Saturday, 2 April 2016

7. വാളൻപുളി മരം

വാളൻപുളി മരം – Tamarind tree
     വാളൻപുളി മരത്തിന്റെ ഫലമായ വാളൻ പുളി ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്തുന്നു. ഇന്ത്യയുടെ ബന്ധം സൂചിപ്പിക്കുന്ന ഇൻഡിക്ക എന്ന പദമുണ്ടെങ്കിലും ഉത്ഭവമായി കണക്കാക്കുന്നത് ആഫ്രിക്കയാണ്. നാട്ടിൽ മാത്രമല്ല കാട്ടിലും പുളിമരത്തിന്റെ സന്നിദ്ധ്യമുണ്ട്. പുളിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ നിത്യേനെയുള്ള ആഹാരത്തിലെ പ്രധാന കറിക്കൂട്ടുകളിലെല്ലാം പുളി അടങ്ങിയിട്ടുണ്ട്. . പുളിമരച്ചുവട്ടിൽ അമ്ളതകൂടുതലായതിനാൽ മറ്റുചെടികൾ കാണാറില്ല. കളിമണ്ണ്, മണൽ, അമ്ളത അന്നിവയുടെ സാന്നിദ്യമുള്ള മണ്ണിൽ വളരുന്നു. വരൾച്ചയേയും ഉപ്പിനേയും പ്രതിരോധിക്കുന്നു. 50-80 വർഷം വരെ കായ്ഫലത്തോടെ വളരുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:ഫാബേസീ (ഉപ കുടുംബം- സിസാൽപീനിയേസീ)
ശാസ്ത്ര നാമം:ടമറിൻഡസ് ഇൻഡിക്ക / Tamarindus indica

അറിയപ്പെടുന്ന പേരുകൾ:
മലയാളം:നാട്ടുപുളി, വാളൻ പുളി, നാടൻ പുളി
ഇംഗ്ളീഷ്:ടമരിന്റ് ട്രീ (Tamarind tree)
സംസ്കൃതം:അമ്ളികാ, ചിഞ്ചാ, തിന്തിഡഃ
ഹിന്ദി  :ഇമലി, അമ്ളി
ബംഗാളി:തേതുൽ
തമിഴ്  :ആംബിലം
തെലുങ്ക്           :ചീന്ത

സസ്യ വിശേഷങ്ങൾ :
       ഏകദേശം 25-30  മീറ്റർ വരെ ശാഖകളായി പടർന്നു പന്തലിച്ച് വളരുന്ന ബഹുവർഷി സസ്യമാണ് വാളൻ പുളിമരം. പൂക്കൂടയുടെ ആകൃതിയിൽ വളർന്ന് കാണുന്ന ഇവ വളരെ പതിയേയാണ് വളരുന്നത്.  ഇന്ത്യയിലുടനീളം സമൃദ്ധമായി കാണപ്പെടുന്നു. ഇലപൊഴിക്കുന്ന സസ്യം കൂടിയാണിത്
  • കാണ്ഡം:
കാണ്ഡം ചാരനിറത്തിലും ഉള്ളിൽ കറുത്ത് കട്ടിക്കാതലുമുണ്ട്. പുറന്തൊലിയ്ക്ക് വിണ്ടുകീറലുണ്ട്. വെള്ളയ്ക്കും കാഠിന്യമുണ്ട്. പുറംതൊലി പരുക്കനും കടുത്ത ചാരനിറത്തിലും കാണപ്പെടുന്നു. കൂടാതെ നെടുകേ വീതികുറഞ്ഞ നീളത്തിലുള്ള വിള്ളലുകളുണ്ട്. ശാഖകൾ പ്രധാന ശാഖകൾക്ക് സമാന്തരമായി വളരുന്നു. ശാഖകൾ കാഠിന്യമേറിയതും കാറ്റിനെ പ്രതിരോധിക്കുന്നതുമാണ്. തടിയുടെ വെള്ളയുടെ നിറം ഇളം മഞ്ഞനിറമാണുള്ളത്. കാതൽ വളരെകുറച്ചുമാത്രം കാണുന്നതും കടുത്ത ബ്രൌൺ നിറവുമാണുള്ളത്. പുളിത്തടി കാഠിന്യവും വലുപ്പവും ബലമേറിയതും പ്രാണികളുടെ ആക്രമണം ചെറുക്കുന്നവയുമാണ്.
  • വേര് :
തായ് വേര് പടല വേരുകളാണ്. കാഠിന്യമേറിയ കാതലുള്ള വേരുകളാണ് പുളിമരത്തിനുള്ളത്. ഭൂമിക്കു ഉപരിതലത്തിൽ വൻ വേരുകൾ എഴുന്ന് കാണാറുണ്ട്.
  • ഇല:
പുളിയിലകൾ നിത്യഹരിതവും പിച്ഛാകാരസംയുക്തങ്ങളുമാണ്. ഏകാന്തര വിന്യാസത്തിലുള്ള ഇലകൾ നീളം 5 -10 സെ.മീ. വരെയുണ്ട്. സമുഖമായ 10-20വരെ ജോഡി പത്രകങ്ങളുണ്ട്. ആ‍യതാ(അണ്ഡാകൃതി)കൃതിയിലുള്ള പത്രങ്ങൾക്ക് ഞെട്ടില്ല. തളിരിലകൾക്ക് ഇളം പച്ചനിറവും പുളിരുചിയുമുണ്ട്. രാത്രികാലങ്ങളിൽ ഇലകൾ കൂമ്പാറുണ്ട്.
  • പൂവ് :
8-10 വർഷം വരെ പ്രായമായ പുളിമരങ്ങളിൽ ശിശിരകാലാന്ത്യത്തിൽ (ഫെബ്രുവരി-മാർച്ച്) പൂക്കൾ കുലകളായി പ്രത്യക്ഷപ്പെടും. പൂക്കൾ മഞ്ഞ കലർന്ന ചുവന്ന നിറത്തോട് കൂടിയ ദ്വിലിംഗ പൂങ്കുലകളാണ്. ബാഹ്യ ദളങ്ങൾ നാലും ദളങ്ങൾ മൂന്ന് വീതവുമുണ്ട്. പൂങ്കുലയിൽ സയുക്തങ്ങളായ പൂർണ്ണവളർച്ചയെത്തിയ 3 കേസരങ്ങളുണ്ട്.

  • ഫലം:
പുളിയുടെ ഫലം പോഡാണ്. ഏപ്രിൽ- മേയ് മാസങ്ങളിലാണ് കായ്കൾ വിളയുന്നത്. കായ്കൾ 10 മുതൽ 15 സെ.മീറ്റർ നീളത്തിൽ അരിവാൾ രൂപത്തിൽ താഴേക്ക് തൂങ്ങിയ രീതിയിലാണ്. കായ്കൾ പരന്നതും പയറുപോലുള്ളതും ക്രമരഹിതമായി വളഞ്ഞുമാണ് കാണുന്നത്. കായ്കളിൽ ഉയന്നുകാണുന്ന 1 മുതൽ 6 വിത്തുകൾ കായ്കളിൽ കാണുന്നു. വിളവാകാത്ത കായ്കൾക്ക് സ്വർണ്ണ വർണ്ണമുള്ള പച്ചനിറമുള്ള തൊലിയും അൽപ്പം കാഠിന്യവുമുണ്ട്. വിളഞ്ഞ് പഴുക്കുമ്പോൾ ഇവയുടെ വിത്തിനെ പൊതിഞ്ഞ്  തവിട്ട് (കറുവപ്പട്ടയുടെ) നിറത്തിൽ കുഴമ്പ് രൂപത്തിൽ പുളിയോട് (അമ്ളതയോടുള്ള) കൂടിയ കഴമ്പുമുണ്ട്. ഒട്ടിപ്പിടിക്കുന്ന പൾപ്പിനെ പൊതിഞ്ഞ് സമാന്തരമായും എളുപ്പം എടുത്തുമാറ്റാവുന്ന നാരുകൾ കാണുന്നു. വിത്തിന്റെ മുഴപ്പ് കാണാവുന്ന ആകൃതിയാണ് വിളഞ്ഞ കായ്കൾക്ക് ഉള്ളത്. മൂപ്പെത്തുമ്പോൾ പെട്ടെന്നു പൊട്ടുന്നതാണ് ഇതിന്റെ പുറമ്പാളി. പുളിക്കുള്ളിലെ വിത്ത് പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്. പ്രതിവർഷം 200-250 കി.ഗ്രാം വാളൻപുളി പ്രതിവർഷം ലഭിക്കുന്നു.
ഉപയോഗങ്ങൾ:
  • കായ് :
പുളിയുടെ വിളഞ്ഞുപഴുത്ത കായ്ക്കുഴമ്പിന് മധുരവും പുളിയുമുണ്ട്.  പുളിച്ചാറ് കറികളിൽ ഉൾപ്പെടുത്തി ആഹാരമായി ഉപയോഗിക്കുന്നു. ബുദ്ധമതക്കാരും ഹിന്ദുക്കളും വീടുകലിലേയും ക്ഷേത്രങ്ങളിലേയും പിച്ചള, ചെമ്പ്, ഓട് നിർമ്മിതമായ പാത്രങ്ങളും വിളക്കുകളും മറ്റ് ആരാധനാ ഉപകരണങ്ങളിലെ ക്ളാവ് നീക്കി തിളക്കമുള്ളതാക്കാൻ പുളിക്കുഴമ്പ് ഉപയോഗിക്കുന്നു. മധുരപ്പുളിക്കുഴമ്പും പഞ്ചസാരയും ചേർത്ത് കാൻഡി, മിഠായികൾ എന്നിവ നിർമ്മിക്കുന്നു.
കാണ്ഡം:
പുളിത്തടി ഉരൽ, ചക്ക്, പണിയായുധങ്ങൾ, കട്ടിളകൾ, ഫർണിച്ചർ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. പുളിവിറക് ഒന്നാന്തരം വിറകാണ്. കരി വെടിക്കോപ്പുകളിൽ ഉപയോഗിക്കുന്നു.
രാസഘടകങ്ങൾ:
ഇല:
പുളി ഇലയിൽ ടാർടാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
പുളി  :
വിളഞ്ഞ വാളൻപുളിയിൽ വൈറ്റമിൻ ബി, പഞ്ചസാര, ധാരാളമുണ്ട്., ടാർടാറിക്, സിട്രിക്, അസെറ്റിക്, മാലിക് എന്നീ അമ്ളങ്ങളും സുക്രോസ് എന്നിവയും കാർബൊഹൈഡ്രേറ്റും കാത്സ്യവും കൊഴുപ്പും, പെക്ടിനും അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഇല, പൂവ്, ഫലമജ്ജ, വിത്ത് എന്നിവയാണ് ഔഷധ യോഗ്യമായ സസ്യ ഭാഗങ്ങൾ.
രസ ഘടകങ്ങൾ
രസം:അമ്ളം
ഗുണം:ഗുരു, രൂക്ഷം
വീര്യം  :ഉഷ്ണം
വിപാക:അമ്ളം
  • പുളിക്കുഴമ്പു വാതം, ദാഹം എന്നിവ ശമിപ്പിക്കും.
  • പുളി കഫം, പിത്തം എന്നിവ വർധിപ്പിക്കും. ദഹനം വർധിക്കും. മലബന്ധം മാറും.
വിവിധ ഇനങ്ങൾ :
ചുവന്ന പുളി, മഞ്ഞപ്പുളി, മധുരപ്പുളി എന്നീ ഇനങ്ങൾ സാധാരണ കാണുന്നു.
  • ചുവന്ന പുളി:
പുളിയുടെ ഫലം വിളയുമ്പോൾ കടുത്ത ചുവന്ന നിറത്തിലാകുകയും ക്രമേണെ കറുക്കുകയും ചെയ്യുന്നു. നാട്ടിൻപുറങ്ങളിൽ കാണുന്ന സാധാരണയിനം വാളൻ പുളികൾ ഏറിയ ഭാഗവും ഈ ഇനത്തിൽപ്പെടുന്നു. പുളി കാലം കൂടുന്തോറും കറുക്കുകയും പുളി കൂടുകയും ചെയ്യുന്നു. കറികളിൽ ഉപയോഗിക്കാൻ ഉത്തമമായതിനാൽ വിപണിമൂല്യം കൂടുതലാണ്. കിഴക്കൻ മേഖലയിൽ കാണുന്നവയ്ക്ക് 6-12 വരെ കുരുകൾ കാണുന്ന വലിയ വാളൻപുളി ഉണ്ടാകുന്നു. പശ്ചിമ മേഖലയിൽ 2-4 വരെ കുരുവുള്ള ചെറിയ ഇനം വാളൻ പുളിയാണ്.
  • മഞ്ഞപ്പുളി:
പുളിയുടെ നിറം മഞ്ഞ കലർന്നതാണ്. അപൂർവ്വമായി നാട്ടിൻപുറങ്ങളിൽ കാണുന്ന ഇവയുടെ രൂപപ്രകൃതിയെല്ലാം ചുവന്ന വാളൻ പുളി മരത്തിന്റേതുതന്നെ. പുളിരുചി കുറവാ‍യ ഈ ഇനത്തിന് വിപണി മൂല്യം കുറവാണ്.
  • മധുരപ്പുളി:
‘സ്വീറ്റ് തമരിൻഡ്’ എന്ന പേരിൽ വിപണിയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഇനം പുളിക്ക് മധുരരസം കൂടുതലമാണ്. പഴമായും കാൻഡിയായും ഉപയോഗിക്കാവുന്നതും വിപണി മൂല്യം കൂടുതലുള്ളതുമാണ്. കറിയ്ക്കുപയോഗിക്കാൻ സാധിക്കില്ല.
  • പെരിയകുളം-1:
തമിഴ് നാട് കാ‍ർഷിക സർവ്വകലാ ശാല പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള ഗ്രാഫ്റ്റ് ഇനമാണ് പെരിയകുളം-1. അധികം സ്ഥലം അപഹരിക്കാതെ വീട്ടുവളപ്പിൽ നടാവുന്ന ഇനമാണിത്. 15 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ഇനത്തിന് നിറയേ ശാഖോപശാഖകളുണ്ട്. നട്ട് നാലാം വർഷം മുതൽ കായ്കൾ ലഭിക്കുമെന്നത് എടുത്തുപറയാവുന്ന മേന്മയാണ്. ഒരുകുലയിൽ 4-7 വരെ കായ്കളുള്ള ഈ ഇനം മറ്റുവിളകളെക്കാൾ 60 ശതമാനം വിളവുലഭിക്കുന്നു. വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന ഈ ഇനം ഏതിനം മണ്ണിലും നന്നായി വളരുന്നു. ഈ ഇനത്തിന്റെ വിത്ത് തൈകളേക്കാൾ മികച്ചത് ഒട്ടുതൈകളാണ്. 150-200 കിലോ ഗ്രാം പുളി ലഭിക്കാറുണ്ട്.
പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താൽ പരാഗണം നടക്കുന്നു.
  • അണ്ണാൻ, കുരങ്ങ്, വാവലുകൾ, പക്ഷികൾ എന്നിവ സഹായത്താലാണ് വിതരണം നടത്തുന്നത്.
ഉത്പാദനവും വളപ്രയോഗവും :
  • കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ സാധാരണ ഇനങ്ങളിൽ 6 മുതൽ 12 വരെ വിത്തുകൾ കാണുന്നു. വിത്തുകൾ നട്ട് പുതിയ തൈകൾ വളർത്തിയെടുക്കലാണ് സാധാരണ പതിവ്.
  • ഗ്രാഫ്റ്റ് തൈകൾ പകുതിക്കാലമാകുമ്പോൾ വിളവു നൽകുന്നതോടൊപ്പം കൂടുതൽ ഫലം ലഭ്യമാക്കുകയും ചെയ്യുന്നു.
  • വിത്തു തൈകൾ സാധാരണ കായ്ക്കുവാൻ 10 വർഷമെടുക്കുമ്പോൾ ഒട്ടുതൈകൾ 4-5 വർഷംകൊണ്ട് കായ്ക്കുന്നു.
  • 1 മീറ്റർ സമചതുരവും അത്രയും ആഴവുമുള്ള (1x1x1മീ. നീളംxവീതിxആഴം) കുഴികളെടുത്ത് അതിന്റെ മുക്കാൽ ഭാഗം ജൈവവളം, മണൽ, മേൽമണ്ണ് ഇവ നിറച്ച് കുഴി മൂടുക.ജൂൺ മാസം മഴയ്ക്കുമുൻപ് തൈ നടാവുന്നതാണ്. ഒട്ടുതൈയാണെങ്കിൽ ഒട്ടുമുളപ്പ് മണ്ണിൽ നിന്നും ഉയർന്ന് നിൽക്കണം. ആവശ്യമെങ്കിൽ താങ്ങ കെട്ടുകയും വേണം.
  • ഒട്ടുകമ്പ് (സയോണിൽ) അല്ലാത്ത മുളപ്പുകൾ കണ്ടാൽ അവയെ നീക്കണം. അല്ലെങ്കിൽ ഒട്ടുശാഖകളൂടെ വളർച്ചയെ ബാധിക്കും.
  • രാസവളപ്രയോഗം ആവശ്യമില്ലെങ്കിലും 5 വർഷം വരെ 50 കിലോ ഗ്രാം ജൈവവളം ഒരു മീറ്റർ ചുവടുമാറ്റി വൃത്തകൃത്തിയിൽ താഴ്ത്തി വളവിടാവുന്നതാണ്.
  • 3 മീറ്റർ ഉയരം വരുമ്പോൾ തലപ്പ് നുള്ളുമ്പോൾ പടർന്ന് പന്തലിക്കുന്ന ശാഖകൾ വളരാൻ കാരണമാകുകയും വിളവെടുപ്പിന് സഹായകമാകുകയും ചെയ്യുന്നു.
  • ഒട്ടുതൈകൾ ആദ്യകൊല്ലം തന്നെ പൂക്കുമെങ്കിലും 3 വർഷം വരെയുള്ള പൂക്കൾ നുള്ളി ഒഴിവാക്കുന്നത് നല്ലതാണ്.
  • T-ബഡ്ഡിംഗ്, ലെയറിംഗ് എന്നിവ നടത്തി മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.

രോഗങ്ങളും രോഗ നിവാരണവും :
  • ഇലപ്പുള്ളി രോഗം:
ലക്ഷണം:       മഴക്കാലത്തോടെ പുളിയിലകൾ മഞ്ഞനിറമാർന്ന് പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞൈലയുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ കറുക്കുകയും കൊശ്ഴിയുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള ഇലകൾ ഉൾപ്പെടുന്ന ചെറു ശാഖകൾ മാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതാണ് ഉചിതം.

കീടങ്ങളും കീട നിവാരണവും :
  • കീടം: മീലിമൂട്ട
ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: വെള്ളമൂട്ട
ലക്ഷണം: പുളിത്തൈകളെ ആക്രമിക്കുന്ന കീടമാണ് വെള്ളമൂട്ട. ചെടിയുടെ വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി മീലിമൂട്ടയേക്കാൾ കൂടിതലും  ആക്രമണം വളരെ വേഗതയിലുമാണ്. വേരുകളിൽ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാൽ വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം: വെള്ളമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.
  • നിമാ വിര:
ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പുളിമരങ്ങളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈ നടുന്ന കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ നല്ലൊരു പരിഹാരമാണ്.
  • കീടം: ഇലപ്പേൻ
ലക്ഷണം:  പുളിയുടെ ഇളം  ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു. ഇളം തൈകളേയാണു ആക്രമിക്കാറുള്ളത്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: ഇലതീനിപ്പുഴുക്കൾ
ലക്ഷണം:  പുളിയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്. ഇളം തൈകളേയാണു ആക്രമിക്കാറുള്ളത്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: കായീച്ച / പഴയീച്ച
ലക്ഷണം: കായീച്ച പുളിയുടെ പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ കൂടുതൽ വളഞ്ഞ് കാണുന്നതും, പെട്ടെന്ന് കൊഴിയുന്നതും  ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചുംകായീച്ച / പഴയീച്ചയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.
മറ്റ് വിശേഷങ്ങൾ :
  • സൂര്യരശ്മിയോടൊപ്പമുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികൾ പുളി കൂടുതൽ ആഗിരണം ചെയ്യുന്നു.
  • പുളിരസക്കുറവും മധുരരസം കൂടുതലുള്ളയിനം വാളൻപുളി കറിക്കൂട്ടുകളിൽ സാധാരണ ഉപയോഗിക്കാറില്ല.
  • പുളിരസക്കൂടുതലും മധുരരസം വളരെകുറവുമുള്ളയിനം പുളിയാണ് കറിക്കൂട്ടുകളിൽ സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്.
  • മദ്യലഹരി കുറയ്ക്കാൻ പുളിവെള്ളം കുടിപ്പിക്കാറുണ്ട്.
  • സുഗന്ധ ദ്രവ്യങ്ങളിൽ അഞ്ചാം സ്ഥാനം പുളിക്കാണ്.
  • നീരിനും വേദനയ്ക്കും പുളിയില വെള്ളത്തിലരച്ച് പുരട്ടുന്നത് നല്ലതാണ്.
  • കരുപ്പെട്ടിയും പുളീയും ഏലവും ചുക്കും അൽപ്പം ചെറുനാ‍രങ്ങയും ചേർത്ത ‘പാനകം’ ചില ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകാറുണ്ട്.
  • കിണർ കുഴിച്ചാലോ വറ്റിച്ചാലോ അതിനുശേഷം ലഭിക്കുന്ന ജലം ശുദ്ധിയാക്കാൻ പുളിയും ഉപ്പും വെള്ളത്തിൽ ചേർക്കാറുണ്ട്.
  • കേരളത്തിലും തമിഴ് നാട്ടിലും പുളിമരത്തിന്റെ എണ്ണം കാര്യമായി കുറയുന്നു. പുളിവിറകിനുള്ള പ്രിയവും, താഴ്ന്ന വളർച്ചാനിരക്കും അമിതമായ കൂലിയുമാണിതിന് കാരണം.
  • വിപണിയിൽ പുളിയിൽ കല്ല്, കുരു എന്നിവ ചേർത്താണ് പുളിയിൽ മായം ചേർക്കുന്നത്.
  • പുളി രുചിചുനോക്കിയാണ് ഗുണം മനസിലാക്കുന്നത്. പുളിരുചിയും കറുപ്പ് നിറവും കൂടുതലുള്ള പുളിക്കാണ് വിപണിമൂല്യം കൂടുതൽ.
  • പഴയകാല തലമുറ പുളിയിലെ കരടുകൾ, തോട്, പുളിങ്കുരു, പുളിനാര് എന്നിവ മാറ്റി വൃത്തിയാക്കിയ ശേഷം കടലുപ്പ്ചേർത്ത് വെയിലിൽ ഉണക്കി വലിയ ഉരുളകളാക്കി പനയോലകളിൽ പൊതിഞ്ഞു അധികനാളുകളായി സൂക്ഷിക്കാറുണ്ട്.
  • വീട്ടാവശ്യത്തിന് വാങ്ങുന്ന പുളിയിലെ കരടുകൾ, പുളിങ്കുരു, പുളിനാര്, തോട് എന്നിവ മാറ്റി വൃത്തിയാക്കിയ ശേഷം ഉപ്പ് പരൽ വിതറി ചേർത്ത് ഉണക്കി ഭരണികളിൽ ഗോളാകൃതിയിൽ അടുക്കി ദീർഘനാളുപയോഗിക്കാം.
  • പ്ളൈവുഡ് വ്യവസായത്തിനും വിറകിനുമായും പുളിമരം ഉപയോഗിക്കുന്നു.
  • പുളിത്തൈ ബോൺസായി മരങ്ങളാക്കി വീട്ടിനകത്ത് അലങ്കാരമായി വയ്ക്കാറുണ്ട്.
  • കന്നുകാലികൾക്കും ആടുകൾക്കും പുളിയില ഭക്ഷണമായി നൽകാറുണ്ട്.
  • ആഫ്രിക്കയിൽ പട്ടുനൂൽ ഉൽപ്പാദനത്തിന് വ്യാവസയികമായി പുളിവെള്ളം ഉപയോഗിക്കാറുണ്ട്.
  • പുളിയില, പൂവ് എന്നിവ മഞ്ഞ നിറത്തിലുള്ള കളർ പൊടികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ആ‍യതുപയോഗിച്ച് കമ്പിളികൾക്ക് ചുവപ്പും, സിൽക്കിന് പച്ചനിറവും ലഭ്യമാക്കുന്നു.
  • പുളിയില വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം അതിൽ പനയോലയിട്ട് തണുപ്പിച്ചശേഷം സവിശേഷമായ പനയോലത്തൊപ്പി നിർമ്മിക്കുന്നു.
  • പുളി കാർഷിക വിളയായി നടുന്ന തോട്ടങ്ങളിൽ തേനീച്ച വളർത്താവുന്നതാണ്. പുളിപ്പൂക്കളിൽ നിന്നും ലഭിക്കുന്ന പൂന്തേന് സ്വർണ്ണ വർണ്ണവും അംമ്ള രസവും മധുരമേറിയതുമാണ്.
  • പുളിത്തടി കാഠിന്യമേറിയതായതിനാൽ പോളിഷ് ജോലികൾക്കും, പാനലിംഗിനും ഫർണിച്ചർ നിർമ്മാണത്തിൽ വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ചക്രങ്ങൾ, ആക്സിലുകൾ, മില്ലുകളിലെ ഗിയറുകൾ, വള്ളങ്ങളുടെയും ബോട്ടുകളുടേയും കിണറുകളിലേയും വശങ്ങളിലെ പലക, കൊട്ടുവടി, ചുറ്റിക, കത്തി എന്നിവയുടെ കൈപിടി, ധാന്യം പൊടിപ്പിക്കുന്ന ചക്കുകൾ, ഉരൽ, ഉലക്ക,സിമന്റ് പണിക്കുള്ള പലകകൾ എന്നിവ നിർമ്മിക്കുന്നതിനും പുളിയുടെ തടി ഉപയോഗിക്കുന്നു.
  • ചെങ്കൽ ചൂള, വിറകടുപ്പ് എന്നിവയിൽ വിറകായും വിറകുകരി വെടിക്കോപ്പുകളിൽ പൌഡർ നിർമ്മിക്കാനും ഉപയോഗിക്കുന്നു. ചെമ്മരിയാടിന്റെ രോമം പുതുതായി വരുന്നതിന് ത്വക്കിൽ തേയ്ച്ച് പിടിപ്പിക്കാറുണ്ട്.
  • പുളിയുടെ ഇളം തണ്ടും വേരും ഉപയോഗിച്ച് പ്രത്യേക രീതിയിൽ ‘വാക്കിംഗ് സ്റ്റിക്ക് ‘(ഊന്നു വടി) തയ്യാറാക്കാറുണ്ട്.
  • വാളൻ പിളിത്തൈ
  • പുളിയില
  • പുളിപ്പൂ
  • പുളിപ്പഴം
  • വാളൻപുളി- ബോൺസായ്
  • പുളിമരം

No comments:

Post a Comment