ങളിൽ വർഷത്തിൽ ഒരുപ്രാവശ്യവും മഴയും ചൂടും ഒരുപോലുള്ളിടത്ത് രണ്ടോ വർഷം മുഴുവനുമായോ പൂക്കാറുണ്ട്.
  • ഫലം:
മുരിങ്ങക്കായ്കൾ മൂന്നുവശമുള്ളതും 15 മുതൽ 1മീറ്റർ നീളത്തിൽ താഴേക്ക് തൂങ്ങിയതുമായ രീതിയിലാണ്. ഇവയ്ക്ക് പച്ച കലർന്ന ബ്രൌൺ നിറമുണ്ടാകും. 5-15 വിത്തുകൾ കാണാറുണ്ട്. വിത്തിന്റെ മുഴപ്പ് കാണാവുന്ന ആകൃതിയാണുള്ളത്. മൂപ്പെത്തിയ കായ്കൾ പൊട്ടിയാൽ കടലാസ് പോലുള്ള ബ്രൌൺ നിറമുള്ള കടലാസ് പോലുള്ള മൂന്ന് വശങ്ങളുള്ള അരികുകളുള്ള ചിറകുമുണ്ട്.
ഉപയോഗങ്ങൾ:
മുരിങ്ങയുടെ ഇലയും പൂവും കായയും ആഹാരമായി സർവ്വ സാധാരണമായി ഉപയോഗിക്കുന്നു.
  • കായ് :
മുരിങ്ങക്കായ ആഹാരമായി ഉപയോഗിക്കുന്നു. കായിലെ വിത്ത് ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • ഇല:
ഇലയിൽ ധാരാളം ഫൈബറും ചവർപ്പ് രുചിയുമുണ്ട്. ഇലക്കറികളിൽ ചീരയ്ക്കൊപ്പം പരിചിതമായ ചീര കർക്കിടക മാസത്തിൽ ഒഴിവാക്കാറുണ്ട്.
  • പൂവ്:
പൂവ് ആഹാരമായി ഉപയോഗിക്കുന്നു.
  • വിത്ത്:
വിത്തിൽ നിന്നും സവിശേഷമായ എണ്ണ ലഭിക്കുന്നു. ഭക്ഷ്യാവശ്യത്തിനും, മുടിയിലും തൊലിയിലും തേയ്ക്കാനും, സൌന്ദര്യ വസ്തുക്കൾ നിർമ്മിക്കാനും എണ്ണ ഉപയോഗിക്കുന്നു.
  • വേര് :
വേരിൽ ദുർഗ്ഗന്ധത്തോടും ബാഷ്പശീലവുമുള്ള തൈലമുണ്ട്.

രാസഘടകങ്ങൾ:
  • ഇല:
മുരിങ്ങയുടെ ഇലകളിൽ വൈറ്റമിൻ- എ,ബി,സി,കെ എന്നിവയും കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
  • മുരുങ്ങാക്കായ:
മുരിങ്ങാക്കായയിൽ വൈറ്റമിൻ- സി, ഇ എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്  എന്നീ ധാതുക്കളും ഭക്ഷ്യനാരുകളും അടങ്ങിയിട്ടുണ്ട്.
  • വിത്ത്:
വിത്തിൽ നിന്നും ലഭിക്കുന്ന സവിശേഷമായ എണ്ണയിൽ ബെഹനിക് ആസിഡ് അടങ്ങിയിരിക്കുന്നു. എണ്ണ  ശുദ്ധീകരിച്ചാൽ ആന്റി ഓക്സിഡന്റിന്റ് കൂടുതൽ കാണപ്പെടും. എണ്ണ ജൈവ ഇന്ധനമായും ഉപയോഗപ്പെടുത്താവുന്നതാണ്. പിണ്ണാക്ക് വളമായും ജലശുദ്ധീകാരിയായും ഉപയോഗിക്കുന്നു.
  • തൊലി:
മൊരിഞ്ജിൻ, മൊരിഞ്ജിനിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്.
  • വേര്:
വേരിൽ പോളീഫിനോൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വേരിലടങ്ങിയ സ്പൈറോകിൻ എന്ന ആൽക്കലോയ്ഡ് നാഡീ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഇല, പൂവ്, കായ്, തൊലി, വേര് എന്നിവ ആയുഃർവേദ ഔഷധങ്ങളിൽ പ്രയോജനപ്പെടുത്തുന്നു.
രസ ഘടകങ്ങൾ:
രസംകടു, കഷായം, തിക്തം
ഗുണം:ലഘു, രൂക്ഷം, തീക്ഷ്ണം, സരം
വീര്യം  :ഉഷ്ണം
വിപാക:കടു

  • നീര്, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിന് മുരിങ്ങ ഇലയും വിയർപ്പുണ്ടാക്കുന്നതിന് മുരിങ്ങയുടെ തൊലിയും വേരും പ്രയോജനപ്പെടുത്തുന്നു.
  • കൃമി, വ്രണം, വിഷം, വാതരോഗം എന്നിവ സമിപ്പിക്കാൻ മുരിങ്ങ വിത്തിലെ എണ്ണയും പ്രയോജനപ്പെടുത്തുന്നു.
വിവിധ ഇനങ്ങൾ :
  • നാടൻ- കുറിയ ഇനം:
കേരളത്തിൽ അങ്ങോളം കാണപ്പെടുന്ന ഇനം. വേലിക്കലായി കാണുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് നീളം 10-15 സെ. മീറ്ററും നല്ല വണ്ണവുമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. മറ്റിനങ്ങളേക്കാൾ രുചിയും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. കായ്കൾ അര വിളവാകുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങവുന്നതാണ്. മരമൊന്നിന് 30-50 വരെകായ്കൾ ആദ്യ വർഷത്തിലും പിന്നീട് 100-150 വരെ കായ്കൾ തുടർന്നുള്ള വർഷങ്ങളിൽ ലഭ്യമാകും. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.
  • നാടൻ- നെടിയ ഇനം:
കേരളത്തിൽ സർവ്വസാധാരണ കാണപ്പെടുന്ന ഇനം. ഈ ഇനത്തിന്റെ കായ്കൾക്ക് 20-35 സെ. മീറ്റർ നീളമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. കുറിയയിനങ്ങളേക്കാൾ രുചികുറവെങ്കിലും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. മരമൊന്നിന് 80-100 വരെ കായ്കൾ ആദ്യ വർഷത്തിലും പിന്നീടുള്ള വർഷങ്ങളിൽ 150-200 കാ‍യ്കൾ ലഭ്യമാകും. കായ്കൾ പാകമാകുമ്പോൾ ഭാരക്കൂടുതൽ കാരണം ശാഖകൾ ഒടിയുന്നത് പതിവാണ്. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.
  • അനുപമ:
കേരള കാർഷിക യൂണിവേർസിറ്റി, വെള്ളാണിക്കര പുറത്തിറക്കിയ ഇനമാണ് അനുപമ. ഇടത്തരം നീളവും പച്ചനിറവുമുള്ള കായ്കളാണ് ഈ ഇനത്തിൽ നിന്നും ലഭിക്കുന്നത്. മുരിങ്ങ മരമൊന്നിന് വർഷത്തിൽ ശരാശരി 30 കി. ഗ്രാം കായ്കൾ ലഭിക്കും. മികച്ച പാചക ഗുണമേന്മയാണ് ഇതിന്റെ പ്രത്യേകത.
  • ജാഫ്ന മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 60-70 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് മൃദുത്വം, സ്വാദ് എന്നിവ കൂടുതലുമാണ്. വർഷത്തിൽ കൂടുതൽ വിളവ് ലഭിക്കുന്നു എന്നത് മേന്മയാണ്.
  • ചാവക്കച്ചേരി മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 90-120 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് നാര് അൽപ്പം കൂടുതലുമാണ്.
  • ചെമ്മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനമാണ്. കായുടെ അറ്റത്ത് ചുവപ്പ് നിറം കാണുന്നത് ശ്രദ്ധേയമായ പ്രത്യേകതയാണ്. ആയതുകൊണ്ടാണ് ഈ ഇനത്തിന് ഈ പേരു വന്നത്. വർഷം മുഴുവനും പൂക്കുകയും കായിടുകയും ചെയ്യുന്നു. ആയതിനാൽ നല്ല കമ്പോള മൂല്യമുണ്ട്.
  • യാഴ്പാണം മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനം ജാഫ്ന ഇനത്തിന് സമാനമാണ്. തമിഴ് നാട്ടിൽ കൃഷി ചെയ്തുവരുന്നു. ഇനത്തിന് 60-70 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് നേരിയ മൃദുത്വം, സ്വാദ് എന്നിവ കാണുന്നു. വർഷത്തിൽ കൂടുതൽ വിളവ് ലഭിക്കുന്നു.
  • പാൽ മുരിങ്ങ:
തമിഴ്നാട്ടിൽ കാണപ്പെടുന്ന ഇനമാണ്. കായ്കൾക്ക് നല്ല രുചിയും മാംസള ഭാഗത്തിന് കട്ടിയുമുണ്ടായിരിക്കും.
  • പൂന മുരിങ്ങ:
വണ്ണം കുറഞ്ഞ കായുള്ള ഇനം. കേരളത്തിൽ അപൂർവ്വമെങ്കിലും തമിഴ്നാട്ടിൽ വാണിജ്യാ‍ടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു. വർഷം മുഴുവൻ കായ് ലഭിക്കും.
  • കൊടികാൽ മുരിങ്ങ:
തമിഴ്നാട്ടിൽ കാണപ്പെടുന്ന ചെറിയ കായ്കൾ ലഭ്യമാകുന്ന ഇനമാണ് കൊടികാൽ മുരിങ്ങ. 15-20 സെ. മീറ്റർ നീളം വരുന്ന കായ്കളുണ്ട്. കുറ്റിയിനത്തിലുള്ള ഇനത്തിന്റെ വിത്തുപാകിയാണ് തൈ മുളപ്പിക്കുന്നത്.
  • കെ. എം-1(കുടുമിയൻ മലൈ-1):
തമിഴ്നാട്ടിൽ കാണപ്പെടുന്ന ചെറിയ കായ്കൾ ലഭ്യമാകുന്ന  ഈ ഇനത്തിന് കൊടികാൽ മുരിങ്ങയുമായി അഭേദ്യബന്ധമുണ്ട്. 15-20 സെ. മീറ്റർ നീളം വരുന്ന കായ്കളുണ്ട്. കുറ്റിയിനത്തിലുള്ള ഇനത്തിന്റെ വിത്തുപാകിയാണ് തൈ മുളപ്പിക്കുന്നത്. 6 മാ‍സം വിത്തു മുളപ്പിച്ചശേഷമാണ് നടുന്നത്. 2-3 വർഷങ്ങൽക്കകം നല്ല വിളവു നൽകുന്ന ഈ ഇനം മരമൊന്നിന്  വർഷത്തിൽ ശരാശരി 500 കായ്കൾ നൽകുന്നു.
  • പി.കെ.എം-1:
പെരിയകുളം തമിഴ് നാട് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് പി.കെ.എം-1. വിത്തു മുരിങ്ങ വിഭാഗത്തിൽപ്പെടുന്ന ഈ ഇനത്തിന് 6 മീറ്റർ വരെ ഉയരമുണ്ട്. 100 ദിവസത്തിനടുത്ത് പൂവിടുകയും 160 ദിവസം ആദ്യ വിളവ് ലഭ്യമാകുകയും ചെയ്യുന്നു. 200-225 കായ്കൾ വർഷത്തിൽ ലഭിക്കുന്നു. കായ്കൾക്ക് 70 സെ. മീ. നീളവും പച്ച നിറവും, നല്ല ദശയും കാണുന്നു. ഒരാണ്ടൻ ഇനത്തിൽപ്പെടുന്ന ഇനമാണ്.
  • പി.കെ.എം-2:
പെരിയകുളം തമിഴ് നാട് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള മറ്റൊരിനമാണ് പി.കെ.എം-2. വിത്തു മുരിങ്ങ വിഭാഗത്തിൽപ്പെടുന്ന ഈ ഇനത്തിന് 4-6 മീറ്റർ വരെ ഉയരമുണ്ട്. ഈ ഇനത്തിന്റെ കായ്കൾക്ക് 125-130 സെ. മീ. നീളവും കാണുന്നു. ഒരാണ്ടൻ ഇനത്തിൽപ്പെടുന്ന ഇനമാണ്.
  • ധൻരാജ്:
കർണ്ണാടക അരഭവി കാർഷിക യൂണിവേർസിറ്റി വികസിപ്പിച്ച ഇനമാണ് ധൻരാജ്. വിത്തു മുരിങ്ങാ ഇനമാണ്. വാർഷിക ഉത്പാദന ക്ഷമത കൂടുതലാണ്.
പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താൽ പരാഗണം നടക്കുന്നു.
  • കാറ്റിന്റേയും ജലത്തിന്റേയും സഹായത്താലാണ് വിതരണം നടത്തുന്നത്.
ഉത്പാദനവും വളപ്രയോഗവും :
  • കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ സാധാരണ ഇനങ്ങളിൽ 6 മുതൽ 10 വരെ വിത്തുകൾ കാണുന്നു.
  • വിത്തുകൾ ഉപയോഗിച്ച് തൈകൾ നിർമ്മിക്കാവുന്നതാണ്.
  • വിത്തു തൈകൾ വളരാൻ കൂടുതൽ സമയം ആവശ്യമായതിനാൽ സാധാരണ നിലയിൽ വിളവുനൽകാൻ കാലതാമസമെടുക്കാറുണ്ട്.
  • എല്ലത്തരം മണ്ണിലും വളർന്നു കാണുന്ന മുരിങ്ങയുടെ കാണ്ഡം നട്ടാണ് സാധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്.
  • മുരിങ്ങ കടുത്ത വേനൽ സഹിക്കുന്നു. നല്ല വെയിലുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യവുന്നതാണ്
  • വളക്കൂറും നല്ല നീർവാർച്ചയുമുള്ള മണൽ കലർന്ന എക്കൽ മണ്ണുമാണ് മുറിങ്ങകൃഷിക്ക് കൂടുതൽ അനുയോജ്യം.
  • ഏകവർഷിയായോ ബഹുവർഷിയായോ കൃഷിചെയ്യാവുന്ന മരമാണ് മുരിങ്ങ. കമ്പ് നട്ട് ആദ്യ വർഷം കൂടുതൽ രുചിയുള്ള കായുണ്ടാകുന്നതിനാൽ ഏകവർഷി രീതി ഗുണകരമാണ്.
  • അതിരുകൾ, മണ്ണൊലിപ്പുള്ള സ്ഥലങ്ങൽ എന്നിവിടങ്ങളിൽ ബഹുവർഷിയായി കൃഷിചെയ്യവുന്നതാണ്.
  • മുരിങ്ങ കമ്പ് / കവർതൈ മഴക്കാലം തുടങ്ങുന്നതിന് മുൻപ് തുടങ്ങുന്നതാണ് നല്ലത്.
  • കമ്പുമുറിച്ച് നടുമ്പോൾ 1-1.5 മീറ്റർ നീളവും 15 സെ. മീറ്റർ വണ്ണവുമുള്ളതാണ് നടീലിന് കൂടുതൽ അനുയോജ്യം.
  • വിത്തുനടുമ്പോൾ കവറുകളിൽ കമ്പോസ്റ്റ് / ചാണകപ്പൊടി എന്നിവ നിറച്ചശേഷം 2-3 സെ.മീറ്റർ ആഴത്തിൽ വിത്തു നട്ട് 5 ഇലകൾ വരുമ്പോൾ വേരിന് ക്ഷതം വരാതെ കുഴികളിൽ നടാവുന്നതാണ്.
  • നട്ട് ആറുമാസത്തിനും ഒരുവർഷത്തിനുമിടയിൽ കായ്ക്കുന്നതാണ് ഒരാണ്ടൻ ഇനങ്ങൾ. ഗാർഹികാവശ്യങ്ങൾക്കായി വീട്ടുവളപ്പിൽ നടാൻ ഉപയോഗിക്കാവുന്നതാണ്.
  • ഗാർഹികാവശ്യത്തിനെങ്കിൽ 30-50 സെ. മീറ്റർ ആഴത്തിലും 20-40 സെ.മീറ്റർ വീതിയിലും കുഴികൾ എടുത്ത്  ചെടികൾ നടാവുന്നതാണ്. തൈകൾ തമ്മിൽ 2-2.5 മീറ്റർ അകലവുമുണ്ടായിരിക്കണം.
  • ഇലയുടെ ആവശ്യത്തിനെങ്കിൽ വളരെ അടുപ്പിച്ച് തൈകൾ നടാവുന്നതാണ്.
  • വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതെങ്കിൽ 60-75 സെ. മീറ്റർ സമചതുരത്തിലും അത്രയും താഴ്ച്ചയിലുമാണ് കുഴിയെടുക്കേണ്ടത്. കുഴിയിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്തുവേണം തൈനടുന്നത്. കുഴികൾ തമ്മിൽ 5 മീറ്റർ അകലവുമുണ്ടായിരിക്കും.
  • കമ്പ് നട്ടാൽ 6-8 മാസങ്ങൾക്കുള്ളിൽ ആദ്യ വിളവ് ലഭിക്കും. ആദ്യ വർഷം വിളവു 80-120 കായ്കളും രണ്ടാം വർഷത്തിൽ 150-250 കായ്കളും മൂന്നാം വർഷത്തിൽ 350-400 കായ്കളും ഉണ്ടാകുന്നു.
  • മുരിങ്ങയ്ക്ക് നല്ല ആകൃതി കിട്ടുന്നതിന് ശാഖകൾ ഒതുക്കി വെട്ടി നിർത്തിയും ഉയരത്തിൽ പോകുന്ന ശാഖകൾ ക്രമപ്പെടുത്തുകയും വേണം.
  • മഴക്കാലത്തിനുമുൻപ് ചെടിയ്ക്ക് ചുറ്റും തടമെടുത്ത് വെള്ളം വാർന്നുപോകാൻ അനുവദിക്കണം.
  • ജൂൺ മാസത്തിലാണ് വളപ്രയോഗം നടത്തേണ്ടത്.
  • മുരിങ്ങ നട്ട് മൂന്ന് മാസത്തിന് ശേഷം 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം യൂറിയ, 50 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.
  • ആറുമാസത്തിനുശേഷം 15 കിലോ ചാണകപ്പൊടി, 100 ഗ്രാം യൂറിയ എന്നിവ വളമായി നൽകണം.
  • തീരെ വളം കുറഞ്ഞ പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ വർഷം തോറും രണ്ടോ മൂന്നോ തവണ 250 ഗ്രാം നിരക്കിൽ എല്ലുപൊടി, കോഴിവളം, പിണ്ണാക്ക് എന്നിവ നൽകേണ്ടതാണ്.
  • 17:17:17 കോംപ്ളക്സ് വളം 100 ഗ്രാം വീതം വർഷം മൂന്നുനാലുതവണ നൽകുക അല്ലെങ്കിൽ 100 ഗ്രാം യൂറിയ, 50 ഗ്രാം സൂപ്പർ ഫൊസ്ഫേറ്റ്, 50 ഗ്രാം പൊട്ടാഷ് എന്നിവ നൽകുക.
  • വളപ്രയോഗം നടത്തുന്നത് മരച്ചുവട്ടിൽ നിന്നും രണ്ടടി മാറ്റി തടമെടുത്ത് വളപ്രയോഗം ചെയ്യാവുന്നതാണ്.
  • ചെടിച്ചുവട് നനച്ചതിന് ശേഷം മാത്രമേ വളപ്രയോഗം നടത്താവൂ.
  • ഉത്തരേന്ത്യയിൽ വസന്തകാലത്ത് കായ്കളുണ്ടാകുമ്പോൾ തെക്കേയിന്ത്യയിൽ വർഷത്തിൽ രണ്ട് തവണ ( മാർച്ച്- ഏപ്രിൽ, ഓഗസ്റ്റ്-സെപ്തംബർ) കായ്കൾ ഉണ്ടാകാറുണ്ട്.
  • തൈ നട്ട് 60 ദിവസമാകുമ്പോൾ ഇലശേഖരിക്കാവുന്നതാണ്. വർഷത്തിൽ ഏഴുതവണ വിളവെടുക്കാൻ കഴിയും.
  • ഇലവിളവെടുക്കുന്ന ഇനത്തിന്റെ 60 സെ. മീറ്റർ ഉയരത്തിൽ വെട്ടിനിർത്തിയാൽ കൂടുതൽ ഇല ലഭ്യമാകും.
രോഗങ്ങളും രോഗ നിവാരണവും :
രോഗാണു:        ഫംഗസ് (ലീവെല്ലുല റ്റൂറിക്ക)
ലക്ഷണം:       സസ്യത്തിന്റെ കാണ്ഡത്തിലും ഇലകളിലും പൌഡർ പൂശിയപോലെ വിതറിയോ കട്ടിയായോ കാണപ്പെടുന്നു. ഇവയുടെ കോളനി രൂപത്തിലെ കൂട്ടത്തിനനുസരിച്ച് വ്യാപിക്കാറുണ്ട്. ഇലകളും ശാഖകളും ക്രമേണെ ചീഞ്ഞ് നശിച്ചു പോകുന്നു.
പ്രതിവിധി:       രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. ബോർഡോ മിശ്രിതം(തുരുശ്ശ് ലായനി) മരപ്പട്ടയിൽ തേയ്ച്ചോ രോഗാണു നിയന്ത്രിക്കവുന്നതാണ്.
കീടങ്ങളും കീട നിവാരണവും :
  • കീടം: രോമപ്പുഴു
ലക്ഷണം: ഇലകളുടെ ഉപരിതലത്തിൽ ഒറ്റയ്ക്കോ കൂട്ടമായോ ലോമപ്പുഴുക്കൾ കാണുന്നു. ഇവ തളിരിലകളും മറ്റും കാർന്നുതിന്നാറുണ്ട്. ആക്രമണശേഷം ഇലഞെട്ടുകൾ മാത്രം കാണുന്നു.
നിവാരണം: മണ്ണെണ്ണ സോപ്പ് ലായനിയാണ് ഒരാണ്ടൻ ഇനങ്ങൾക്ക് പറ്റിയ കീടനിവാരണ മാർഗ്ഗം. 500 മി. ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം 1000 മി. ലിറ്റർ മണ്ണെണ്ണ ചേർത്തിളക്കിയാൽ മണ്ണെണ്ണ സോപ്പ് ലായനി തയ്യാർ. ഇതിൽ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചശേഷം കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഇലയ്ക്കായി കൃഷിചെയ്തുവരുന്ന ഇനങ്ങൾക്ക് ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.
  • കീടം: ഇലതീനിപ്പുഴുക്കൾ
ലക്ഷണം:  മുരിങ്ങയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: ഇലപ്പേൻ
ലക്ഷണം:  മുരിങ്ങയുടെ ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: തണ്ടുതുരപ്പൻ പുഴു
ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.
  • കീടം: കായീച്ച / പഴയീച്ച
ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: ചിതൽ
ലക്ഷണം: തറയിൽ അങ്ങിങ്ങായും തടിചുവട്ടിലും ചിതൽ പുറ്റുകളോ, മൺ വട്ടങ്ങളോ കാണുന്നതാണ് ചിതലിന്റെ ലക്ഷണം. മണ്ണിൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകളും തടികളും ഒക്കെയാണ് ഇവയുടെ വളർച്ചയെ സ്വാധീനിക്കുന്ന വസ്തുക്കൾ. ചെറിയ നനവ് ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

നിവാരണം:     കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതാണ് ശ്രദ്ധേയമായ ഏക മാർഗ്ഗം. ചിതൽ സാന്നിദ്ധ്യം ശ്രദ്ധ്യിൽപ്പെട്ടാൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകൾ തടികൾ മുതലായവ നീക്കം ചെയ്യുന്നത് നല്ലതാണ്. മണ്ണെണ്ണ സോപ്പ് ലായനിയാണ് ചിതലുകൾക്ക് എതിരെ പ്രയോഗിക്കവുന്ന കീടനിവാരണ മാർഗ്ഗം. 500 മി. ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം 1000 മി. ലിറ്റർ മണ്ണെണ്ണ ചേർത്തിളക്കിയാൽ മണ്ണെണ്ണ സോപ്പ് ലായനി തയ്യാർ. ഇതിൽ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചശേഷം കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. തടിയിൽ ചിതലിന്റെ ആക്രമണമുണ്ടായാൽ ആ ഭാഗത്തെ ചിതൽ മണ്ണ് മാറ്റിയശേഷം കുമ്മായപ്പൊടിയോ തുരിശോ തേയ്ച്ച് പിടിപ്പിച്ചും അവയെ നിയന്ത്രിക്കാവുന്നതാണ്.
മറ്റ് വിശേഷങ്ങൾ:
  • ഏഷ്യയിൽ മാത്രം കണ്ടുവരുന്ന ചെറുസസ്യമാണ് മുരിങ്ങ.
  • ഹിമാലയത്തിന്റെ തെക്കൻ ചരിവ് ഭാഗങ്ങളാണ് മുരിങ്ങയുടെ ഉത്ഭവസ്ഥാനം
  • ഉത്പാദനത്തിൽ ഭാരതമാണ് ലോകത്തിൽ ഒന്നാമതാ‍യി നിൽക്കുന്നത്.
  • കൃഷിയിട വിസ്താരത്തിലും ഉത്പാദനത്തിലും ആന്ധ്രാ പ്രദേശ് ഒന്നാമതായി നിൽക്കുന്നു.
  • എം.ഒ-44, എം.ഒ-70, എം.ഒ-95 എന്നീ മുരിങ്ങകൾ കേരള കാർഷിക യൂണിവേർസിറ്റി, വെള്ളാണിക്കര പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങളാണ്.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം ഓറഞ്ചിലുള്ളതിനേക്കാൾ 7 മടങ്ങ് വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരു മി. ലിറ്റർ പാലിലുള്ളതിനേക്കാൾ 4 മടങ്ങ് കാത്സ്യം, 2 മടങ്ങ് കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം ക്യാരറ്റിലുള്ളതിനേക്കാൾ 4 മടങ്ങ് വൈറ്റമിൻ എ അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം വാഴപ്പഴത്തിലുള്ളതിനേക്കാൾ 3 മടങ്ങ് പൊട്ടാസ്യംഅടങ്ങിയിരിക്കുന്നു.
  • മുരിങ്ങ വിത്ത് തൈ
  • മുരിങ്ങ തണ്ട്
  • മുരിങ്ങ ഇല
  • മുരുങ്ങക്കായ് മുരിങ്ങയിൽ
  • മുരിങ്ങ വിത്ത്
  • മുരിങ്ങക്കായ്

Saturday 26 March 2016

5. വാഴ

വാഴ – Plantain / Banana
     മനുഷ്യവർഗ്ഗത്തിന്റെ ഉത്ഭവം മുതൽക്ക് കൃഷിചെയ്തുവരുന്ന സസ്യമാണ് വാഴ. വാഴയ്ക്ക് ധാരാളം ഇനങ്ങളും സങ്കര ഇനങ്ങളും ഉണ്ട്. ആയതിൽ കൂടുതൽ ഇനങ്ങൾ കേരളത്തിൽ കൃഷിചെയ്തു വരുന്നു. സഹ്യപർവ്വതം മുതൽ അറബിക്കടലോരം വരെ വാഴകൾ കാണാം. നെൽ വയലുകൾ പോലും വാഴയ്ക്ക് കൈമാറുന്നതും വൈവിധ്യമാർന്ന കാര്യം തന്നെയാണ്. വാഴപ്പഴം എല്ലാക്കാലത്തും കാണാവുന്നതും ശ്രദ്ധേയമാണ്. വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമായ വാഴപ്പഴം ഔഷധം കൂടിയാണ്.



ശാസ്ത്ര പഠന വിഭാഗം:
കുടുംബം:മ്യൂസേസി
ശാസ്ത്ര നാമം:മ്യൂസ പരഡൈസിയാക്ക / Musa paradisiaca

അറിയപ്പെടുന്ന പേരുകൾ:
മലയാളം:വാഴ
ഇംഗ്ളീഷ:പ്ളാന്റൈൻ (Plantain), ബനാന (Banana)
സംസ്കൃതം:കദളി, കാഷ്ഠീലഃ, മോചഃ, മോചകഃ, രംഭഃ, വാരണബൂസഃ
ഹിന്ദി  :കേല
ബംഗാളി:കേല
തമിഴ്  :വാഴൈ
തെലുങ്ക്           :കഡലമു

സസ്യ വിശേഷങ്ങൾ:
ഏറ്റവും വലിയ ഓഷധിയായ വാഴ ഈർപ്പമുള്ള എല്ലായിടത്തും കൃഷിചെയ്യാവുന്നതാണ്. ചില ഇനങ്ങൾ ഏകവർഷിയും ചിലവ ദ്വിവർഷികളുമാണ്. സസ്യഭാഗത്തിന്റെ സിംഹഭാഗവും ജലമാണ്.
കാണ്ഡം:
വാഴ മുളയ്ക്കുന്നത് ഭൂകാണ്ഡമാ‍യ വാഴമാണത്തിൽ നിന്നാണ്. 2 മുതൽ 3 മീ. ഉയരം വരെ വളരാറുണ്ട്. ഭൂകാണ്ഡത്തിന് മുകളിൽ തൂണുപോലെ അടുക്കി പത്രാധാരത്തെ കപട കാണ്ഡമായി കണക്കാക്കുന്നു.
വേര് :
ഭൂകാണ്ഡത്തിൽ നിന്നാണ് ജല ഈർപ്പം കൂടിയ വേരുകൾ ഉണ്ടാകുന്നത്. ഇതിന് അധിക നീളം കാണില്ല. ഇക്കാരണത്താൽ ചുവടിളകാറുണ്ട്.
ഇല:
ഭൂകാണ്ഡത്തിലൂടെ പുതിയ ഇലനാമ്പുകൾ മുകളിലേക്കെത്തി പുതിയ ഇലയായി മാറുന്നു. ഇല ഇളം പച്ച നിറത്തിലുള്ള ദീർഘ ചതുരാകൃതിയിലും പരന്നതും നടുവിൽ നീളമേറിയ നടു ഞരമ്പുമുള്ളതുമാണ്. അവസാന ഇല ചെറുതും വാഴപ്പൂങ്കുലയെ പൊതിഞ്ഞും കാണപ്പെടുന്നു.
പിണ്ടി:
വാഴപ്പിണ്ടി കപട കാണ്ഡത്തിനുള്ളിൽ മധ്യഭാഗത്ത് കാണുന്നു. വെളുത്തുരുണ്ട വാഴപ്പിണ്ടി പൂങ്കുലയെ വഹിക്കുന്നു. 
പൂവ്:
പൂങ്കുല അനേകം കൂട്ടങ്ങളായി കാണപ്പെടുന്നു. ഓരോ കൂട്ടത്തേയും പൊതിഞ്ഞ് സഹ പത്രപാളികൾ (വാഴപ്പോള) കാണുന്നു. വാഴപ്പോളകൾ ചേർന്ന് ഒറ്റപ്പൂങ്കുലാ (വാഴച്ചുണ്ട്) രീതിയിൽ കാണുന്നു. കൂട്ടങ്ങളിലെ പൂക്കൾ പാകമാകുന്ന മുറയ്ക്ക് വാഴപ്പോളകൾ ഇളകി ഫലങ്ങൾ രൂപപ്പെട്ടാൽ പോളകൾ പൊഴിഞ്ഞുപോകും.
ഫലം:
വാഴപ്പഴം നീണ്ടതും അൽപ്പം വളഞ്ഞതും ഉരുണ്ടതുമാണ്. പഴത്തിനുള്ളിൽ നിർജ്ജീവ ബീജങ്ങൾ ഇരുണ്ട നിറത്തിൽ കാണുന്നു.
ഉപയോഗങ്ങൾ:
വാഴയുടെ എല്ലാഭാഗവും പ്രയോജനപ്പെടുത്താവുന്നതാണ്.
കായ്:
വാഴപ്പഴം ഉത്തമമായ ആഹാരവും ഔഷധവുമാണ്. വാഴപ്പഴം ഏത് തരത്തിലും ഭക്ഷ്യയോഗ്യമാണ്. പച്ചവാഴയ്ക്ക ഭക്ഷണമായി പ്രയോജനപ്പെടുത്തുമ്പോൾ, പഴുത്ത വാഴപ്പഴം പഴ വർഗ്ഗമായി ഉപയോഗിക്കാവുന്നതുമാണ്.
കാണ്ഡം:
പച്ച വാഴപ്പോള ഉണക്കി വാഴനാരുണ്ടാക്കുന്നു. വാഴനാരുപയോഗിച്ച് കരകൌശല വസ്തുക്കളും, മറ്റു ഗാർഹിക വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
ഇല:
വാഴയില മലയാളികൾക്ക് ഏറെ പ്രയോജനപ്രധമാണ്. പഴമക്കാർ ആഹാരം വിളമ്പിയിരുന്നത് വാഴയിലയിലാണ്. വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടതും ക്ഷേത്രാരാധനയ്ക്കും ഹിന്ദുക്കൾ വാഴയിലയ്ക്ക് പ്രത്യേക സ്ഥാനം നൽകിയിരുന്നു.
പിണ്ടി/ വാഴച്ചുണ്ട്:
വാഴച്ചുണ്ടും, വാഴപ്പിണ്ടിയും വിവിധ ആഹാരമായി ഉപയോഗപ്പെടുത്താറുണ്ട്.
രാസഘടകങ്ങൾ:
വാഴപ്പഴം:
സ്റ്റാർച്ച്, സുക്രോസ് (പഞ്ചസാര) എന്നിവയും ടാനിക്, ഗാലിക് എന്നീ അംമ്ളങ്ങളും ആൽബുമിൻ, കൊഴുപ്പ് എന്നിവയും വൈറ്റമിൻ എ, ബി സി എന്നിവയും ഇരുമ്പും അടങ്ങിയിട്ടുണ്ട്.
വാഴച്ചുണ്ട് / വാഴപ്പിണ്ടി:
സ്റ്റാർച്ച്, പഞ്ചസാര എന്നിവയും ടാനിക്, ഗാലിക് എന്നീ അംമ്ളങ്ങളും ആൽബുമിൻ, കൊഴുപ്പ് എന്നിവയും വൈറ്റമിൻ എ, ബി സി എന്നിവയും ഇരുമ്പും അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഫലം, പിണ്ടി, പൂവ് എന്നിവ ഔഷധത്തിന് പ്രയോജനപ്പെടുത്തുന്നു.
രസ ഘടകങ്ങൾ
പച്ച വാഴയ്ക്ക:
രസം:കഷായം
ഗുണം:മൃദു
വീര്യം  :ശീതം
വിപാകം:കടു

പഴുത്ത വാഴപ്പഴം:
രസം:മധുരം
ഗുണം:സ്നിഗ്ധം, മൃദു, ശീതം
വീര്യം  :ശീതം
വിപാകം:മധുരം

  • വാഴപ്പഴം ദഹനശക്തി, ശരീരപുഷ്ടി, ലൈംഗിക ശക്തി എന്നിവ വർദ്ധിപ്പിക്കുന്നു.
  • പച്ച വാഴക്കായ മലബന്ധം ഉണ്ടാക്കുന്നു.
  • വാഴപ്പിണ്ടി ഉദര ശുദ്ധീകരണത്തിനും അർശ്ശസിനും, പ്രമേഹത്തിനും അത്യുത്തമമാണ്.
  • പൂവ് അധികമായി മൂത്രമൊഴുകുന്ന അസുഖം ശമിപ്പിക്കുന്നു.
വിവിധ ഇനങ്ങൾ :
  • നേന്ത്രവാഴ / ഏത്തവാഴ:
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്ന വാഴയിനമാണിത്. തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ ജില്ലകളിൽ വ്യാപകമായി കൃഷി ചെയ്യുന്നു. വനകദളി, രാജകദളി, മാഹേന്ദ്രകദളി എന്നീ പേരുകളുണ്ട്. ഭാരതീയ ജനുസ്സായ മൂന്ന് മീറ്റർ ഉയരമുള്ള ഇതിന് 10-12 മാസം വരേ വിളവുകാലമുണ്ട്. നനവാർന്ന മണ്ണ് ഈ ഇനത്തിന് അനുയോജ്യമാണ്. ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. പച്ചയായും പഴുത്തതായും ഉപയോഗിക്കാം. നേന്ത്രൻ വറുക്കാൻ വിശേഷപ്പെട്ടതാണ്. മൂപ്പെത്താത്തകുലകൾ കനംകുറച്ചരിഞ്ഞ് വെയിലിൽ ഉണക്കിപ്പൊടിച്ച് കുട്ടികൾക്ക് നൽകാറുണ്ട്. കനം തീരേകുറഞ്ഞ തൊലിയുള്ള പഴം പഴുക്കുന്തോറും സ്വർണ്ണവർണ്ണമായിവരുന്നു. 12-15 കിലോ ഗ്രാം ഭാ‍രമുള്ള 4-6 പടലകളും അതിൽ ഓരൊന്നിലും 6-10 വരെ കായ്കളും കാണാറുണ്ട്. പച്ചയായും പഴുത്തതായും ഉപയോഗിക്കാവുന്നതാണ്. വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.
  • ചെങ്ങാലിക്കോടൻ / ചെങ്ങഴിക്കോടൻ:
നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് ചെങ്ങാലിക്കോടൻ / ചെങ്ങഴിക്കോടൻ. തൃശ്ശൂർ ഭാഗങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന ഇവയുടെ കായ്കൾ ഉരുണ്ടതും ഏണുകൾ ഇല്ലാത്തതും പഴുക്കുമ്പോൾ സ്വർണ്ണ വർണ്ണത്തിൽ കാണുന്നതുമാണ്. 10-11 മാസമാണ് മൂപ്പ് കാലം. കാഴ്ച്ചക്കുലയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നു. പച്ചയായും പഴുത്തതായും ഉപയോഗിക്കാവുന്നതാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്. നനവാർന്ന മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമാണ്.
  • നെടുനേന്ത്രൻ:
നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് നെടുനേന്ത്രൻ. 11 മാസം മൂപ്പുള്ള ഈ ഇനം ചെങ്കൽ പ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്നു. നല്ല ഉയരത്തിൽ വളരുന്ന ഇവയ്ക്ക് മൂപ്പെത്തിയാൽ നെടുകേ നീണ്ട് കാണുന്ന കായ്കൾ ഉണ്ടാകും. ഇക്കാരണത്താൽ ഇവയ്ക്ക് ഈ പേരുവന്നത്. ഇതിന്റെ കായ്കൾക്ക് മധുരവും സ്വാദും കൂടുതലാണ്. പച്ചയായും പഴുത്തതായും ഉപയോഗിക്കാവുന്നതാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

  • ആറ്റുനേന്ത്രൻ:
നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് ആറ്റുനേന്ത്രൻ. 12 മാസത്തിലേറെ മൂപ്പുള്ള ഈ ഇനത്തിന് വണ്ണവും കരുത്തുമുള്ള വാഴത്തടയുമുണ്ട്. ഉയരത്തിൽ വളരുന്ന വാഴകൾക്ക് ഊന്ന് നൽകിയില്ലെങ്കിൽ കായോടൊപ്പം മറിയാറുണ്ട്. കായ്കൾക്ക് നല്ല നീളവും വണ്ണവും എണ്ണവും ഉണ്ട്. തീരപരദേശത്ത് കൃഷിക്ക് അനുയോജ്യമായ ഈ ഇനം അടയ്ക്കാത്തോട്ടങ്ങളിലും നെൽ വയലുകളുടെ സമീപത്തും കൃഷിചെയ്യാവുന്നതാണ്. പച്ചയായും പഴുത്തതായും ഉപയോഗിക്കാവുന്നതാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.
  • ചങ്ങനാശ്ശേരി നേന്ത്രൻ:
വേനൽ വാഴ, പൊടിവാഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന ഇനമാണ് ചങ്ങനാശ്ശേരി നേന്ത്രൻ. മധുരവും രുചിയും കൂടുതലുള്ള ഇനമാണ്. 10-11 മാസമാണ് മൂപ്പ് കാലം. ഉയർന്ന കുന്നിൻപുറങ്ങളിൽ കൃഷിചെയ്യാനും കഴിയും. വരൾച്ചയെ പ്രധിരോധിക്കാൻ കഴിയുന്ന ഏകയിനം നേന്ത്രവാഴകൂടിയാണിത്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.
  • മഞ്ചേരി വാഴ/ ചേറ്റ് വാഴ:
നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന നനവാഴ ഇനമാണ് മഞ്ചേരി വാഴ. 9 മാസമാണ് വാഴയുടെ മൂപ്പ്കാലം. മുണ്ടകൻ വയലുകളിലാണ് ഈ ഇനം കൃഷിചെയ്തുവരുന്നത്. നെൽക്കതിരുകൾ വരുമ്പോൾ നിശ്ചിത അകലത്തിൽ ചേറിൽ ചവിട്ടിതാഴ്തിയാണ് വാഴനടുന്നത്. ഇക്കാരണത്താൽ ഇതിന് ചേറ്റ് വാഴ എന്ന പേര് വന്നത്. കൊയ്ത്തു കഴിഞ്ഞാൽ വൈക്കോൽ കുറ്റികളും ചേരും ചേർത്ത് ബണ്ടുകളാക്കി അതിൽ വളം ചേർത്തും വിളവിറക്കാവുന്നതാണ്. നനവാർന്ന മധുരമുള്ള വാഴപ്പഴമാണ് ലഭിക്കുന്നത്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.
  • വലിയ മഞ്ചേരി വാഴ:
കോട്ടയം വാഴയെന്നറിയപ്പെടുന്ന നേന്ത്ര വാഴാ വിഭാഗത്തിൽപ്പെടുന്ന നനവാഴ ഇനമാണ് വലിയ മഞ്ചേരി വാഴ. വയലുകളിൽ ബണ്ടെടുത്ത് ചേറ്റ് വാഴ നടുന്നരീതിയിൽ ഈ ഇനവും നടാവുന്നതാണ്. 10 മാസമാണ് വാഴയുടെ മൂപ്പ്കാലം. വാഴത്തടയ്ക്ക് കനംകുറവായ ഇവയുടെ ഇലക്ലുടെ അരികിലൂടെ ചുവന്ന നിറം കാണാവുന്നതാണ്. വാഴപ്പഴം സ്വാദിഷ്ടമാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.
  • പുളിയൻ വെട്ടി:
തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിൽ കൃഷിചെയ്തുവരുന്ന നേന്ത്രവാഴയിനമാണ് പുളിയൻ വെട്ടി ഇതിന്റെ കായകൾ നാടൻ നേന്ത്രന്റെ ഗുണങ്ങളുണ്ട്. മഞ്ചേരി വാഴപോലെ നനവാഴയായി നെൽ വയലുകളിൽ കൃഷിചെയ്യുന്നു. 9-10 മാസമാണ് വാഴയുടെ മൂപ്പ്കാലം. വാഴപ്പഴം മധുരതരവും സ്വാദിഷ്ടവുമാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ഉപയോഗിക്കാവുന്നതാണ്.
  • മേട്ടുപ്പാളയം വാഴ:
തമിഴ്നാട്ടിൽ മേട്ടുപ്പാ‍ളയത്തിൽ കൃഷിചെയ്തുവരുന്ന നേന്ത്രവാഴയിനമാണ് മേട്ടുപ്പാളയം വാഴ. ആറ്റുനേന്ത്രൻ വാഴയുമായി ഇവയ്ക്ക് സാദൃശ്യം കൂടുതലാണ്. വളരെ കരുത്തോടെ ഉയർഅത്തിൽ വളരുന്ന ഈ വാഴയിനത്തിന്റെ കായ്കൾക്ക് നല്ല വലുപ്പവുമുണ്ട്. കനംകൂടിയ തൊലിയുള്ള ഇവയുടെ പഴത്തിനുൾവശം വെളുപ്പുകലർന്ന ചാരനിറമാണ്. നല്ല വളക്കൂറുള്ള മണ്ണിൽ കൂടുതൽ വിളവുലഭിക്കുന്ന ഈ ഇനത്തിന്റെ കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ആഹാരമായി ഉപയോഗിക്കാവുന്നതാണ്.
  • കാളിയേത്തൻ:
മഞ്ചേരി വാഴപോലെ നനവാഴയായി നെൽ വയലുകളിൽ കൃഷിചെയ്യുന്നു. 9-10 മാസമാണ് വാഴയുടെ മൂപ്പ്കാലം. വാഴപ്പഴം മധുരതരവും സ്വാദിഷ്ടവുമാണ്. ഞെട്ടിന് ബലംകുറവായതിനാൽ കായ് മൂപ്പെത്തിപ്പഴുക്കുമ്പോൾ തൂങ്ങി ഒടിയാൻ ഇടയുള്ളതിനാൽ കമ്പോളങ്ങളിൽ തലകീഴായി തൂക്കിയിട്ടിരിക്കുന്ന കാഴ്ച്ച കൌതുകമാണ്. പഴത്തിന്റെ കാമ്പ് കട്ടിയുള്ളതും ഈ ഇനത്തിന്റെ സവിശേഷതയാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ആഹാരമായി ഉപയോഗിക്കാവുന്നതാണ്.
  • ക്വിന്റൽ ഏത്തൻ (മിന്റോളി):
ആഫ്രിക്കൻ സ്വദേശിയായ ഈ ഇനം ഏത്തവാഴ ‘ജയന്റ് പ്ളാന്റയിൻ‘ വിഭാഗത്തിൽ പെടുന്നതാണ്. വ്യാവസായികമായി കൃഷിചെയ്യാവുന്ന ഈ ഇനത്തിന്റെ മൂപ്പുകാലം 18 മാസമാണ്. ജൈവവളം നൽകി കൃഷിചെയ്താൽ നല്ല വലുപ്പക്കൂടുതലുള്ള കായ്കൾ ലഭിക്കുന്നതാണ്. മേൽ പടലകായ്കൾ പൂർണ്ണ വലുപ്പത്തിലാകുമ്പോൾ അടിപ്പടല കായ്കളിൽ ദശകൊണ്ട് നിറയാറില്ല. മൂപ്പെത്തിയ കായ്കളുടെ തൊലിക്ക് കട്ടികൂടുതലും മൂന്ന് ഏണുകളുമുണ്ടായിരിക്കും. മാംസളമായ പഴത്തിന്റെ ദശയ്ക്ക് കട്ടികുറവും വെളുത്ത നിറവുമാണ്. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ആഹാരമായി ഉപയോഗിക്കാവുന്നതാണ്.
  • സാൻസിബാർ:
വിദേശിയായ ഈ ഇനം ഏത്തവാഴ ‘ഹോൺ പ്ളാന്റയിൻ‘ വിഭാഗത്തിൽ പെടുന്നതാണ്. കുലവരുമ്പോൾ രണ്ടോ മൂന്നോ പടലകൾ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ് ഉണ്ടാകാറില്ല. കായ്കൾക്ക്  35-40 സെ.മീറ്റർ നീളവും അതിനൊത്ത വണ്ണവും കാണാറുണ്ട്. കായ്കൾ ഉപ്പേരിയ്ക്ക് നല്ലതാണ്. ഈ ഇനത്തിന്റെ വാഴപ്പിണ്ടി ആഹാരമായി ഉപയോഗിക്കാവുന്നതാണ്. നനവാർന്ന മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമാണ്.
  • പെടലമൂഞ്ചിൽ / പെടല മൂങ്കിലി:
ഗവേഷണ ആവശ്യങ്ങൾക്കും, കൌതുകത്തിനുമായി വളർത്തുന്ന അപൂർവ്വയിനം നേന്ത്രവാഴ. വ്യാവസായിക ആവശ്യങ്ങൾക്കായി വളർത്താറില്ല. കുലയ്ക്കൂമ്പോൾ ഒരുപടലയും അതിൽ 3-5 കായ്കളുമാണുള്ളത്. കായ്കൾക്ക് വലുപ്പമുണ്ടാകും. നനവാർന്ന മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമാണ്.
  • ഒറ്റമൂഞ്ചിൽ / ഒറ്റ മൂങ്കിലി:
ഗവേഷണ ആവശ്യങ്ങൾക്കും, കൌതുകത്തിനുമായി വളർത്തുന്ന അപൂർവ്വയിനം നേന്ത്രവാഴ. അഗസ്ത്യാർകൂടം മലനിരകളിൽ കാണപ്പെടുന്ന അന്യം നിന്നുപോകുന്ന ഇനവുമായ ഇതിന് ഔഷധഗുണമുണ്ട്. പെടലമൂഞ്ചിൽ / പെടല മൂങ്കിലി പോലെ വ്യാവസായിക ആവശ്യങ്ങൾക്കായി വളർത്താറില്ല. കുലയ്ക്കൂമ്പോൾ ഒരുപടലയും അതിൽ ഒറ്റകായുമാണുള്ളത്. കായ്കൾക്ക് അസാമാന്യ വലുപ്പവും ഒരു കിലോ വരെ തൂക്കവുമുണ്ടാകും. 12 മാസമാണ് മൂപ്പുകാലം.
  • കദളിവാഴ:
‘വാഴപ്പഴങ്ങളിലെ രാജാവ് ‘എന്നറിയപ്പെടുന്ന വാഴയിനമാണ് കദളി. അണ്ണാൻ, കണ്ണൻ, വണ്ണൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചെറു വാഴകളെ അപേക്ഷിച്ച് കദളി ചെറുതും കുലകളും കായ്കളും ചെറുതുമാണ്. രുചിയിലും മധുരത്തിലും മറ്റുകായ്കളെക്കാൾ മുന്തിയതുമാണ്. പ്രത്യേക സുഗന്ധംകൊണ്ടും പഴുക്കുമ്പോൾ ഇളം പച്ചകലർന്ന മഞ്ഞ നിറത്തിലുള്ളതുകൊണ്ടും മറ്റിനങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നു. കൂടുതൽ പഴുത്താലും കുലയിൽ നിന്നും അടർന്ന് വീഴുകില്ല എന്നതും എടുത്തുപറയാവുന്ന പ്രത്യേകതയാണ്. ആചാരപരമായി ഹൈന്ദവ ക്ഷേത്രങ്ങളിൽ നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. പടലകളിലെ കായ്കൾ പരസ്പരം തട്ടാത്ത കുലകളാണ് ലക്ഷണമൊത്ത നേർച്ചക്കുലകളായി കണക്കാക്കുന്നത്. കുലകൾ ഇളം പ്രായത്തിൽ തന്നെ കായ്ക്കിടയിൽ ഉണങ്ങിയ വാഴയില ചുറ്റി ഇത്തരത്തിലാക്കുന്നു. കായ്കളുടെ എണ്ണത്തേക്കാൾ ലക്ഷണമൊത്ത കുലകൾക്ക് വാണിജ്യമൂല്യം കൂടുതലായിരിക്കും.
  • രസകദളി:
ഞാലിപ്പൂവൻ, നെയ്പ്പൂവൻ, മധുരയണ്ണാൻ എന്നീ പേരുകളിൽ അറിയപ്പെടുന്നതും കദളി ഇനത്തിൽപ്പെടുന്ന വാ‍ഴയിനമാണ് രസകദളി. 4-4.5 മീറ്റർ ഉയരം വരാറുണ്ട്. കദളികളിൽ ഏറ്റവും ചെറിയ ഇനമായ ഇതിന്റെ തടയ്ക്കും, കാ‍യ്ക്കും വണ്ണവും വലുപ്പവും കുറവാണ്.  15-20 കിലോ ഗ്രാം ഭാരമുള്ള കുലകളിൽ 6-10 വരെ പടലകളും 60-80 വരേ കായ്കളും കാണാറുണ്ട്. മഞ്ഞ നിറമുള്ള പഴത്തിന് നല്ല മധുരവും പഴത്തൊലിക്ക് കട്ടികുറവുമാണ്. ആസ്വാദ്യകരമായ രുചിയും കാമ്പിന് കട്ടികുറവുമാണ്. ഇലയ്ക്കായി കൃഷിചെയ്യുന്ന ഇവയ്ക്ക് കാര്യമായ പരിചരണമില്ലെങ്കിലും വിളവ് ലഭിക്കാറുണ്ട്. കാര്യമായ രോഗബാധയില്ലാത്ത ഇവയെ വേനൽക്കാലത്ത് നനച്ച് വൻ വിളയായി കൃഷിചെയ്യാവുന്നതുമാണ്. വെയിൽകൊണ്ട് കായ്കൾ വേനലിൽ പൊട്ടിപ്പോകാറുണ്ട്. ആയത് ഒഴിവാക്കാൻ കുല മൂടിക്കെട്ടുക പതിവാണ്. തെങ്ങ്, കവുങ്ങ്, കിഴങ്ങ വർഗ്ഗങ്ങൾ എന്നിവയ്ക്ക് ഇടവിളയായി രസകദളി കൃഷിചെയ്യാവുന്നതാണ്. കമ്പോളത്തിൽ വിൽപ്പനയ്ക്ക് നേന്ത്രനോളം മുന്തിയ ഇനമാണ് രസകദളി. കുടപ്പൻ/വാഴച്ചുണ്ട്/കൂമ്പ്, വാഴപ്പിണ്ടി എന്നിവയും ആഹാരമായി ഉപയോഗിക്കാവുന്നതാണ്. ശരാശരി 12  മാസമാണ് മൂപ്പ് കാലം.
  • ചെങ്കദളി:
കേരളത്തിൽ എല്ലായിടങ്ങളിലും കണ്ടുവരുന്നതും തെക്കൻ കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നതും സുലഭമായതുമായ വാഴയിനമാണ് ചെങ്കദളി. തമിഴ്നാട്ടിൽ കന്യാകുമാരി, തിരുനെല്വേലി ജില്ലക്ലിൽ വ്യാപകമായി കൃഷി ഖെയ്തുവരുന്നു. കപ്പവാഴ, രക്തകദളി, ചോരപ്പൂവൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. മൂപ്പുകാലം 15-18 മാസമാണ്. വാഴപ്പഴം, വാഴത്തട, ഇലത്തണ്ട്, ഇലക്കാല് എന്നിവയെല്ലാം ഇരുണ്ട ചുവന്ന നിറത്തിലുള്ളതാണെന്നത് ഇതിന്റെ സവിശേഷതയാണ്. 8-10 വരെ പടലകളും പടലകളിൽ 10-12 വരെ കായ്കളും ആകെ നൂറോളം കായ്കളും ഉണ്ടാകാ‍റുണ്ട്. കായ്കൾക്ക് നല്ല വണ്ണവും അതിനൊത്ത നീളവുമുണ്ട്. സവിശേഷമായ ഗന്ധമുള്ളതും കാമ്പ് കട്ടിയില്ലാത്തതും തണുപ്പുള്ളതുമാണ് പഴങ്ങൾ. തെങ്ങിൻ തോപ്പുകളിലും ചെമ്മണ്ണ് പ്രദേശങ്ങളിലും നന്നായി വളരാറുണ്ട്. ഇലപ്പുള്ളി രോഗത്തെ ചെറുക്കാനുള്ള കഴിവുണ്ടെങ്കിലും കൊക്കാൻ രോഗം, തടതുരപ്പൻ, കുറുനാമ്പ് രോഗങ്ങൾ പെട്ടെന്ന് ബാധിക്കാറുണ്ട്. കായ്, ഇല എന്നിവ ഒഴികെ മറ്റുഭാഗങ്ങൾ അത്ര പ്രയോജനപ്രദമല്ല.
  • പച്ചക്കപ്പ വാഴ:
ചെങ്കദളി വിഭാഗത്തിൽപ്പെട്ട വാഴയിനമാണ് പച്ചക്കപ്പവാഴ. വെള്ളക്കപ്പയെന്നും അറിയപ്പെടാറുണ്ട്. ചെങ്കദളി പോലെ തന്നെ വളർച്ചയും മൂപ്പുകാലവും. ഇലയ്ക്കും കായ്ക്കും പച്ച നിറമാണ്. കായ്കൾ നിറത്തിലൊഴികെ മറ്റെല്ലാ സവിശേഷതയും ചെങ്കദളിക്ക് തുല്യവുമാണ്. കായ്, ഇല എന്നിവ ഒഴികെ മറ്റുഭാഗങ്ങൾ അത്ര പ്രയോജനപ്രദമല്ല.
  • മൊന്തൻ:
കേരളത്തിൽ പച്ചക്കായ/കറിക്കായ ഇനത്തിൽ ഏറ്റവുമധികം വ്യാപകമായി കൃഷിചെയ്തുവരുന്ന വാഴയിനമാണ് മൊന്തൻ. വാളിമൊന്തൻ, വലിയമൊന്തൻ, പേമൊന്തൻ, ചാമ്പമൊന്തൻ, പൊന്തൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇലകൾ ഇളം പച്ച നിറവും സാധാരണ പൊക്കവുമുള്ള ഈ ഇനത്തിന് 12-14 വരേയാണ് മൂപ്പുകാലം. സാമാന്യം വലുപ്പമുള്ള കുലയിൽ 50-60 കായ്കളുണ്ടാകും. 20-25 കിലോ ഗ്രാം ഭാരം കുലകൾക്കുണ്ടാകും. കായ്കൾക്ക് അഞ്ച് ഏണുകൾ ഉള്ളതും തൊലിക്കട്ടിയുള്ളതും അൽപ്പം വളഞ്ഞതുമാണ്. ഇലകൾക്ക് വേണ്ടിയും കൃഷിചെയ്തുവരുന്നു. നനവാർന്ന മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമെങ്കിലും വരൾച്ചയെ ഒരു പരിധിവരെ പ്രതിരോധിക്കുന്നുണ്ട്. തെങ്ങിന് ഇടവിളയായി പ്രധിരോധിക്കാവുന്നതാണ്. നിമാ വിരകളും ഇലപ്പുള്ളി, മൊസൈക്ക് രോഗങ്ങളും ഈ ഇനത്തെ കാര്യമായി ബാധിക്കാറില്ല.
  • പാളയംകോടൻ:
ദക്ഷിണേന്ത്യയിൽ സാധാരണ കണ്ടുവരുന്ന ചെറുപഴം ലഭിക്കുന്ന വാഴയിനമാണ്. മൈസൂർ പൂവൻ, ചെറുപഴം എന്നീ പേരുകളിൽ അറിയപ്പെടാറുണ്ട്. നല്ലപൊക്കവും കരുത്തുമുള്ള മധ്യഞരമ്പിൽ പിങ്ക് നിറം ഇവയെ എളുപ്പം തിരിച്ചറിയാൻ സാധിക്കും. 12-14 മാസം മൂപ്പുള്ള കുലയിൽ 8-10പടലകളും ഓരോ പടലകളിലും 12-16 വരെ കായ്കളും കാണും. നീളം കുറഞ്ഞ കായ്കൾ പഴുക്കുമ്പോൾ സ്വർണ്ണ നിറത്തിലാവുകയും പെട്ടെന്ന് കൊഴിയാതിരിക്കുകയും ചെയ്യുന്നു. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഈ ഇനത്തിന് അധികം പരിചരണമോ, വളപ്രയോഗമോ ഇല്ലാതെ നല്ല വിളവുതരാൻ സാധിക്കാറുണ്ട്.മധുര രസത്തോടൊപ്പം പുളിരസവുമുണ്ട്. ഇലപ്പുള്ളിരോഗം, മാണവണ്ട് ആക്രമണം എന്നിവ കുറവാണ്. എന്നാൽ കൊക്കാൻ വൈറസ് രോഗം കാണാറുണ്ട്.
  • കർപ്പൂരവല്ലി/ കർപ്പൂരവള്ളി:
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിൽ പ്രചാരമുള്ള വാഴയിനമാണ് കർപ്പൂരവള്ളി. 12-14 മാ‍സമാണ് മൂപ്പുകാലം. 20 കിലോഗ്രാമോളം ഭാരം വരുന്ന ഈ ഇനത്തിൽ 8-9 പടലകൾ വരെയും പടലകളിൽ 13-14 കായ്കളും കാണാം. 100-120 കായ്കൾ വരേ ലഭിക്കാറുണ്ട്. പഴങ്ങൾക്ക് മറ്റിനങ്ങളേക്കാൾ നല്ല മധുരം കൂടുതലുള്ള വാഴപ്പഴത്തിന് പ്രത്യേക സുഗന്ധവുമുണ്ട്. ഇടത്തരം വലുപ്പമുള്ള കായ്കൾ വിളയുമ്പോൾ തൊലിക്ക് ഇടത്തരം കട്ടിയും ചാര കലർന്ന മഞ്ഞനിറവുമുണ്ട്. വലുപ്പമുള്ള വാഴയുടെ ഇലകൾ നല്ല വലുപ്പവുമുണ്ട്. വാഴയിലയ്ക്കായും വളർത്താറുണ്ട്. കുറുനായ്മ്പ് രോഗത്തെ ചെറുക്കാനുള്ള ഈ ഇനത്തിന്റെ പ്രത്യേകതയാണ്. നനവാർന്ന ക്ഷാര മണ്ണ് ഈ ഇനത്തിന്റെ കൃഷിക്ക് അനുയോജ്യമാണ്.
  • വരിക്കവാഴ:
കേരളത്തിൽ അധികം കാണാത്ത വാഴയിനമാണ് വരിക്കവാഴ. നേന്ത്രവാഴയോട് കിടപിടിക്കാവുന്ന ഇനമാണിത്. നല്ലതുപോലെ പഴുത്താലും പെട്ടെന്ന് കൊഴിയുകയോ ചീയുകയോ ചെയ്യാറില്ല. കാമ്പിന് കാഠിന്യമേറിയതിനാൽ പുഴുങ്ങിക്കഴിക്കാവുന്നതുമാണ്. നല്ല രോഗപ്രതിരോധശേഷി എടുത്തു പറയാവുന്ന പ്രത്യേകതയാണ്.
  • കുടപ്പനില്ലാക്കുന്നൻ/കൂമ്പില്ലാക്കണ്ണൻ:
അപൂർവ്വ ഇനം വാഴകളിലൊന്നാണ് കുടപ്പനില്ലാകുന്നൻ. കൂമ്പില്ലാക്കണ്ണൻ എന്നപേരിലും അറിയപ്പെടാറുണ്ട്. കുലയിലെ കായ് പൂർണ്ണമായും വിരിഞ്ഞശേഷം കുടപ്പൻ/കൂമ്പ് ഇല്ല എന്നത് ഇതിന്റെ സവിശേഷതയാണ്. ഇക്കാരണമാണ് ഈ ഇനത്തിന് പേരുവരാൻ കാരണമായത്. പഴങ്ങൾക്ക് നല്ല സ്വാദും മധുരവും കൂടുതലാ‍ണ്. കുറുനാമ്പ് രോഗത്തെ ചെറുക്കാൻ കഴിയുന്ന ഇവയെ കാര്യമായ പരിചരണം കൂടാതെ കൃഷിചെയ്യാൻ സാധിക്കും.
  • കുന്നൻ വാഴ:
കേരളത്തിൽ സാധാരണ കണ്ടുവരുന്ന നല്ല പോഷക സമ്പന്നമായ അപൂർവ്വ ഇനം വാഴയാണ് കുന്നൻ വാഴ. ഇതിന്റെ മുക്കാൽ വിളവുള്ള കായ്കൾ ഉണക്കിപ്പൊടിച്ച് കുട്ടികൾക്ക് ആഹാരമായി നൽകാറുണ്ട്. കറിക്കായയായും, പഴമായും ഉപയോഗിക്കാവുന്ന ഇനമാണിത്. ഓരോകുലയിലും 7-9 വീതം പടലകളുമുള്ള കുലയ്ക്ക് 15-17 കിലോ ഭാരവുമുണ്ടാകും. കുന്നൻ വാഴകൾ വീട്ടുവളപ്പിലെ ചെറുവാഴയായി അധിക പരിചരണമില്ലാതെ നടാവുന്നതാണ്. കീടരോഗബാധ കുറാവാണെന്നത് എടുത്തുപറയാവുന്ന പ്രത്യേകതയാണ്. സൂക്ഷിപ്പ് ഗുണം കൂടുതലാണ്. മൂപ്പുകാലം 15-16 വരെ മാസമാണ്.
  • വിരൂപാക്ഷി:
തമിഴ്നാട്ടിൽ സാധാരണവും കേരളത്തിൽ വളരെ അപൂർവ്വമായും കാണുന്ന ഇനമാണ് വിരൂപാക്ഷി. തമിഴ്നാട്ടിലെ കൊടൈക്കനാൽ, പഴനിക്കുന്ന് എന്നിവിടങ്ങളിൽ വ്യാപകമായി കാണുന്നു.  സാ‍ധാരണ കണ്ടുവരാറുള്ള മട്ടിയുടെ ഇനത്തിലുള്ള ഇതിനെ പേങ്കദളിയെന്നും വിളിക്കാ‍റുണ്ട്. 4.5-5 മീ. ഉയരത്തിൽ വളരുന്ന ഈ ഇനത്തിന്റെ കായ്കൾ ക്രമമില്ലാത്ത രീതിയിലാണ് കാണുന്നത്. 8-12 കി. ഗ്രാമിൽ വിളവുലഭിക്കുന്ന ഇവയുടെ കുലകളിൽ 7-8 വരെ പടലകളും ആയതിൽ ഓരോന്നിലും 12-16 വരെ കായ്കളും കാണുന്നു. 80-90 വരെ കായകൾ വിളവായി കിട്ടറുണ്ട്. നല്ല മധുരവും സ്വാദും ഇതിന്റെ കായ്കൾക്കുണ്ട്. കുലകൾക്ക് നല്ല സൂക്ഷിപ്പ് ഗുണമുണ്ട്. മൂപ്പുകാലം 15-18 വരെ മാസമാണ്. വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ കൃഷിക്ക് കൂടുതൽ അനുയോജ്യമാണ്. കുറുനാമ്പ് ആക്രമണം ചെറുക്കുന്നു.
  • ശിരുമലൈ വാഴ:
തമിഴനാട്ടിലെ ശിരുമലയിൽ വ്യാപകമായി കൃഷിചെയ്യുന്ന ഇനമാണ്. മലനിരകളിൽ കൃഷി ചെയ്യാവുന്ന ഈ ഇനം വിരൂപാക്ഷിയുമായി അഭേദ്യ ബന്ധമുണ്ട്. കുലകളും കായ്കളും വിരൂപാക്ഷിയുടേതിന് ഏറക്കുറെ സമമാണ്. വിരൂപാക്ഷിയുടേതു പോലെ കഴമ്പ് അത്ര വരണ്ടതല്ല നല്ല ചാറുള്ളതും മധുരമേറിയതുമാണ്. മൂപ്പുകാലം 14-15 മാസമാണ്.
  • നാഗവാഴ:
അപൂർവ്വ സവിശേഷതകളുള്ള ഇനമാണ് നാഗവാഴ. കേരളത്തിൽ സർവ്വ സാധാരണമല്ല. നല്ല ഉയരത്തിൽ വളരുന്ന ഈ ഇനം മൂപ്പെത്താൻ16-18 മാസം വേണ്ടിവരുന്നു. വലിയ കുലകൾ ലഭിക്കുന്ന ഈ ഇനത്തിന്റെ കായ്കൾ രുചികരമാണ്. പഴുത്ത രീതിയിലും കറിക്കായ രീതിയിലും ഉപയോഗിക്കാൻ കഴിയുന്നു.  നല്ല രോഗപ്രതിരോധശേഷിയുമുണ്ട്.
  • യംഗാബീ:
അപൂർവ്വ ഇനത്തിൽപ്പെടുന്ന ഈ ഇനം ചെറുപഴ വിഭാഗത്തിൽ പെടുന്നു. പത്തുകിലോയോളം വരുന്ന ഇവയുറ്റെ പഴങ്ങൾക്ക് മധുരം കൂടുതലാണ്. കായ്കൾ പഴുക്കുമ്പോൾ സ്വർണ്ണ നിറമാകും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാവുന്ന ഈ ഇനത്തിന് കാര്യമായ പരിചരണങ്ങൾ വേണ്ട.
  • ഗ്രോമിഷൻ:
വിദേശീയ ഇനമായ ഈ ഇനം കേരളത്തിലെ തോട്ടങ്ങളിലും വീട്ടുവളപ്പിലും അപൂർവ്വമാണ്. ഇംഗ്ളീഷ് പൂവൻ എന്നറിയപ്പെടുന്നു. നല്ല ഉയരത്തിൽ വളരുന്ന ഇനമാണിത്. പഴുക്കുമ്പോൾ മഞ്ഞ നിറത്തിലാകുന്ന കായ്കൾക്ക് നല്ല മധുരമുണ്ടാകും. വലിയ കുലകൾ ഉണ്ടാകുന്നുവെന്നത് എടുത്തുപറയാവുന്ന പ്രത്യേകതയാണ്.
  • ബോഡൽസ് അൽട്ടാഫോർട്ട്:
ഒരു സങ്കരയിനം വിളയാണ് ബോഡൽസ് അൽട്ടാഫോർട്ട് വിദേശയിനം കൂടിയാണ്. പിസാംഗ് ലിലിൻ,ഗ്രോമിഷൽ എന്നിവ തമ്മിൽ സങ്കരണം നടത്തിയാണ് ഈ ഇനം വികസിപ്പിച്ചത്. ഉയരം കൂടിയ ഇനമായ ഇതിന് ഗ്രോമിഷലിനോട് സാമ്യമുണ്ട്. വലുപ്പമുള്ള കുലകളുള്ള ഇതിന് മധുരം കൂടുതലാണ്. നല്ല രോഗപ്രതിരോധശേഷിയുള്ള ഇനമാണിത്.
  • ബിഗ് എബാംഗ്:
നേന്ത്ര വാഴയിനത്തിൽപ്പെടുന്ന വാഴയിനമാണ് ബിഗ് എബാംഗ്. നേന്ത്രന്റെ സവിശേഷതകളുള്ള ഈ ഇനം വിദേശിയാണ്. കായ്കൾ വലുതാണ്. കുടപ്പൻ/വാഴക്കൂമ്പ് വളരെ ചെറുതാണ്. 10-11 മാസം മൂപ്പെത്തുന്ന ഈ ഇനത്തന്റെ കുലകളിൽ ഏഴുവരെ പടലകൾ ഉണ്ടാകാറുണ്ട്.
  • പൊപൗല്യു:
വിദേശ ഇനം വാഴയാണ് പൊപൌല്യു. പഴുത്തപഴമായി ഉപയോഗിക്കാനാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ചിപ്സുണ്ടാക്കാനും കറിവയ്ക്കാനും ഉത്തമമാണ്. കാര്യമായ പരിചരണമോ വളപ്രയോഗമോ ഇല്ലാതെ മികച്ച വിളവുനൽകുന്ന ഈ ഇനത്തിന്റെ കുലകൾ വലുതും 30 കിലോയോളം തൂക്കവുമുണ്ടാകും. ഒരുകുലയിൽ ശരാശരി 120 കായ്കൾ വരെ കാണാറുണ്ട്. നല്ല ബലമുള്ള തണ്ടുകളുള്ള ഇവയ്ക്ക് ഊന്ന് കെട്ടേണ്ടതില്ല എന്ന സവിശേഷതയുമുണ്ട്. നമ്മുടെ കാലാവസ്ഥയിൽ നല്ല വിളവ് പ്രതീക്ഷിക്കാമെങ്കിലും ഈ ഇനത്തിന് നല്ല പ്രോത്സാഹനം
  • സാബാ:
ഫിലിപ്പൈൻസിൽ നിന്നും ഇന്ത്യയിലെത്തിയ വാഴയിനമാണ് സാബാ. കറിക്കായ വിഭാഗത്തിൽപ്പെടുന്ന ഈ ഇനത്തിന്റെ മൂപ്പുകാലം 12 മാസമാണ്. അടിവരെ വലുപ്പത്തിൽ വളരുന്നു. 30-35 കിലോ തൂക്കമുള്ള വലിയകുലയും കുലയിൽ പത്തോളം പടലകളും 170-200 കായ്കളും ഇതിന്റെ പ്രത്യേകതയാണ്.  പാകമാകുമ്പോൾ വലുപ്പത്തിലും ത്രികോണാകൃതിയിലും കാണുന്നു. ഉപ്പുകലർന്ന മണ്ണിൽ വളരുന്ന ഈ ഇനത്തിന് നല്ല പരിചരണവും വളവും ഇല്ലെങ്കിലും മെച്ചപ്പെട്ട വിളവുനൽകാൻ സാ‍ധിക്കുന്നു. തണുപ്പ് പ്രതിരോധിക്കാൻ കഴിയുന്നു.
  • റോബസ്റ്റ / പച്ചച്ചിങ്ങൻ:
ഇറ്റത്തരം കുറിയ ഇനം വാഴ വിഭാഗത്തിൽ പെടുന്ന ഇനമാണ് റൊബസ്റ്റ. നാട്ടിൻപുറങ്ങളിൽ പച്ചച്ചിങ്ങൻ എന്നപേരിലും അറിയപ്പെടാറുണ്ട്. നനവാർന്ന മണ്ണ് ഈ ഇനത്തിന് അനുയോജ്യമാണ്. പൂന്തോട്ടങ്ങളിലും ഈ ഇനം വച്ചുപിടിപ്പിക്കാറുണ്ട്. ഇലകൾ ഇളം മഞ്ഞ അരികുകളുള്ള കടും പച്ച നിറമാണ്. 7-9 വരെ പടലകളുള്ള ഈ ഇനത്തിന്റെ  പടലകളിൽ 12-16 വരെ കായ്കൾ കാണാറുണ്ട്. നൂറോളം കായ്കൾ ലഭിക്കുന്ന ഈ ഇനത്തിന് 25-30 കിലോ ഭാരമുണ്ട്. റോബസ്റ്റാ കായ്കൾ നീളമേറിയതും അൽപ്പം വളഞ്ഞതുമായ പച്ചനിറമുള്ള കായ്കളാണുള്ളത്. പഴുക്കുമ്പോൾ പച്ചനിറമോ പച്ചകലർന്ന മഞ്ഞ നിറമോ ആകുന്നതും നല്ല മൃദുലവും മധുരമേറിയതും സവിശേഷ സുഗന്ധമുണ്ട്. 12-14 വരെ മൂപ്പുകാലമുണ്ട്.
  • ആയിരം കായ് പൂവൻ:
തമിഴ്നാട്ടിൽ പൊള്ളാച്ചി, കേരളത്തിൽ തൃശ്ശൂർ എന്നിവിടങ്ങളിൽ കാണുന്ന പ്രത്യേകയിനം വാഷയാണ്. രസകദളി വിഭാഗത്തിൽ പെടുന്ന ഇവയുടെ കായ്കളുടെ വിശേഷത്താൽ ഈ പേരു ലഭിച്ചത്. ആൺപൂക്കളില്ലാത്ത പൂക്കൾ പൂർണ്ണമായും കാ‍യാകുന്നു. ആദ്യ 5-6 പടലകൾ രസകദളി പോലെ സാമ്യമുള്ള വലുപ്പവും പിന്നീടുള്ളവ വലുപ്പം തീരെ കുറവുമാണ്. 25 കിലോ ഗ്രാം ഭാരമുള്ള ഈ നത്തിന് 500 ഓളം കായ് കാണാറുണ്ട്. 15 മാസമാണ് മൂപ്പുകാലം.
  • മട്ടി:
തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും കാണുന്ന വാഴയിനമാണ് മട്ടി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. പാണ്ടി മട്ടി, വെള്ളമട്ടി, ചുവന്ന മട്ടി എന്നീ ചെറു വ്യത്യാസമുള്ള മട്ടിയിനങ്ങളുമുണ്ട്. 30 കിലോ ഭാരം വരുന്ന കുലയിൽ 18 പടല വരേ കാണുന്നു. ചെറുതും നീളമേറിയതുമായ പഴത്തിന്റെ കഴമ്പിന് നല്ല മധുരമാർന്ന രുചിയുമുണ്ട്. പഴുക്കുമ്പോൾ ഒരുമിച്ച് പെട്ടെന്ന് പഴുക്കും എന്നുള്ള സവിശേഷതയുമുണ്ട്. പഴുത്ത പഴം പായസത്തിനായി ഉപയോഗിക്കുന്നു. 12 മാസമാണ് മൂപ്പുകാലം.
  • ഗ്രാന്റ് നൈൻ:
ടിഷ്യൂ കൾച്ചർ ഇനത്തിൽപ്പെട്ട വാഴയിനം. അന്തർദ്ദേശീയ തലത്തിൽ ഫാം കൃഷിക്കനുയോജ്യമായ ഇനം കൂടിയാണ്. 10-12 വരെ കായ്കൾ ഓരോ പടലയിലും കാണുന്ന ഈ ഇനത്തിൽ ഏകദേശം 225 കായ്കൾ വരെ കാണാറുണ്ട്. 30 കി. ഗ്രാമോളം ഭാരവുമുണ്ടാകും. വളവില്ലാത്ത നല്ല് ഉരുണ്ട ആകൃതിയിലുള്ള കായ്കൾ പഴുക്കുമ്പോൾ നല്ല സ്വർണ്ണ നിറവും ആസ്വാദ്യകരമായ മധുരമുണ്ട്. കുലകൾക്ക് കൂടുതൽ സൂക്ഷിപ്പ് ഗുണവുമുണ്ട്.
  • ഡ്വാർഫ് കാവൻഡിഷ് / മോറിസ്:
അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ടതും ഉയർന്ന രീതിയിൽ ഫാമുകളിൽ കൃഷി ചെയ്യാവുന്ന വാഴയിനമാണ് ഡ്വാർഫ് കാവൻഡിഷ് അഥവാ മോറിസ്. പൊക്കം കുറഞ്ഞ ഈ ഇനത്തിന്റ്റെ കുലകൾ പലപ്പോഴും വാഴയുടെ ചുവട്ടിൽ വരെ എത്താറുണ്ട്. 20-25 കി. ഗ്രാം ഭാരം വരുന്ന കുലകളിൽ 150 ഓളം കായ്കൾ കാണാറുണ്ട്. 12 കായ്കൾ ഓരോ പടലകളിൽ കാണുന്നു. റോബസ്റ്റാ കായ്കൾ പോലെ നീളമേറിയതും അൽപ്പം വളഞ്ഞതുമായ പച്ചനിറമുള്ള കായ്കളാണുള്ളത്. പഴുക്കുമ്പോൾ നല്ല മൃദുലവും മധുരമേറിയതും സവിശേഷ സുഗന്ധമുള്ളതുമാണിത്. 12-14 വരെ മൂപ്പുകാലമുണ്ട്.
  • പൂവൻ:
തമിഴ്നാട്ടിൽ വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായും, കേരളത്തിൽ അങ്ങിങ്ങായും കണ്ടുവരുന്ന വാഷയിനമാണ് പൂവൻ. വലുപ്പമേറിയ കുലയിൽ 12 ഓളം പടലകളും പടലയിൽ 18 വരെ കായ്കളും ഉൾപ്പടെ 200 ഓളം കായ്കളും 25 കിലോ ഭാരവുമുണ്ട്. ഇടത്തരം വലുപ്പമുള്ള ഉരുണ്ട കായ്കൾ പഴുക്കുമ്പോൾ തിളങ്ങുന്ന മഞ്ഞ നിറവും കട്ടിയില്ലാത്ത തൊലിയുമാണുള്ളത്. കഴമ്പ് മൃദുലവും ചാറ് നിരഞ്ഞതും പ്രത്യേകമായ രുചിയും നല്ല മണവുമുണ്ട്. 11-14 മാസമാണ് മൂപ്പുകാലം. മൊസൈക്ക് രോഗത്തിനെതിരെ പ്രതികരിക്കുന്നു.
  • വണ്ണാൻ:
തമിഴ്നാട്ടിൽ കൂടുതൽ കൃഷിചെയ്തുവരുന്ന ഇനമാണ് വണ്ണാൻ. വലിയ പടലകളിൽ 10 ഓളം കായ്കൾ കാണാറുണ്ട്. 18 കിലോ ഗ്രാം ശരാശരി ഭാരമുള്ള കുല ലഭിക്കാറുണ്ട്. 5 ഏണുകളുള്ള ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ കായ്കൾ ലഭിക്കാറുണ്ട്. കറിക്കായായി മാത്രം ഉപയോഗിക്കാവുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് തൊലി കട്ടിയും കടുത്ത പച്ചനിറവുമാണുള്ളത്. 12 മാസമാണ് മൂപ്പുകാലം. കാര്യമായ രോഗബാധയില്ല.
  • സന്ന ചെങ്കദളി:
ചെങ്കദളി/ ചുവന്ന കപ്പ വാഴയ്ക്ക് സമാനമായ ഇനമാണ് സന്നചെങ്കദളി. തണ്ടും ഇലകളും, ഇലത്തണ്ടും കായ്കളും ചുവന്ന നിറമാണ്. കായ്കൾ ചെങ്കദളിപോലെ വണ്ണമില്ല, നീണ്ടുരുണ്ട് ചെറുതായി വളഞ്ഞ തരത്തിലുള്ളതാണ്. കഴമ്പിന് ഇളം ഓറഞ്ച് നിറമാണുള്ളത്. ഇലപ്പുള്ളിരോഗത്തെ ചെറുക്കുന്നു. തെങ്ങിന് ഇടവിളയായി കൃഷിചെയ്യാവുന്നതാണ്. 12 മാസമാണ് മൂപ്പുകാലം.
  • പിസാംഗ് ലിലിൻ:
മലേഷ്യൻ ഇനമായ പിസംഗ് ലിലിൻ കേരളത്തിൽ കാവേരി, സുഗന്ധി, സുന്ദരി എന്നീപേരുകളിൽ അറിയപ്പെടുന്നു. ചെറിയ വാഴ ഇനത്തിൽപ്പെട്ടതാണ് പിസംഗ് ലിലിൻ. നല്ല നീളവും വിരൽ വണ്ണവുമുള്ള കായ്കൾ മുകളിലേയ്ക്ക് വളർന്നു നിൽക്കുന്നു. 6-8 വരെ പടലക്ലും ഒരു പടലയിൽ 10-14 വരെ കായ്കളുമുണ്ടാകും. പഴുക്കുമ്പോൾ ഹൃദ്യമായ മണവും പുളിരസമുള്ള രുചിയുമാണുള്ളത്. 6-8 വരെ മൂപ്പ്കാലമുള്ള ഈ ഇനത്തിന് കാര്യമായ പരിചരണമില്ലാതെ തോട്ടങ്ങളിൽ വളർത്താവുന്നതാണ്. തൈകൾ മാറ്റാതെ പരിചരിച്ചാൽ തൂക്കം കുറഞ്ഞ കാ‍യ്കൾ ലഭിക്കുമെങ്കിലും വർഷത്തിൽ രണ്ട് കുലവെട്ടാം.
  • പേയൻ:
കേരളത്തിൽ കൂടുതൽ കൃഷിചെയ്തുവരുന്ന കറിക്കായ ഇനമാണ് പേയൻ. വലിയ പടലകളിൽ 10 ഓളം കായ്കൾ കാണാറുണ്ട്. 18 കിലോ ഗ്രാം ശരാശരി ഭാരമുള്ള കുല ലഭിക്കാറുണ്ട്. 5 ഏണുകളുള്ള ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ കായ്കൾ ലഭിക്കാറുണ്ട്. കറിക്കായായി മാത്രം ഉപയോഗിക്കാവുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് തൊലി കട്ടിയും കടുത്ത പച്ചനിറവുമാണുള്ളത്. 12 മാസമാണ് മൂപ്പുകാലം. കാര്യമായ രോഗബാധയില്ല.
  • പടറ്റി:
കേരളത്തിൽ കൂടുതൽ കൃഷിചെയ്തുവരുന്ന കറിക്കായ ഇനമാണ് പേയൻ. ചിലയിടങ്ങളിൽ പഴമായും ഉപയോഗിക്കുന്നു. ഇടത്തരം ഉയരമുള്ള വാഴയിൽ വലിയ പടലകളിൽ 10 ഓളം കായ്കൾ കാണാറുണ്ട്. 18 കിലോ ഗ്രാം ശരാശരി ഭാരമുള്ള കുല ലഭിക്കാറുണ്ട്. 5 ഏണുകളുള്ള ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ കായ്കൾ ലഭിക്കാറുണ്ട്. കായ്കൾ മൂപ്പെത്തുമ്പോൾ ഇളം മഞ്ഞകലർന്ന പച്ചനിറവുമാണുള്ളത്. 12 മാസമാണ് മൂപ്പുകാലം. കാര്യമായ രോഗബാധയില്ല.
  • ചാരപടറ്റി:
കേരളത്തിൽ കൃഷിചെയ്തുവരുന്ന പടറ്റി ഇനത്തിൽപ്പെട്ട വാഴയിനമാണ് ചാരപ്പടറ്റി. രൂപസാദൃശ്യത്തിലും വിശേഷങ്ങളിലും പടറ്റിക്കൊപ്പമാണ്. കായ്കളുടെ തൊലിയിൽ കറുത്തതോ ചാരനിറത്തിലോ അടയാളങ്ങൽ കാണുന്നു. ഇക്കാരണം കൊണ്ടാണ് ഇതിന് ചാരപ്പടറ്റി എന്ന് പേരുവരാൻ കാരണം.
  • ഏത്തപ്പടറ്റി/നേന്ത്രപടറ്റി:
കേരളത്തിൽ കൃഷിചെയ്തുവരുന്ന പടറ്റി ഇനത്തിൽപ്പെട്ട വാഴയിനമാണ് ഏത്തപ്പടറ്റി. രൂപസാദൃശ്യത്തിലും വിശേഷങ്ങളിലും പടറ്റിക്കൊപ്പമാണ്. കായ്കൾ ഏത്തന്റേതുപോലാണ്. കായ്കൾ പച്ചയ്ക്ക് കറിവെയ്ക്കാനും, വറുക്കാനും ഉത്തമമാണ്. കറിക്കായ ഇനത്തിൽപ്പെടുന്ന ഇനമാണ്.
  • കൃഷ്ണവാഴ:
ചെറിയകായ്കിട്ടുന്ന ഇനമാണ് കൃഷ്ണവാഴ. കായ്കൾക്കും ഇലകൾക്കും കടുത്ത പച്ചനിറമാണെങ്കിലും തണ്ടിന് കൃഷ്ണ (വയലറ്റ്) വർണ്ണമെന്നത് എടുത്തുപറയാവുന്ന സവിശേഷതയാണ്. ആ‍യതിനാൽ ഈ ഇനത്തിന് ഈ പേരുലഭിച്ചത്. കായ്കൾ ഞാലിപ്പൂവന് സമമാണ്. അതിമധുരമാണുള്ളത്. അപൂർവ്വ ഇനത്തിൽപ്പെട്ട ഇനം കൂടിയാണിത്.
  • കല്ലുവാഴ / മലവാഴ:
വാഴയിനങ്ങളിലെ ഏറ്റവും വന്യമായതും വളരെ അപൂർവ്വമയതുമായ ഇനമാണ് കല്ലുവാഴ. വനന്തരങ്ങളിലും പാറക്കെട്ടിലുമാണ് സാധാരണ കണ്ടുവരാറുള്ള ഇതിനെ മലവാഴയെന്നും അറിയപ്പെടുന്നു. കുലയിലും ഇലയിലും തണ്ടിലും അസാമാന്യ വലുപ്പമുള്ള ഈ ഇനം 10-12 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. വാഴയിലയ്ക്കു കട്ടിയും പരപ്പും കൂടുതലാണ്. ഇലത്തണ്ട് കട്ടിയുള്ളതും ഇളം ചുവപ്പ് നിറവുമുണ്ട്. ചില ഇനത്തിൽ തണ്ടിന് ഇളം മഞ്ഞ നിറവുമുണ്ട്. വാഴക്കൂമ്പ് മുകളിലേയ്ക്ക് ഉയർന്നും കൂമ്പിന്റെ തണ്ട് നീളമേറിയും താമരപ്പൂ പോലെ വലുപ്പത്തിലുമാണ്. കാണുന്നത്. കൂമ്പിനെ അപേക്ഷിച്ച് കായ്കൾ വളരെ ചെറുതും ധാരാളവുമുണ്ട്. കായ്ക്കുള്ളിൽ കട്ടിയേറിയ കല്ലുപോലുള്ളവയുണ്ട്. വൃക്കരോഗങ്ങൾക്കും പ്രമേഹത്തിനും മറ്റ് ഔഷധങ്ങളിലും മരുന്നായി കല്ലുപയോഗിക്കുന്നു. പൂന്തണ്ട് കട്ടിയെറിയതും തറവരെ എത്തുന്നതുമാണ്. പൂമ്പോളകൾ വളരെപ്പെട്ടെന്ന് ഇളകാറില്ല. മൂപ്പുകാലം 5-12 വർഷമാണെന്നതും കൌതുകകരമാണ്. കായിലെ കല്ലുപോലുള്ള വസ്തുവിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാകുന്നത്. ഇപ്പോൾ നാട്ടിൻപുറങ്ങളിൽ അലങ്കാര ചെടിയായി നട്ടുവരുന്നു.
  • അലങ്കാര വാഴ:
ഭംഗിയ്ക്ക് വേണ്ടി ഉദ്യാ‍നങ്ങളിൽ വളർത്തിവരുന്ന ഇനമാണിവ. ചെറുതണ്ടുകളും, കൂമ്പുകളും ഇലകളുമായി നിൽക്കുന്ന അലങ്കാര വാഴകൾ കൌതുകമാണ്. ഇവയുടെ കൂമ്പുകൾ പലപ്പോഴും പൂക്കൾ പോലെ ഉയർന്ന് നിൽക്കാറുണ്ട്. ഓറഞ്ച്, മഞ്ഞ, വയലറ്റ്, ചുവപ്പ് നിറങ്ങളിൽ കൂമ്പായും, പോള ഇളകിയ രീതിയിൽ പൂപോലെയും കാണപ്പെടുന്നു. കായ്കൾ വളരെചെറുതായും ഒന്നോ രണ്ടോ പടലയായോ, അല്ലാതയോ കാണാറുണ്ട്. ഇളം പച്ച, ചുവപ്പ്, വയലറ്റ് നിറങ്ങളിൽ കാണാറുണ്ട്. മൂപ്പുകാലം 4-5 മാസമായ ഈ ഇനത്തെ ചെടിച്ചട്ടിയിലോ പൂന്തോട്ടത്തിലോ ഒറ്റയാ‍യോ കന്നുകൾ മാറ്റാതെയോ നടാവുന്നതാണ്. അലങ്കാര വാഴകളുടെ കായുൾപ്പടെ ഒരു ഭാഗവും ഭക്ഷ്യയോഗ്യമല്ല.
  • സി. ഓ.-1:
കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സങ്കരയിനം വാഴയാണ് സി. ഒ.-1. ലാദൻ, കദളി ബാൽബിസിയാന എന്നീ വാഴകളാണ് സങ്കരത്തിനായി ഉപയോഗിച്ചത്. വിരൂപാക്ഷിയുടെ രൂപപ്രകൃതിയുണ്ട്. കായ്കൾക്ക് മധുരവും സവിശേഷ സുഗന്ധവുമുണ്ട്. 1200 മീ. ഉയരമുള്ള മലമ്പ്രദേശങ്ങളിൽ വരെ നന്നായി കൃഷിചെയ്യാവുന്നതുമാണ്. 14 മാസമാണ് മൂപ്പ് കാലം.
  • ഉദയം:
ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിൽ സങ്കരയിനം വാഴയാണ് ഉദയം. പിസ്സാംഗ്  അവാക് എന്ന ഒരേയിനം വാഴകളാണ് സങ്കരത്തിനായി ഉപയോഗിച്ചത്. 30-35 ഭാരമേറിയ കുല ലഭിക്കുന്ന നല്ല ഉയരവും ഉണ്ട്. പടലകൾ തമ്മിൽ നല്ല അകലമുള്ളതിനാൽ യാത്രകളിൽ കൂടുതൽ പരിക്കുണ്ടാകുന്നില്ല. ഇക്കാരണത്താൽ വിപണിയിൽ കൂടുതൽ പ്രിയങ്കരമാണ്. വിളയുമ്പോൾ മഞ്ഞ നിറമാകുന്ന ഈ ഇനത്തിന് പുളിരസവുമുണ്ട്. ഉപ്പ് മണ്ണിൽ വളരുന്ന ഇവയ്ക്ക് കാറ്റിനെ പ്രതിരോധിക്കാൻ സാധിക്കുന്നു. കുറുനാമ്പ് രോഗത്തെ പ്രതിരോധിക്കുന്നു.
  • ബി. ആർ. എസ്.-1:
കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, കേരള കാർഷിക സർവ്വകലാശാല എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത സങ്കരയിനം വാഴയാണ് ബി. ആർ. എസ്.-1. അഗ്നീശ്വർ, പിസാംഗ് ലിലിൻ എന്നീ വാഴകളാണ് സങ്കരത്തിനായി ഉപയോഗിച്ചത്. പിസാംഗ് ലിലിന്റെ രൂപപ്രകൃതിയുണ്ട്. ഇടത്തരം വലുപ്പത്തിൽ വളരാറുള്ള വാഴകളിൽ 14-16 കി. ഗ്രാം ഭാരമുള്ള കുലകൾ ലഭിക്കും. നീളമേറിയതും കനമില്ലാത്തതുമായ കായ്കൾ പടലയോടെ മുകളിലേയ്ക്ക് നിൽക്കും.  8-9 മാസമാണ് മൂപ്പ് കാലം. വിളയുമ്പോൾ മഞ്ഞ നിറമാകുന്ന ഈ ഇനത്തിന് പുളിരസവുമുണ്ട്. ഇലപ്പുള്ളി, നിമാവിര എന്നിവയെ പ്രതിരോധിക്കുന്നു.
  • ബി. ആർ. എസ്.-2:
കണ്ണാറ വാഴ ഗവേഷണ കേന്ദ്രം, കേരള കാർഷിക സർവ്വകലാശാല എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത സങ്കരയിനം വാഴയാണ് ബി. ആർ. എസ്.-2. വണ്ണാ‍ൻ, പിസാംഗ് ലിലിൻ എന്നീ വാഴകളാണ് സങ്കരത്തിനായി ഉപയോഗിച്ചത്. പൂവൻ വാഴയുടെ രൂപപ്രകൃതിയുണ്ട്. ഇടത്തരം വലുപ്പത്തിൽ വളരാറുള്ള വാഴകളിൽ 15-20 കി. ഗ്രാം ഭാരമുള്ള കുലകളും അതിൽ തിങ്ങിഞെരുങ്ങിയ രീതിയിൽ കാണുന്ന ചെറുതും കടും പച്ച നിറവുമുള്ള കായ്കളും ലഭിക്കും. നീളമേറിയതും കനമില്ലാത്തതുമായ കായ്കൾ പടലയോടെ മുകളിലേയ്ക്ക് നിൽക്കും.  8-9 മാസമാണ് മൂപ്പ് കാലം. വിളയുമ്പോൾ മഞ്ഞ നിറമാകുന്ന ഈ ഇനത്തിന് സവിശേഷ സുഗന്ധവും ആസ്വാദ്യകരമായ മധുര-പുളിരസവുമുണ്ട്. ഇലപ്പുള്ളി, നിമാവിര എന്നിവയെ പ്രതിരോധിക്കുന്നു.
പരാഗണവും വിതരണവും :
  • വാവലുകളുടേയും, പക്ഷികളുടേയും, തേനീച്ചകളുടേയും സഹായത്താൽ പരാഗണം നടക്കുന്നു.
  • വാഴപ്പഴത്തിലെ ബീജങ്ങൾ നിർജ്ജീവങ്ങളായതിനാൽ മുളക്കാറില്ല. കുലവാഴകളുടെ മാണത്തിൽ നിന്നു രൂപം കൊള്ളുന്ന ചെറുമാണങ്ങളിൽ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. അലൈംഗിക പ്രജനന രീതിയായ ടിഷ്യൂകൾച്ചർ രീതിയിലൂടെ മേൽത്തരം വിത്തുതൈകൾ ഉത്പാദിപ്പിക്കുന്നു.
ഉത്പാദനവും വളപ്രയോഗവും :
  • തുറസ്സായ ചെങ്കല്ല് കലർന്ന വെട്ടുകല്ല് പ്രദേശങ്ങളാണ് ചെങ്ങലിക്കോറ്റൻ കൃഷിക്കനുയോജ്യം.
  • ചെമ്മണ്ണ് നിറഞ്ഞ സ്ഥലം ചെങ്കദളിക്ക് അനുയോജ്യമാണ്.
  • തിരഞ്ഞെടുത്ത മാതൃ സസ്യത്തിൽ നിന്നും ഇളക്കിമാറ്റിയ മൂന്നു നാലു മാസം പ്രായമുള്ളതും ആരോഗ്യമുള്ളതുമായ സൂചിക്കന്നുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കേണ്ടത്.
  • പഴയ വേരുകളും ചതഞ്ഞഭാഗങ്ങളും ഭംഗിയായി ചെത്തിമാറ്റണം. ഇവയിൽ ചാരവും ചാണകവും പുരട്ടി വെയിലിൽ 3-4 ദിവസം ഉണക്കി തണലിൽ 15 ദിവസം സൂക്ഷിച്ചുവയ്ക്കണം.
  • വാഴക്കന്ന് നടുമ്പോൾ ആദ്യകാല പോഷകങ്ങൾ വാഴക്കന്നിൽ നിന്നും ലഭ്യമാകും.
  • വാഴക്കന്ന് ചരിച്ച് നട്ടാൽ മുളങ്കരുത്ത് കൂടുകയും വിളവ് കൂടുകയും ചെയ്യുന്നു.
  • അത്തം ഞാറ്റുവേലയാണ് നേന്ത്രവാഴ നടാൻ ഏറ്റവും അനുയോജ്യം.
  • നേന്ത്രവാഴ ഒഴികേയുള്ള വാഴകൾ 3-4 ദിവസങ്ങൾക്കുള്ളിൽ നടേണ്ടതാണ്. 
  • സാധായിനം നേന്ത്ര വാഴ മകരക്കൊയ്ത്ത് കഴിഞ്ഞ വയലുകളിലും കുംഭം- മേടം മാസങ്ങളിൽ പറമ്പുകളിലും കൃഷിചെയ്തുവരുന്നു. ഒന്നരയടിവരെ കുഴികളെടുത്താണ് വാഴകൾ നടുന്നത്.
  • ചെളിയിൽ കൃഷിചെയ്യുന്ന രണ്ടാമത്തെ രീതിയിൽ വാഴകൾ രണ്ടരമീറ്റർ അകലത്തിൽ വരമ്പുകളെടുത്താണ് നടുന്നത്. 2-3 ഇലകളാകുമ്പോൽ വളമിട്ട് തടത്തിൽ മണ്ണിട്ടുറപ്പിക്കണം. ചെളിയിൽ വാഴകൃഷി ചെയ്യുന്നത് ചെലവേറും എന്നൽ വിളവിൽ വ്യത്യാസവുമുണ്ട്.
  • ചെങ്ങലിക്കോടൻ സാധാരണയായി സെപ്തംബർ മാസത്തിലാണ് നടാറുള്ളത്. കുഴിയുടെ നീളവും വീതിയും 1 മീറ്റർ ധാരാളമാണ്.
  • ടിഷ്യൂ വാഴകൾ ഏതായാലും 3-4 മാസം വരെ പ്രായമായ തൈകളാണ് വിത്തു തൈകളായി നടേണ്ടത്. തൈകൾ തമ്മിലുള്ള അകലം 2-2.5 വരെ ഇനമനുസരിച്ചാവാം. 50 സെ. മീറ്ററിൽ കുറയാത്ത സമചതുരവും താഴ്ച്ചയും കുഴികൾക്ക് വേണം. കുഴിയൊന്നിന് 15-20 കി. ഗ്രാം ചാണകമോ കമ്പോസ്റ്റോ നലകണം.
  • ടിഷ്യൂ വാഴകൾ നട്ട് ഒരാഴ്ച്ചയെങ്കിലും നേരിട്ട് വെയിലടിക്കാതെ തണൽ നൽകണം. മുപ്പത് ദിവസങ്ങൾക്കകം ചെടിയൊന്നിന് 140 ഗ്രാം യൂറിയ, 570 ഗ്രാം രാജ് ഫോസ്ഫേറ്റ്, 170 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും, പിന്നീട് 60, 125,150, 180 ദിവസങ്ങൾക്ക് ശേഷം ചെടിയൊന്നിന് 140 ഗ്രാം യൂറിയ, 170 ഗ്രാം പൊട്ടാഷ് എന്നിവയും നൽകണം. പിന്നീടുള്ള പരിചരണം ഇനമനുസരിച്ച് നൽകണം.
  • ഏതു തരം വാഴയാണെങ്കിലും വളം ചെടിയുടെ ചുവട്ടിൽ നിന്നും 30 സെ. മീറ്റർ അകലത്തിലാണ് വിതറേണ്ടത്. ആയതിന് ശേഷം മണ്ണിളക്കി നനയ്ക്കുകയും വേണം.
  • ഇനമനുസരിച്ച് 1.5-2 വരെ നീളവും വീതിയും1.5-2 അടിവരെ താഴ്ചയിലുമാണ് കുഴികളെടുക്കേണ്ടത്. പൂഴിമണ്ണിലെങ്കിൽ കുഴിയ്ക്ക് അര അടിവരെ വർധിപ്പിക്കാവുന്നതാണ്.
  • സാദാ നേന്ത്രന് 1.5 അടിയും താഴ്ച്ച, ഞാലിപ്പൂവന് 1 അടിയും താഴ്ച്ച, സാബാവാഴയ്ക്ക് 2.5വരെ നീളവും വീതിയും 2 അടിവരെ താഴ്ചയിലുമാണ് കുഴികളെടുക്കേണ്ടത്.
  • ഇനമനുസരിച്ച് 2-2.5 അടിവരെ ഇടയകലത്തിലാണ് തൈകൾ നടേണ്ടത്. നേന്ത്രൻ ഇനങ്ങൾക്ക് വരിയകലവും നിരയകലവും 2 മീറ്ററും, പാളയംകോടൻ, പൂവൻ, ചെങ്കദളി, മൊന്തൻ, റോബസ്റ്റ, മോൺസ് മേരി, ഗ്രോമിഷൽ എന്നിവയ്ക്ക് വരിയകലവും നിരയകലവും 2.25 മീറ്ററും ഡ്വാർഫ് കാവൻഡിഷിന് വരിയകലവും നിരയകലവും യഥാക്രമം 2.5, 2 മീറ്ററും ആണ്.
  • തൈ നടുന്നതിന് ഒരാഴ്ച്ചയ്ക്കു മുൻപ് 250 ഗ്രാം കുമ്മായം, 250 ഗ്രാം എല്ലുപൊടി, 500 ഗ്രാം വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ്, 10 കിലോ ജൈവവളം/പച്ചിലവളം എന്നിവ ഉൾപ്പെടുത്തണം.
  • തൈനടുമ്പോൾ, കുഴിയുടെ മധ്യഭാഗത്ത് കുത്തനേ നടുകയും കന്നിൻറ്റെ ചുറ്റിലുമുള്ള മണ്ണ് കാലുകൊണ്ട് ചവിട്ടി ഒതുക്കുകയും ചെയ്യണം.
  • നട്ടതിന്ശേഷം രണ്ടില വരുമ്പോൾ 100 ഗ്രാം, നാൽപ്പതുദിവസശേഷം 200ഗ്രാം, അറുപത് ദിവസ ശേഷം 300 ഗ്രാം എന്നകണക്കിന് എൻ.പി.കെ 18:18:18 മിശ്രിതമ്ലഭ്യമാക്കണം.
  • തണ്ട് വൃത്തിയാക്കൽ, ഉണങ്ങിയ ഇല നീക്കം ചെയ്യൽ എന്നിവ വാഴ രോഗങ്ങളേയും കീടങ്ങളേയും ചെറുക്കാൻ കഴിയുന്നു.
  • മൂന്നു നാലുദിവസം കൂടുമ്പോൾ നനയ്ക്കുന്ന വെള്ളത്തിൽ ചാ‍ണക സ്ളറി ചേർത്താൽ വളപ്രയോഗം കുറയ്ക്കാം.
  • നേന്ത്രൻ ഏതായാലും, പാളയങ്കോടൻ, റോബസ്റ്റ എന്നിവ കുലയെത്തുമ്പോൾ മുളയോ മറ്റ് കഴയോ ഉപയോഗിച്ച് താങ്ങ് കൊടുക്കുന്നത് നല്ലതാണ്.

രോഗങ്ങളും രോഗ നിവാരണവും :
  • കുറുനാമ്പ് രോഗം / മണ്ടയടപ്പ്  രോഗം:
രോഗാണു:        വൈറസ്
ലക്ഷണം:       വാഴപ്പേനുകളാണ് ഈ വൈറസിന്റെ വാഹകർ. ഏറ്റവും മാരകമായ ഈ രോഗത്തിന്റെ ലക്ഷണം രോഗ ബാധയ്ക്ക് ശേഷമേ കാണാൻ കഴിയൂ എന്നുള്ളതാണ്. രോഗ ബാധയ്ക്ക് ശേഷം 25-30 ദിവസങ്ങൾക്ക് ശേഷം ഇലകൾ ചുരുങ്ങി തിങ്ങി ഞെരുങ്ങി കൂമ്പടയും.
പ്രതിവിധി:       രോഗബാധയുള്ള വാഴ പിഴുതു തീയിട്ട് നശിപ്പിക്കുക, തെരഞ്ഞെടുത്ത കീടനാശിനികൾ ഉപയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കുക, രോഗബാധ ഇല്ലാത്തിടങ്ങളിൽ നിന്നും കന്നുകൾ തെരഞ്ഞെടുക്കുക എന്നിവയാണ് ഈ രോഗത്തിന്റ്റെ നിവാരണ മാർഗ്ഗം. കൂടാതെ കുറുനായ്മ്പ് രോഗം ഒഴിവാക്കാൻ നടുമ്പോൾ 40 ഗ്രാം കുഴിയിലും മൂന്നുമാസം കൂടുമ്പോൾ 20 ഗ്രാം ഇലക്കവിളിലും കുലയ്ക്കുന്നതുവരേ മാത്രം ഫ്യൂരിഡാൻ ഉപയോഗിക്കാവുന്നതാണ്. കുറുനായ്മ്പ് രോഗം ബാധിച്ചാൽ നായ്മ്പ് വെട്ടിമാറ്റിയശേഷം തൈര്, ഗോമൂത്രം എന്നിവയിൽ ഏതെങ്കിലും തളിച്ചാൽ രോഗം മാറിയേക്കാം.
  • കൊക്കാൻ:
രോഗാണു:        വൈറസ്
ലക്ഷണം:       വാഴപ്പേനുകളാണ് ഈ വൈറസിന്റെയും വാഹകർ. മാരകമായ ഈ രോഗത്തിന്റെ ലക്ഷണം രോഗ ബാധയ്ക്ക് ശേഷമേ കാണാൻ കഴിയൂ എന്നുള്ളതാണ്. രോഗ ബാധയ്ക്ക് ശേഷം വാഴയുടെ പുറം പോളയിൽ ചുവപ്പ് നിരം കാണും. ഇവ കൂടുതലായി നീളത്തിൽ വരകളായി പടരുകയും പോള തടയിൽ നിന്നും ഇളകി വാഴ ഒടിയുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള വാഴക്കന്നുകൾ നശിപ്പിക്കുകയും ഒഴിവാക്കുകയുമാണ് നല്ലത്. തെരഞ്ഞെടുത്ത കീടനാശിനികൾ ഉപയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കുക, രോഗബാധ ഇല്ലാത്തിടങ്ങളിൽ നിന്നും കന്നുകൾ തെരഞ്ഞെടുക്കുക എന്നിവയാണ് ഈ രോഗത്തിന്റ്റെ നിവാരണ മാർഗ്ഗം. രോഗബാധയുള്ള സ്ഥലങ്ങളിൽ 1 കിലോ കുമ്മായം 200 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്നിവ ചേർത്തും രോഗബാധ അകറ്റാവുന്നതാണ്.
  • ഇലപ്പുള്ളി രോഗം:
ലക്ഷണം:       മഴക്കാലത്തോടെ വാഴയിലകളിൽ മഞ്ഞനിറമാർന്ന വരകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ വരകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ ഒടിഞ്ഞ് തൂങ്ങുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള ഇലകൾ മുറിച്ചുമാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതാണ് ഉചിതം.
  • പനാമാ വാട്ടം:
രോഗാണു:        കുമിളുകൾ
ലക്ഷണം:       വാഴയുടെ കൂമ്പില ഒഴികെയുള്ള ബാക്കി പുറമേയുള്ള ഇലകൾ മഞ്ഞളിച്ച് ഒടിഞ്ഞ് തൂങ്ങുകയും വാഴത്തടയിൽ വിള്ളലുണ്ടാവുകയും ചെയ്യുന്നതാണ് പനാമാ വാട്ടം. പൂവൻ, മൊന്തൻ വാഴകളേയാണ് ഈ രോഗം ബാധിക്കുന്നത്. രോഗം മൂർച്ഛിക്കുമ്പോൾ വാഴ ചുവടോടെ മറിയുകയും ചെയ്യുന്നു. വാഴ മാണം മുറിച്ചുനോക്കിയാൽ തവിട്ടോ ചുവപ്പോ നിറത്തിലുള്ള വരകൾ കാണാവുന്നതുമാണ്.
പ്രതിവിധി:       രോഗബാധയുള്ള വാഴകൾ നശിപ്പിക്കുകയും ഒഴിവാക്കുകയുമാണ് നല്ലത്. നീർവാർച്ചാ സൌകര്യം വർധിപ്പിച്ചോ രോഗബാധയുള്ള സ്ഥലങ്ങളിൽ കുമ്മായം ചേർത്തോ രോഗബാധ അകറ്റാവുന്നതാണ്.
കീടങ്ങളും കീട നിവാരണവും :
  • തടതുരപ്പൻ പുഴു :
ലക്ഷണം: കുലച്ചതോ കുല വരാറായ വാഴകളേയാണ് തടതുരപ്പൻ പുഴു ആക്രമിക്കാറുള്ളത്. തറ്റയിൽ കാണുന്ന കറുപ്പോ, ചുവപ്പോ കുത്തുകളും അവയിൽ നിന്നും ഒലിച്ചിറങ്ങുന്ന ഇളം മഞ്ഞ നിറമുള്ള കൊഴുത്ത ദ്രാവകവുമാണ് ലക്ഷണങ്ങൾ. പുഴുകുത്തിയ വാഴയുടെ ഉൾഭാഗം നശിച്ച് ഒടിഞ്ഞാണ് വാഴ നശിക്കുന്നത്.
നിവാരണം: കൃഷിയിടം വൃത്തിയായി സൂക്ഷിച്ചോ പുഴുകുത്തിയ വാഴകൾ വെട്ടിമാറ്റി തീയിടുകയോ ചെയ്താൽ ഒരുപരിധിവരെ കീടം നിയന്ത്രിക്കാം. വാഴക്കന്ന് നടുന്നതിന് മുൻപ് അൽപ്പനേരം വെള്ളത്തിൽ താഴ്തുകയോ  വാഴയുടെ ഉണങ്ങിയ ഇലകളും പോളകളും മറ്റും നീക്കുകയോ ചെയ്താൽതടപുഴുക്കൾ ഇല്ലാതാകും.കരുത്തുറ്റ കന്നുകൾ നട്ട ശേഷം മൂന്നുമാസം വളർച്ചയെത്തുമ്പോൾ ഇലക്കവിളിൽ 50 ഗ്രാം വേപ്പിൻ പിണ്ണാക്കിട്ട് കൊടുക്കുകയോ ചെയ്താൽ തടപ്പുഴുവിനെ ഇല്ലാതാക്കാം. കൂടാതെ കന്ന് നടുമ്പോൾ ഫ്യൂരിഡാൻ 40 ഗ്രാം കുഴിയിലും മൂന്നുമാസം കൂടുമ്പോൾ 20 ഗ്രാം ഇലക്കവിളിലും കുലയ്ക്കുന്നതുവരേ മാത്രം ഉപയോഗിക്കാവുന്നതാണ്.
  • മാണവണ്ട്:
ലക്ഷണം: വാഴമാണത്തിലോ തടച്ചുവട്ടിലോ കാണുന്ന കടും തവിട്ടുനിറത്തിലുള്ള വണ്ടാണ് മാണ വണ്ട്. മാണത്തിലോ തടച്ചുവട്ടിലോ ആണ് വണ്ട് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന വണ്ടുകൾ മാണം തുരന്ന് തിന്നു നശിപ്പിക്കുന്നു. ഇല മഞ്ഞളിപ്പ്, നാമ്പ് വിടരാതിരിക്കൽ എന്നിവയാണ് ലക്ഷണം.
നിവാരണം: വാഴയുടെ ഉണങ്ങിയ ഇലകളും പോളകളും മറ്റും നീക്കുകയോ ചെയ്ത് കൃഷിയിടം വൃത്തിയായി സൂക്ഷിച്ചോ കീടബാധയില്ലാത്ത കന്നുകൾ നടുകയോ വാഴക്കന്ന് നടുന്നതിന് മുൻപ് അൽപ്പനേരം വെള്ളത്തിൽ താഴ്ത്തുകയോ വാഴക്കന്നുകുഴിയിൽ 25 ഗ്രാം ഫ്യൂരിഡാൻ ചേർക്കുകയോ ചെയ്ത് ഒരുപരിധിവരെ കീടാക്രമണം നിയന്ത്രിക്കാം. കന്നുകൾ നടുമ്പോൾ പുറം ചെത്തി വൃത്തിയാക്കിയ ശേഷം ചാരവും ചാണകവും മുക്കി 3-4 ദിവസം വെയിലിൽ ഉണക്കി നട്ടാൽ കീടത്തെ ഇല്ലാതാക്കാൻ കഴിയും.
  • ഇലതീനിപ്പുഴുക്കൾ:
ലക്ഷണം:  വാഴയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. വെയിലില്ലാത്ത നേരങ്ങളിലോ, വെയിലാറുന്ന നേരങ്ങളിലോ ആണ് ഇവയുടെ ആക്രമണം കൂടുതലായിക്കാണുന്നത്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. തോട്ടത്തിൽ ചപ്പുചവറുകൾ കൂട്ടി തീയിടുക വഴി പുഴുവിന്റെ ശലഭങ്ങളെ ആകർഷിക്കുകയും അവയെ നശിപ്പിക്കൻ കഴിയുകയും ചെയ്യുന്നു.
  • വാഴപ്പേൻ:
ലക്ഷണം:  വാഴയെ ബാധിക്കുന്ന മാരക രോഗങ്ങളായ കുറുനാമ്പ് / മണ്ടയടപ്പ്, കൊക്കാൻ രോഗം എന്നിവ പരത്തുന്ന വാഹകജീവിയാണ് വാഴപ്പേൻ / ഏപ്പിഡ്. ഇവ ഇലക്കവിളിൽ കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. കുറുനാമ്പ് / മണ്ടയടപ്പ്, കൊക്കാൻ രോഗം എന്നിവ ഇതിന്റെ സാന്നിദ്യമറിയിക്കുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • മീലിമൂട്ട:
ലക്ഷണം:  ഇലക്കവിളിലും തണ്ടുകളിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇലകൾ ഒടിയുകയും, തടയിലാണെങ്കിൽ വാഴമൊത്തമായും ഒടിഞ്ഞ് നശിക്കുന്നതുമാണ് ലക്ഷണം.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • നിമാ വിര:
ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം വാഴകളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല
നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം വാഴനടുന്നതിനുമുൻപ് മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. നിമാവിര ആക്രമണമില്ലാത്തിടത്തെ വിത്തു തൈകൾ ഉപയോഗിക്കുന്നത് വിരകളുടെ ആക്രമണത്തെ ചെറുക്കാം. വാഴക്കന്ന് ഇളം ചൂടുവെള്ളത്തിൽ പത്ത് മിനിട്ട് താഴ്തിവയ്ക്കൽ,  വാഴക്കന്നുകുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ എന്നിവയും കുഴികളിൽ വാഴനട്ട ശേഷം തകര, ഗുണ്ടുമല്ലി, എന്നിവ നടുകയോ ചെയ്താലും നിമവിരകളെ ഒഴിവാക്കാം.
മറ്റ് വിശേഷങ്ങൾ:
  • മലയാളിക്ക് അഘോഷങ്ങൾക്ക് വാഴയില സദ്ധ്യ ഒഴിവാക്കാനാകാത്തതാണ്.
  • ഭൂകാണ്ഡമൊഴികെയുള്ള കുലവാഴ അലങ്കാരമായി ഉപയോഗിക്കുന്നു.
  • വാഴപ്പഴക്കൂട്ടം (പഴപ്പടല) ആചാര പരമായി നിറപറയോടൊപ്പം വയ്ക്കാറുണ്ട്.
  • പഴയകാല തലമുറ ഭക്ഷണം കഴിക്കുന്നതിനും, ഭക്ഷണ സാധനങ്ങൾ അടയ്ച്ച് സൂക്ഷിക്കുന്നതിനും പൊതിഞ്ഞ് സൂക്ഷിക്കുന്നതിനും വാഴയില ഉപയോഗിച്ചിരുന്നു.
  • ക്ഷേത്രാചാരങ്ങൾക്ക് വാഴയില ഉപയോഗിക്കുന്നു.
  • വാഴക്കുഴിയിൽ ഇഞ്ചിപ്പുല്ലു നട്ടാൽ കീടശല്യം കുറയ്ക്കാം.
  • വാഴക്കിടയിൽ പയർ നടുന്നത് കള ഒഴിവാക്കാനും പിഴുത് തടത്തിലിട്ടാൽ വളവുമാണ്.
  • ടിഷ്യൂ ഇനങ്ങൾക്ക് മാണപ്പുഴു, കുറുനായ്മ്പ് രോഗങ്ങൾ കുറവാണ്.
  • നേന്ത്ര വാഴക്കുലയുടെ മുൻഭാഗത്തും എതിർഭാഗത്തുമുള്ള കന്നുകളാണ് നടാൻ കൂടുതൽ അനുയോജ്യം.
  • ത്രികോണാകൃതിയിൽ അകലത്തിൽ വാ‍ഴകൾ നട്ടാൽ പരസ്പരം അവയുടെ ചുവട് ഭാഗത്ത് കഴകെട്ടി സംരക്ഷിക്കാവുന്നതാണ്.
  • കായ്കൾ പൂ‍ർണ്ണമായി വിരിഞ്ഞശേഷം കൂമ്പൊടിച്ചാൽ കായ്കൾക്ക് പുഷ്ടിയുണ്ടാകും.
  • മുള്ളൻ പായൽ വാഴയ്ക്ക് പറ്റിയ ജൈവവളമാണ്.
  • വാഴനട്ട് 2, 4 മാസങ്ങളിൽ മാത്രം വളം നൽകിയാൽ മതി. കായ്ക്കുന്നതിന് 5 മാസത്തിന് മുൻപുള്ള വളപ്രയോഗം വാഴയ്ക്ക് അല്പം പോലും ഗുണകരമല്ല.
  • വാഴക്കുല എളുപ്പം പഴുക്കാൻ ഇലുമ്പൻ പുളി, കൂനൻ പാല എന്നിവയുടെ ഇലചുറ്റിയാൽ മതി.
  • വാഴയ്ക്ക് ഇടവിളയായി ചീരയും, പയർ, പാവൽ, പടവലം എന്നീ പടരുന്ന വിളകളും, മുളക്, വഴുതിന, തക്കാളി എന്നിവയും മത്തൻ, വെള്ളരി, കുമ്പളം എന്നീ ഇഴവിളകളും, ചേമ്പ്, ചേന, മരച്ചീനി എന്നീ കിഴങ്ങ് വർഗ്ഗങ്ങളും കൃഷിചെയ്യാവുന്നതാണ്.
  • പാളയംകോടൻ വാഴകൾക്കിടയിൽ കാച്ചിൽ വളർത്തിയാൽ താങ്ങ് കുറയ്ക്കാം.
  • വാഴത്തൈ
  • വാഴ കുലയോടെ
  • വാഴയില
  • കമ്പോളത്തിലെ വാഴക്കുല
  • കല്ലുവാഴ/ മലവാഴ
  • അലങ്കാര വാഴ