Saturday, 26 March 2016

സസ്യഭാഗങ്ങൾ

സസ്യഭാഗങ്ങൾ

വേര് :
സസ്യങ്ങളുടെ കാണ്ഡത്തിന് എതിർ ദിശയിൽ വളരുന്ന സസ്യ ഭാഗങ്ങളാണ്വേരുകൾ (Roots). സസ്യങ്ങൾക്കാവശ്യമായ വെള്ളവും ലവണവും ആഗിരണം ചെയ്യുന്നതും മണ്ണിന്നടിയിലേയ്ക്കു ആഴ്ന്നിറങ്ങി മരങ്ങളെ ഉറപ്പിച്ച് നിർത്തുന്നതും വേരുകളാണ്. ഒരു വിത്ത് മുളയ്ക്കുമ്പോൾ ആദ്യം ബീജമൂലം (radicle) പുറത്ത് വരുന്നു. ബീജമൂലം വളർന്ന് വേരായും,ബീജശീർഷം(plumule) വളർന്ന് കാണ്ഡമായും മാറുന്നു. തായ്‌വേര് പടലം, നാര് വേര് പടലം എന്നീ രണ്ടുവിധം വേരുകളാണു പ്രധാനമായും സസ്യങ്ങൾക്കുള്ളത്.
  • തായ് വേര് പടലം ( Tap root system)- ആഴത്തിലേക്കിറങ്ങുന്ന പ്രധാന വേരും അതിൽ നിന്നും ഉത്ഭവിക്കുന്ന ശാഖാവേരും ചേർന്ന വേരുകൾ. ഉദാ- ആൽമരം, മാവ്
  • നാര് വേര് പടലം (Fibres root system)- സസ്യ കാണ്ഡത്തിൽ നിന്നും ഉത്ഭവിക്കുന്ന നാരുകൾ പോലുള്ള വേരുകൾ. ഉദാ- തെങ്ങ്, നെല്ല്, പുൽ വർഗ്ഗങ്ങൾ
ഇവ കൂടാതെ ചില പ്രത്യേക ധര്‍മ്മങ്ങൾ നിര്‍വ്വഹിക്കുന്ന വേരുകളും സസ്യങ്ങളിൽ കാണാറുണ്ട്.
  • പറ്റുവേരുകൾ (Climbing root) – ഉയരമുള്ള ഭിത്തികൾ, മറ്റു സസ്യങ്ങൾ എന്നിവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വേരുകളാണ് പറ്റുവേരുകൾ. കുരുമുളക്, വെറ്റില, മണിപ്ളാന്റ് എന്നിവയുടെ വേരുകൾ പറ്റുവേരുകൾക്ക് ഉദാഹരണമാണ്.
  • പൊയ്ക്കാൽ വേര് (Stilt root) - സസ്യങ്ങളുടെ കാണ്ഡത്തെ താങ്ങി നിർത്തുന്നതിന് അവയുടെ പ്രധാന കാണ്ഡത്തിൽ നിന്നും ഉത്ഭവിക്കുന്ന വേരുകളാണ് പൊയ്ക്കാൽ വേരുകൾ. കരിമ്പ്, മുള, കണ്ടൽഎന്നിവയുടെ വേരുകൾ പൊയ്ക്കാൽവേരുകൾക്ക് ഉദാഹരണമാണ്.
  • താങ്ങ് വേര് (Prop root) - സസ്യങ്ങളുടെ ശാഖകളെ താങ്ങി നിർത്തുന്നതിന് അവയുടെ ശാഖകളിൽ നിന്നും ഉത്ഭവിക്കുന്ന വേരുകളാണ് താങ്ങ് വേരുകൾ. ആലിന്റെ വേരുകൾ താങ്ങുവേരുകൾക്ക് ഉദാഹരണമാണ്.
  • മുഴ വേരുകൾ (Tuberous roots) - വേരുകൾ മുഴകൾ പോലെയും ഭക്ഷണവും ജലവും സംഭരിക്കുന്ന വേരുകളാണ് മുഴവേരുകൾ. മധുരക്കിഴങ്ങ്, മരച്ചീനി എന്നിവയുടെ വേരുകൾ മുഴവേരുകൾക്ക് ഉദാഹരണമാണ്.
  • സംഭരണ വേരുകൾ (Storage roots) – ഭക്ഷണവും ജലവും സംഭരിക്കുന്നത് തായ് വേരുകളിലാണെങ്കിൽ അതിനെ സംഭരണ വേരുകളായി കണക്കാക്കുന്നു. കാരറ്റ്, മുള്ളങ്കി എന്നിവയുടെ വേരുകൾ സംഭരണ വേരുകൾക്ക് ഉദാഹരണമാണ്.
  • വെലാമെൻ വേരുകൾ (Velamen roots) - - സസ്യങ്ങളുടെ പ്രധാന കാണ്ഡത്തിലോ, ശാഖകളിലോ നിന്നും ഉത്ഭവിക്കുന്ന വേരുകളാണ് ഏരിയൽ വേരുകൾ. ഓർക്കിഡ്, മരവാഴ എന്നിവയുടെ വേരുകൾ aerial  വേരുകൾക്ക് ഉദാഹരണമാണ്.

കാണ്ഡം :
 കാണ്ഡം (Stem) എന്നത് ഇലകൾ, ശാഖകൾ, ഉപശാഖകൾ, പൂക്കൾ, ഫലങ്ങൾ എന്നിവ ചേർന്നതാണ്. ഒരു വിത്ത് മുളയ്ക്കുമ്പോൾ വിത്തിലെ ബീജശീർഷം(plumule) വളർന്ന് കാണ്ഡമായും മാറുന്നു. ബഹുവർഷികളായ സസ്യങ്ങളാണെങ്കിൽ വസന്തകാലത്ത് പുതിയ തളിരിടുകയും പൂക്കുകയും ചെയ്യും.
ഇളം കാണ്ഡങ്ങളിലെ നാരുകളിൽ കാണുന്ന കോശങ്ങളിൽ കോശഭിത്തിയുടെ വികസനം സാവധാനമായതിനാൽ ഇവ വളരെ മൃദുലവും ഹരിതകത്തിന്റെ സാന്നിദ്യം കൂടുതലായതിനാൽ പച്ചനിറത്തിലും കാണുന്നു. തുടർന്നുള്ള വളർച്ചാഘട്ടങ്ങളിൽ  രണ്ടാമത്തെ കോശഭിത്തി കട്ടിയാവുകയും, കാഠിന്യം ഉണ്ടാവുകയും ചെയ്യുന്നതോടൊപ്പം ഹരിതകണത്തിന്റെ സാന്നിദ്യം കുറഞ്ഞ് വരികയും ചെയ്യുന്നു.കാണ്ഡത്തിന്റെ ഉൾഭാഗത്തു കൂടുതൽ കാഠിന്യമുള്ള കാതലും, പുറം ഭാഗത്ത് വെള്ളയും ഉണ്ടാകുന്നു. ഏറ്റവും പുറത്തായി കാണ്ഡത്തെപ്പൊതിഞ്ഞ് മരത്തൊലിയും രൂപപ്പെടുന്നു. ചില സസ്യങ്ങൾ പ്രത്യേക കാലങ്ങളിൽ തൊലിപൊഴിക്കാറുണ്ട്.

ഇല :
സസ്യത്തിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് ഇല (Leaf). ഇലകളുടെ പച്ചനിറത്തിന് കാരണം അതിലെ ഹരിതകമെന്ന വസ്തുവാണ്. ഇലകളിൽ വെച്ചാണ് പ്രകാശസംശ്ളേഷണം നടക്കുന്നത്. ഇലകൾ കാണ്ഡത്തിലെ പർവ്വങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. ഓരോ ഇലയിടുക്കിലും സാധാരണയായി മുകുളങ്ങളുണ്ടായിരിക്കും. ഈ മുകുളങ്ങൾ ചില ചെടികളിൽ വളരെ ചെറുതാണ്. ഒരു വിത്ത് മുളയ്ക്കുമ്പോൾ ആദ്യം ഉണ്ടാകുന്ന ഇലയാണ് ബീജ പത്രം. ബീജപത്രം മാംസളവും ആഹാരസമ്പുഷ്ടവുമാണ്. പുതിയ ഇലകളുണ്ടാകുന്നതുവരെ സസ്യത്തിന്റെ വളർച്ചയ്ക്ക് ഇത് ഉപകരിക്കുന്നു. ഏകബീജ (ഒറ്റവിത്ത്) സസ്യത്തിന്റെ വിത്ത് മുളയ്ക്കുമ്പോൾ ആദ്യം ഉണ്ടാകുന്ന ഒറ്റയിലയെ ഏകബീജ പത്രമെന്നും ദ്വിബീജ (ഇരട്ട വിത്ത്) സസ്യത്തിന്റെ വിത്ത് മുളയ്ക്കുമ്പോൾ ആദ്യം ഉണ്ടാകുന്ന ഇരട്ടയിലയെ ദ്വിബീജ പത്രമെന്നും വിളിക്കുന്നു.
ഒരിലക്ക് സാധാരണയായി രണ്ട് ഭാഗങ്ങളുണ്ട്. ഒരു നീണ്ട തണ്ടും വിസ്തൃതമായി പരന്ന ഒരു ഭാഗവും. ഇതിൽ തണ്ടിനെ ഇലഞെട്ട് അഥവാ പത്രവൃന്തം (petiole) എന്നും പരന്ന ഭാഗത്തെ പത്രപാളി എന്നും പറയുന്നു. പത്രവൃന്തംകൊണ്ടാണ് പത്രപാളിയെ കാണ്ഡവുമായി ഘടിപ്പിച്ചിരിക്കുന്നത്. ചിലചെടികളിൽ പത്രവൃന്തത്തിന്റെ അടിയിലായി രണ്ടു ചെറിയ ദളങ്ങൾ പോലുള്ള ഭാഗങ്ങൾ കാണുന്നു. ഇവയെ അനുപർണ്ണങ്ങൾ എന്നു വിളിയ്ക്കുന്നു. തെച്ചി/തെറ്റി പോലുള്ള ചില ചെടികളിൽ പത്രവൃന്തം കാണപ്പെടുന്നില്ല. ഇത്തരം ഇലകളെ അവൃന്തപത്രങ്ങൾഎന്നു വിളിയ്ക്കുന്നു.
പത്രപാളികളാണ് ഇലകളുടെ ഏറ്റവും പ്രധാന ഭാഗം. ഇതിനെ താങ്ങിനിർത്തുവാൻ ഒരു വ്യൂഹം സിരകളുണ്ട്. ഇവ ഇലകൾക്കകം മുഴുവൻ ലവണവും ജലവും വിതരണം ചെയ്യുന്നു. ഇലകളുടെ കോശങ്ങളിൽ നിന്നും പാകം ചെയ്യപ്പെടുന്ന ആഹാരം സസ്യഭാഗങ്ങളിൽ എത്തിക്കുന്നതിനായി വഹിച്ച് കൊണ്ടുപോകുന്നതും ഈ സിരകളിലൂടെയാണ്.
ഇലകളുടെ ബാഹ്യരൂപം :
ആകൃതി, വലിപ്പം തുടങ്ങിയ കാര്യങ്ങളിൽ ഒരേവൃക്ഷത്തിന്റെ ഇലകളിൽ തന്നെ വ്യത്യാസമുണ്ടാകാം. എല്ലാഇലകൾക്കും നേർത്തു പരന്ന് പച്ചനിറത്തിലുള്ള പത്രപാ‍ളി എന്നൊരു ഭാഗമുണ്ട്. ഇത് ഇലഞെട്ടു അഥവാ പത്രവൃന്തം മൂലം ചെടിയുടെ തണ്ടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. കള്ളിച്ചെടികളിൽ കാണുന്നതുപോലെ രൂപമെടുത്താലുടൻ കൊഴിഞ്ഞുപോകുന്ന ഇലകളും (transitory) വിരളമല്ല. ഇത്തരം ചെടികളിൽ പച്ച തണ്ടുകളാണ് ഭക്ഷണം പാകംചെയ്യുന്ന ജോലി നിർവഹിക്കുന്നത്. പത്രവൃന്തങ്ങളും ഇലയുടെ പത്രപാ‍ളിയും തമ്മിൽ ബന്ധിച്ചിരിക്കുന്ന വിധത്തിലും, ഇലകൾ തണ്ടുമായി ചേരുന്ന രീതിയിലും പത്രപാ‍ളിയുടെ അഗ്രഭാഗം, അടിഭാഗം, വക്കുകൾ, സിരാപടലം എന്നിവയുടെ ഘടനയിലും എല്ലാം ഒന്ന് മറ്റൊന്നിൽ നിന്നും വ്യത്യസ്തമായിരിക്കും.
സിരാവിന്യാസം (Venation) :
സിരാവ്യൂഹം ജന്തുജാലങ്ങളിലെ രക്തധമനികൾക്കു സമാനമായി ഇലകളുടെ പച്ച നിറത്തിലുള്ള പരന്ന ഭാഗമായ പത്രപാളിയിൽ നേർത്ത ഞരമ്പുകൾ കാണാം. ഇവയെ മൊത്തത്തിൽ സിരാവ്യൂഹം എന്നു പറയുന്നു. സിരാപടലങ്ങൾ ഒരോ സസ്യങ്ങളിലും വ്യത്യസ്തമായിട്ടാണ് കാണുക.പ്രധാനമായും രണ്ടു തരം സിരാവ്യൂഹങ്ങളാണുള്ളത്. സമാന്തരസിരാവിന്യാസവും ജാലികാസിരാവിന്യാസവും.
  • സമാന്തര സിരാവിന്യാസം – (parallel venation)- സമാന്തരമായി പോകുന്ന സിരകൾ ഇലയുടെ അഗ്രഭാഗം വരെ നീണ്ടുപോകുന്നു. ഒറ്റപ്പരിപ്പ് (Monocot) സസ്യങ്ങളിലാണിത് കാണപ്പെടുന്നത്. സമാന്തര സിരാവിന്യാസമുള്ള ഇലകളിൽ പ്രധാന സിരകളെല്ലാം ഇലയുടെ അടിമുതൽ അഗ്രം വരെ സമാന്തരമായി ക്രമീകരിച്ചിരിക്കുന്നു. പുൽച്ചെടികൾ, രാമച്ചം, വാഴ തുടങ്ങിയവയുടെ ഇലകൾ സമാന്തര സിരാവിന്യാസ രീതിയിലാണ്.
  • ജാലികാ സിരാവിന്യാസം ‌- (Reticulate venation) വലയുടെ ആകൃതിയിൽ സിരകൾ കാണപ്പെടുന്ന രീതിയാണ് ജാലികാ സിരാവിന്യാസം. ഇവ ഇരട്ടപ്പരിപ്പ് (dicot) സസ്യങ്ങളിലാണിത് കാണപ്പെടുന്നത്. ഇലകളുടെ മധ്യഭാഗത്ത് കാണുന്ന പ്രധാനസിരയിൽ നിന്ന് ഉത്ഭവിക്കുന്ന സിരകൾ ശാഖോപശാഖകളായി പിരിഞ്ഞ് വലക്കണ്ണികൾ പോലെ വ്യാപിച്ചിരിക്കുന്നു. മാവ്, പ്ളാവ്, ചെമ്പരത്തി എന്നിവയുടെ ഇലകൾ ജാലികാ സിരാവിന്യാസ രീതിയിലുള്ളതാണ്.
ലഘുപത്രങ്ങളും ബഹുപത്രങ്ങളും :
ഇലകൾ ആകൃതിയിലും വലിപ്പത്തിലും വളരെ വിഭിന്നങ്ങളാണ്. ആയവ ചുവടെ ചേർക്കുന്നു.
  • ലഘു പത്രം (Simple leaf) - മിക്ക ഇലകളിലും ഒരു പത്രപാളി മാത്രമേ കാണുകയുള്ളൂ. ചില ഇലകളിൽ ഈ പത്രപാളി അനേകം ഭാഗങ്ങളായി കീറപ്പെട്ടിരിക്കുന്നു. ഇങ്ങനെ കീറപ്പെട്ടിരിക്കുന്ന ഒരു പത്രപാളി മാത്രമേ ഇലയ്ക്കുള്ളൂ എങ്കിൽ ഇത്തരം ഇലകളെ ലഘു പത്രങ്ങളെന്നു പറയുന്നു. പത്രവൃന്തം ചെടിയുടെ തണ്ടുമായി യോജിക്കുന്നിടത്തു ഒരു ചെറിയ മുകുളം കാണപ്പെടുന്നതാണ് ലഘുപത്രത്തിന്റെ സവിശേഷത. ചെമ്പരത്തി, മരച്ചീനി, മത്ത,പ്ളാവ്, എന്നിവ ഉദാഹരണങ്ങളാണ്.
  • ബഹുപത്രം(Compound leaf) - എന്നാൽ ചില ചെടികളിൽ പത്രപാളി അനേകം ചെറുഘടകങ്ങളായി പൂർണ്ണമായുംവിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ഓരോന്നിനും പ്രത്യേകം ഞെട്ടുണ്ടാകും. അവയെ പരസ്പരം കേടുകൂടാതെ വേർപെടുത്താൻ കഴിയും. ഈ ഓരോ ചെറു ഘടകങ്ങളെയും പത്രകം എന്ന് പറയും. ഇത്തരം പത്രകങ്ങളായി ഭാഗിക്കപ്പെടുന്ന ചെടിയെ പത്രകം എന്ന് വിളിയ്ക്കുന്നു. പത്രകങ്ങളുടെ ക്രമീകരണരീതി അനുസരിച്ച് ബഹുപത്രകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. മുള്ളിലവ്, പരുത്തി, വേപ്പ്, ശീമക്കൊന്ന എന്നിവ ഉദാഹരണങ്ങളാണ്.
  • ഹസ്തകബഹുപത്രം - ചില ബഹുപത്രങ്ങളിൽ പത്രകങ്ങൾ പുറപ്പെട്ടിരിക്കുന്നത് പത്രവൃന്ത ത്തിന്റെ അഗ്രത്തിലുള്ള ഒരു ഭാഗത്തുനിന്നുമാണ്. ഇത്തരം ബഹുപത്രങ്ങളെ ഹസ്തകബഹുപത്രങ്ങൾ (Palmately Compound Leaf) എന്നു പറയുന്നു.മുള്ളിലവ്, പരുത്തി, കാട്ടുകടുക് എന്നിവയുടെ ഇലകൾ ഇത്തരം ബഹുപത്രങ്ങളാണ്.
  • പിഛ്ചക ബഹുപത്രം - ചില ബഹുപത്രങ്ങളിൽ പത്രകങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഒരു പ്രധാന മധ്യ അക്ഷത്തിന് ഇരുവശങ്ങളിലായി ഓരോ വരിയായിട്ടാണ്. ഇത്തരം ബഹുപത്രങ്ങളെ പിഛ്ചക ബഹുപത്രം (Pinnatery compound leaf)എന്നു പറയുന്നു. ഉദാഹരണം: വേപ്പ്, ശീമക്കൊന്ന, പുളി.
പത്രവിന്യാസം :
ഒരു സസ്യത്തിൽ സൂര്യപ്രകാശം കൂടുതൽ ഏൽക്കത്തവിധത്തിലാണ് കാണ്ഡത്തിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്നത്. ഇലകളുടെ ഈ ക്രമീകരണത്തിന് പത്രവിന്യാസം (Phyllotaxis) എന്ന് പറയുന്നു. പ്രധാനപ്പെട്ട വിന്യാസ രീതികൾ ചുവടെ ചേർക്കുന്നു.
  • ഏകാന്തരന്യാസം :  ഇലകൾ പുറപ്പെടുന്നത് ഒന്നിടവെട്ട ഓരോ പർവ്വങ്ങളിലെ ഒരുവശത്തും ഇടയ്ക്കുള്ള പർവങ്ങളിൽ മറുവശത്തുമായി ക്രമീകരിക്കുന്ന വിനാസമാണ് ഏകാന്തരന്യാസം(Alternate or spiral phyllotaxis). ചെമ്പരത്തി, മാവ്, പ്ളാവ് എന്നിവ ഏകാന്തരന്യാസത്തിന് ഉദാഹരണമാണ്.
  • അഭിന്യാസം : ഒരുപർവ്വത്തിലെ രണ്ടിലകൾ വിപരീത ദിശയിൽ പുറപ്പെടുന്നതാണ് അഭിന്യാസം(Opposite phyllotaxis). എന്നാൽ ഒരു പർവത്തിലെ ഇലകൾക്ക് നേരെ മുകളിൽ വരാതെ ലംബമായാണ് അടുത്ത പർവത്തിലെ ഇലകൾ ക്രമീകരിച്ചിരിക്കുന്നത്. കാപ്പിച്ചെടി, തെറ്റി തുടങ്ങിയവയിൽ അഭിന്യാസ രീതിയാണ്.
  • വർത്തുളന്യാസം : ചില സസ്യങ്ങളിൽ ഒരു പർവ്വത്തിൽ നിന്നും രണ്ടിലേറെ ഇലകൾ വിന്യസിച്ചതായിക്കാണുന്നു. ഈ ഇലകൾ അടുത്ത പർവ്വത്തിലെ ഇലകൾക്ക് നേരേ വരാതെയാണ് ക്രമീകരണം. പർവത്തിലെ ഇലകൾക്ക് ഇടയിലുള്ള സ്ഥാനത്തിന് നേർക്കായിരിക്കും ഇലകൾ കാണുന്നത്. ഇത്തരം വിന്യാസമാണ് വർത്തുളന്യാസം(Worled phyllotaxis). വർത്തുളന്യാസം അർളി, പാല എന്നിവയുടെ ഇലകളിൽ കാണുന്നു.
ഇലകളുടെ ധർമ്മങ്ങൾ :
  • പ്രകാശസംശ്ളേഷണം- ഇലയുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മമാണ് പ്രകാശസംശ്ളേഷണം. സസ്യ വേരുകൾ സ്വീകരിക്കുന്ന ജലവും ലവണവും കാണ്ഡങ്ങൾ വഴി ഇലകളിൽ എത്തിച്ചശേഷം സൌരോർജ്ജത്താൽ രാസോർജ്ജമാക്കിമാറ്റുന്ന പ്രക്രിയ. ഇതിലൂടെ ആഹാരം നിർമ്മിക്കുകയും, അത് ശേഖരിക്കുകയും ചെയ്യുന്നു.
  • സസ്യസ്വേദനം – സസ്യങ്ങളുടെ ഇലകളിലെ സവിശേഷമായ സുഷിരങ്ങളായ ആസ്യരന്ധ്രങ്ങളിലൂടെ (stomata) ജലം ക്രമമായി പുറന്തള്ളുന്നു. ഇത്തരം സ്വേദപ്രക്രിയയാണ് സസ്യസ്വേദനം.

പൂവ് :
സസ്യങ്ങളുടെ ജൈവ ധർമ്മ പ്രവർത്തനമായ പ്രത്യുൽപ്പാദനം നടക്കുന്നത് പൂവിലാണ്. ആൻജിയോസ്പെർമ എന്ന വിഭാഗത്തിൽ പെടുന്നവയാണ് പൂക്കളുണ്ടാകുന്ന സസ്യങ്ങൾ. ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയെ സംയോജിപ്പിച്ച് വിത്തുത്പാദിപ്പിക്കലുമാണ് പൂക്കളുടെ ധർമ്മം. പൂക്കൾ രണ്ട് തരം ഏകലിംഗ പുഷ്പവും, ദ്വിലിംഗ പുഷ്പവും.
ഏകലിംഗ പുഷ്പങ്ങൾ (Unisexual flowers) എന്നത് ആൺ പുഷ്പങ്ങളോ പെൺപുഷ്പങ്ങളോ മാത്രമുള്ള പുഷ്പങ്ങളാണ്. മത്തൻ, ജാതി തുടങ്ങിയവ ഇതിനുദാഹരണമാണു്. ഇത്തരം പുഷ്പങ്ങളിൽ ഒന്നുകിൽ കേസരപുടങ്ങൾ മാത്രമോ അല്ലെങ്കിൽ ജനിപുടങ്ങൾ മാത്രമോ ആയിരിക്കും രൂപപ്പെടുക. ഒരേ പുഷ്പത്തിനുള്ളിൽ സ്വപരാഗണം ഇല്ലാതാക്കി ജനിതകശുദ്ധീകരണം മെച്ചപ്പെടുത്തുക എന്നതാണു് ഇതുകൊണ്ടുള്ള നേട്ടം. പ്രതികൂലസാഹചര്യങ്ങളിൽ (എതിർലിംഗത്തിലുള്ള പൂവുകളുടെ അഭാവത്തിൽ) പ്രത്യുല്പാദന നിരക്കു കുറയും എന്നുള്ള ദോഷവും ഇവയ്ക്കുണ്ടു്.
ദ്വിലിംഗപുഷ്പത്തിൽ(Bilingual flower) രണ്ടു വ്യത്യസ്ത ലിംഗങ്ങൾക്കും അനുയോജ്യമായ ലൈംഗികഭാഗങ്ങൾ അടങ്ങിയിട്ടുണ്ടു്. ഇത്തരം പുഷ്പങ്ങളിൽ കേസരപുടങ്ങൾ, ജനിപുടങ്ങൾ എന്നിവ ഒരേപുഷ്പത്തിൽ അടുത്തടുത്ത് കാണുകയും സ്വപരാഗണം വേഗത്തിലാക്കുകയും ചെയ്യുന്നു. ഭൂരിഭാഗം ചെടികളിലും ദ്വിലിംഗപുഷ്പങ്ങൾ കാണാറുണ്ട്.
             പൂവിലെ പ്രധാന ഭാഗങ്ങളാണ് പുഷ്പവൃതി, ദളപുടം, കേസരം ജനി എന്നിവ. പൂവിന്റെ ദളങ്ങൾ (Petals or corolla) അഥവാ ഇതളുകൾ ജനിപുടത്തേയും കേസരപുടത്തേയും സംരക്ഷിച്ചുകൊണ്ട് പൊതിഞ്ഞുനിൽക്കുന്നു. എന്നാൽ, അതിലുപരി അവ പൂവിനു് വർണ്ണം, രൂപം, ഗന്ധം എന്നീ ഗുണങ്ങളെക്കൊണ്ട് ആകർഷണീയത നൽകുന്നു. പരാഗവാഹികളായ ഷഡ്പദങ്ങളേയും മറ്റും പ്രലോഭിപ്പിക്കാൻ ഈ ആകർഷണീയതയും അതിനൊപ്പം പുഷ്പാസനത്തിൽ അടങ്ങിയിട്ടുള്ള പൂന്തേനും അവശ്യമാണ്.
പൂഞെട്ടിൽനിന്നും പൂവിനെ ഭാഗികമായി പൊതിഞ്ഞുനിൽക്കുന്ന പച്ച നിറത്തിലുള്ളവിദളങ്ങൾ (Sepals or Calyx) പൂവിന്റെ മൊത്തത്തിലുള്ള ഘടനാസ്ഥിരതയും ആകൃതിയും നിലനിർത്താൻ സഹായിക്കുന്നു. കാണ്ഡം വഴി കടന്നുവരുന്ന കീടങ്ങളിൽനിന്നും പൂവിനെ സംരക്ഷിക്കുക എന്ന പ്രധാനമായ ഒരു ധർമ്മം കൂടി വിദളങ്ങൾക്കുണ്ടു്. ഇതിനു പുറമേ, മൊട്ടായിരിക്കുമ്പോൾ ഇളംപൂവിനെ പൊതിഞ്ഞു സംരക്ഷിക്കുന്നതും വിദളങ്ങളാണു്.
വിദളങ്ങളും ദളങ്ങളും മൊത്തം ഒരുമിച്ചു ചേർത്തു് പുഷ്പവൃന്തം(Perianth) എന്നറിയപ്പെടുന്നു. പുഷ്പവൃന്ദം എന്നാൽ ഒന്നിലധികം പൂക്കൾ ചേർന്നപൂങ്കുലയാണു് (inflorescence). ദളങ്ങളും വിദളങ്ങളും യഥാർത്ഥത്തിൽ, പ്രത്യേകരീതിയിൽ രൂപാന്തരം പ്രാപിച്ച ഇലകൾ തന്നെയാണു്.
പുഷ്പങ്ങളിലെപുംബീജപ്രധാനമായ ഭാഗമാണു് കേസരങ്ങൾ(stamen) അടങ്ങിയകേസരപുടം(Androecium). വിവിധ പുഷ്പങ്ങൾക്കു് വ്യത്യസ്ത എണ്ണവും രൂപവുമാകാമെങ്കിലും കേസരപുടത്തിൽ സാധാരണ ഒന്നിലധികം കേസരങ്ങൾ കാണാം. പുഷ്പാസനത്തിൽ നിന്നും എഴുന്നു നിൽക്കുന്ന ഒരു തണ്ടും അതിന്റെ അഗ്രഭാഗത്ത് ഒരു സഞ്ചി പോലെ ഏകദേശം ഭാഗികമായി കവചിതമായ ഒരു പരാഗസംഭരണിയുമാണു് ഓരോ കേസരവും. ഈ പരാഗസംഭരണിയെ പരാഗി(Anther) എന്നു പറയുന്നു. പരാഗികൾ സാധാരണ ഇരട്ടപ്പാളികളായാണ് കാണുക. കേസരത്തിന്റെ തണ്ടാണു് തന്തുകം(Filament). പുഷ്പാസനത്തിൽ നിന്നും ഉയർന്നു നിൽക്കുന്നതുകൊണ്ട് സ്വപരാഗണത്തിനുള്ള സാദ്ധ്യത കുറയ്ക്കുക, കാറ്റ്, ഷഡ്പദങ്ങൾ, പക്ഷികൾ തുടങ്ങിയ മറ്റു മാദ്ധ്യമങ്ങൾ മുഖേനയുള്ള പരപരാഗണം നടക്കുവാനുള്ള സാദ്ധ്യത കൂട്ടുക ഇവയാണു് കേസരതന്തുകങ്ങളെ കൊണ്ടുള്ള പ്രത്യേക ഗുണങ്ങൾ.
പരാഗിയുടെ ഉള്ളിലാണു് പുംബീജവാഹികളായ പരാഗരേണുക്കൾ അഥവാ പൂമ്പൊടി അടങ്ങിയിരിക്കുന്നതു്. സൂക്ഷ്മമായ തരികളായി കാണപ്പെടുന്ന പരാഗങ്ങൾ പൂർണ്ണമായും പുംബീജങ്ങൾ മാത്രമല്ല. ബീജസങ്കലനപ്രക്രിയയ്ക്കിടയിൽ ആവശ്യമുള്ള ചില ഘട്ടങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പൂരകകോശങ്ങൾ കൂടി പരാഗരേണുക്കളുടെ ഭാഗമാണു്. അണ്ഡകോശങ്ങളിലേക്കു് വിവിധമാർഗ്ഗങ്ങളിലൂടെ (കാറ്റ്, പ്രാണി, പക്ഷിമൃഗാദികൾ തുടങ്ങിയ വാഹകരിലൂടെ) എത്തപ്പെടാൻ തക്ക വിധം പരാഗങ്ങൾ പലപ്പോഴും അതിസൂക്ഷ്മമായ കൊളുത്തുകളോ രോമങ്ങളോ പശിമയുള്ള ദ്രവങ്ങളോ കൊണ്ടു് ആവൃതമായിരിക്കും.
ജനിസാധാരണയായി ഒറ്റയൊരെണ്ണമായി പൂവിന്റെ നടുവിൽ ഉയർന്നു കാണുന്ന മറ്റൊരു ഭാഗമാണു് ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തുള്ളപരാഗണസ്ഥലവും (stigma). ജനിദണ്ഡിന്റെ അധോഭാഗം പുറപ്പെടുന്നതു്അണ്ഡാശയം (Ovary) എന്ന ഉരുണ്ട അറയിൽ നിന്നാണു്. അണ്ഡാശയവും ജനിദണ്ഡും പരാഗണസ്ഥലവും ചേർന്നതാണു് പൂവിലെ സ്ത്രൈണലിംഗാവയവം. ഇവയെ മൊത്തമായി ജനിപുടം (Gynoecium) എന്നു വിളിക്കുന്നു. അണ്ഡാശയത്തിനകത്തു് ധാരാളം അണ്ഡകോശങ്ങൾ(Ovules) സ്ഥിതിചെയ്യുന്നു.

ഫലം :
സസ്യ പ്രജനനത്തിനായി കായ് രൂപത്തിൽ ഉണ്ടാവുന്ന ഭാഗമാണ് ഫലം. പൊതുവെ മാംസളമായ ആവരണത്തോടുകൂടിയതും കായ് (കുരു) അകത്തുമായി കാണപ്പെടുന്നു. എല്ലാ സസ്യങ്ങളിലും ഇങ്ങനെ ആകണമെന്നില്ല. സാധാരണ ജീവിതത്തിൽ ഇവയെ പഴം എന്നും അറിയപ്പെടുന്നു. ഉദാ‍: വെള്ളരി, ചക്കപ്പഴം, മാമ്പഴം, മുരിങ്ങക്ക.
ചില സസ്യവർഗ്ഗങ്ങൾക്കു് മിക്ക പുഷ്പങ്ങളിലും വിജയകരമായ പരാഗണത്തിനും ബീജസങ്കലനത്തിനും ശേഷം കായ് അല്ലെങ്കിൽ ഫലം രൂപം പ്രാപിക്കും. ബീജസങ്കലനം നടന്ന അണ്ഡകോശങ്ങളിൽ നിന്നും തുടങ്ങുന്ന ജനിപുടത്തിന്റെ വികാസമാണു് ഫലങ്ങളായി രൂപം പ്രാപിക്കുന്നതു്. ഇവ ഓരോ ജാതി സസ്യങ്ങളിലും വ്യത്യസ്ത എണ്ണത്തിലും വിധത്തിലുമാവാം. യഥാർത്ഥത്തിൽ കാർപ്പലുകൾ എന്നറിയപ്പെടുന്ന ഒന്നോ അതിലധികമോ ഭാഗങ്ങൾ കൂടിച്ചേർന്നതാണു് പൂവിന്റെ ജനിപുടങ്ങൾ. ഈ കാർപ്പലുകളാണു് പിന്നീട് ഫലങ്ങളുടെ രൂപത്തിൽ ഒന്നോ (simple fruitഅനേകമോ (aggregate fruit) വിത്തുകൾ ഉൾക്കൊള്ളുന്ന കായ് ആയി മാറുന്നതു്. ചില ഇനങ്ങളിൽ വെവ്വേറെയുള്ള അനേകം പൂക്കൾ ബീജസങ്കലനാനന്തരം രൂപാന്തരം പ്രാപിച്ച് ഒരുമിച്ചുചേർന്നു് ഒരൊറ്റ ഫലമായി കാണപ്പെടും. ഇവയെ സംയുക്തഫലങ്ങൾ (Compound fruits)എന്നു വിളിക്കും. ചക്ക അതിനൊരുദാഹരണമാണ്.
മാംസളഫലങ്ങളും ശുഷകഫലങ്ങളും എന്ന് രണ്ടു തരം ഫലങ്ങളുണ്ട്. ശുഷ്കഫലങ്ങളിൽ സ്പുടനഫലങ്ങളും അസ്പുടനഫലങ്ങളുമുണ്ട്.
വിത്തും ഫലവും ഒത്തുചേർന്നാണ്  അണ്ടി (nut) രൂപപ്പെടുന്നു. ഫലത്തിന്റെ ഭാഗമായ കട്ടിയുള്ള തോട് കുരുവിനെ സംരക്ഷിക്കുന്ന സംവിധാനത്തെയാണ് അണ്ടി എന്ന് വിവക്ഷിക്കുന്നത്.
  • വിവിധതരം വേരുകൾ
  • വിവിധതരം ഇലകൾ
  • പൂവ്, കായ്, ഭൂകാണ്ഡം എന്നിവ

1 comment: