Saturday 26 March 2016

4. പ്ളാവ്

പ്ളാവ് – Jackfruit Tree
     ഇന്ത്യയിലെ പ്രധാന ഫലവൃക്ഷങ്ങളിൽ ഒന്നാണ് പ്ളാവ്. ഏറ്റവും വലിയ ഫലം തരുന്ന വൃക്ഷം കൂടിയാണിത്. മഴ ധാരാളമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് പ്രധാനമായും പ്ളാവ് കാണപ്പെടുന്നത്. ശ്രീലങ്ക, പാക്കിസ്താൻ, മ്യാന്മാർ, ബ്രസീൽ എന്നിവിടങ്ങളിൽ കാണുന്നു. ഭാരതീയർ പുണ്യവൃക്ഷമായി പ്ളാവിനെ കരുതുന്നു. തെക്കും തെക്ക്-കിഴക്കൻ ഏഷ്യയുമാണ് പ്ളാവിന്റെ ജന്മദേശമായി കണക്കാക്കുന്നത്. ഏറ്റവും വലിയ ഫലം നൽകുന്ന സസ്യം കൂടിയാണ്. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നിവിടങ്ങളിലും കാണപ്പെടുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:മോറേസീ
ശാസ്ത്ര നാമം:ആർട്ടോകാർപ്പസ് ഇന്റെഗ്രിഫോളിയ / Artocarpusintegrifolia

അറിയപ്പെടുന്ന പേരുകൾ :
മലയാളം:പ്ളാവ്, പ്ലാവ്, പിലാവ്
ഇംഗ്ളീഷ്:ജാക്ക് ഫ്രൂട്ട് ട്രീ (Jackfruit tree)
സംസ്കൃതം:പനസഃ
ഹിന്ദി  :കടഹല കെ പേഡ്
കന്നട:ഹലസു മറഡാ
തമിഴ്  :പളപ്പഴമരം
തെലുങ്ക്           :പനസ സെട്ടു

സസ്യ വിശേഷങ്ങൾ :
നിത്യഹരിത ബഹുവർഷി വൃക്ഷമാണ് പ്ളാവ്. വിശാലവും വിസ്തൃതവും അനേകം ശാഖകളോടും പടർന്ന്  പന്തലിച്ച് വളരുന്ന സസ്യമാണിത്. എത് ഭാഗത്തും മുറിവുണ്ടായാൽ വെളുത്ത ഒട്ടലോടുകൂടിയ അരക്ക് ഒഴുകാറുണ്ട്. കാര്യമായ രോഗബാധ ഇല്ലാത്തതിനാൽ കീടനാശിനിപ്രയോഗം കുറവാ‍ണ്. സാധാരണ പ്ളാവിന് വളപ്രയോഗം ചെയ്യാറുമില്ല എന്നതും എടുത്ത് പറയാവുന്ന പ്രത്യേകതയാണ്. പാതയോരത്തും ഉദ്യാനത്തിലും ഈ നിത്യഹരിത സസ്യത്തെ വളർത്താവുന്നതാണ്. വളപ്രയോഗമോ കീടനാശിനി പ്രയോഗമോ ഇല്ലാത്ത അപൂർവ്വം ഫലലഭ്യതയുള്ള വൃക്ഷമായതിനാൽ ഫലം ആരൂപത്തിൽ വിഷമയമായ ഇക്കാലത്ത് വിശ്വസിച്ച് ഉപയോഗിക്കാവുന്നതാണ്.
  • കാണ്ഡം:
പ്ളാവിന്റെ കാണ്ഡഭാഗം വിശാലവും വിസ്തൃതവും അനേകം ശാഖകളോടും പടർന്ന്  പന്തലിച്ച് വളരുന്നതുമാണ്. മരത്തിന്റെ പട്ട ചെറു വിള്ളലോട് കൂടി ഇരുണ്ടതും അങ്ങിങ്ങ് ചുവന്ന തൊലിയുള്ളതുമാണ്.
  • വേര് :
തായ് വേരുപടലമുള്ള സസ്യമാണ് പ്ളാവ്. കട്ടിയേറിയതും ഇളം ചുവപ്പ് നിറത്തിലുള്ള ശാഖാ വലുപ്പമുള്ള വേരുകൾ മേൽമണ്ണിൽ ഉയർന്ന് നിൽക്കാറുണ്ട്.
  • ഇല:
അനുപർണ്ണങ്ങളോടുള്ള ഇലകളുണ്ട്. ഇലാ വിന്യാസം ഏകാന്തരമാണ്. ജാലികാ വിന്യാസത്തിലുള്ള ഇലകളുടെ പത്രസീമാന്തം അഖണ്ഡമാണ്. ഇലകൾക്ക് ഏകദേശം 10 സെന്റി മീറ്റർ നീളമുള്ളതും ദീർഘ വൃത്താകൃതിയിലുള്ളതുമാണ്. ഇലഞെട്ടിന് 1 സെ. മീറ്ററോളം നീളമുണ്ടാകും. കടും പച്ചനിറമുള്ള ഇലകൾ ലഖുപത്രങ്ങളാണ്. ഇല പൊട്ടിക്കുമ്പോൾ പാൽ നിറമുള്ള കറയുണ്ടാകുന്നു.
  • പൂവ്:
പ്ളാവ് അഞ്ചോ ആറോ വർഷമാകുമ്പോൾ പൂവിടുന്നു. ശിശിരകാല (ഡിസംബർ- ജനുവരി) ത്താണ് പൂവിടൽ. ഇതിന്റെ പൂക്കൾ ക്യാറ്റ്കിൻ എന്നറിയപ്പെടുന്നു. തായ്തടിയിലും ശാഖകളിലും പൂവുണ്ടാകുകകയും ചെയ്യുന്നു. പൂക്കാലം ശിശിരകാലമാണ്. ആൺ പൂങ്കുലയും പെൺ പൂങ്കുലയും വെവ്വേറെ ഉണ്ടാകുന്നു.
  • ഫലം:
സംയുക്ത ഫലമാണ് ചക്ക. പെൺപൂങ്കുലയിലെ മഞ്ജരീദണ്ഡ് വളർന്നു കൂഞ്ഞിലും, പരിദളപുടം വളർന്ന് ചുളയും, വന്ധ്യപുഷ്പങ്ങൾ വളർന്ന് ചകിണിയും, അണ്ഡാശയം വളർന്ന് വിത്തും, അണ്ഡാശയഭിത്തി വളർന്ന് പാടയും ഉണ്ടാകുന്നു. കായകൾ 30- 40 കി ഗ്രാം വരെ ഭാരം ഉണ്ടാകും. മുള്ളുകൾ പരന്ന് മഞ്ഞകലർന്ന പച്ച നിറത്തിലാണ് ചക്കകൾ കാണാറുള്ളത്. ഏപ്രിൽ-മേയ് മാസങ്ങളിൽ വിളവെടുക്കാവുന്നതാണ്. പഴുത്തചക്കയ്ക്ക് മധുരവുമേറും. വർഷം ശരാശരി മരമൊന്നിന് 10 മുതൽ 50 വരെ ഫലം ലഭിക്കുന്നതാണ്. ചിലയിനങ്ങൾക്ക് 250 വരെ ഫലം ൽഅഭിക്കാറുണ്ട്.
ഉപയോഗങ്ങൾ:
  • കായ് :
ചക്ക ഏത് തരത്തിലും ഭക്ഷ്യയോഗ്യമാണ്. പച്ച ഭക്ഷണമായി പ്രയോജനപ്പെ ടുത്തുമ്പോൾ, പഴുത്ത ചക്ക പഴ വർഗ്ഗമായി ഉപയോഗിക്കാവുന്നതുമാണ്. ചക്കപ്പഴം പാലിൽ വേവിച്ച് ഓറഞ്ച് നിറത്തിലുള്ള കസ്റ്റാഡുണ്ടാക്കാം. പഴുത്ത ചക്കച്ചുള പഞ്ചസാരപ്പാവിലിട്ട് ചക്ക കാൻഡി ഉണ്ടാക്കവുന്നതാണ്. ചക്ക ഉപയോഗിച്ച് നാടൻ വിഭവങ്ങളായ കറികൾ, പുഴുങ്ങിയത്, ചക്ക പ്രഥമൻ, ചക്കവരട്ടി, പപ്പടം എന്നിവ ഉണ്ടാക്കുന്നു.
  • തടി:
പ്ളാവിൻ തടി കെട്ടിട ഭാഗ നിർമ്മാണത്തിനും വിവിധ കടച്ചിൽ പണികൾക്കും ഫർണിച്ചർ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. മരക്കാതൽ ആദ്യം മഞ്ഞനിറത്തിലും പിന്നീട് തേക്കുതടിയുടെ നിറത്തിലും ബലത്തോളവും അനുഭപ്പെടുന്നു.
  • ഇല:
പ്ളാവില നല്ലൊരു കന്നുകാലിത്തീറ്റയാണ്. പ്ളാവില ജൈവ വളമായും കൃഷിക്ക് ഉപയോഗിക്കുന്നു.
  • വിത്ത്:
ചക്ക വിത്ത് വേവിച്ചും വറുത്തും കഴിക്കാവുന്നതാണ്. വറുത്ത് മാവാക്കി ഭക്ഷ്യസാധനങ്ങളിൽ ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ചത് നല്ലൊരു കോഴിത്തീറ്റയാണ്. കുരുവിലടങ്ങിയ ലക്സിൻ മുതലായ ഘടകങ്ങൾ ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതായും, അർബുദത്തിനും എയിഡ്സിനും എതിരേ പ്രവർത്തിക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
രാസഘടകങ്ങൾ:
  • ചക്കപ്പഴം / ചക്കക്കുരു:
വൈറ്റമിൻ എ, ബി1, ബി2, ഇരുമ്പ് എന്നിവയും പ്രോട്ടീൻ, കൊഴുപ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാർബോഹൈഡ്രേറ്റും നാരുകളും അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഫലം, വേര്, ഇല, വിത്ത് എന്നിവയാണ് ഔഷധ ഭാഗങ്ങൾ.
രസ ഘടകങ്ങൾ
പഴുത്ത ചക്ക
രസംമധുരം
ഗുണം:ലഘു
വീര്യം  :ശീതം
വിപാക:മധുരം

  • പ്ളാവിന്റെ ഇളം ചക്ക ആയുഃവേദവിധിയിൽ പേശികളെ ചുരുക്കുന്നതും വായൂകോപത്തെ ശമിപ്പിക്കുകയും ചെയ്യുന്നു.
  • പ്ളാവിന്റെ പഴുത്ത ചക്ക പിത്തവും മെലിച്ചിൽ വിരേചനതടസ്സം എന്നിവയ്ക്ക് ഔഷധമാണ്.
  • ചക്കക്കുരു മൂത്രമൊഴിക്കൽ  വർധിപ്പിക്കുക, മലബന്ധം ഉണ്ടാക്കുക എന്നിവ ചെയ്യുന്നു.
  • പ്ളാവിൻ വേര് കഷായം അതിസാരം ശമിപ്പിക്കുന്നു.
വിവിധ ഇനങ്ങൾ:
ഇനമനുസരിച്ച് പ്രധാനമായും രണ്ടുതരം കണ്ടുവരുന്നു. വരിക്ക പ്ളാവ്, കൂഴ പ്ളാവ് (പഴപ്ളാവ്) എന്നിവയാണ്.
  • വരിക്ക:
ഇതിന്റെ ഫലത്തിലെ ചുളകൾക്ക് മധുരം, സ്വാദ്, ഉറപ്പും കൂടുതലാണ്. കേരളത്തിൽ കൃഷി ചെയ്യുന്ന വരിക്ക ഇനമാണ് മുട്ടം വരിക്ക, സിങ്കപ്പൂർ (സിലോൺ) പ്ളാവ്, നവരിക്ക, രിദ്രാക്ഷച്ചക്ക, താമരച്ചക്ക എന്നിവ. വർച്ച, കുജ്ജ, കോർച്ച, ബർക്ക എന്നിവ വർക്ക പ്ളാവിനമാണ്.
  • മുട്ടം വരിക്ക:
കേരളത്തിൽ സാധാരണ കാണുന്ന വരിക്ക ഇനമാണ്. ചുളകൾക്ക് നല്ല ഉറപ്പുണ്ട്. മധുരം കൂടുതലുള്ള ഇവയ്ക്ക് സവിശേഷമായ സുഗന്ധമുണ്ട്. ശരാ‍ശരി ഏഴു കി. ഗ്രാമോളം തൂക്കം വരും ഉറച്ച ചുളയുള്ളതിനാൽ വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ കഴിയും

  • സിങ്കപ്പൂർ (സിലോൺ) പ്ളാവ്:  
ശ്രീലങ്കൻ ജന്മദേശമായ ഈ ഇനം മൂന്നാം വർഷം മുതൽ കായ്ക്കാറുണ്ട്. കായ്ഫലം കൂടുതലുള്ളതും ഇതിന്റെ എടുത്തുപറയാവുന്ന പ്രത്യേകതയാണ്. ഇരുന്നൂറ്റമ്പതോളം ചക്കകൾ ഒരു വർഷത്തിൽ ഉണ്ടാകാറുണ്ട്.

  • കൂഴ (പഴപ്ലാവ്):

താരതമ്യേനെ മൃദുലവും കട്ടികുറവുമായിരിക്കും. പൾപ്പിലെ ജലസാന്നിദ്യം കൂടുതലാണ്. നാരുകൂടുതലായ ഇതിന്റെ കുരു വലുതുമായിരിക്കും. ഇളം മഞ്ഞ മുതൽ സ്വർണ്ണ വർണ്ണം വരെ നിറമുള്ള ചുളകൾ ഇതിനുണ്ടാകും. പലഹാരമുണ്ടാക്കാൻ ഈ ഇനം കൂടുതൽ പ്രയോജനപ്പെടുത്താറുണ്ട്. പഴംകുല, വേല, ഖില, കൊപ്പ എന്നിവ പ്രധാന കൂഴയിനങ്ങളാണ്.
പരാഗണവും വിതരണവും:
  • മറ്റുജീവികളോ മറ്റ് ഘടകങ്ങളൂടെ സഹായമില്ലാതെ പരാഗണം നടത്തുന്നു.
  • അണ്ണാ‍ൻ, വാവലുകൾ, പക്ഷികൾ എന്നിവ വഴിയാണ് സാധാരണ വിത്ത് വിതരണം നടക്കുന്നു.
ഉത്പാദനവും വളപ്രയോഗവും:
  • മൂപ്പെത്തിയ വിത്തുകളിൾ നിന്നാണ് തൈകൾ സാധാരണമായി ഉത്പാദിപ്പിക്കുന്നത്. ഇവയ്ക്ക് മാതൃഗുണം കുറവാണ്.
  • അലൈംഗിക പ്രജനന രീതിയായ ഗ്രാഫ്റ്റിംഗിലൂടെ മേൽത്തരം തൈ നിർമ്മാണ മേഖലകളിൽ കണ്ടുവരുന്നു. ഇവയ്ക്ക് ശരാശരി എൺപത് വർഷം ആയുസ്സുണ്ട്. മാതൃ വൃക്ഷത്തിന്റെ ഗുണം കൂടുതലാ‍യിരിക്കും.
  • പ്ളാസ്റ്റിക്ക് കൂടുകളിൽ നടുന്ന വിത്തുകൾക്ക് 9-12 മാസമാകുമ്പോൾ 10-15 സെ. മീറ്റർ അകലത്തിൽ ചരിച്ച് കാണ്ഡം ചേദിച്ച് അതേവലുപ്പമുള്ള നല്ലയിനം പ്ളാവിനത്തെ കാണ്ഡഭാഗത്തിന്റെ ഒരുവശം ചെത്തിയശേഷം ചേർത്തുവച്ച് ചരടുകൊണ്ടോ പോളിത്തീൻ കവറുകൊണ്ടോ കെട്ടി തൈ നിർമ്മിക്കവുന്നതാണ്.
  • ഒന്നുരണ്ട് മാസങ്ങൾക്കകം ഒട്ടിപ്പ് നന്നായാൽ മാതൃവൃക്ഷ ശാഖ ശ്രദ്ധയോടെ കത്തിയുപയോഗിച്ച് മുറിച്ച ശേഷം പുതിയ ഇലവരുന്നതുവരെ തണലത്ത് വയ്ച്ച് നനയ്ക്കാവുന്നതാണ്.
  • മറ്റൊരു രീതിയിൽ, പത്ത് ദിവസം പ്രായമുള്ളതും വലുപ്പവും ആരോഗ്യവും ഒത്തിണങ്ങിയ വിത്തുമുളപ്പിച്ച തൈയ്ച്ചെടിയെ സ്റ്റോക്കായി ഒട്ടിക്കാൻ തെരഞ്ഞെടുക്കുന്നു
  • തറനിരപ്പിൽ നിന്നും സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് 5 സെ. മീ. അകലത്തിൽ വൃത്താകൃതിയിൽ മുറിച്ചശേഷം മുകൾ ഭാഗത്ത് മധ്യ ഭാഗത്തിലൂടെ 2-2.5 സെ.മീറ്റർ താഴ്ചയിൽ പിളർപ്പ് ഉണ്ടാക്കണം.
  • സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് ഒട്ടിക്കുന്നതിന്  ഇതേ വലുപ്പമുള്ള നല്ല ഇനത്തിലും ആരോഗ്യത്തിലുമുള്ള മാതൃവൃക്ഷശിഖരത്തെ ഒട്ടുകമ്പായി (സയോൺ) ഉപയോഗിക്കുന്നു.
  • സയോണിന്റെ 10 സെ.മീറ്റർ ഉയരത്തിലുള്ള ഇലകൾ അതിനോട് ചേർന്ന മുളപ്പിന് കോട്ടം തട്ടാതെ ഇരുപത് ദിവസത്തിനുമുമ്പേ നീക്കം ചെയ്തശേഷം മുറിച്ചഭാഗം 2-2.5 സെ.മീറ്റർ വലുപ്പത്തിൽ ഇരുവശവും തുല്യമായ രീതിയിൽ ചരിച്ചുചെത്തി ആപ്പ് രൂപത്തിലാക്കണം.
  • സ്റ്റോക്കിന്റെ പിളർപ്പിൽ സയോണിന്റെ ആപ്പ്ഭാഗം ശ്രദ്ധയോടെ കടത്തി പോളിത്തീൻ നാട താ‍ഴേനിന്നു മുകളിലേയ്ക്ക് കെട്ടണം.
  • ഇത് തണലത്ത് വച്ച് ചെറുതായി നനയ്ക്കണം. ഗ്രാഫ്റ്റ് വിജയമെങ്കിൽ എൺപത് ദിവസത്തിനുള്ളിൽ  തളിരുകൾ വരികയും ചെയ്യും
  • ആറുമാസം മുതൽ ഒരു വർഷം വരെ പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്ട് തൈകളാണ് കൃഷിക്ക് അനുയോജ്യം.
  • ഗ്രാഫ്ട് തൈകൾക്ക് നല്ല സൂര്യപ്രകാശം അത്യാവശ്യമായതിനാൽ തുറസ്സായ സ്ഥലം കൂടുതൽ അഭികാമ്യം.
  • മഴ ലഭിക്കുന്നമുറയ്ക്ക് വിത്ത് തൈകളോ, ഒരുവർഷം പഴക്കമുള്ള ഗ്രാഫ്റ്റ് തൈകളോ നടാവുന്നതാണ്.
  • കുഴികൾ 12-15 മീറ്റർ അകലത്തിൽ 75 സെ.മീറ്റർ നീളം, 75 സെ.മീറ്റർ വീതി, 75 സെ.മീറ്റർ താഴ്ചയുള്ള കുഴിയെടുത്ത് അതിൽ 10 കിലോ ഗ്രാം വീതം കമ്പോസ്റ്റ്, ചാണകപ്പൊടി, മേൽമണ്ണ് എന്നിവ നിറയ്ക്കണം. ആയതിന്റെ നിരപ്പ് തറനിരപ്പിൽ നിന്നും ഉയരത്തിലുമായിരിക്കണം.
  • കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം നടുന്നത്. കാറ്റിൽ ഒട്ടിപ്പിന് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം.
  • ഗ്രാഫ്റ്റിന് താഴേയുണ്ടാകുന്ന പൊടിപ്പുകൾ നീക്കം ചെയ്യേണ്ടതും ഗ്രാഫ്റ്റിന് മുകളിൽ മണ്ണ് വരാതിരിക്കേണ്ടതുമാണ്.
  • നാലഞ്ച് വർഷം നനയ്ക്കുകയും, കടുത്ത വേനലുള്ളപ്പോൾ തണലുകൊടുക്കുകയും നന്ന്.
  • സാധാരണ വിത്ത് തൈകൾ എട്ടുവർഷംകൊണ്ട് കായ്ഫലമുണ്ടാകുമ്പോൾ ഗ്രാഫ്റ്റ് തൈകൾ മൂന്നുവർഷം കഴിയുമ്പോൾ കായ്ഫലമുണ്ടാകുന്നു.
  • ഡിസംബർ-ജനുവരി മാസത്തിൽ കായ്കൾ ഉണ്ടാകുന്നത് മെയ്- ജൂൺ മാസത്തിൽ വിളവുകാലവുമാകും.
  • പ്ളാവിന് സാധാരണ മറ്റു വളങ്ങൾ ആവശ്യമില്ല.
രോഗങ്ങളും രോഗ നിവാരണവും:
  • രോഗം:         പിങ്ക് രോഗം / ചീക്ക് രോഗം
ലക്ഷണം:       തുലാമഴ സമയത്താണ് സാധാരണ പിങ്ക് രോഗം മരങ്ങളിൽ കാണാറുള്ളത്. പ്രായമില്ലാത്ത പ് ളാവുകളേയാണ് സാധാരണ പിങ്ക് രോഗം ബാധിക്കാറുള്ളത്. കോർട്ടീസിയം സാൽമണിക്കളർ എന്ന കുമിൾ വിഭാഗങ്ങളാണ് ഈ രോഗബാധയ്ക്ക് കാരണം. മഴയെത്തുടർന്ന് ശാഖാഭാഗങ്ങൾ പിങ്ക് നിറത്തിലാവുകയും പിന്നീട് ഈ ഭാഗത്ത്നിന്ന് പൊട്ടിയൊഴുക്കൽ ഉണ്ടാവുകയും ശിഖരം ഉണങ്ങുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗം ബാധിച്ച ഭാ‍ഗം മുറിച്ചുമാ‍റ്റി അവിടെ ബോർഡോ മിശ്രിതം തേയ്ച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
  • രോഗം:         തടിചീയൽ
ലക്ഷണം:       നീർവാർച്ചാസൌകര്യം കുറയുമ്പോഴാണ് ഈ രോഗം ബാധിക്കുന്നത്. ഇളം തൈകളേയും അപൂർവ്വമായി വലിയവൃക്ഷങ്ങളേയും ആക്രമിക്കാറുണ്ട്. ചെറു ദുർഗ്ഗന്ധത്തോടെ ചീയുന്നതാണിതിന്റെ ലക്ഷണം.
പ്രതിവിധി:       രോഗം ബാധിച്ച ഭാ‍ഗം മുറിച്ചുമാ‍റ്റി അവിടെ ബോർഡോ മിശ്രിതം തേയ്ച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
  • രോഗം:            കായ്ചീയൽ
ലക്ഷണം:       കായ്കൾ ചെറുതാകുമ്പോഴാണ്  ഈ രോഗം ബാധിക്കുന്നത്. മഞ്ഞകലർന്ന ഇളം പച്ച കായ്കളിൽ കടുത്ത പച്ചനിറത്തിലാകുകയും ചെറുതായി അമർന്നുപോകുകയും ചെയ്യുന്നതാണ് ലക്ഷണം. വലിയ കായ്കൾക്ക് ഈ രോഗം ബാധിക്കാറില്ല.
പ്രതിവിധി:       രോഗം ബാധിച്ച ഭാ‍ഗം മുറിച്ചുമാ‍റ്റി അവിടെ ബോർഡോ മിശ്രിതം തേയ്ച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
കീടങ്ങളും കീട നിവാരണവും:
  • കീടം: തണ്ടുതുരപ്പൻ പുഴു
ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം: മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)
ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: ശൽക്ക കീടം
ലക്ഷണം: ഇളം പ്ളാവുകളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.


മറ്റ് വിശേഷങ്ങൾ:
  • അൻപതോളം പ്ളാവിനങ്ങളുടെ ശേഖരമുള്ള ഏറ്റവും വലിയ പ് ളാവ് ഗവേഷണ കേന്ദ്രം തമിഴ്നാട്ടിലെ കല്ലാർ- ബർലിയാറിലാണ്.
  • ചക്കകളിൽ ഏറ്റവും മുന്തിയ ഇനമാണ് ടി- നഗർ ജാക്ക് ആണ്.
  • പഴയകാല തലമുറ പ്ളാവില മംഗള കാര്യങ്ങൾക്ക് അലങ്കാരമായി ഉപയോഗിച്ചിരുന്നു.
  • പഴയകാല തലമുറ പ്ളാവില കോട്ടി കരണ്ടിക്ക് സമാനമായി ഉപയോഗിച്ചിരുന്നു.
  • ഹോമങ്ങൾക്ക് പ്ളാവിൻ വിറക് ഉപയോഗിക്കുന്നു.
  • ചെറിയ ഇലയുള്ളത് വരിക്കയാകാനുള്ള സാധ്യത കൂടുതലും ഇതിനു മധുരവും, രുചിയും, മണവും കൂടുതലുമായിരിക്കും.
  • കൂഴയ്ക്കു മൃദുവാ‍യ ചുളയും ചാറ് കൂടുതലുമായിരിക്കും. പഴം വലപോലെ കുഴയുന്നതുമാണ്.
  • പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമാക്കി വസ്ത്രം നിറം പിടിപ്പിക്കാൻ ബുദ്ധഭിക്ഷുക്കൾ ഉപയോഗിച്ചിരുന്നു.
  • സഫേദ, ബടിയാ, ഭൂസില ഹൻസിദാ, മാമ്മത്ത്, ഘാജാ, റോസ്സെന്റ്സ് എന്നിവ പ്രധാന പ്ലാവിനങ്ങളാണ്.
  • കുരുവിൽ നിന്നും പ്ളാവിൻ തൈ മുളയ്ക്കുന്നത്
  • ഗ്രാഫ്റ്റ് പ്ളാവിൻ തൈ
  • പ്ളാവില
  • പ്ളാവിൻ കായ് (ഇളം ചക്ക)
  • ചക്കച്ചുള, ചക്കക്കുരു
  • നെടുകേ മുറിച്ച ചക്ക

1 comment: