പപ്പായ – Papaw
അമേരിക്കയിൽ ജന്മം കൊണ്ട പപ്പായ ഇന്ത്യയിലുടനീളം തോട്ടവിളയായും അല്ലാതെയുംകൃഷിചെയ്തു വരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം കാണപ്പെടുന്നു. മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്ക, ഓസ്ട്രേലിയ, മലേഷ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ പപ്പായ കൃഷിചെയ്തുവരുന്നു. പപ്പായ അല്ലെങ്കിൽ ഓമക്ക മരം കേരളത്തിൽ സമൃദ്ധമായിക്കാണുന്നു. ജലസാമീപ്യമുള്ള എല്ലായിടത്തും പപ്പായ നന്നായി വളരും. പപ്പായ ദ്രുത വളർച്ചയുള്ള സസ്യമാണ്. ഫലങ്ങളിൽ വാഴപ്പഴം, ഓറഞ്ച്, മാങ്ങ എന്നിവ കഴിഞ്ഞാൽ ലോകത്തിൽ നാലാം സ്ഥാനമാണ് പപ്പായയ്ക്കുള്ളത്.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം | : | കാരിക്കേസീ |
ശാസ്ത്ര നാമം | : | കാരിക്ക പപ്പായ / Carica papaya L. |
അറിയപ്പെടുന്ന പേരുകൾ:
മലയാളം | : | പപ്പായ, ഓമയ്ക്ക, കപ്പയ്ക്ക, കപ്പളങ്ങ, കർമൂസ്സ്, പപ്പാളി, കർമത്തി |
ഇംഗ്ളീഷ് | : | പപൌ(Papaw), പാപാ(Pawpaw) |
സംസ്കൃതം | : | ഏരണ്ടകർക്കടി |
ഹിന്ദി | : | പപീത |
ബംഗാളി | : | പേപേ |
തമിഴ് | : | പപ്പയ്യ |
തെലുങ്ക് | : | ബോപ്പയി |
സസ്യ വിശേഷങ്ങൾ :
ദ്രുത വളർച്ചയുള്ളതും ഏകദേശം 5-10 മീറ്റർ വരെ നീളമുള്ളതും മിക്കവാറും ഒറ്റത്തടിയായും ഉള്ളിലാതെ പൊള്ളയായും കാണപ്പെടുന്നതുമായ ബഹുവർഷി സസ്യമാണ് പപ്പായമരം. മുഖ്യകാണ്ഡത്തിന് എന്തെങ്കിലും നാശമുണ്ടായാൽ ഒന്നിലധികം കാണ്ഡങ്ങളുണ്ടാകുന്നു. പപ്പായ ഇനങ്ങൾ പൂവുകൾ ഉണ്ടാകുന്ന തരത്തിൽ മൂന്നുതരമുണ്ട്. ആൺ, പെൺ എന്നീ തരത്തിലുള്ള ഏകലിംഗങ്ങളും ദ്വിലിംഗവുമാണത്. ആൺ പൂക്കളുള്ള മരങ്ങൾക്ക് കാര്യമായ ഉപയോഗങ്ങളില്ല. പപ്പായയുടെ ഏതുഭാഗം മുറിച്ചാലും വെളുത്ത നിറമുള്ള കറ ഒഴുകും.
- കാണ്ഡം:
മിക്കവാറും ഒറ്റത്തടിയായി കാണുന്ന ഇതിന്റെ കാണ്ഡത്തിൽ ഇലപ്പാടുകൾ വ്യക്തമായിക്കാണാം. മുഖ്യകാണ്ഡത്തിന് എന്തെങ്കിലും നാശമുണ്ടായാൽ ഒന്നിലധികം കാണ്ഡങ്ങളുണ്ടാകുന്നു. കാണ്ഡം ഉരുണ്ടതും വെളുപ്പ് കലർന്ന പച്ചനിറമുള്ളതുമാണ്. ചിലയിനങ്ങൾക്ക് അൽപ്പം ഇരുണ്ടനിറം കാണുന്നു. ഉൾഭാഗം പൊള്ളയും ജലസാന്നിദ്യമുള്ളതുമാണ്. ബാക്കിഭാഗം നാരുനിറഞ്ഞതുമാണ്.
- വേര്:
തായ് വേരുപടലമാണ് ഇവയ്ക്കുള്ളത്. തണ്ടിന്റേത് പോലെ ജലസാന്നിദ്യമുള്ള വെളുത്ത വേരുകളാണ് ഇവയ്ക്കുള്ളത്.
- ഇല:
പപ്പായയിലകൾ വളരെ 70 സെ. മീറ്റർ വരെ വ്യാപ്തിയിൽ വലുതും കടും പച്ചനിറമുള്ള കൈയുടെ ആകൃതിയുള്ള (ഹസ്താകാരം) വേർപിരിയാത്ത ഇലഭാഗങ്ങളുണ്ട്. ഓരോ വേർപിരിയാത്ത ഇലഭാഗങ്ങളിൽ ചേർന്ന് വേർതിരിയാത്ത ചെറു ഇലഭാഗ രൂപങ്ങളുണ്ട്. പത്ര ഫലകത്തിന് കടുത്ത പച്ച നിറമാണുള്ളത്. ഇലയോടുചേർന്നു ഏകദേശം 0.5-1 മീറ്റർ നീളമുള്ള കുഴൽപോലുള്ള പത്രവൃന്തം കാണുന്നു.
- പൂവ്:
വർഷം മുഴുവനും പൂക്കാലമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്. പൂക്കൾ ഏകലിംഗികളാണ് പത്രകഷങ്ങളിൽ നിന്നും ഉണ്ടാകുന്നു. പൂവിന്റെ തരത്തിൽ ആൺ, പെൺ, ഉഭയലിംഗ പപ്പായ മരങ്ങൾ കാണുന്നു. ആൺ പൂക്കൾക്കു നീളമേറിയ ദളപുട നാളിയും അഞ്ചെണ്ണം കേസരങ്ങളും കാണുന്നു. പെൺ പൂക്കൾ വലുപ്പം കൂടുതലും പുഷ്പദളങ്ങളുടെ അറ്റം പിരിഞ്ഞും സുഗന്ധത്തോടെയും കാണുന്നു. പൂക്കൾ വെള്ളനിറത്തിലോ ഇളം മഞ്ഞ നിറത്തിലോ കാണപ്പെടുന്നു. ആൺ പൂക്കളുള്ളവയിലെ പൂക്കൾ അരമീറ്ററോളം നീളമുള്ള കുഴലിന്റെ അറ്റത്തായികാണുന്നു.പൂവിനു 5 വീതം മാംസളമായ ബാഹ്യ ദളങ്ങളും, ആന്തരിക ദളങ്ങളുമുണ്ട്. കടും മഞ്ഞ നിറമുള്ള 5 കേസരങ്ങളുണ്ട്.
- ഫലം:
പപ്പായയുടെ ഫലം ബെറിയാണ്. ഫലത്തിന്റെ മദ്ധ്യഭാഗം പൊള്ളയും ഫലത്തിന്റെ അകഭാഗം വിത്തുകൾ നിറഞ്ഞതുമാണ്. ചെറിയകായ്കൾക്ക് പച്ചയും വിളയുമ്പോൾ പച്ചകലർന്ന മഞ്ഞ, മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ കാണും. ഇളം ഫലവിത്തുകൾ വെളുത്ത മുത്തുപോലെയും മൂപ്പെത്തിയ ഫലത്തിന്റെ വിത്തുകൾ ഇരുണ്ട നിറവുമാണ്. വിത്തുകൾ ഈർപ്പമുള്ള സ്തരത്തിനുള്ളിൽ കാണപ്പെടുന്നു. വിത്തുകൾ പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്.
ഉപയോഗങ്ങൾ:
- കായ്:
പപ്പായ ഫലങ്ങൾ ഏത് രീതിയിലും പ്രയോജനപ്പെടുത്താം. പച്ച ഫലങ്ങൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. പച്ചക്കായയിലാണ് വെളുത്ത നിറത്തിലുള്ള പപ്പയിൻ കൂടുതലായി കാണുന്നത്. പപ്പയിന്റെ വ്യപാരമൂല്യം കൂടുതലായതിനാൽ പപ്പയിനുവേണ്ടി മാത്രവും കൃഷിചെയ്യുന്നു. പച്ചക്കായ ഉദരകൃമി നാശത്തിന് ഉത്തമമാണ്. പച്ചക്കറിയായും അച്ചാറിനും പപ്പായ ഉപയോഗിക്കാം. പഴുത്ത കായ്കൾ പഴവർഗ്ഗമായി ഉപയോഗിക്കാം. അധികം പഴുക്കാത്ത പഴം കൂടുതൽ ആസ്വാദ്യകരമാണ്. ജാം, ജ്യൂസ്, ജെല്ലി, കാൻഡി എന്നിവയ്ക്ക് പപ്പായ ഉപയോഗിക്കാവുന്നു. ലവണങ്ങൾ, പ്രോട്ടീൻ, കൊഴുപ്പ്, പെക്റ്റിൻ, അന്നജം എന്നിവയടങ്ങിയ പൌഡർ നിർമ്മാണത്തിനും ഫലകഞ്ചുകം പ്രയോജനപ്പെടുത്തുന്നു. ഈ പൌഡർ വിവിധ ഭഷ്യവസ്ഥുക്കളിലും സൌന്ദര്യ വർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു.
- വിത്ത്:
പപ്പായ ഫലത്തിലെ വിത്ത് കരൾ, പ്ളീഹ, ദഹന വ്യവസ്ഥ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.
- തണ്ടിലെ നീര് :
പപ്പായയുടെ തണ്ടിലെ നീര് ഔഷധമായി ഉപയോഗിക്കുന്നു.
- ഇല:
പപ്പായ ഇല താറാവ്, കോഴി, മുയൽ എന്നീ വളർത്ത് മൃഗങ്ങൾക്ക് ഭക്ഷണമായി നൽകിവരുന്നു.
രാസഘടകങ്ങൾ:
- ഫലം:
പപ്പായയുടെ ഫലത്തിൽ പ്രോട്ടിയോലിറ്റിക് അമ്ളമായ പപ്പയിൻ ധാരാളം അടങ്ങിയിരിയ്ക്കുന്നു. പെക്ടിനും സിട്രിക്, മാലിക് എന്നീ അമ്ളങ്ങളും അടങ്ങിയിട്ടുണ്ട്. പ്രധാന വൈറ്റമിനുകളായ വൈറ്റമിൻ-എ, വൈറ്റമിൻ-ബി, വൈറ്റമിൻ-സി എന്നിവയുടെ കലവറയാണ്. ആൽക്കലോയ്ഡുകൾ, ഗ്ളൈക്കൊസ്റ്റെഡുകൾ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. ബീറ്റാകരോട്ടിൻ അടങ്ങിയിരിക്കുന്ന പപ്പായ അർബുദ രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണ്.
- വിത്ത് :
പപ്പായ ഫലവിത്തിൽ കാരിസിൻ എന്ന എണ്ണയുണ്ട്.
- ഇല:
ഇലയിൽ കാർപ്പയിൻ എന്ന ആൽക്കലോയ്ഡും, ടാനിൻ, ആൻട്രാക്വിനോൺ, കാർഡിനോലൈഡ്സ്, ഫിനോളുകൾ, ഗ്ളൈക്കോസൈഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകളായ വൈറ്റമിൻ- വൈറ്റമിൻ-സി, വൈറ്റമിൻ-ഡി, വൈറ്റമിൻ-ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
ആയുഃവേദ പ്രയോഗങ്ങൾ:
ഫലം, കറ, വിത്ത് എന്നിവ ഔഷധഭാഗമാണ്.
രസ ഘടകങ്ങൾ
പച്ച ഫലം
| ||
രസം | : | കടു, തിക്തം |
ഗുണം | : | ലഘു, തീക്ഷ്ണം, രൂക്ഷം |
വീര്യം | : | ഉഷ്ണം |
വിപാകം | : | കടു |
പഴുത്ത ഫലം
| ||
രസം | : | മധുരം |
ഗുണം | : | ഗുരു, രൂക്ഷം |
വീര്യം | : | ശീതം |
വിപാകം | : | മധുരം |
- പച്ച പപ്പായ ഉദരകൃമി നാശത്തിന് ഉത്തമമാണ്.
- പഴുത്ത പപ്പായ ദഹനത്തെ സഹായിക്കുന്നു.
- പപ്പായയുടെ കറയിൽ നിന്നും വിവിധ ആയുഃവേദ ഔഷധങ്ങൾ ഉണ്ടാക്കുന്നു.
- പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽവൃണം എന്നിവ കുറയുന്നതാണ്.
- ഡങ്കിപ്പനിയ്ക്ക് പപ്പായ ഇലയിലെ രാസഘടകകങ്ങൾ ഉപയോഗിക്കാമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
വിവിധ ഇനങ്ങൾ :
ഫലത്തിനായും, പപ്പയിൻ കറയ്ക്കായും പപ്പായ ഇനങ്ങൾ കൃഷി ചെയ്തുവരുന്നു. നാടൻ ഇനങ്ങൾ കൂടാതെ റെഡ് ലേഡി, വാഷിങ്ങ്ടൺ, ഹണി ഡ്യൂ, കൂർഗ് ഹണി ഡ്യൂ, സോളോ, പൂസർ വാർഫ്, പൂസൻഹാ, പൂസ ജയന്റ്, സെലക്ഷൻ-1, സി.ഓ-1, സി.ഒ-2, സി.ഒ-5 എന്നിവയാണ് പ്രധാന ഇനങ്ങൾ.
- നാടൻ ഇടത്തരം:
ഇലക്കൈകൾക്ക് പിങ്ക് നിറമുള്ള ഈ ഇനം കേരളത്തിൽ വീട്ടുവളപ്പിൽ സാധരണ കാണാറുണ്ട്. ചെറിയ മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ ചെറുതും അണ്ഡാകൃതിയുമാണ്. പാകമാകുമ്പോൾ അങ്ങിങ്ങ് പച്ചനിറം കലർന്ന മഞ്ഞ നിറത്തിൽ തൊലിയും, ഓറഞ്ച് നിറത്തിൽ ഫലകഞ്ചുകവും കാണപ്പെടും. വിത്തുകൾ ധാരാളമുണ്ടാകും.
- നാടൻ നെടിയത്:
ഇലക്കൈകൾക്ക് ഇളം മഞ്ഞ നിറമുള്ള ഈ ഇനവും കേരളത്തിൽ വീട്ടുവളപ്പിൽ സാധരണ കാണാറുണ്ട്. ഉയരമുള്ള മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ നീളമേറിയതും ഏകദേശം സിലിണ്ടർ ആകൃതിയുമാണ്. പാകമാകുമ്പോൾ അങ്ങിങ്ങ് പച്ചനിറം കലർന്ന മഞ്ഞ നിറത്തിൽ തൊലിയും, ഓറഞ്ച് നിറത്തിൽ ഫലകഞ്ചുകവും കാണപ്പെടും. വിത്തുകൾ ധാരാളമുണ്ടാകും.
- വാഷിംങ്ങ്ടൺ:
ഇലക്കൈകൾക്ക് പിങ്ക് നിറമാണ്. ശാഖകൾക്ക് പിങ്ക് നിറവും പൂക്കൾക്ക് മഞ്ഞ നിറവുമാണ്. ഫലങ്ങൾ ഉരുണ്ടതോ അണ്ഡാകൃതിയോ ആണ്. നല്ല ആസ്വാദ്യകരമായ രുചിയും മധുരവും മണവുമുണ്ട്. വിത്തുകൾ കുറവുമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ വ്യാവസായികമായി കൃഷി ചെയ്തുവരുന്നു.
- ഹണി ഡ്യൂ / മധുബിന്ദു:
ഹണി ഡ്യൂ, മധുബിന്ദു എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ഇനം പേരുപോലെ ആസ്വാദ്യകരമായ മധുരവും രുചിയുമുണ്ട്. പൊക്കം കുറഞ്ഞ പപ്പായയിനമാണ് ഹണി ഡ്യൂ ഫലത്തിനായി വ്യാവസായികമായി കൃഷി ചെയ്തുവരുന്നു. ആയതിനാൽ എളുപ്പത്തിൽ വിളവെടുക്കാനാകും. ഒന്നു മുതൽ രണ്ടര കിലോ തൂക്കമുള്ള വലുതും നീളമേറിയതുമായ കായ്കൾ വിളയുമ്പോൾ ഇളം മഞ്ഞനിറത്തിലാകും കാണുന്നത്. കായ്കളിൽ വിത്തുകൾ കുറവാണ്. വിപണന മൂല്യം കൂടുതലാണ്. ഇന്ത്യയിലുടനീളം കൃഷിചെയ്തുവരുന്ന ഇനമായ ഇതിന് ആൺ പെൺ വൃക്ഷങ്ങൾ വെവ്വേറെയാണ്.
- കൂർഗ് ഹണി ഡ്യൂ
ഹണി ഡ്യൂ ഇനവുമായി അഭേദ്യബന്ധമുള്ള ഈ ഇനം പേരുപോലെ ആസ്വാദ്യകരമായ മധുരവും രുചിയുമുള്ളതാണ് കൂർഗ്ഗ് ഹണി ഡ്യൂ. രണ്ട് മുതൽ മൂന്നര കിലോ തൂക്കമുള്ള വലുതും അണ്ഡാകൃതിയുള്ളതുമായ കായ്കൾ വിളയുമ്പോൾ പച്ചകലർന്ന മഞ്ഞ നിറത്തിലും ഫലകഞ്ചുകം ഓറഞ്ച് നിറത്തിലാകും കാണുന്നത്. ആൺ പപ്പായ വൃക്ഷങ്ങൾ ഈ ഇനത്തിന് കാണില്ല. ഇന്ത്യയിലെ വടക്ക്- കിഴക്കൻ പ്രദേശത്ത് കൃഷിചെയ്തുവരുന്ന ഇനമാണ്.
- റെഡ് ലേഡി:
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നതും കേരളത്തിൽ അപൂർവ്വമായി കണ്ടുവരുന്ന പപ്പായയിനമാണ് റെഡ് ലേഡി. എഫ്-1 ഹൈബ്രിഡ് ഇനത്തിൽപ്പെടുന്ന ഈ ഇനത്തിന്റെ ജന്മദേശം തായ്ലന്റാണ്. നട്ടുകഴിഞ്ഞ് 8 മാസത്തിനുള്ളിൽ കായ്കൾ പാകമാകും. കായൊന്നിന് ശരാശരി നാലു കിലോ തൂക്കവുമുണ്ടാകും. ഫലത്തിന് സൂക്ഷിപ്പുകാലം കൂടുതലാണ്. മരമൊന്നിനു 50-80 കിലോ ഫലം വർഷത്തിൽ ലഭ്യമാകും. മരത്തിന് പൊക്കം കുറവാണ്. വട്ടപ്പുള്ളി രോഗ ത്തെ കാര്യമായി ചെറുക്കുന്ന ഈ ഇനത്തിന്റെ ഫലത്തിന് 1.5-2 കിലോ തൂക്കവും കാണും. ഫലകഞ്ചുകം കട്ടിയും ചുവപ്പ് നിറവും 13% പഞ്ചസാരയും ആസ്വാദ്യകരമായ മണവുമുണ്ട്.
- സോളോ:
ഹവായി ദ്വീപുകളിൽ നിന്നെത്തിയ പ്രശസ്തയിനമായ സോളോ ആന്ധ്രാപ്രദേശിൽ വ്യാപകമായി കൃഷിചെയ്യുന്നു. പഴങ്ങൾ ചെറുതും പിയറിന് സമാനവുമാണ്. കായ്കൾ 0.5-1 കിലോ വരെ വലുപ്പമുണ്ടാകും. ഈ ഇനത്തിന് ആൺ ചെടികൾ ഉണ്ടാകാറില്ല. പൊക്കം കുറഞ്ഞ ഈ ഇനത്തിന്റെ കായ്കൾ പാകമാകുമ്പോൾ മഞ്ഞകലർന്ന പച്ചനിറവും പഴുക്കുമ്പോൾ മഞ്ഞകലർന്ന ഓറഞ്ച് നിറമോ, പിങ്ക് നിറമോ ഉണ്ടാകും. നല്ല മധുരമുള്ള ഫലം ലഭ്യമാക്കുന്ന ഈ ഇനത്തിന് കാമിയ, സൺ റൈസ് സോളോ, സൺ സെറ്റ് സോളോ, വിസ്റ്റ സോളോ, വൈമനലൊ സോളോ (എക്സ്-77) എന്നീ ഉപവിഭാഗ ഇനങ്ങളുമുണ്ട്. മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നു.
- റാഞ്ചി സെലക്ഷൻ:
ബീഹാറിലെ കർഷകർ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഇനമാണ് റാഞ്ചി. തെക്കേ ഇന്ത്യയിലും വ്യാപകമായി കാണുന്നു. ഇടത്തരം ഉയരമുള്ള ഈ ഇനത്തിന് വലിയ ഫലമുണ്ടാകുന്നു. പഴങ്ങൾ ഗോളാകൃതിയും ഫലകഞ്ചുകത്തിന് കടുത്ത മഞ്ഞ നിറവും ആസ്വാദ്യകരമായ മധുരവുമുണ്ട്. ഇക്കാരണത്താൽ നല്ല വിപണി മൂല്യമുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
- സി. ഒ.-1:
കോയമ്പത്തൂരിലെ തമിഴ് നാട് കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സങ്കര ഇനമാണ് സി. ഒ.-1. ആന്ധ്രാപ്രദേശിൽ ഈ ഇനംവ്യാപകമായി കൃഷിചെയ്യുന്നു. കുള്ളൻ ഇനമായ ഇത് വ്യവായികമായി കൃഷിചെയ്തു വരുന്നു. റാഞ്ചി ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും ഫലത്തിനായി കൃഷിചെയ്തുവരുന്നു. തറനിരപ്പിൽ നിന്നും 60-75 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. കായ്കൾ ഇടത്തരം വലുപ്പവും ഗോളാകൃതിയുമാണ്. പാകമായ പഴതിന്റെ തൊലി മഞ്ഞകലർന്ന പച്ചയും, ഫലകഞ്ചുകം ഓറഞ്ചുകലർന്ന മഞ്ഞയുമാണു. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഇവയിൽ പപ്പയിൻ സാന്നിദ്യം കുറവാണ്.
- സി. ഒ.-2:
കോയമ്പത്തൂരിലെ തമിഴ് നാട് കാർഷിക കോളേജും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇനമാണ് സി. ഒ.-2. കുള്ളൻ ഇനമായ ഇത് വ്യവായികമായി കൃഷിചെയ്തു വരുന്നു. നാടൻ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും പപയിൻ ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. കായ്കൾ ഇടത്തരം വലുപ്പവും അണ്ഡാകൃതിയുമാണ്. പാകമായ പഴതിന്റെ തൊലി മഞ്ഞകലർന്ന പച്ചയും, ഫലകഞ്ചുകം ചുവന്ന നിറത്തിലും, മൃദുവും, ആസ്വാദ്യകരവുമാണ്. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഇവയിൽ പപ്പയിൻ സാന്നിദ്യം കൂടുതലാണ്. ഒരു ഹെക്ടർ പ്രദേശത്ത് നിന്നും വർഷത്തിൽ 250-300 കായ്കൾ ലഭ്യമാകും. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
- സി. ഒ.-3:
സി. ഒ.-2, സൺ റൈസ് സോളോ എന്നീ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഇനമാണ് സി. ഒ.-3. പ്രധാനമായും ഫലം ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. ഉയർമുള്ള ഈ ഇനം സോളോയുമായി അഭേദ്യ ബന്ധമുണ്ട്. കായ്കൾ ഇടത്തരം വലുപ്പവും 1-1.5 കി. ഗ്രാം ഭാരവുമുണ്ട്.. സൂക്ഷിപ്പുഗുണം കൂടുതലാണ്. ഒരു മരത്തിൽ നിന്നും രണ്ടാം വർഷത്തിൽ 100-120 കായ്കൾ ലഭ്യമാകും.
- സി. ഒ.-5:
വാഷിങ്ങ്ടൺ ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ ഇനം പ്രധാനമായും പപയിൻ ലഭിക്കുന്നതിനായി കൃഷിചെയ്തുവരുന്നു. ഇവയിൽ പപ്പയിൻ സാന്നിദ്യം കൂടുതലാണ്. ഒരുകായിൽ നിന്നും 14-15 ഗ്രാം പപൈൻ ലഭിക്കും. ഒരു മരത്തിൽ നിന്നും രണ്ടാം വർഷത്തിൽ 75-80 കായ്കൾ ലഭ്യമാകും. ഒരു ഹെക്ടർ പ്രദേശത്ത് നിന്നും വർഷത്തിൽ 1500-1500 കി. ഗ്രാം പപൈൻ ലഭ്യമാകും
- പൂസ ഡ്വാർഫ്:
പേരുപോലെ കുള്ളൻ/കുറുകിയ ഇനമാണ് പൂസ ഡ്വാർഫ്. ഇടത്തരം വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. അണ്ഡാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 1-2 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 25-30 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ കൃഷി ചെയ്തുവരുന്നു.
- പൂസ ജയന്റ്:
പേരുപോലെ വലുപ്പം കുറഞ്ഞ ഇനമാണ് പൂസ ഡ്വാർഫ്. കുള്ളൻ/കുറുകിയ ഇനമായ ഈ ഇനത്തിൽ നിന്നും വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. അണ്ഡാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 2.5-3 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 35-40 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ഈ ഇനം കൂടുതൽ കൃഷി ചെയ്തുവരുന്നു. ടിന്നിലടച്ച് വിപണിയിലെത്തിക്കാൻ സവിശേഷപ്പെട്ടതാണ്.
- പൂസ മെജസ്റ്റി:
പൂസ മജസ്റ്റി വൈറസ് രോഗങ്ങൾ, നിമാ വിര എന്നിവയുടെ ആക്രമണം ചെറുക്കുന്ന ഇനമാണ്. കായ് ഉത്പാദനത്തിൽ സി. ഓ.-2 മായി സാദൃശ്യമുള്ള ഈ ഇനം പപയിൻ ഉത്പാദനത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇടത്തരം വലുപ്പമുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 1-1.5 കിലോ ഗ്രാം ഭാരവും ഉരുണ്ട ആകൃതിയുമുണ്ടാകും. സൂക്ഷിപ്പ് ഗുണം കൂടുതലുള്ള ഈ ഇനം നട്ട് 146 ദിവസത്തിനുള്ളിൽ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ നന്നാണ്.
- പൂസ ഡെലിഷ്യസ്:
ഇടത്തരം പൊക്കമുള്ള ഇനമായ പൂസാ ഡെലീഷ്യസ് 8 മാസം മുതൽ കായ്ച്ചുതുടങ്ങും. കായ്കൾ ഇടത്തരം വലുപ്പവും 1-2 കി. ഗ്രാം ഭാരവുമുണ്ട്. പാകമായ പഴതിന്റെ ഫലകഞ്ചുകം ഓറഞ്ച് നിറവും നല്ല സുഗന്ധവുമുണ്ട്. സൂക്ഷിപ്പുഗുണം കൂടുതലുള്ള ഈ ഇനത്തെ പ്രധാനമായും ഫലത്തിനായി വളർത്തുന്നു. ഝാർഖണ്ഡ്, ഒഡീഷ, കേരളം, കർണ്ണാടക എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
- പൂസ നൻഹ:
വലുപ്പം കുറഞ്ഞ ഇനമാണ് പൂസ നൻഹ. കുള്ളൻ/കുറുകിയ ഇനമായ ഈ ഇനത്തിൽ നിന്നും വലുപ്പമുള്ള ഫലമാണ് ലഭിക്കുന്നത്. ഗോളാകൃതിയിലുള്ള ഈ ഇനത്തിന്റെ കായ്കൾക്ക് 2.5-3 കിലോ ഗ്രാം ഭാരമുണ്ടാകും. തറനിരപ്പിൽ നിന്നും 35-40 സെ. മീ. ഉയരമാകുമ്പോൾ ആദ്യഫലം ലഭിച്ചു തുടങ്ങും. ഇക്കാരണങ്ങൾ കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ഈ ഇനം കൂടുതൽ കൃഷി ചെയ്തുവരുന്നു. പാകമായ ഫലത്തിലെ ഫലകഞ്ചുകം മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിലും വിത്തുകൾ കുറഞ്ഞും കാണുന്നു. ഝാർഖണ്ഡ്, ഒഡീഷ, കേരളം, കർണ്ണാടക, എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
- ഐ. ഐ. എച്ച്. ആർ.-39&54:
ഐ. ഐ. എച്ച്. ആർ., ബംഗലൂരു വികസിപ്പിച്ച ഇനമാണ് ഐ. ഐ. എച്ച്. ആർ.-39&54. ഇടത്തരം വലുപ്പമുള്ള ഫലം ഉത്പാദിപ്പിക്കുന്ന ഈ ഇനം ഇടത്തരം പൊക്കമുള്ളതുമാണ്. നല്ല മധുരമുള്ള ഈ ഇനത്തിന്റെ ഫലം കൂടുതൽ കാലം സൂക്ഷിക്കാവുന്നതുമാണ്.
- തൈവാൻ-785:
കുറിയ/കുള്ളൻ ഇനമാണ് തൈവാൻ-785. തൈ നട്ട് 60-75 സെ. മീറ്റർ ഉയരമാകുമ്പോൾ ആദ്യഭലം ലഭിച്ചുതുടങ്ങും. ഉരുണ്ട കായ്കൾ പാകമാകുമ്പോൾ ഫലകഞ്ചുകത്തിന് നല്ല ചുവപ്പുകലർന്ന ഓറഞ്ച് നിറവും മധുര രസവുമുണ്ടാകും. പഴത്തിനായി കൃഷിചെയ്തുവരുന്ന ഇനമാണിത്. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. വർഷത്തിൽ 100-125 കായ്കളുണ്ടാകും. രോഗങ്ങളെ നന്നായി പ്രതിരോധിക്കുന്നു.
- തൈവാൻ-785:
കുറിയ/കുള്ളൻ ഇനമാണ് തൈവാൻ-785. തൈ നട്ട് 100 സെ. മീറ്റർ ഉയരമാകുമ്പോൾ ആദ്യഭലം ലഭിച്ചുതുടങ്ങും. ഉരുണ്ട കായ്കൾ പാകമാകുമ്പോൾ ഫലകഞ്ചുകത്തിന് മധുര രസവും കുറച്ചു മാത്രം വിത്തുമുണ്ടാകും. പഴത്തിനായി കൃഷിചെയ്തുവരുന്ന ഇനമാണിത്. കായ്കൾക്ക് 1-3 കിലോ ഭാരവുമുണ്ട്. സൂക്ഷിപ്പ് ഗുണം കൂടുതലാണ്. ആന്ധ്രാപ്രദേശിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു.
- ബർവാനി:
മദ്ധ്യേന്ത്യയിൽ കൃഷി ചെയ്തുവരുന്ന പപ്പായ ഇനമാണ് ബർവാനി. ഇൻഡോറിൽ വ്യാപകമായി കർഷകർ കൃഷിചെയ്യുന്നു. വലുപ്പമുള്ള കായ്കളാണ് ഈ ഇനത്തിലുള്ളത്. ഇലചുരുളൽ വൈറസ് രോഗം കാര്യമായി ചെറുക്കാൻ കഴിയാത്തത് ഈ ഇനത്തിന്റെ കോട്ടമാണ്.
- ഗോൾഡൻ പപ്പായ:
പുതിതായി വിപണിയിൽ കണ്ടുവരുന്ന ഇനമാണ് ഗോൾഡൻ പപ്പായ. ഇടത്തരം വലുപ്പമുള്ള ഈ ഇനത്തിന്റെ ഫലത്തിന് സ്വർണ്ണ വർണ്ണമോ ഇളം മഞ്ഞ നിറമോ ആയിരിക്കും. ഇളം കായ്കൾക്കും പാകമായതിനും ഒരേ നിറം തന്നെയാണ്. വിത്തു വളരെ കുറഞ്ഞ ഫലത്തിന്റെ ഫലകഞ്ചുകത്തിന് ഓറഞ്ച്ചുകലർന്ന മഞ്ഞ നിറമാണ്. കായ്കൾ നീളമേറിയതും വലുപ്പമുള്ളതുമാണ്.
പരാഗണവും വിതരണവും :
- തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
- പക്ഷികൾ, അണ്ണാൻ, വാവലുകൾ എന്നിവയുടെ സഹായത്താലാണ് വിതരണം നടത്തുന്നത്.
ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
- വിത്ത് തെരഞ്ഞെടുക്കൽ:
കുറഞ്ഞ മുതൽ മുടക്കും കുറഞ്ഞ കൃഷിച്ചെലവുമുള്ള കാർഷികവിളയാണ് പപ്പായ കൃഷി. നല്ല പരിചരണവും ശ്രദ്ധയുമുണ്ടെങ്കിൽ ചുരുങ്ങിയ മാസം കൊണ്ട് വിളവെടുക്കാമെന്നത് പപ്പായകൃഷിയുടെ മികച്ചനേട്ടമാണ്. കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ അനേകം വിത്തുകൾ മുതൽ ചില അപൂർവ്വ ഇനങ്ങളിൽ കുറഞ്ഞ എണ്ണം വിത്തുകളും കാണുന്നു. വിത്ത് നട്ടാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത് എങ്കിലും ഗ്രൌണ്ട് ലെയറിംഗ് രീതിയിലും പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്. നല്ല വെയിലും വെള്ളവും പപ്പായ കൃഷിക്ക് അനുയോജ്യം. ഫബ്രുവരി മാർച്ച് മാസമാണ് തൈകൾ മുളപ്പിക്കാൻ അനുയോജ്യം. പാകമായ പപ്പായ ഫലത്തിൽ നിന്നും വിത്തെടുത്ത് കഴുകി വഴുവഴുപ്പ് മാറ്റി ഉണക്കിയ ശേഷം ചാരം ചേർത്ത് തണലിൽ ഉണക്കി പാകാവുന്നതാണ്. പപ്പായ വിത്തുകൾ കൂടുതൽ നാൾ സൂക്ഷിക്കുമ്പോൾ പുനരുത്ഭാവ ശേഷി കുറയുന്നതിനാൽ കാലതാമസം ഒഴിവാക്കി നടേണ്ടതാണ്.
- മണ്ണൊരുക്കലും, നടീൽ രീതിയും:
രണ്ട് മീറ്റർ നീളവും, ഒരു മീറ്റർ വീതിയിൽ അരയടി പൊക്കത്തിൽ പണകൾ ഒരുക്കി വിത്തുപാകിയോ, പോളി ബാഗുകളിൽ വിത്തു പാകിയോ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്. തൈകൾ 3 മാസം കഴിയുമ്പോൾ മാറ്റി നടാവുന്നതുമാണ്. വൻ തോതിൽ കൃഷി ചെയ്യുമ്പോൾ 10 പെൺ തൈകൾക്ക് ഒരാൺ തൈ എന്ന രീതിയിൽ നടാവുന്നതാണ്. ബാക്കി ആൺ തൈകൾ നശിപ്പിക്കാവുന്നതാണ്. പൂവിട്ടുതുടങ്ങുമ്പോൾ ആൺ ചെടികൾ കണ്ടെത്തി ആവശ്യത്തിനുള്ളവയെ നിർത്തി ബാക്കിയുള്ളവ നശിപ്പിക്കാവുന്നതാണ്. ചെറുതൈകൾ വൈകുന്നേരങ്ങളിൽ നടുന്നതാണ് കൂടുതൽ അനുയോജ്യം. 75 സെ. മീറ്റർx75 സെ. മീറ്റർx75 സെ. മീറ്റർ നീളംxവീതിxതാഴ്ച്ച എന്ന അളവിലാണ് കുഴിയെടുക്കേണ്ടത്. തൈകൾ തമ്മിലുള്ള അകലം രണ്ടര മീറ്റർ അകലത്തിലുമായിരിക്കണം.
- വളപ്രയോഗം, ജലസേചനം:
കുഴികളിൽ മേൽമണ്ണും ചാണക/ കമ്പോസ്റ്റ് പൊടിയും അൽപ്പം കുമ്മായവും ചേർത്ത ശേഷം കുഴിയുടെ മധ്യ ഭാഗത്ത് തൈ നടാവുന്നതാണ്. തൈ നട്ടാൽ തുടർച്ചയായ ദിവസങ്ങളിൽ നനയ്ക്കണം. രണ്ടോ മൂന്നോ ഇലകൾ വന്നശേഷം രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വീതം നനയ്ക്കാവുന്നതാണ്. ചെടികളുടെ ചുവട്ടിൽ വെള്ളം കൊട്ടാതെ ശ്രദ്ധിക്കേണ്ടതും, കളകൾ യഥാ സമയം നീക്കേണ്ടതും അത്യാവശ്യമാണ്. വർഷത്തിൽ രണ്ടു പ്രാവശ്യം അരക്കിലോ വീതം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാണകം/ കമ്പോസ്റ്റ്/ കോഴിവളം എന്നിവ നൽകിയാൽ നല്ല വിളവുലഭിക്കും. മണ്ണിന്റെ അമ്ളഗുണം നോക്കി ഇടയ്ക്കിടെ കുമ്മായം വിതറുന്നത് നല്ലതാണ്.
- വിളവ് ലഭ്യത:
തൈകൾ നട്ട് ആറാം മാസം മുതൽ വിളവു ലഭിച്ചു തുടങ്ങും. വീട്ടാവശ്യത്തിനുള്ള മരങ്ങൾ 10-15 വർഷം വരെ സംരക്ഷിച്ച് നിർത്താവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന ഇനങ്ങളെ 2-5 വർഷം വളർത്തുന്നതാണ് ആധായകരം. നല്ലയിനം പപ്പായമരത്തിൽ നിന്നും വർഷത്തിൽ 60-150 കിലോ പപ്പായ ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഒരേക്കറിൽ 1000-2000 ചെടികൾ നടാവുന്നതാണ്.
രോഗങ്ങളും രോഗ നിവാരണവും :
- തണ്ട് ചീയൽ:
രോഗാണു: ഫംഗസ് (ലീവെല്ലുല റ്റൂറിക്ക)
ലക്ഷണം: സസ്യത്തിന്റെ കാണ്ഡത്തിലും ഇലകളിലും പൌഡർ പൂശിയപോലെ വിതറിയോ കട്ടിയായോ കാണപ്പെടുന്നു. ഇവയുടെ കോളനി രൂപത്തിലെ കൂട്ടത്തിനനുസരിച്ച് വ്യാപിക്കാറുണ്ട്. ഇലകളും ശാഖകളും ക്രമേണെ ചീഞ്ഞ് നശിച്ചു പോകുന്നു.
പ്രതിവിധി: രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. ബോർഡോ മിശ്രിതം(തുരുശ്ശ് ലായനി) മരപ്പട്ടയിൽ തേയ്ച്ചോ രോഗാണു നിയന്ത്രിക്കവുന്നതാണ്.
- ഇലപ്പുള്ളി രോഗം:
ലക്ഷണം: മഴക്കാലത്തോടെ പപ്പായയിലകളിൽ മഞ്ഞനിറമാർന്ന വരകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ വരകളുടെ നടുഭാഗം കുഴിഞ്ഞ് പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേർന്ന് ഇലകൾ ഒടിഞ്ഞ് തൂങ്ങുകയും ചെയ്യുന്നു.
പ്രതിവിധി: രോഗബാധയുള്ള ഇലകൾ മുറിച്ചുമാറ്റുന്നതാണ് ഉചിതം.
- രോഗം: പൊടിപ്പൂപ്പ് (പൌഡറി മൈൽഡ്യൂ)
ലക്ഷണം: മഞ്ഞു കാലത്ത് ഇലകളിലും ചെറു ശാഖകളിലും പൊടിപോലെ കാണുകയും പിന്നീട് നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.
പ്രതിവിധി: ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് രോഗ നിവാരണം നടത്താം.
- രോഗം: ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)
ലക്ഷണം: തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാടുകൾ ഇലയുടെ നടുവിലും അരികുലുമായും കായ്കളിലും ആദ്യം കാണുന്നു. പിന്നീട് ഇലയും തണ്ടും കായ്കളും ചീയുന്നു.
പ്രതിവിധി: ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് രോഗ നിവാരണം നടത്താം.
- രോഗം: കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം: മരച്ചില്ലകൾക്കും വലിയ ശാഖകൾക്കും ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി: ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.
- രോഗം: കരിമ്പൂപ്പ് (ബ്ളാക്ക് മോൾഡ്)
ലക്ഷണം: ഇലകളിലും ചെറു ശാഖകളിലും കറുത്ത പൊടിപോലെ കാണുകയും പിന്നീട് ഇലയുടെ സ്വാഭാവിക നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.
പ്രതിവിധി: ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് രോഗ നിവാരണം നടത്താം.
- രോഗം: വളയപ്പൊട്ട് (വൈറസ്)
ലക്ഷണം: ഇളം ഇലകൾ നാരുതെളിഞ്ഞ് മഞ്ഞനിറം ആകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. പിന്നീട് ഇലകൾ കട്ടികുറഞ്ഞ് നേർത്തുവന്നശേഷം വൃത്താകൃതിയിലോ c-ആകൃതിയിലോ പുള്ളികളോടുള്ള പച്ചനിറം വ്യാപിക്കുന്നു. ഹരിതകം ഇലകളിൽ കുറഞ്ഞും വളർച്ച കുറഞ്ഞും ഉത്പാദനത്തെ ബാധിക്കും രോഗശേഷം കായ്കളുടെ രുചി കുറയുമെന്നതും ശ്രദ്ധേയമാണ്.
പ്രതിവിധി: രോഗ ബാധയേറ്റ മരങ്ങൾ ഉടൻ തന്നെ വെട്ടിമാറ്റി തീയിട്ടുനശിപ്പിക്കലാണ് ഏക പ്രതിവിധി. ഈ രോഗത്തിനെതിരെ പ്രതികരിക്കുന്ന് ജനിതക മാറ്റം വരുത്തിയ ഇനങ്ങൾ കൃഷിചെയ്ത് ഈ രോഗത്തിൽ നിന്നും രക്ഷനേടാം.
- രോഗം: മൊസൈക്ക് രോഗം (വൈറസ്)
ലക്ഷണം: ഇളം ഇലകളിലും കായ്കളിലും രോഗസാന്നിദ്യം ആദ്യം കാണുന്നു. ഇലകൾ കട്ടികുറഞ്ഞ് നേർത്തുവന്നശേഷം ആകൃതി നഷ്ടപ്പെട്ട് പച്ചനിറത്തിലുള്ള വരകൾ സിരകൾക്ക് സമീപം വ്യാപിക്കുന്നു. വിളവെത്തിയ കായ്കളിലും രോഗം ബാധിക്കാറുണ്ട്. പച്ചനിറത്തിലുള്ള വളയങ്ങൾ പ്രത്യക്ഷപ്പെട്ട ശേഷം പുള്ളികളില്ലാത്ത വളയങ്ങളായി തുടരുന്നു. ഹരിതകം ഇലകളിൽ കുറഞ്ഞും വളർച്ച കുറഞ്ഞും ഉത്പാദനത്തെ ബാധിക്കും രോഗശേഷം കായ്കളുടെ രുചി കുറയുമെന്നതും ശ്രദ്ധേയമാണ്.
പ്രതിവിധി: രോഗ ബാധയേറ്റ മരങ്ങൾ ഉടൻ തന്നെ വെട്ടിമാറ്റി തീയിട്ടുനശിപ്പിക്കലാണ് ഏക പ്രതിവിധി. ഈ രോഗത്തിനെതിരെ പ്രതികരിക്കുന്ന് ജനിതക മാറ്റം വരുത്തിയ ഇനങ്ങൾ കൃഷിചെയ്ത് ഈ രോഗത്തിൽ നിന്നും രക്ഷനേടാം.
- രോഗം: തടി ചീയൽ
ലക്ഷണം: ചെടിത്തടത്തിൽ വെള്ളം വലിഞ്ഞുപോകാതെ കെട്ടിനിൽക്കുന്നത് തടിചീയലിന് കാരണമാകാറുണ്ട്. കായ്ഫലമാകാത്ത പപ്പായ തൈകളിലാണ് സാധാരണ രീതിയിൽ തടി ചീയൽ കാണാറുള്ളത്. മഴക്കാലത്താണ് ഇത് പ്രധാനമായും കണ്ടുവരുന്നു. ചെടിയുടെ ചുവടുഭാഗം ഇളം മഞ്ഞ നിറത്തിലാവുകയും കൂടുതൽ മൃദുവാകുകയും ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്കകം കാണ്ഡം അഴുകി ചെടി നശിക്കുകയും ചെയ്യും.
പ്രതിവിധി: തണ്ടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം. വെള്ളം കെട്ടാത്ത രീതിയിൽ പണകോരിയോ, വെള്ളക്കെട്ടു സാധ്യതയുണ്ടെങ്കിൽ വെള്ളം വലിയാവുന്ന രീതിയിൽ തടമെടുത്തും ചെടിയെ സംരക്ഷിക്കാം.
കീടങ്ങളും കീട നിവാരണവും :
- കീടം: നിമാ വിര
ലക്ഷണം: വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പപ്പായകളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം പപ്പായ നടുന്നതിനുമുൻപ് മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. നിമാവിര ആക്രമണമില്ലാത്തിടത്തെ വിത്തു തൈകൾ ഉപയോഗിക്കുന്നത് വിരകളുടെ ആക്രമണത്തെ ചെറുക്കാം. തൈക്കുഴികളിൽ പപ്പായനട്ട ശേഷം തകര, ഗുണ്ടുമല്ലി, എന്നിവ നടുകയോ ചെയ്താലും നിമവിരകളെ ഒഴിവാക്കാം.
- കീടം: ഇലപ്പേൻ
ലക്ഷണം: പപ്പായയെ ബാധിക്കുന്ന മാരക രോഗങ്ങളായ കുറുനാമ്പ് / മണ്ടയടപ്പ് പരത്തുന്ന വാഹകജീവിയാണ് വാഴപ്പേൻ / ഏഫിഡ്. ഇവ ഇലക്കവിളിൽ കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. കുറുനാമ്പ് / മണ്ടയടപ്പ് എന്നിവ ഇതിന്റെ സാന്നിദ്യമറിയിക്കുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
- കീടം: ഇലതീനിപ്പുഴുക്കൾ
ലക്ഷണം: പപ്പായയുടെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്ന ശലഭപ്പുഴുക്കളാണ്. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം, പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
- കീടം: കായീച്ച / പഴയീച്ച
ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ മഞ്ഞനിറമായും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ 10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.
- കീടം: വെള്ള ഈച്ച (വൈറ്റ് ഫ്ളൈ)
ലക്ഷണം: പപ്പായത്തൈകളെ ആക്രമിക്കുന്ന കീടമാണ് വെള്ള ഈച്ച. ഈച്ചയും അതിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളും ചെടിയുടെ ഇലയുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്യും. രോഗകാരികളായ വൈറസുകളുടെ വാഹകരുമാണിത്.
നിവാരണം: മഞ്ഞ ചായം പൂശിയ കടലാസോ, പ്ളാസ്റ്റിക്ക് കഷണമോ, ടിന്നോ എടുത്ത് അതിന്റെ ഉപരിതലത്തിൽ ആവണക്കെണ്ണ പുരട്ടി ഈച്ചകളെ ആകർഷിച്ച് എണ്ണയിൽ കുടുക്കി അവയെ നശിപ്പിക്കാവുന്നതാണ്. ആഴ്ച്ചയിലൊരിക്കൽ ഇത് ആവർത്തിച്ച് കീടത്തെ നിയന്ത്രിക്കാം. നാറ്റൻ പ്രയോഗമായ വെളുത്തുള്ളി, ബാർസോപ്പ്, വേപ്പെണ്ണ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചും കീടത്തെ നിയന്ത്രിക്കാം
- കീടം: ചാഴി (മൈറ്റ്സ്)
ലക്ഷണം: പപ്പായത്തൈകളെയും, പപ്പായ മരത്തിന്റെ ഇളം കായ്കൾ തലപ്പ് ഭാഗം എന്നിവിടങ്ങളിലെ മൃദുവായ ഭാഗങ്ങളിൽ നിന്നും നീരൂറ്റിക്കുടിക്കുന്ന ഷഡ്പദ വിഭാഗത്തിലെ കീടമാണ് ചാഴി. നീരൂറ്റിക്കുടിക്കുന്നതിനാൽ ഇളം പപ്പായച്ചെടികൾ പെട്ടെന്നു നശിക്കുന്നതിനോ, മരത്തിന്റെ മൃദുഭാഗമെങ്കിൽ വളർച്ചമുരടിക്കുന്നതിനോ, കായ്കളിൽ ആകൃതിക്ക് വ്യത്യാസമുണ്ടാകുന്നതിനോ കാരണമാകുന്നു.
നിവാരണം: ചാഴിക്കെതിരേ ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. ചാളമീൻ അഴുക്കിയ വെള്ളം ആവശ്യത്തിന് നേർപ്പിച്ച് ഇലകളിലും തണ്ടു ഭാഗത്തും, ഇളം കായ്കളിലും സ്പ്രേചെയ്ത് ഇവയെ നശിപ്പിക്കാവുന്നതാണ്.
- കീടം: ശൽക്ക കീടം
ലക്ഷണം: ഇളം പപ്പായമരങ്ങളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം, പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.
- കീടം: ആഫ്രിക്കൻ ഒച്ച്
ലക്ഷണം: ചെറുതും വലുതുമായ എല്ലാത്തരം പപ്പായമരങ്ങളേയും കൂടുതൽ ആക്രമിക്കുന്നു. ഇലകൾ, ചെറുശാഖകൾ, കായ്കൾ എന്നിവ വളരേ വേഗം തിന്നുതീർക്കുമെന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വലിപ്പക്കൂടുതലുള്ള ഇവ കൂട്ടമായോ ഒറ്റയ്ക്കോ ആക്രമിക്കാറുണ്ട്. സന്ധ്യാനേരങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായി വരുന്നത്.
നിവാരണം: നനഞ്ഞ ചാക്കിൽ കൊത്തിയരിഞ്ഞ പപ്പായ ഇലകൾ ചേർത്ത് അവയെ കൂടുതൽ കാണുന്നിടത്തുവച്ചാൽ ഇലയുടെ ഗന്ധത്തിൽ ആകൃഷ്ടരായെത്തുന്ന ഒച്ചിനെ കെണിയിലാക്കി അവയിൽ ഉപ്പ് തളിച്ച് നിയന്ത്രിക്കാം. ഇത് തുടരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടതുമാണ്.
മറ്റ് വിശേഷങ്ങൾ:
- സമുദ്രസഞ്ചാരിയായൈരുന്ന ക്രിസ്റ്റഫർ കൊളംബസ് തന്റെ പ്രിയ ഭക്ഷണമായ പപ്പായയെ വിശേഷിപ്പിച്ചത് മാലാഖമാരുടെ ഭക്ഷണം എന്നായിരുന്നു.
- പൂവിന്റെ തരത്തിൽ ആൺ, പെൺ, ഉഭയലിംഗ പപ്പായ മരങ്ങൾ പോളിഗാമോ ഡയീഷ്യസ് വിഭാഗത്തിൽപ്പെടുന്നു.
- കറയിലെ പപ്പയിൻ ഔഷധ നിർമ്മാണത്തിനും, ഷാമ്പൂ, സോപ്പ് എന്നിവയുടെ നിർമ്മാണത്തിനും പപ്പായ മരം ഉപയോഗിക്കുന്നു.
- പപ്പായയിലെ പപ്പയിൻ ത്വക്ക് മൃദുവാക്കുന്നതിനും, വടുക്കൾ മാറ്റുന്നതിനും സൌന്ദര്യ വർദ്ധക വസ്ഥുക്കളിൽ ഉപയോഗിക്കുന്നു.
- ആരോഗ്യരംഗങ്ങളിൽ പപ്പയിൻ ആമാശയ അൾസർ, ഡിഫ്തീരിയ, കാൻസർ എന്നിവയ്ക്ക് ചികിത്സയ്ക്കായും ഉപയോഗിക്കുന്നു.
- മദ്യ വ്യവസായത്തിലും ച്യൂയിംഗം നിർമ്മാണത്തിലും പപ്പയിൻ ഉപയോഗിച്ചുവരുന്നു.
- ഭഷ്യമേഖലകളിൽ മാംസത്തെ മൃദുവാക്കാൻ പാചകവേളകളിൽ; പപ്പയിൻ സാന്നിദ്യമുള്ളതിനാൽ പച്ചപ്പപ്പായ ഉപയോഗിക്കുന്നു.
- ഡങ്കിപ്പനിക്ക് പ്ളേറ്റ്ലറ്റ് എണ്ണം വർദ്ദിപ്പിക്കാൻ പപ്പായയുടെ ഇളം ഇലകൾ ഉപയോഗിച്ചുവരുന്നു.
- പച്ച പപ്പായക്കായ ഉപയോഗിച്ച് പച്ചടി, കിച്ചടി, തോരൻ എന്നീ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.
- മിക്ക രാജ്യങ്ങളിലും പഴുത്ത പപ്പായ ഫലമാണുപയോഗിക്കുന്നത്. ആയതുപയോഗിച്ച് ഐസ്ക്രീമുകളും ബേക്കറി ഉത്പന്നങ്ങളും ഉണ്ടാക്കുന്നു.
- ബേക്കറികളിൽ ഉപയോഗിക്കുന്ന ടൂട്ടി ഫ്രൂട്ടി എന്ന വിഭവം പച്ചപ്പപ്പായ ചെറുകഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ചുണ്ടാക്കുന്നതാണ്.
- പപ്പായ ഫലത്തിലെ ആന്റി ഓക്സീകരണ ഗുണം രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയുമെന്ന് ഗവേഷണ ഫലമുണ്ട്.
- പപ്പായ ഫലത്തിലടങ്ങിയിരിക്കുന്ന കരോട്ടിൻ, ബീറ്റാകരോട്ടിൻ എന്നിവ അർബുദ രോഗത്തെ പ്രതിരോധിക്കുന്നു.
- നാരുകൾ ധാരാളം പപ്പായയിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയയ്ക്ക് നന്നാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നാരുകൂടുതലുള്ളതിനാൽ കൊളസ്റ്ററോൾ നിയന്ത്രിക്കാനും പപ്പായയ്ക്ക് കഴിയുന്നു.
- പപ്പായയിലെ കലോറി അളവ് കുറവായതിനാൽ പ്രഭാത ഭക്ഷണത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്.
- പപ്പായ ഫലങ്ങൾ മൂർച്ചയുള്ള കത്തിയുപയോഗിച്ച് ഞെട്ട് താഴ്ത്തി മുറിച്ച് പേപ്പർ കൊണ്ട് പൊതിഞ്ഞ് തല കീഴായി വയ്ച്ചാൽ കറ പോകാനും കായ്കൾ തട്ടി കേടുവരാതിരിക്കാനും നന്നാണ്.
- പപ്പായ കായയുടെ പാകം കൂടുന്നതിനനുസരിച്ച് പപ്പയിന്റെ അളവ് കുറഞ്ഞ് വരുന്നു.
- പപ്പായയുടെ തടി കയർ നിർമ്മാണത്തിനുപയോഗിക്കുന്നു.
- പപ്പായയുടെ ചിലയിനം പഴങ്ങൾ ഉണക്കിയും സൂക്ഷിക്കാറുണ്ട്.
- കന്നുകാലികൾക്ക് പപ്പായയുടെ ഇല, കായ്കൾ എന്നിവ ഭക്ഷണമായി നൽകാറുണ്ട്.
No comments:
Post a Comment