Tuesday 29 March 2016

6. മുരിങ്ങ

മുരിങ്ങ –Drumstick Tree
     മുരിങ്ങ ഔഷധമാ‍യും ഭക്ഷണമായും ഉപയോഗിക്കുന്നു. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗസംഹാരിയായി ഉപയോഗിക്കുന്നു. പ്രധാന പച്ചിലക്കറിയായി ഉപയോഗിക്കുന്ന മുരിങ്ങയില വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ്. വളരേ വേഗം വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതുമായ സസ്യമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചരുവാണ് ജന്മദേശമായി കണക്കാക്കുന്നത്. സിംഗപ്പൂർ, പാകിസ്താൻ, ശ്രീലങ്ക, മലേഷ്യ, ക്യൂബ, ജമൈക എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു. ഇന്ത്യയിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്തുവരുന്നു. ഭക്ഷണം, ഔഷധം, ജലശുദ്ധീകരണം എന്നിവയ്ക്കായി മുരിങ്ങ കൃഷിചെയ്തുവരുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബ           :മൊരിങ്ങേസീ
ശാസ്ത്ര നാമം:മൊരിങ്ങ ഒലീഫെറ / Moringa oleifera

അറിയപ്പെടുന്ന പേരുകൾ:
മലയാളം:മുരിങ്ങ, മൊരിങ്ങ
ഇംഗ്ളീഷ്:മൊരിങ്ങ (Moringa), ഡ്രംസ്റ്റിക്ക് ട്രീ (Drumstick Tree)
സംസ്കൃതം:അക്ഷിവഃ, തീക്ഷ്ണഗന്ധഃ, മോചകഃ, ശോഭാഞ്ജനഃ, ശിഗ്രു, ശിഗ്രുജം
ഹിന്ദി  :സേഞ്ജൻ
ബംഗാളി:ശജിന
തമിഴ്  :മുരുംഗൈയ്
തെലുങ്ക്           :മുനാഗാ

സസ്യ വിശേഷങ്ങൾ:
ഏകദേശം 10 മീറ്റർ വരെ വളരുന്ന ബഹുവർഷി സസ്യമാണ് മുരിങ്ങ ഇന്ത്യയിലുടനീളം സമൃദ്ധമായി കാണപ്പെടുന്നു. നനവാർന്ന പ്രദേശങ്ങളിൽ നന്നായി വളരുന്ന ഇവയുടെ കാണ്ഡം ദുർബ്ബലമാണ്. കൊടും തണുപ്പും ചൂടും താങ്ങില്ല.
  • കാണ്ഡം:
10 മീറ്റർ വരെ വളരുന്ന മുരിങ്ങയുടെ കാണ്ഡം ചാര കലർന്ന ഇളം മഞ്ഞ നിറത്തിലാണുള്ളത്. ശാഖോപശാഖകളുള്ള മുരിങ്ങയുടെ കാണ്ഡം ജലസാന്നിദ്യമുള്ളതും ദുർബ്ബലവുമാണ്. തൊലിക്ക് കാണ്ഡത്തേക്കാൾ കട്ടികൂ‍ടുതലാണ്. കായുണ്ടാകുമ്പോൾ അവയുടെ ഭാരം കൊണ്ട്തന്നെ കാണ്ഡം ഒടിയുക പതിവാണ്.
  • വേര് :
സാധാരണ വേരുകളാണ് മുരിങ്ങയ്ക്കുള്ളത്. തായ്‌വേര് രീതിയില്ല. എളുപ്പം വേരുണ്ടാകുന്നത് പ്രത്യേകതയാണ്. തീക്ഷ്ണ ഗന്ധവും ബാഷ്പശീലവുമുള്ള എണ്ണ വേരിൽ അടങ്ങിയിരുപ്പുണ്ട്.
  • ഇല:
അരമീറ്ററോളം നീളമുള്ള സംയുക്ത ത്രിപിച്ഛക ഇലയാണിതിനുള്ളത്. ഇലകൾ ആയതാകൃതിയാണ്. ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു. വേനലിൽ ഇലകൾ പൊഴിക്കാറുണ്ട്. ഇലകളുടെ മുകൾ ഭാഗം കടുത്ത പച്ചയും അടിഭാഗം മഞ്ഞകലർന്ന ഇളം പച്ചനിറവുമാണ്.
  • പൂവ്:
വർഷത്തിൽ ചെറുതും വലുതുമായ പൂക്കാലങ്ങൾ പലതുണ്ട്. പൂക്കൾ വെള്ള നിറത്തോടും തേനോടും കൂടിയ ദ്വിലിംഗ പൂങ്കുലകളാണ്. ഇവ ഇളം തണ്ടിന്റെ മുകൾ ഭാഗത്തോ മുകൾ ഭാഗത്തെ ഇലക്കക്ഷങ്ങളിലോ കാണുന്നു. പൂക്കൾക്ക് ബാഹ്യ ആന്തരിക ദളങ്ങൾ അഞ്ചു വീതം. വന്ധ്യ കേസരങ്ങളുൾപ്പടെ പത്തോളം കേസരങ്ങളുണ്ട്. ബീജാണ്ഡപർണ്ണങ്ങൾ മൂന്ന് വീതം. തണുപ്പുള്ളിടങ്ങളിൽ വർഷത്തിൽ ഒരുപ്രാവശ്യവും മഴയും ചൂടും ഒരുപോലുള്ളിടത്ത് രണ്ടോ വർഷം മുഴുവനുമായോ പൂക്കാറുണ്ട്.
  • ഫലം:
മുരിങ്ങക്കായ്കൾ മൂന്നുവശമുള്ളതും 15 മുതൽ 1മീറ്റർ നീളത്തിൽ താഴേക്ക് തൂങ്ങിയതുമായ രീതിയിലാണ്. ഇവയ്ക്ക് പച്ച കലർന്ന ബ്രൌൺ നിറമുണ്ടാകും. 5-15 വിത്തുകൾ കാണാറുണ്ട്. വിത്തിന്റെ മുഴപ്പ് കാണാവുന്ന ആകൃതിയാണുള്ളത്. മൂപ്പെത്തിയ കായ്കൾ പൊട്ടിയാൽ കടലാസ് പോലുള്ള ബ്രൌൺ നിറമുള്ള കടലാസ് പോലുള്ള മൂന്ന് വശങ്ങളുള്ള അരികുകളുള്ള ചിറകുമുണ്ട്.
ഉപയോഗങ്ങൾ:
മുരിങ്ങയുടെ ഇലയും പൂവും കായയും ആഹാരമായി സർവ്വ സാധാരണമായി ഉപയോഗിക്കുന്നു.
  • കായ് :
മുരിങ്ങക്കായ ആഹാരമായി ഉപയോഗിക്കുന്നു. കായിലെ വിത്ത് ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • ഇല:
ഇലയിൽ ധാരാളം ഫൈബറും ചവർപ്പ് രുചിയുമുണ്ട്. ഇലക്കറികളിൽ ചീരയ്ക്കൊപ്പം പരിചിതമായ ചീര കർക്കിടക മാസത്തിൽ ഒഴിവാക്കാറുണ്ട്.
  • പൂവ്:
പൂവ് ആഹാരമായി ഉപയോഗിക്കുന്നു.
  • വിത്ത്:
വിത്തിൽ നിന്നും സവിശേഷമായ എണ്ണ ലഭിക്കുന്നു. ഭക്ഷ്യാവശ്യത്തിനും, മുടിയിലും തൊലിയിലും തേയ്ക്കാനും, സൌന്ദര്യ വസ്തുക്കൾ നിർമ്മിക്കാനും എണ്ണ ഉപയോഗിക്കുന്നു.
  • വേര് :
വേരിൽ ദുർഗ്ഗന്ധത്തോടും ബാഷ്പശീലവുമുള്ള തൈലമുണ്ട്.

രാസഘടകങ്ങൾ:
  • ഇല:
മുരിങ്ങയുടെ ഇലകളിൽ വൈറ്റമിൻ- എ,ബി,സി,കെ എന്നിവയും കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
  • മുരുങ്ങാക്കായ:
മുരിങ്ങാക്കായയിൽ വൈറ്റമിൻ- സി, ഇ എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്  എന്നീ ധാതുക്കളും ഭക്ഷ്യനാരുകളും അടങ്ങിയിട്ടുണ്ട്.
  • വിത്ത്:
വിത്തിൽ നിന്നും ലഭിക്കുന്ന സവിശേഷമായ എണ്ണയിൽ ബെഹനിക് ആസിഡ് അടങ്ങിയിരിക്കുന്നു. എണ്ണ  ശുദ്ധീകരിച്ചാൽ ആന്റി ഓക്സിഡന്റിന്റ് കൂടുതൽ കാണപ്പെടും. എണ്ണ ജൈവ ഇന്ധനമായും ഉപയോഗപ്പെടുത്താവുന്നതാണ്. പിണ്ണാക്ക് വളമായും ജലശുദ്ധീകാരിയായും ഉപയോഗിക്കുന്നു.
  • തൊലി:
മൊരിഞ്ജിൻ, മൊരിഞ്ജിനിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്.
  • വേര്:
വേരിൽ പോളീഫിനോൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വേരിലടങ്ങിയ സ്പൈറോകിൻ എന്ന ആൽക്കലോയ്ഡ് നാഡീ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഇല, പൂവ്, കായ്, തൊലി, വേര് എന്നിവ ആയുഃർവേദ ഔഷധങ്ങളിൽ പ്രയോജനപ്പെടുത്തുന്നു.
രസ ഘടകങ്ങൾ:
രസംകടു, കഷായം, തിക്തം
ഗുണം:ലഘു, രൂക്ഷം, തീക്ഷ്ണം, സരം
വീര്യം  :ഉഷ്ണം
വിപാക:കടു

  • നീര്, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിന് മുരിങ്ങ ഇലയും വിയർപ്പുണ്ടാക്കുന്നതിന് മുരിങ്ങയുടെ തൊലിയും വേരും പ്രയോജനപ്പെടുത്തുന്നു.
  • കൃമി, വ്രണം, വിഷം, വാതരോഗം എന്നിവ സമിപ്പിക്കാൻ മുരിങ്ങ വിത്തിലെ എണ്ണയും പ്രയോജനപ്പെടുത്തുന്നു.
വിവിധ ഇനങ്ങൾ :
  • നാടൻ- കുറിയ ഇനം:
കേരളത്തിൽ അങ്ങോളം കാണപ്പെടുന്ന ഇനം. വേലിക്കലായി കാണുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് നീളം 10-15 സെ. മീറ്ററും നല്ല വണ്ണവുമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. മറ്റിനങ്ങളേക്കാൾ രുചിയും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. കായ്കൾ അര വിളവാകുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങവുന്നതാണ്. മരമൊന്നിന് 30-50 വരെകായ്കൾ ആദ്യ വർഷത്തിലും പിന്നീട് 100-150 വരെ കായ്കൾ തുടർന്നുള്ള വർഷങ്ങളിൽ ലഭ്യമാകും. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.
  • നാടൻ- നെടിയ ഇനം:
കേരളത്തിൽ സർവ്വസാധാരണ കാണപ്പെടുന്ന ഇനം. ഈ ഇനത്തിന്റെ കായ്കൾക്ക് 20-35 സെ. മീറ്റർ നീളമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. കുറിയയിനങ്ങളേക്കാൾ രുചികുറവെങ്കിലും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. മരമൊന്നിന് 80-100 വരെ കായ്കൾ ആദ്യ വർഷത്തിലും പിന്നീടുള്ള വർഷങ്ങളിൽ 150-200 കാ‍യ്കൾ ലഭ്യമാകും. കായ്കൾ പാകമാകുമ്പോൾ ഭാരക്കൂടുതൽ കാരണം ശാഖകൾ ഒടിയുന്നത് പതിവാണ്. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.
  • അനുപമ:
കേരള കാർഷിക യൂണിവേർസിറ്റി, വെള്ളാണിക്കര പുറത്തിറക്കിയ ഇനമാണ് അനുപമ. ഇടത്തരം നീളവും പച്ചനിറവുമുള്ള കായ്കളാണ് ഈ ഇനത്തിൽ നിന്നും ലഭിക്കുന്നത്. മുരിങ്ങ മരമൊന്നിന് വർഷത്തിൽ ശരാശരി 30 കി. ഗ്രാം കായ്കൾ ലഭിക്കും. മികച്ച പാചക ഗുണമേന്മയാണ് ഇതിന്റെ പ്രത്യേകത.
  • ജാഫ്ന മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 60-70 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് മൃദുത്വം, സ്വാദ് എന്നിവ കൂടുതലുമാണ്. വർഷത്തിൽ കൂടുതൽ വിളവ് ലഭിക്കുന്നു എന്നത് മേന്മയാണ്.
  • ചാവക്കച്ചേരി മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 90-120 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് നാര് അൽപ്പം കൂടുതലുമാണ്.
  • ചെമ്മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനമാണ്. കായുടെ അറ്റത്ത് ചുവപ്പ് നിറം കാണുന്നത് ശ്രദ്ധേയമായ പ്രത്യേകതയാണ്. ആയതുകൊണ്ടാണ് ഈ ഇനത്തിന് ഈ പേരു വന്നത്. വർഷം മുഴുവനും പൂക്കുകയും കായിടുകയും ചെയ്യുന്നു. ആയതിനാൽ നല്ല കമ്പോള മൂല്യമുണ്ട്.
  • യാഴ്പാണം മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനം ജാഫ്ന ഇനത്തിന് സമാനമാണ്. തമിഴ് നാട്ടിൽ കൃഷി ചെയ്തുവരുന്നു. ഇനത്തിന് 60-70 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് നേരിയ മൃദുത്വം, സ്വാദ് എന്നിവ കാണുന്നു. വർഷത്തിൽ കൂടുതൽ വിളവ് ലഭിക്കുന്നു.
  • പാൽ മുരിങ്ങ:
തമിഴ്നാട്ടിൽ കാണപ്പെടുന്ന ഇനമാണ്. കായ്കൾക്ക് നല്ല രുചിയും മാംസള ഭാഗത്തിന് കട്ടിയുമുണ്ടായിരിക്കും.
  • പൂന മുരിങ്ങ:
വണ്ണം കുറഞ്ഞ കായുള്ള ഇനം. കേരളത്തിൽ അപൂർവ്വമെങ്കിലും തമിഴ്നാട്ടിൽ വാണിജ്യാ‍ടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു. വർഷം മുഴുവൻ കായ് ലഭിക്കും.
  • കൊടികാൽ മുരിങ്ങ:
തമിഴ്നാട്ടിൽ കാണപ്പെടുന്ന ചെറിയ കായ്കൾ ലഭ്യമാകുന്ന ഇനമാണ് കൊടികാൽ മുരിങ്ങ. 15-20 സെ. മീറ്റർ നീളം വരുന്ന കായ്കളുണ്ട്. കുറ്റിയിനത്തിലുള്ള ഇനത്തിന്റെ വിത്തുപാകിയാണ് തൈ മുളപ്പിക്കുന്നത്.
  • കെ. എം-1(കുടുമിയൻ മലൈ-1):
തമിഴ്നാട്ടിൽ കാണപ്പെടുന്ന ചെറിയ കായ്കൾ ലഭ്യമാകുന്ന  ഈ ഇനത്തിന് കൊടികാൽ മുരിങ്ങയുമായി അഭേദ്യബന്ധമുണ്ട്. 15-20 സെ. മീറ്റർ നീളം വരുന്ന കായ്കളുണ്ട്. കുറ്റിയിനത്തിലുള്ള ഇനത്തിന്റെ വിത്തുപാകിയാണ് തൈ മുളപ്പിക്കുന്നത്. 6 മാ‍സം വിത്തു മുളപ്പിച്ചശേഷമാണ് നടുന്നത്. 2-3 വർഷങ്ങൽക്കകം നല്ല വിളവു നൽകുന്ന ഈ ഇനം മരമൊന്നിന്  വർഷത്തിൽ ശരാശരി 500 കായ്കൾ നൽകുന്നു.
  • പി.കെ.എം-1:
പെരിയകുളം തമിഴ് നാട് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ് പി.കെ.എം-1. വിത്തു മുരിങ്ങ വിഭാഗത്തിൽപ്പെടുന്ന ഈ ഇനത്തിന് 6 മീറ്റർ വരെ ഉയരമുണ്ട്. 100 ദിവസത്തിനടുത്ത് പൂവിടുകയും 160 ദിവസം ആദ്യ വിളവ് ലഭ്യമാകുകയും ചെയ്യുന്നു. 200-225 കായ്കൾ വർഷത്തിൽ ലഭിക്കുന്നു. കായ്കൾക്ക് 70 സെ. മീ. നീളവും പച്ച നിറവും, നല്ല ദശയും കാണുന്നു. ഒരാണ്ടൻ ഇനത്തിൽപ്പെടുന്ന ഇനമാണ്.
  • പി.കെ.എം-2:
പെരിയകുളം തമിഴ് നാട് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള മറ്റൊരിനമാണ് പി.കെ.എം-2. വിത്തു മുരിങ്ങ വിഭാഗത്തിൽപ്പെടുന്ന ഈ ഇനത്തിന് 4-6 മീറ്റർ വരെ ഉയരമുണ്ട്. ഈ ഇനത്തിന്റെ കായ്കൾക്ക് 125-130 സെ. മീ. നീളവും കാണുന്നു. ഒരാണ്ടൻ ഇനത്തിൽപ്പെടുന്ന ഇനമാണ്.
  • ധൻരാജ്:
കർണ്ണാടക അരഭവി കാർഷിക യൂണിവേർസിറ്റി വികസിപ്പിച്ച ഇനമാണ് ധൻരാജ്. വിത്തു മുരിങ്ങാ ഇനമാണ്. വാർഷിക ഉത്പാദന ക്ഷമത കൂടുതലാണ്.
പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താൽ പരാഗണം നടക്കുന്നു.
  • കാറ്റിന്റേയും ജലത്തിന്റേയും സഹായത്താലാണ് വിതരണം നടത്തുന്നത്.
ഉത്പാദനവും വളപ്രയോഗവും :
  • കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ സാധാരണ ഇനങ്ങളിൽ 6 മുതൽ 10 വരെ വിത്തുകൾ കാണുന്നു.
  • വിത്തുകൾ ഉപയോഗിച്ച് തൈകൾ നിർമ്മിക്കാവുന്നതാണ്.
  • വിത്തു തൈകൾ വളരാൻ കൂടുതൽ സമയം ആവശ്യമായതിനാൽ സാധാരണ നിലയിൽ വിളവുനൽകാൻ കാലതാമസമെടുക്കാറുണ്ട്.
  • എല്ലത്തരം മണ്ണിലും വളർന്നു കാണുന്ന മുരിങ്ങയുടെ കാണ്ഡം നട്ടാണ് സാധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്.
  • മുരിങ്ങ കടുത്ത വേനൽ സഹിക്കുന്നു. നല്ല വെയിലുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യവുന്നതാണ്
  • വളക്കൂറും നല്ല നീർവാർച്ചയുമുള്ള മണൽ കലർന്ന എക്കൽ മണ്ണുമാണ് മുറിങ്ങകൃഷിക്ക് കൂടുതൽ അനുയോജ്യം.
  • ഏകവർഷിയായോ ബഹുവർഷിയായോ കൃഷിചെയ്യാവുന്ന മരമാണ് മുരിങ്ങ. കമ്പ് നട്ട് ആദ്യ വർഷം കൂടുതൽ രുചിയുള്ള കായുണ്ടാകുന്നതിനാൽ ഏകവർഷി രീതി ഗുണകരമാണ്.
  • അതിരുകൾ, മണ്ണൊലിപ്പുള്ള സ്ഥലങ്ങൽ എന്നിവിടങ്ങളിൽ ബഹുവർഷിയായി കൃഷിചെയ്യവുന്നതാണ്.
  • മുരിങ്ങ കമ്പ് / കവർതൈ മഴക്കാലം തുടങ്ങുന്നതിന് മുൻപ് തുടങ്ങുന്നതാണ് നല്ലത്.
  • കമ്പുമുറിച്ച് നടുമ്പോൾ 1-1.5 മീറ്റർ നീളവും 15 സെ. മീറ്റർ വണ്ണവുമുള്ളതാണ് നടീലിന് കൂടുതൽ അനുയോജ്യം.
  • വിത്തുനടുമ്പോൾ കവറുകളിൽ കമ്പോസ്റ്റ് / ചാണകപ്പൊടി എന്നിവ നിറച്ചശേഷം 2-3 സെ.മീറ്റർ ആഴത്തിൽ വിത്തു നട്ട് 5 ഇലകൾ വരുമ്പോൾ വേരിന് ക്ഷതം വരാതെ കുഴികളിൽ നടാവുന്നതാണ്.
  • നട്ട് ആറുമാസത്തിനും ഒരുവർഷത്തിനുമിടയിൽ കായ്ക്കുന്നതാണ് ഒരാണ്ടൻ ഇനങ്ങൾ. ഗാർഹികാവശ്യങ്ങൾക്കായി വീട്ടുവളപ്പിൽ നടാൻ ഉപയോഗിക്കാവുന്നതാണ്.
  • ഗാർഹികാവശ്യത്തിനെങ്കിൽ 30-50 സെ. മീറ്റർ ആഴത്തിലും 20-40 സെ.മീറ്റർ വീതിയിലും കുഴികൾ എടുത്ത്  ചെടികൾ നടാവുന്നതാണ്. തൈകൾ തമ്മിൽ 2-2.5 മീറ്റർ അകലവുമുണ്ടായിരിക്കണം.
  • ഇലയുടെ ആവശ്യത്തിനെങ്കിൽ വളരെ അടുപ്പിച്ച് തൈകൾ നടാവുന്നതാണ്.
  • വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതെങ്കിൽ 60-75 സെ. മീറ്റർ സമചതുരത്തിലും അത്രയും താഴ്ച്ചയിലുമാണ് കുഴിയെടുക്കേണ്ടത്. കുഴിയിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്തുവേണം തൈനടുന്നത്. കുഴികൾ തമ്മിൽ 5 മീറ്റർ അകലവുമുണ്ടായിരിക്കും.
  • കമ്പ് നട്ടാൽ 6-8 മാസങ്ങൾക്കുള്ളിൽ ആദ്യ വിളവ് ലഭിക്കും. ആദ്യ വർഷം വിളവു 80-120 കായ്കളും രണ്ടാം വർഷത്തിൽ 150-250 കായ്കളും മൂന്നാം വർഷത്തിൽ 350-400 കായ്കളും ഉണ്ടാകുന്നു.
  • മുരിങ്ങയ്ക്ക് നല്ല ആകൃതി കിട്ടുന്നതിന് ശാഖകൾ ഒതുക്കി വെട്ടി നിർത്തിയും ഉയരത്തിൽ പോകുന്ന ശാഖകൾ ക്രമപ്പെടുത്തുകയും വേണം.
  • മഴക്കാലത്തിനുമുൻപ് ചെടിയ്ക്ക് ചുറ്റും തടമെടുത്ത് വെള്ളം വാർന്നുപോകാൻ അനുവദിക്കണം.
  • ജൂൺ മാസത്തിലാണ് വളപ്രയോഗം നടത്തേണ്ടത്.
  • മുരിങ്ങ നട്ട് മൂന്ന് മാസത്തിന് ശേഷം 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം യൂറിയ, 50 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.
  • ആറുമാസത്തിനുശേഷം 15 കിലോ ചാണകപ്പൊടി, 100 ഗ്രാം യൂറിയ എന്നിവ വളമായി നൽകണം.
  • തീരെ വളം കുറഞ്ഞ പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ വർഷം തോറും രണ്ടോ മൂന്നോ തവണ 250 ഗ്രാം നിരക്കിൽ എല്ലുപൊടി, കോഴിവളം, പിണ്ണാക്ക് എന്നിവ നൽകേണ്ടതാണ്.
  • 17:17:17 കോംപ്ളക്സ് വളം 100 ഗ്രാം വീതം വർഷം മൂന്നുനാലുതവണ നൽകുക അല്ലെങ്കിൽ 100 ഗ്രാം യൂറിയ, 50 ഗ്രാം സൂപ്പർ ഫൊസ്ഫേറ്റ്, 50 ഗ്രാം പൊട്ടാഷ് എന്നിവ നൽകുക.
  • വളപ്രയോഗം നടത്തുന്നത് മരച്ചുവട്ടിൽ നിന്നും രണ്ടടി മാറ്റി തടമെടുത്ത് വളപ്രയോഗം ചെയ്യാവുന്നതാണ്.
  • ചെടിച്ചുവട് നനച്ചതിന് ശേഷം മാത്രമേ വളപ്രയോഗം നടത്താവൂ.
  • ഉത്തരേന്ത്യയിൽ വസന്തകാലത്ത് കായ്കളുണ്ടാകുമ്പോൾ തെക്കേയിന്ത്യയിൽ വർഷത്തിൽ രണ്ട് തവണ ( മാർച്ച്- ഏപ്രിൽ, ഓഗസ്റ്റ്-സെപ്തംബർ) കായ്കൾ ഉണ്ടാകാറുണ്ട്.
  • തൈ നട്ട് 60 ദിവസമാകുമ്പോൾ ഇലശേഖരിക്കാവുന്നതാണ്. വർഷത്തിൽ ഏഴുതവണ വിളവെടുക്കാൻ കഴിയും.
  • ഇലവിളവെടുക്കുന്ന ഇനത്തിന്റെ 60 സെ. മീറ്റർ ഉയരത്തിൽ വെട്ടിനിർത്തിയാൽ കൂടുതൽ ഇല ലഭ്യമാകും.
രോഗങ്ങളും രോഗ നിവാരണവും :
രോഗാണു:        ഫംഗസ് (ലീവെല്ലുല റ്റൂറിക്ക)
ലക്ഷണം:       സസ്യത്തിന്റെ കാണ്ഡത്തിലും ഇലകളിലും പൌഡർ പൂശിയപോലെ വിതറിയോ കട്ടിയായോ കാണപ്പെടുന്നു. ഇവയുടെ കോളനി രൂപത്തിലെ കൂട്ടത്തിനനുസരിച്ച് വ്യാപിക്കാറുണ്ട്. ഇലകളും ശാഖകളും ക്രമേണെ ചീഞ്ഞ് നശിച്ചു പോകുന്നു.
പ്രതിവിധി:       രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. ബോർഡോ മിശ്രിതം(തുരുശ്ശ് ലായനി) മരപ്പട്ടയിൽ തേയ്ച്ചോ രോഗാണു നിയന്ത്രിക്കവുന്നതാണ്.
കീടങ്ങളും കീട നിവാരണവും :
  • കീടം: രോമപ്പുഴു
ലക്ഷണം: ഇലകളുടെ ഉപരിതലത്തിൽ ഒറ്റയ്ക്കോ കൂട്ടമായോ ലോമപ്പുഴുക്കൾ കാണുന്നു. ഇവ തളിരിലകളും മറ്റും കാർന്നുതിന്നാറുണ്ട്. ആക്രമണശേഷം ഇലഞെട്ടുകൾ മാത്രം കാണുന്നു.
നിവാരണം: മണ്ണെണ്ണ സോപ്പ് ലായനിയാണ് ഒരാണ്ടൻ ഇനങ്ങൾക്ക് പറ്റിയ കീടനിവാരണ മാർഗ്ഗം. 500 മി. ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം 1000 മി. ലിറ്റർ മണ്ണെണ്ണ ചേർത്തിളക്കിയാൽ മണ്ണെണ്ണ സോപ്പ് ലായനി തയ്യാർ. ഇതിൽ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചശേഷം കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഇലയ്ക്കായി കൃഷിചെയ്തുവരുന്ന ഇനങ്ങൾക്ക് ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.
  • കീടം: ഇലതീനിപ്പുഴുക്കൾ
ലക്ഷണം:  മുരിങ്ങയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: ഇലപ്പേൻ
ലക്ഷണം:  മുരിങ്ങയുടെ ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: തണ്ടുതുരപ്പൻ പുഴു
ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.
  • കീടം: കായീച്ച / പഴയീച്ച
ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: ചിതൽ
ലക്ഷണം: തറയിൽ അങ്ങിങ്ങായും തടിചുവട്ടിലും ചിതൽ പുറ്റുകളോ, മൺ വട്ടങ്ങളോ കാണുന്നതാണ് ചിതലിന്റെ ലക്ഷണം. മണ്ണിൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകളും തടികളും ഒക്കെയാണ് ഇവയുടെ വളർച്ചയെ സ്വാധീനിക്കുന്ന വസ്തുക്കൾ. ചെറിയ നനവ് ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

നിവാരണം:     കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതാണ് ശ്രദ്ധേയമായ ഏക മാർഗ്ഗം. ചിതൽ സാന്നിദ്ധ്യം ശ്രദ്ധ്യിൽപ്പെട്ടാൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകൾ തടികൾ മുതലായവ നീക്കം ചെയ്യുന്നത് നല്ലതാണ്. മണ്ണെണ്ണ സോപ്പ് ലായനിയാണ് ചിതലുകൾക്ക് എതിരെ പ്രയോഗിക്കവുന്ന കീടനിവാരണ മാർഗ്ഗം. 500 മി. ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം 1000 മി. ലിറ്റർ മണ്ണെണ്ണ ചേർത്തിളക്കിയാൽ മണ്ണെണ്ണ സോപ്പ് ലായനി തയ്യാർ. ഇതിൽ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചശേഷം കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. തടിയിൽ ചിതലിന്റെ ആക്രമണമുണ്ടായാൽ ആ ഭാഗത്തെ ചിതൽ മണ്ണ് മാറ്റിയശേഷം കുമ്മായപ്പൊടിയോ തുരിശോ തേയ്ച്ച് പിടിപ്പിച്ചും അവയെ നിയന്ത്രിക്കാവുന്നതാണ്.
മറ്റ് വിശേഷങ്ങൾ:
  • ഏഷ്യയിൽ മാത്രം കണ്ടുവരുന്ന ചെറുസസ്യമാണ് മുരിങ്ങ.
  • ഹിമാലയത്തിന്റെ തെക്കൻ ചരിവ് ഭാഗങ്ങളാണ് മുരിങ്ങയുടെ ഉത്ഭവസ്ഥാനം
  • ഉത്പാദനത്തിൽ ഭാരതമാണ് ലോകത്തിൽ ഒന്നാമതാ‍യി നിൽക്കുന്നത്.
  • കൃഷിയിട വിസ്താരത്തിലും ഉത്പാദനത്തിലും ആന്ധ്രാ പ്രദേശ് ഒന്നാമതായി നിൽക്കുന്നു.
  • എം.ഒ-44, എം.ഒ-70, എം.ഒ-95 എന്നീ മുരിങ്ങകൾ കേരള കാർഷിക യൂണിവേർസിറ്റി, വെള്ളാണിക്കര പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങളാണ്.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം ഓറഞ്ചിലുള്ളതിനേക്കാൾ 7 മടങ്ങ് വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരു മി. ലിറ്റർ പാലിലുള്ളതിനേക്കാൾ 4 മടങ്ങ് കാത്സ്യം, 2 മടങ്ങ് കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം ക്യാരറ്റിലുള്ളതിനേക്കാൾ 4 മടങ്ങ് വൈറ്റമിൻ എ അടങ്ങിയിരിക്കുന്നു.
  • ഒരുഗ്രാം മുരിങ്ങയിലയിൽ ഒരുഗ്രാം വാഴപ്പഴത്തിലുള്ളതിനേക്കാൾ 3 മടങ്ങ് പൊട്ടാസ്യംഅടങ്ങിയിരിക്കുന്നു.
  • മുരിങ്ങ വിത്ത് തൈ
  • മുരിങ്ങ തണ്ട്
  • മുരിങ്ങ ഇല
  • മുരുങ്ങക്കായ് മുരിങ്ങയിൽ
  • മുരിങ്ങ വിത്ത്
  • മുരിങ്ങക്കായ്

No comments:

Post a Comment