കമുക് – Arecanut palm
തെങ്ങുപോലെ സർവ്വസാധാരണമായി കാണുന്ന കാർഷിക വിളയാണ് കമുക്. കമുകിന്റെ ഫലമായ അടയ്ക്ക (പാക്ക്) താമ്പൂല ചവർണ്ണത്തിലെ മുഖ്യ ഘടകങ്ങളിൽ ഒന്നാണ്. അടയ്ക്ക ആയൂർവ്വേദവിധി പ്രകാരം ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഇന്ത്യ, വിയത്നാം രാജ്യങ്ങളാണ് ഉത്ഭവസ്ഥാനമെന്ന് കരുതുന്നു. ആദ്യകാല വ്യാപക കൃഷി ആഫ്രിക്കൻ രാജ്യങ്ങളിലാണെന്ന് കരുതിപ്പോരുന്നു. അമേരിക്ക, ആഫ്രിക്ക, ഫിജി, മൌറീഷ്യസ്, ചൈന, ശ്രീലങ്ക, ഇന്തോനേഷ്യ, വിയത്നാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്നു.
ശാസ്ത്ര പഠന വിഭാഗം :
കുടുംബം | : | അരക്കേസീ / പാമേസീ |
ശാസ്ത്ര നാമം | : | അരക്ക അറ്റേച്ചു / Areca catechu |
അറിയപ്പെടുന്ന പേരുകൾ :
മലയാളം | : | അടയ്ക്ക മരം, കമുക്, കവുങ്ങ്, പാക്ക് മരം |
ഇംഗ്ളീഷ് | : | അരക്കാ പാം (Areca palm), ബീറ്റൽനട്ട് പാം (Betel nut palm) |
സംസ്കൃതം | : | ക്രമുകഃ, ഗുവാകഃ, ഘോണ്ടാ, പൂഗ:, പൂഗഫലഃ,ഉദ്വേഗം |
ഹിന്ദി | : | സുപാരി |
ബംഗാളി | : | ശുപാരി |
തമിഴ് | : | കമുഹു, പാക്കു |
തെലുങ്ക് | : | വക്കാ |
സസ്യ വിശേഷങ്ങൾ :
തെക്കേയിന്ത്യൽ ഉടനീളവും പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്ര, തെലുംങ്കാന, മഹാരഷ്ട്ര എന്നിവിടങ്ങളിൽ അടയ്ക്കാ കൃഷി ചെയ്തുവരുന്നു. കമുക് ബഹുവർഷി ഒറ്റത്തടി സസ്യമാണ്. ഭാരതത്തിലെ കവുങ്ങ് കൃഷിയുടെ ഉത്പാദനത്തിൽ 90% സംഭാവന കർണ്ണാടകം, കേരളം, ആസ്സാം എന്നീ സംസ്ഥാനങ്ങളുടേതാണ്.
- കാണ്ഡം:
ഏകദേശം 17-25 മീറ്റർ ഉയരം വരുന്ന ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ് കമുക്. തെങ്ങ്പോലെ വളഞ്ഞ് വളരാതെ വളരുന്നത് ഇതിന്റെ പ്രത്യേകതയാണ്. മുകൾ ഭാഗത്ത് ഇലകൾ, പൂങ്കുല, കായ്കൾ എന്നിവ കാണുന്നു. കാണ്ഡത്തിൽ പഴകിയ ഇലപ്പാടുകൾ അവ്യക്തമായി കാണാം. മുകൾ ഭാഗത്ത് നീളമേറിയ ഇലകൾ, പൂങ്കുല, കായ്കൾ എന്നിവ കാണുന്നു.
- വേര് :
നാരുവേരുപടലമുള്ള സസ്യമാണ് കമുക്. കട്ടിയേറിയ നാരുകൾ പോലുള്ള വേരുകൾ മേൽമണ്ണിൽ ധാരാളം ഉണ്ടാകും. നനവും വായൂസഞ്ചാരവുമുള്ള പ്രദേശങ്ങളിൽ വേര് കൂടുതൽ കാണുന്നു.
- ഇല:
കമുകിന്റെ ഇലകൾ (ഓല) ഏകദേശം ഒന്നര മീറ്ററോളം നീളമുള്ള പകുതികീറലുള്ള ഓലക്കാലുകളുള്ളതുമാണ്. പിച്ഛാകാര സംയുക്ത ഇലകളാണ്. കമുകില നടുത്തണ്ടിന്റെ ഇരുഭാഗത്തും തുല്യമായും സമുഖമായും വിന്യസിച്ചിരിക്കുന്നു. ഇതിന് 0.75 മീ നീളമുള്ള ഓല പരന്ന പാളയോട് ചേർന്ന് കാണപ്പെടുന്നു.
- പൂവ്:
6 വർഷമാകുമ്പോൾ പൂത്തു തുടങ്ങും. പൂങ്കുലകളിൽ നിന്നാണ് കായ്കളുണ്ടാകുന്നത്. പൂങ്കുലകൾ ശാഖകളായികാണുന്നു. ശാഖകളുടെ ചുവട് ഭാഗത്ത് പെൺ പൂക്കളും അതിനു മുകളിൽ അല്പം ചെറുതും വെളുത്ത് ത്രികോണാകൃതിയുമുള്ള ആൺപൂക്കളും ഉണ്ട്. കട്ടി കുറഞ്ഞ ആവരണത്തിലാണ് ചെറിയ പൂങ്കുല രൂപം കൊള്ളുന്നത്. പെൺപൂക്കളിലെ അണ്ഡാശയവും അണ്ഡാകൃതിയിലുള്ളതാണ്. ഒരു കുലയിൽ ഒന്നിലധികം കായ്കൾ സാധാരണം.
- ഫലം:
ആമ്രക ഫലമാണ്. കായ്കൾ കുലകളായി കാണുന്നു. കായ്കളുടെ പുറമ്പാളി (എക്സോകാർപ്പ്) മിനുസമുള്ള നേർത്തതും, മധ്യപാളി (മിസോകാർപ്പ്) ചകിരി നിറഞ്ഞതും, ഉള്ളിലെ പാളി (എൻഡോകാർപ്പ്) വലുപ്പത്തോടും ചെറിയ സ്ഥരത്തോടും കാണുന്നു. ഇളം കായ്കൾ കടുത്ത പച്ച നിറത്തിലും വിളയുമ്പോൾ മഞ്ഞയും കാവിനിറത്തിൽ ആകുകയും ചെയ്യുന്നു. നല്ലയിനം കമുകിൻ കുലയിൽ ശരാശരി 100-125 കായ്കൾ ഉണ്ടാകും. കായ്കൾ പാകമാകാൻ 10 മാസം വേണ്ടിവരും.
ഉപയോഗങ്ങൾ :
- അടയ്ക്ക:
മൂപ്പെത്തിയ കായ്കൾ താമ്പൂലചവർണ്ണത്തിനും വൻ തോതിൽ വാസനപ്പാക്ക് നിർമ്മാണത്തിനും ഔഷധനിർമ്മാണത്തിനും ഉപയോഗിച്ചുവരുന്നു.
- തടി:
കമുകിൻ തടി വീടുകളുടെ മേൽക്കൂരയ്ക്ക് പുരാതനകാലം മുതൽക്കേ പ്രയോജനപ്പെടുത്താറുണ്ട്. ക്ഷേത്രങ്ങളിൽ കൊടിമരമായി കമുകിൻ തടി ആചാരപൂർവ്വം ഉപയോഗിച്ചുവരുന്നു.
രാസഘടകങ്ങൾ:
- അടയ്ക്ക:
അരക്കോളിൻ ആൽക്കലോയ്ഡ്, അരക്കെയ്ഡിൻ, അരക്കോളിഡിൻ, ഗുവാസിൻ, ഗുവാക്കോളിൻ, ടാനിൻ, പ്രോട്ടീൻ, അന്നജം, ലൈലിക് അംമ്ളം എന്നിവ അടങ്ങിയിട്ടുണ്ട്.
ആയുഃവേദ പ്രയോഗങ്ങൾ:
വിത്താണ് (അടയ്ക്ക) കമുകിന്റെ ഔഷധയോഗ്യ ഭാഗം.
- രസ ഘടകങ്ങൾ
രസം | : | കഷായം, മധുരം |
ഗുണം | : | ഗുരു, രൂക്ഷം |
വീര്യം | : | ശീതം |
വിപാക | : | കടു |
- അടയ്ക്ക ആയുഃവേദത്തിൽ പ്രമേഹം, രക്തവാർച്ച, ഗർഭശുദ്ധി, മുകപാകം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
- അടയ്ക്കക്ക് അണുനാശകശക്തിയുണ്ട്. വിരനാശിനിയായി ഉപയോഗിക്കുന്നു. ചിലതരം അടയ്ക്ക ഉപയോഗം വിയർപ്പോടെയുള്ള അബോധാവസ്തയ്ക്ക് കാരണമാകുന്നു.
പരാഗണവും വിതരണവും ഉത്പാദനവും:
- തേനീച്ചകൾ വഴിയും കാറ്റ് മഴ എന്നിവ വഴിയും പരാഗണം നടക്കാറുണ്ട്.
- ജലവും അണ്ണാൻ, വാവലുകൾ എന്നിവ വഴിയും സാധാരണ വിത്ത് വിതരണം നടക്കുന്നു.
- മൂപ്പെത്തിയ അടയ്ക്കയിൽ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. ഈർപ്പമുള്ള മണ്ണ് മുളപ്പിന് അത്യുത്തമം
വിവിധ ഇനങ്ങൾ:
ഭാരതത്തിലൊട്ടാകെ തൊണ്ണൂറോളം പ്രാദേശിക ഇനങ്ങളും ഇരുപതോളം വിദേശ ഇനങ്ങളും കൃഷിചെയ്തുവരുന്നു. എന്നാൽ വ്യാപകമായി കൃഷിചെയ്തുവരുന്ന ഇനങ്ങൾ കുറവുമാണ്. കൂടുതൽ വിളവും വ്യാപകമായി കൃഷിചെയ്തുവരുന്ന ചില ഇനങ്ങൾ ചുവടേ ചേർക്കുന്നു.
മംഗള: ചൈന ജന്മദേശമായ ഈ ഇനത്തിന് ഇടത്തരം പൊക്കവും പൂർണ്ണമായി തൂങ്ങി നിൽക്കുന്ന മകുടവും നല്ലപോലെ വിരിഞ്ഞ ഓലകളും കാണുന്നു. കൂടുതൽ ഓലയുള്ള കമുകിന്റെ കടും പച്ച നിറമുള്ള ഓലകളുടെ അഗ്രഭാഗം ചുരുണ്ടിരിക്കും. പെട്ടെന്ന് സ്ഥിരമായ വളർച്ചയിലെത്തുന്ന കമുകിൽ വർഷത്തിൽ ശരാശരി 10 കി. ഗ്രാം പഴുക്കടയ്ക്ക ഉത്പാദിപ്പിക്കുന്നു.
സുമംഗള: ഇന്തോനേഷ്യയിൽ ജന്മദേശമായ ഈ ഇനത്തിന് ഉയരക്കൂടുതലും ഭാഗീകമായി തൂങ്ങിനിൽക്കുന്ന മകുടവുമുണ്ട്. അനുകൂലമായാൽ നാലഞ്ചുവർഷംകൊണ്ട് കായ്ഫലം തരുന്ന ഇവയുടെ അടയ്ക്ക അണ്ഡാകൃതിയുള്ളതും പഴുക്കുമ്പോൾ കടും മഞ്ഞ നിറമോ ഓറഞ്ച് നിറമോ ആണ്. പത്താം വർഷം മുതൽ മരമൊന്നിന് ശരാശരി 17 കി. ഗ്രാം പഴുക്കടയ്ക്ക ലഭിക്കും.
ശ്രീമംഗള: സിംഗപ്പൂർ സ്വദേശിയായ ഇതിന്റെ ഉയരവും ഭാഗീകമായി തൂങ്ങിനിൽക്കുന്ന മകുടവുമുള്ള ഇവയ്ക്ക് സുമംഗളയുടെ പ്രത്യേകതകൾ ഉണ്ട്. ഇവയുടെ അടയ്ക്ക അണ്ഡാകൃതിയുള്ളതും പഴുക്കുമ്പോൾ ഓറഞ്ച് നിറവുമാണ്. മരമൊന്നിന് ശരാശരി 15 കി. ഗ്രാം പഴുക്കടയ്ക്ക ലഭിക്കും.
മോഹിത് നഗർ: പശ്ചിമ ബംഗാൾ സ്വദേശമായുള്ള ഈ ഇനത്തിന്റെ അടയ്ക്കകൾക്ക് ഒരേ വലുപ്പമാണുള്ളത്. കുലകൾ ഏതാണ്ട് ഒരേ അകലത്തിൽ ഇടവിട്ട് നല്ല ഉരുണ്ട കായ്കൾ ഉണ്ടാകുന്നതിനാൽ അവ ഒരേപോലെ വളരുന്നു. സ്ഥിരമായ വിളവിലേയ്ക്ക് നേരത്തെ എത്തുകയും ഉയർന്ന വാർഷിക വിളവിലെത്തുകയും ചെയ്യുന്നു. മരമൊന്നിന് വാർഷിക ശരാശരി 15 കി. ഗ്രാം പഴുക്കടയ്ക്ക ലഭിക്കും.
കോഴിക്കോട്-17: നല്ല ഉയരത്തിൽ വളരുന്ന സ്വഭാവമുള്ള ഈ ഇനത്തിന് പട്ടകൾ തമ്മിൽ കൂടുതൽ ഇടയകലവും നീണ്ട മകുടവും ഉണ്ട്. സ്ഥിരമായ ഉയർന്ന വിളവു തരുന്ന ഇവയ്ക്ക് വർഷം തോറും 19 കി. ഗ്രാം പഴുക്കടയ്ക്ക നൽകാൻ കഴിയുന്നു.
സാസ്-1 (സിഴ്സി അരക്കനട്ട് സെലക്ഷൻ-1): നല്ല ഉയരത്തിൽ വളരുന്നതും ഒതുങ്ങിയ മകുടവുമുള്ള ഈ ഇനം മലമ്പ്രദേശങ്ങളിൽ കൃഷിക്ക് യോജിച്ചതാണ്. സ്ഥിരമായ ഉയർന്ന വിളവു തരുന്ന ഇവയുടെ കായ്കൾ ഉരുണ്ടതും കുലകളിൽ തിങ്ങിയും കാണുന്നു. ഇളം പരുവത്തിലും (പൈങ്ങ അടയ്ക്ക) പഴുത്തരീതിയിലും സംസ്കരിക്കാൻ അഭികാമ്യം.
തീർത്തഹള്ളി: ഉയരമുള്ളതും ഒതുങ്ങിയ മകുടവുമുള്ള ഈ ഇനം മലമ്പ്രദേശങ്ങളിൽ കൃഷിക്ക് യോജിച്ചതാണ്. ഇളം പരുവത്തിലുള്ള (പൈങ്ങ അടയ്ക്ക) സംസ്കരണത്തിനാണ് കൂടുതൽ അനുയോജ്യം.
ഹിരേള്ളി ഡ്വാർഫ്: അടയ്ക്കാ വർഗ്ഗങ്ങളിൽ കുള്ളൻ പ്രാദേശിക ഇനം. കർണ്ണാടകയിൽ കാണപ്പെടുന്ന ഇവയ്ക്ക് കായ്ഫലം കുറവാണെങ്കിലും പരിചരണം കുറവാണ്. ഇലയടുപ്പമുള്ള ഈ ഇനം അലങ്കാരത്തിനും വച്ചുപിടിപ്പിക്കാറുണ്ട്.
സൌത്ത് കാനറ: തെക്കൻ കർണ്ണാടക, കാസർഗോഡ് എന്നിവിടങ്ങളിൽ സാധാരണമായി കൃഷിചെയ്തുവരുന്ന വലുപ്പമുള്ള അടയ്ക്ക ലഭിക്കുന്ന ഇനം. സ്ഥിരമായി നല്ല വിളവു തരുന്ന മരത്തിന് വർഷിക നിരക്കിൽ 7 കി. ഗ്രാം പഴുക്ക അടയ്ക്ക ലഭിക്കും.
ശ്രീവർദ്ധൻ: മഹരാഷ്ട്രയിലെ തീരപ്രദേശങ്ങലിൽ കൃഷി ചെയ്തുവരുന്ന ഇനമാണിത്. മാർബിൾ നിറമുള്ള വെള്ളനിറമുള്ള അണ്ഡാകൃതിയിലുള്ള ഇവ താംബൂല ചവർണ്ണത്തിന് ഏറ്റവും അനുയോജ്യമാണ്. സ്ഥിരമായി വിളവു തരുന്ന ഇവ വർഷംതോറും ശരാശരി 7 കി. ഗ്രാം പഴുക്ക അടയ്ക്ക ലഭിക്കും.
സങ്കരയിനം:
വി.ടി.എൻ.ഏ.എച്ച്.-1; നാടൻ ഇനങ്ങളായ ഹിരേഹള്ളിയും സുമംഗളയും ചേർന്ന സങ്കരയിനം. വി.ടി.എൻ.ഏ.എച്ച്.-1 ഒരു കുള്ളൻ ഇനമാണ്. നെടിയ ഇനത്തിന്റെ തലയെടുപ്പും കുറഞ്ഞ ഇലച്ചാർത്തും നല്ല അത്യുൽപ്പാദന ശേഷിയുമുണ്ട്. വാർഷിക വളയങ്ങൾ തമ്മിലുള്ള അകലം കുറവാണ്. ഉരുണ്ടതും ഓറഞ്ച് കലർന്ന ചുവപ്പ് കലർന്ന അടയ്ക്കയാണ് ഈ സങ്കരയിനത്തിൽ നിന്നും കിട്ടുന്നത്.
ഉത്പാദനവും വളപ്രയോഗവും:
- ഉഷ്ണമേഖലാ പ്രദേശങ്ങളിലെ എല്ലാ പ്രദേശങ്ങളിലും കൃഷിചെയ്യുന്ന കമുക് സമുദ്ര നിരപ്പ് മുതൽ ഏകദേശം ഒരു കിലോ മീറ്റർ ഉയരം വരെയുള്ള ഉയർന്ന പ്രദേശങ്ങളിലും കൃഷി ചെയ്യാവുന്നതാണ്.
- നനവാർന്നതും, നീർവാർച്ചയുള്ളതുമായ പ്രദേശത്ത് കമുക് നന്നായി വളരുന്നുണ്ട്.
- നേരത്തേയും കൂടുതലും വിളവുതരുന്നതും കൂടുതൽ കായുണ്ടാകുന്നതും മരത്തലപ്പിൽ കൂടുതൽ ഓലകളുള്ളതും വർഷത്തിൽ ചുരുങ്ങിയത് നാല് കുലകളെങ്കിലും തരുന്നതും വാർഷിക വളയങ്ങൾ തമ്മിലുള്ള അകലം കുറവായതുമായ കമുകിലെ കായ്കളാണ് വിത്തായി തെരഞ്ഞെടുക്കേണ്ടത്.
- കമുകിൽത്തന്നെ നിന്ന് നല്ലപോലെ മൂത്തുപഴുത്ത മധ്യ ഭാഗത്തെ കുലയിലെ മധ്യഭാഗത്തെ ഉരുണ്ടതും ഭാരമുള്ളതും വലുപ്പകൂടുതലുള്ളതുമായ നല്ല ആടയ്ക്കകളാണ് വിത്തിനെടുക്കേണ്ടത്.
- വിത്തിനെടുക്കുന്ന കുലകൾ കയർകൊണ്ട് കെട്ടിയിറക്കുന്നത് വിത്തിന് ക്ഷതം ഇല്ലതാക്കുന്നു.
- വെള്ളത്തിലിടുമ്പോൾ തൊപ്പി/ഞെട്ട് നേരെ കുത്തനെ മുകളിൽ വരുന്ന കായ്കൾ വിത്തിനെടുക്കാവുന്നതാണ്.
- തണൽ കിട്ടുന്ന സ്ഥലത്ത് തടം കോരി തലപ്പു ഭാഗം അൽപ്പം ഉയർത്തി മുകളിലായി വരത്തക്കവിധം അഞ്ചെട്ട് സെ. മീ. അകലത്തിൽ വിത്ത് പാകി മുകളിൽ മണൽ മൂടി ദിവസേനെ നനയ്ക്കണം.
- 45 ദിവസത്തിനകം മുളയ്ക്കാൻ തുടങ്ങുകയും മൂന്നുമാസം അത് തുടരുകയും ചെയ്യുന്നു. രണ്ട് മൂന്നിലകൾ വരുന്ന തൈകൾ രണ്ടാം തടത്തിൽ ഒന്നര മീറ്റർ നീളവും വീതിയും ആഴവുമുള്ള തടങ്ങളിൽ 30-35 സെ. മീറ്റർ അകലത്തിൽ ചെറു തണലുള്ളിടത്ത് നടാവുന്നതാണ്.
- 12-18 മാസമാകുമ്പോൾ ഏറ്റവുംകൂടുതൽ ഉയരവും ഇലകളും ഉള്ള തൈകൾ തൈത്തടത്തിൽ നിന്നും പറിച്ചു നടാവുന്നതാണ്.
- ഇലകളുടെ എണ്ണത്തെ 40 കൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയിൽ നിന്നും ചെടിയുടെ ഉയരം കുറയ്ക്കുക. ഇത്തരത്തിൽ കിട്ടുന്ന കൂടിയ സംഖ്യ കിട്ടിയ തൈകൾ നല്ല തൈകളായി കണക്കാക്കാം.
- തൈമാറ്റുമ്പോൾ വേര് പൊട്ടാതിരിക്കാൻ വിത്ത് നഴ്സറിയിൽ നടുന്നതിനുപകരം ഗ്രോ ബാഗിലോ ചാക്കിലോ നടാവുന്നതാണ്.
- കുറിയ ഇനമെങ്കിൽ ഒരടി നീളവും അരയടി വീതിയുമുള്ള പോളിത്തീൻ ബാഗിൽ മണ്ണ്, മണൽ, ചാണകം എന്നിവ തുല്ല്യ അളവിൽ നിറച്ച് തൈകളെ ബാഗിലേയ്ക്ക് മാറ്റി ഒന്നരവർഷം കഴിഞ്ഞേ നടാവൂ.
- ലോമ മണ്ണ്, എക്കൽ മണ്ണ്, ചരൽ കലർന്ന വെട്ടുകല്ല് മണ്ണ്, ചുവന്ന ലോമ മണ്ണു എന്നിവയിൽ കമുക് കൃഷി ചെയ്യാവുന്നതാണ്.
- രണ്ടേ മുക്കാൽ മീറ്റർ അകലത്തിൽ 1 മീറ്റർ ഘനയടിയിലുള്ള കുഴിയിൽ 20 സെ. മീ ഉയരത്തിൽ 15 കി. ഗ്രാം ചാണകവും മേൽമണ്ണും ചേർത്ത് കുഴിയൊരുക്കി അതിൽ തൈകൾ വച്ചശേഷം കടഭാഗം വരേ മണ്ണിട്ട് അമർത്തി നടാവുന്നതാണ്.
- നല്ല നീർവാർച്ചയുള്ളതും വെള്ളക്കെട്ട് ഉണ്ടാകത്തതുമായ സ്ഥലമാണ് കൃഷിക്ക് അഭികാമ്യം.
- സൂര്യതാപം കുറയ്ക്കാൻ തോട്ടത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ പെട്ടെന്നു വളരുന്ന തണൽ മരങ്ങൾ നടുന്നത് നല്ലതാണ്.
- മെയ് മാസമാണ് വിത്ത് നടാൻ പറ്റിയ സമയം. എന്നാൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒക്ടോബർ മാസമാകും കൂടുതൽ അഭികാമ്യം.
- തൈ നട്ട് ഒരുവർഷം കഴിയുമ്പോൾ കടഭാഗത്തെ വണ്ണം 20 സെ. മീറ്ററിൽ താഴേയും, രണ്ടു വർഷം കഴിയുമ്പോൾ പട്ടപൊഴിക്കുന്ന അടയാളം(മുട്ട്/അരഞ്ഞാണം) നാലിൽ താഴേയും ആയാൽ തൈകളെ ഒഴിവാക്കേണ്ടതാണ്.
- വളർച്ചയുടെ ആരംഭ ദശയിൽ തണലും തണുപ്പും വളരെ അത്യാവശ്യമാണ്. വർഷം മുഴുവനും ഏതാണ്ട് തുല്യമായ മഴയാണ് ഉത്തമം.
- വരൾച്ചാ കാലത്ത് മണ്ണിന്റെ സ്വഭാവമനുസരിച്ച് 4-7 ദിവസം ഇടവിട്ട് മരമൊന്നിന് ഏകദേശം 150-200 ലിറ്റർ ജലം ലഭ്യമാക്കേണ്ടതുണ്ട്.
- ജല ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ തുള്ളി ജലസേചന രീതി (Drip irrigation) കമുകിന് പറ്റിയതാണ്.
- ആദ്യ വർഷം മുതൽ തന്നെ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ മരമൊന്നിന് കുറഞ്ഞത് 12 കി. ഗ്രാം കാലിവളം, കമ്പോസ്റ്റ്, ആട്ടിൻ കാഷ്ടം, എല്ല് പൊടി, മീൻ വളം, കോഴിവളം, തുടങ്ങിയ പച്ചിലകൾ എന്നിവ ജൈവ വളങ്ങളായി നൽകാവുന്നതാണ്.
- നാടൻ ഇനങ്ങൾക്ക് വർഷം തോറും 10:40:140 ഗ്രാം എന്ന കണക്കിൽ പാക്യജനകം, ഭാവകം, ക്ഷാരം അടങ്ങിയ എൻ. പി. കെ- NPK (എൻ-നൈട്രജൻ, പി-ഫോസ്ഫറസ്, കെ-പൊട്ടാഷ്) മിശ്രിതം നൽകാവുന്നതാണ്.
- മംഗളപോലെ ഉത്പാദനശേഷിയുള്ള ഇനങ്ങൾക്ക് 150:60:210 ഗ്രാം എന്ന കണക്കിൽ പാക്യജനകം, ഭാവകം, ക്ഷാരം അടങ്ങിയ എൻ. പി. കെ മിശ്രിതം നൽകാവുന്നതാണ്. ആദ്യ വർഷം മൂന്നിലൊന്നും രണ്ടാം വർഷം മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ മുഴുവൻ അളവിലും മിശ്രിതം നൽകാവുന്നതാണ്.
- സെപ്തംബർ-ഒക്ടോബർ, ഫബ്രുവരി മാസങ്ങളിൽ പകുതി വീതം വർഷത്തിൽ രണ്ട് പ്രാവശ്യം വളം നൽകാവുന്നതാണ്
- ആദ്യ വർഷ പകുതിയിൽ കവുങ്ങിൻ ചുവട്ടിൽ അരമീറ്റർ വൃത്ത അകലത്തിൽ ഇരുപത് സെ. മീ. ആഴത്തിൽ കുഴികുത്തി വളം വിതറി മണ്ണ് മൂടണം.
- അടുത്ത വർഷ പകുതിയിൽ തടത്തിലെ കളകൾ നീക്കി വളം വിതറി മണ്ണിളക്കിയാൽ മതിയാകും.
- തടങ്ങളിൽ കരിയില, ശീമക്കൊന്ന എന്നിവ പുതയിടുന്നത് ഉണക്കിന്റെ കാഠിന്യം കുറയ്ക്കാനും മണ്ണിലെ ഈർപ്പം നിലനിർത്താനും വളമായും ഉപയോഗയോഗ്യമാകുന്നു.
- അംമ്ളാംശം കുറവെങ്കിൽ രണ്ട് വർഷത്തിലൊരിക്കൽ മരമൊന്നിന് അരക്കിലോ കുമ്മായം ഏപ്രിൽ-മേയ് മാസം നൽകാവുന്നതാണ്.
- കമുകിന് തണലിനായി ആദ്യ നാലഞ്ച് വർഷം വാഴ നടുന്നത് നല്ലതാണ്.
- കമുകിൻ തടത്തിൽ പയർവർഗ്ഗങ്ങൾ നടുന്നത് കമുകിന് നല്ലതാണ്.
- വെള്ളക്കെട്ട്, നീർവാർച്ചകൂടുതൽ പ്രദേശങ്ങളിൽ ചാലുകൾ അത്യാവശ്യമാണ്.
- ചരിവുള്ളിടത്ത് കയ്യാല കോരി തൈനടുന്നത് നല്ലതാണ്.
- അംമ്ള ഗുണമുള്ള മണ്ണിൽ രണ്ട് വർഷത്തിലൊരിക്കൽ അര കി. ഗ്രാം നീറ്റുകക്ക ചേർക്കണം.
- അടയ്ക്കാമരത്തൈകളുടെ കാണ്ഡഭാഗത്ത് വയിലേറ്റ് പൊള്ളി നശിക്കാതിരിക്കാൻ കവുങ്ങിൻ പാള, ഓല എന്നിവ കൊണ്ടോ കുമ്മയമോ, ചേടി തൊളി പൂശിയോ സംരക്ഷിക്കേണ്ടതാണ്.
രോഗങ്ങളും രോഗ നിവാരണവും:
- കൂമ്പ് അടപ്പ്:
ലക്ഷണം: എല്ലാത്തരം കമുകിനേയും ആക്രമിക്കുമെങ്കിലും ഇളം കമുകിനെ കൂടുതലാക്രമിക്കാറുണ്ട്. നാമ്പിലയ്ക്ക് ചുറ്റുമുള്ള ഇലകൾക്ക് മഞ്ഞ നിറം ഉണ്ടാകുകയും പുറത്തേക്ക് നാമ്പ് നീളാൻ പ്രയാസവും നേരിടുന്നു. പിന്നീട് നാമ്പിലയുടെ കടഭാഗം അഴുകുകയും ദുർഗ്ഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.
പ്രതിവിധി: രോഗ ഭാഗങ്ങൾ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോർഡോ മിശ്രിതം കുഴമ്പ് രൂപത്തിൽ അവിടെ പുരട്ടിയ ശേഷം നന്നായി കെട്ടിപ്പൊതിഞ്ഞ് പുതു നാമ്പ് വരുന്നതുവരെ സൂക്ഷിക്കണം. മൂന്നു മാസത്തിലൊരിക്കൽ വീതം രോഗം തീരുവോളം ചെയ്യുകയും വേണം. രോഗാണു ആക്രമണം കൂടുകയോ, രക്ഷപ്പെടാൻ സാധ്യതയില്ലാത്തതോ ആയ കമുക് തീയിൽ നശിപ്പിക്കുകയും വേണം.
- വേരുചീയൽ:
ലക്ഷണം: നടുഭാഗത്തെ ഇലകൾക്കിരുവശത്തും മുകൾഭാഗത്തും കറുത്ത പാടുകൾ പ്രത്യക്ഷമാകും. പിന്നീട് ഇവ ചുരുളുകയും പൊട്ടിപ്പിളന്ന് വിശറിരൂപത്തിൽ കാണപ്പെടുന്നു. പിന്നീട് ബാക്കി കമുകോലകളിലും ഇത് വ്യാപിക്കാറുണ്ട്.
പ്രതിവിധി: മൂന്നു മാസത്തിലൊരിക്കൽ വീതം രോഗം തീരുവോളം രോഗ ഭാഗങ്ങൾ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോർഡോ മിശ്രിതം പുരട്ടി രോഗം ഒഴിവാക്കവുന്നതാണ്.
- കാറ്റ് വീഴ്ച:
ലക്ഷണം: ഓലക്കാലുകൾ മഞ്ഞനിറത്തിലാകുക, ഓലക്കാൽ അകത്തേയ്ക്കു വളയുക, ഓലക്കാലിന്റെ അറ്റം പൊട്ടിപ്പിളരുക എന്നിവ. വേരുരോഗമാണ് കാറ്റ് വീഴ്ച.
പ്രതിവിധി: രോഗാണു ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ അത്തരം കമുക് നശിപ്പിക്കുകയാണ് പ്രതിവിധി.
- മഞ്ഞളിപ്പ്:
ലക്ഷണം: ഇളം കമുകോലയും നാമ്പിലകളും പഴുത്തതുപോലെ മഞ്ഞ നിറം വ്യാപിക്കുകയും പിന്നീട് മറ്റ് ഇലക്ലിലേയ്ക്കും ബാധിക്കുകയും ചെയ്യുന്നു. ക്രമേണ കരിഞ്ഞുണങ്ങുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
- മഹാളി:
ലക്ഷണം: കായ്കളിലും പൂവിലും പൊള്ളലുകൾ പ്രത്യക്ഷപ്പെടുകയും കറുത്തപാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. ക്രമേണ അഴുകുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
- ഫംഗസ്/ ബാക്ടീരിയ:
ലക്ഷണം: അടുത്തകാലത്ത് കാസർകോഡ് മേഖലയിൽ കൂടുതലായി വരുന്ന രോഗത്തിന് കാരണമോന്നും ഇതേവരെ കണ്ടെത്തിയിട്ടില്ല. കമുകുകൾ വാടുകയും രോഗഭാഗം വെട്ടിയാൽ കടുത്ത ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. രോഗലക്ഷണം ഫംഗസ് രോഗലക്ഷണത്തേയും ദുർഗന്ധലക്ഷണം ബാക്ടീരിയ ബാധയേയും സൂചിപ്പിക്കുന്നതിനാൽ വിശദപഠനം ആവിശ്യമാണ്.
- അടയ്ക്കവിണ്ടുകീറൽ:
ലക്ഷണം: അടുത്തകാലത്ത് പലഭാഗത്തും അങ്ങിങ്ങ് കണ്ടുവരുന്ന രോഗമാണിത്. കായ്കൾ പൊള്ളിയതുപോലെ അടയാളങ്ങൾ ഉണ്ടാകുകയും പിന്നീട് നെടുകേ വരപോലെ പ്രത്യക്ഷപ്പെടുകയും വിണ്ടുകീറുകയും ചെയ്യുന്നു. കായ്കൾ ചെറുതാകുകയും ഭാരം കുറയുകയും ചെയ്യുന്നു.
പ്രതിവിധി: രോഗലക്ഷ്ണം കണ്ടാൽ കമുകിൻ തടത്തിൽ നല്ല നീർച്ചാ സൌകര്യം ചെയ്യുകയും ബൊറക്സ് ഉപയോഗിക്കുകയും ചെയ്യണം.
മറ്റ് വിശേഷങ്ങൾ:
- മംഗളകാര്യങ്ങൾ തുടങ്ങുമ്പോൾ അടയ്ക്കയും വെറ്റിലയും നൽകുന്നത് മതപരമായതും പവിത്രമായതുമായ ആചാരമാണ്.
- ധാന്യ വിളകളായ കരനെല്ല്, ചോളം തുടങ്ങിയവ കമുകിന് ഇടവിളയായി കൃഷിക്ക് അനുയോജ്യമാണ്.
- മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ് എന്നീ കിഴങ്ങുവർഗ്ഗങ്ങൾ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
- പയർ, നിലക്കടല എന്നീ പയറു വർഗ്ഗങ്ങൾ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
- ഇഞ്ചി, മഞ്ഞൾ, കൂവ, ഗ്രാമ്പു, മുളക്, ജാതി എന്നീ സുഗന്ധവ്യഞ്ജനങ്ങൾ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
- വാഴ, കൈതച്ചക്ക, പപ്പായ എന്നീ പഴവർഗ്ഗങ്ങൾ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
- കൊക്കോ, തീറ്റപ്പുല്ലിനങ്ങൾ എന്നിവ കമുകിന് ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
- കുരുമുളക്, വെറ്റില എന്നിവയ്ക്ക് കമുക് പറ്റ് മരമാണ്.
- പഴയകാല തലമുറ പാടത്ത് വെയിലിൽ നിന്നും രക്ഷനേടുന്നതിന് പാളത്തൊപ്പിയും മുതുക് മറയ്ക്കുന്നതിന് പാളക്കോട്ടും ഉപയോഗിച്ചിരുന്നു.
- പഴയകാല തലമുറ പാളകോട്ടി പാള സഞ്ചി ഉപയോഗിച്ചിരുന്നു. വെള്ളം കോരുന്നതിന് തൊട്ടിയായും ഉപയോഗിച്ചിരുന്നു.
- പഴയകാല തലമുറ പാടത്തേയ്ക്ക് വെള്ളം തേവുന്നതിനും ചെടികൾ നനയ്ക്കുന്നതിനും പാള ഉപയോഗിച്ചിരുന്നു.
- പഴയകാല തലമുറ ചെറിയ കുട്ടികളെ കിടത്തിക്കുളിപ്പിക്കുന്നതിന് പാള ഉപയോഗിച്ചിരുന്നു.
- ഇന്ത്യയിൽ കൂടുതൽ അടയ്ക്ക ഉത്പാദിപ്പിക്കുന്നത് കർണ്ണാടക സംസ്ഥാനമാണ്.
- കർണ്ണാടകത്തിൽ കാണുന്ന ഹിരേഹള്ളി ലോക്കൽ, തമിഴ്നാട്ടിൽ കാണുന്ന മേട്ടുപ്പാളയം നാടൻ, ആസ്സാമിൽ കാണുന്ന കാച്ചികുച്ചി എന്നിവ അന്നാട്ടിലെ സാധാരണ ഇനം കമുകുകളാണ്.
No comments:
Post a Comment