Saturday 26 March 2016

1. തെങ്ങ്

തെങ്ങ് – Coconut Palm
     കേരളീയരുടെ കല്പവൃക്ഷമായ തെങ്ങ് ഭാരതത്തിൽ പുണ്യ വൃക്ഷമായി കണക്കാക്കുന്നു. കേരളത്തിന്റെ മുഖമുദ്രയാണ് തെങ്ങുകൾ. കേരളം എന്ന നാമം തേങ്ങയുടെ മറ്റൊരു പേരായ കേരത്തിൽ നിന്നാണുത്ഭവിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളം കാണുന്നു. ഉപ്പ് വെള്ള സാന്നിദ്യത്തിലും കടലോര പ്രദേശങ്ങളിലും നദി മുതലായ നനവാർന്ന പ്രദേശങ്ങളിലും അതിയായ വളർച്ച കാണിക്കാറുണ്ട്.
ശാസ്ത്ര പഠന വിഭാഗം :
കുടുംബം:പമേസീ
ശാസ്ത്ര നാമം:കൊക്കോസ് ന്യൂസിഫെറ / Cocos nucifera

അറിയപ്പെടുന്ന പേരുകൾ :
മലയാളം:കേര വൃക്ഷം, തെങ്ങ്
ഇംഗ്ളീഷ്:കോക്കനട്ട് ട്രീ (Coconut tree), കോക്കനട്ട് പാം (Coconut palm)
സംസ്കൃതം:തൃണദ്രുമഃ, സദാഫലഃ, നാളീകേര, തുംഗഃ, ദൃഢഫലഃ
ഹിന്ദി  :നാരിയൽ
ബംഗാളി:നാരികേൽ
തമിഴ്  :തെങ്കു
തെലുങ്ക്           :തേങ്കായിചെട്ടു

സസ്യ വിശേഷങ്ങൾ:
തെങ്ങ് ഏകദേശം15- 30 മീറ്റർ ഉയരം വരുന്ന ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും കൂടുതൽ കൃഷി ചെയ്യുന്നു. തെങ്ങ് ബഹുവർഷി ഒറ്റത്തടി സസ്യമാണ്. ആഹാരം, എണ്ണ, ഔഷധം, അലങ്കാര വസ്തുക്കൾ, കെട്ടിട സാമഗ്രികൾ എന്നിവ തെങ്ങിൽ നിന്നും ലഭ്യമാക്കാം.
  • കാണ്ഡം:
തെങ്ങിൽ ഏകദേശം 30 മീറ്റർ ഉയരം വരുന്ന ഉരുണ്ട ഒറ്റത്തടിയായുള്ള ചാര കലർന്ന ബ്രൌൺ നിറമുള്ള കാണ്ഡത്തിൽ പഴകിയ ഇലപ്പാട് കാണാം. മുകൾ ഭാഗത്ത് നീളമേറിയ ഇലകൾ, പൂങ്കുല, കായ്കൾ എന്നിവ കാണുന്നു.
  • വേര്:
നാരുവേരുപടലമുള്ള സസ്യമാണ് തെങ്ങ്. കട്ടിയേറിയ നാരുകൾ പോലുള്ള വേരുകൾ മേൽമണ്ണിൽ ധാരാളം ഉണ്ടാകും. നനവും വായൂസഞ്ചാരവുമുള്ള പ്രദേശങ്ങളിൽ വേര് കൂടുതൽ കാണുന്നു.
  • ഇല:
നാല് അഞ്ച് മീറ്റർ നീളമുള്ള തെങ്ങിലകൾ തലപ്പ് ഭാഗത്ത് നാലുഭാഗത്തും വിരിഞ്ഞ് കുട രൂപത്തിൽ കാണുന്നു. സമാന്തര സിരാവിന്യാസത്തിലുള്ള തെങ്ങോലകൾ ഏകാന്തരന്യാസത്തിലുള്ളതാണ്. തെങ്ങില (ഓല) നീളമേറിയ തണ്ടിന്റെ ഇരുവശത്ത് നിന്ന് ഉത്ഭവിച്ച് 0.7 മുതൽ 1.5 മീറ്ററോളം നീളമുള്ള ചെറുകീറലുള്ള (പത്രകങ്ങൾ) ഓലക്കാലുകളുള്ളതുമാണ്. തൊങ്ങോലകൾ പിച്ഛാകാര സംയുക്ത പത്രങ്ങളാണ്. തെങ്ങില കക്ഷങ്ങളിലെ പൂങ്കുലകളിൽ നിന്നാണ് കായ്കളുണ്ടാകുന്നത്.
  • പൂവ്:
പൂങ്കുലകൾ ശാഖകളായികാണുന്നു. ശാഖകളുടെ ചുവട് ഭാഗത്ത് പെൺ പൂക്കളും അതിനു മുകളിൽ അല്പം ചെറിയ ആൺപൂക്കളും ഉണ്ട്. അല്പം കട്ടിയുള്ള ആവരണ (കൊതുമ്പ്) ത്തിലാണ് ചെറിയ പൂങ്കുല രൂപം കൊള്ളുന്നത്. പൂക്കൾ പാകമാകുന്നതുവരെ കൊതുമ്പിനുള്ളിൽ അവ കാണപ്പെടും. പൂക്കൾ പാകമാകുമ്പോൾ കൊതുമ്പ് നെടുകേ കീറിയാണ് പൂങ്കുല പുറത്ത് വർഉന്നത്. ഒരു പൂങ്കുലയിൽ തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. പെൺപൂക്കൾ വലുതും കുലയുടെ ചുവട് ഭാഗത്തും, ആൺ പൂക്കൾ കുലയുടെ മുകൾഭാഗത്തും കാണുന്നു. ആൺ പൂക്കളിൽ ആറ് കേസരങ്ങളും പെൺപൂക്കളിൽ ഒരു അണ്ഡാശയവും കാണുന്നു.
  • ഫലം:
ആമ്രക ഫലമാണ് തെങ്ങിനുള്ളത്. കായ്കൾ വലുതും അണ്ഡാകൃതിയിലുള്ളതും മൂന്ന് കണ്ണുകൾ ഉൾക്കൊള്ളുന്നവയുമാണ്. കായ്കളുടെ പുറമ്പാളി (എക്സോകാർപ്പ്) മിനുസമുള്ള നേർത്തതും, മധ്യപാളി (മിസോകാർപ്പ്) ചകിരി നിറഞ്ഞതും, ഉള്ളിലെ പാളി (എൻഡോകാർപ്പ്) കട്ടിയുള്ള ചിരട്ടയോടും അകത്ത് വെളുത്ത കാമ്പും, വെള്ളവും കാണുന്നു. മൂപ്പെത്താത്ത തേങ്ങ ദാഹ ശമനിയായ കരിക്കിൻ വെള്ളമടങ്ങിയ കരിക്കായി ഉപയോഗിക്കുന്നു. മൂപ്പെത്തിയ തേങ്ങ വിത്തായും കണക്കാക്കുന്നു.
ഉപയോഗങ്ങൾ:
  • തേങ്ങ:
മൂപ്പെത്താത്ത തേങ്ങ കരിക്കായും മൂപ്പെത്തിയ തേങ്ങ വിത്തായും ഉപയോഗിക്കുന്നു. തേങ്ങ ആഹാര ചേരുവയായും, ഉണങ്ങിയ തേങ്ങ (കൊപ്ര) യിൽ നിന്നുള്ള തേങ്ങയെണ്ണ ഭഷ്യ എണ്ണയായും സൌന്ദര്യ വസ്തുക്കൾ, സോപ്പ് എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
  • ഇല/ഓല:
തെങ്ങോല വീട് മേയൽ കരകൌശല വസ്തുക്കളുടെ നിർമ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഓല മടലിൽ നിന്നും കുട്ട, വട്ടി, പായ, മുറം മുതലായ വീട്ടുസാധനങ്ങൾ എന്നിവ നിർമ്മിക്കാനും പഴയകാലത്ത് സർവ്വസാധാരണമായി ഉപയോഗിക്കുന്നു. തെങ്ങോല നാട്ടാനകളുടെ ഇഷ്ട ഭക്ഷണമാണ്.
  • തടി/ കൊതുമ്പ്:
തടി, കൊതുമ്പ് എന്നിവ വിറകായും, തടി വീട് നിർമ്മാണത്തിനും, ഫർണിച്ചർ നിർമ്മാണ ത്തിനും പ്രയോജനപ്പെടുത്തുന്നു.
  • ചകിരി:
ചകിരി കയർ നിർമ്മാണത്തിനും കരകൌശല വസ്തുക്കളുടെ നിർമ്മാണത്തിനും പ്രയോജന പ്പെടുത്തുന്നു.
  • ചിരട്ട:
ചിരട്ട കരകൌശല വസ്തുക്കൾ നിർമ്മിക്കാനും ചിരട്ടക്കരി ജലശുദ്ധീകരണത്തിന് കിണർ നിർമ്മാണ വേളകളിലും പ്രയോജനപ്പെടുത്തുന്നു.
  • പൂങ്കുല:
ഉണങ്ങിയ പൂങ്കുല (കിലാഞ്ഞിൽ) പാരമ്പര്യ മീൻപിടിക്കലിന് മത്സ്യബന്ധനമേഖലയിൽ ഉപയോഗപ്പെടുത്തുന്നു.
രാസഘടകങ്ങൾ:
  • തേങ്ങാപ്പാൽ:
പഞ്ചസാര, ആൽബുമിൻ, ടാർടാറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.
  • വെളിച്ചെണ്ണ:
കാപ്രിലിക്, മിറിസ്റ്റിക്, സ്റ്റിയറിക് എന്നീ അമ്ളങ്ങളും നിരവധി ഗ്ളിസറൈഡുകളും അടങ്ങിയിട്ടുണ്ട്.
  • ഓലച്ചാരം:
പൊട്ടാഷ് അടങ്ങിയിട്ടുണ്ട്.
  • തെങ്ങിൻ കള്ള്:
പഞ്ചസാര, കൊഴുപ്പ്, ദഹന എൻസൈമുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
തേങ്ങ, എണ്ണ, പൂങ്കുല,വേര്, തേങ്ങാ‍വെള്ളം, കരിക്കിൻ വെള്ളം, തെങ്ങോല എന്നിവ ആയുഃവേദത്തിൽ ഔഷധ നിർമ്മാണത്തിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്നു.
  • രസ ഘടകങ്ങൾ :
രസം:മധുരം
ഗുണം:ഗുരു, സ്നിഗ്ധം
വീര്യം  :ശീതം
വിപാകം:മധുരം

  • തേങ്ങ ഗുരു, സ്നിഗ്ധം എന്നീ ഗുണങ്ങൾ ഉള്ളതിനാലും മധുര രസം ഉള്ളതിനാലും വാത-പിത്തങ്ങളെ ശമിപ്പിക്കുന്നു.
  • കരിക്കിൻ വെള്ളം നല്ലൊരു ദാഹശമിനിയാണ്. ഹൃദ്രോഗം, അതിസാരം എന്നീ രോഗങ്ങൾക്ക് പഥ്യമായി ഉപയോഗിക്കുന്നു.
  • തേങ്ങാ വാജീകരണത്തിനും, ആർത്തവ ക്രമപ്പെടുത്തലിനും പ്രയോജനപ്പെടുത്തുന്നു.
  • മധുരത്തെങ്ങിൻ കള്ള് ശരീര സൌഖ്യം നിലനിർത്തുന്നു, ദഹനത്തെ ഉത്തേജിപ്പിക്കുന്നു.
വിവിധ ഇനങ്ങൾ:
പ്രധാനമായും രണ്ട് തരം തെങ്ങാണുള്ളത്. നെടിയ ഇനം, കുറിയ ഇനം എന്നിവയാണ്. കൂടാതെ സങ്കരയിനം, ഇളനീരിന് യോജിച്ച ഇനങ്ങൾ എന്നിവയും ഉണ്ട്.
  • നെടിയ ഇനം:
നെടിയ ഇനങ്ങൾ വളരെ പൊക്കമുള്ള ഇനങ്ങളാണ്. 15-25 വരെ മീറ്റർ ഉയരമുള്ളതും 80-100 വരെ വർഷം ആയുസ്സുള്ളവയാണിവ. ഒരേസമയം 35 ഓളം ഓലകളുള്ള ഇവയ്ക്ക് തേങ്ങകൾ കൂടുതലാണ്. കുറിയ ഇനത്തേക്കാൾ തൂക്കം കൂടിയ കൊപ്രയും ലഭിക്കും.
പശ്ചിമതീര നാടൻ, ഫിലിപ്പീന്‍സ് ഓര്‍ഡിനറി, ലക്ഷദ്വീപ് ഓര്‍ഡിനറി (ചന്ദ്രകല്പ), ന്യൂഗിനി, കോമാടൻ, കേരസാഗര, കല്പരക്ഷ, കല്പധേനു, കല്പപ്രതിഭ, കല്പമിത്ര എന്നിവ പ്രധാനപ്പെട്ട നെടിയ ഇനം തെങ്ങുകളാണ്.
  • കുറിയ ഇനം:
പൊക്കം കുറഞ്ഞ ഇനം. പരമാവധി 10 മീറ്റർ വരെ ഉയരമുള്ളതും 40-50 വരെ വർഷം ആ‍യുസ്സുള്ളതുമായ തെങ്ങിനമാണ്. 20 ഓളം ഓലകളുള്ള ഇവയ്ക്ക് തേങ്ങകൾ കുറവും കൊപ്രയുടെ തൂക്കവും എണ്ണയും കുറവുമാണ്. വ്യാവസായികമായി കൃഷിചെയ്യുന്നില്ല എങ്കിലും സങ്കരയിനം തെങ്ങുകൾ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.
ചാവക്കാട് ഗ്രീന്‍ഡ്വാര്‍ഫ് (പച്ചത്തെങ്ങ്), ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്), മലയന്‍ യെല്ലോ ഡ്വാര്‍ഫ്, ഗംഗാ ബോണ്ടം എന്നിവ പ്രധാനപ്പെട്ട കുറിയ ഇനം തെങ്ങുകളാണ്.
  • സങ്കരയിനം:
നെടിയ ഇനത്തേയും, കുറിയ ഇനത്തേയും തമ്മിൽ കൃത്രിമ പരാഗണത്തിലൂടെ ബീജസങ്കലനം നടത്തി മേൽത്തരം തെങ്ങിനങ്ങൾ ഉണ്ടാക്കാം.
നെടിയ ഇനത്തെ മാതൃ സസ്യമായും കുറിയ ഇനത്തെ പിതൃ സസ്യമായുംപരാഗണം നടത്തിയാൽ ടി x ഡി ഇനവും, കുറിയ ഇനത്തെ മാതൃ സസ്യമായും നെടിയ ഇനത്തെ പിതൃ സസ്യമായും പരാഗണം നടത്തിയാൽ ഡി x ടി ഇനവും ലഭിക്കും. ഇവയ്ക്ക് കൂടുതൽ കായ്കൾ ലഭ്യമാക്കാനും 4-5 വരെ വർഷങ്ങൾക്കുള്ളിൽ പൂക്കാനും കഴിയുന്നു. കൂടാതെ സങ്കരയിനം തെങ്ങുകൾക്ക് മാ‍തൃ-പിതൃ സസ്യങ്ങളുടെ സങ്കര സ്വഭാവം പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
അനന്തഗംഗകേരഗംഗകേരസങ്കര:  
ഈ സങ്കരയിനങ്ങൾ മഴയെ ആശ്രയിച്ചും ജലസേചനം നടത്തിയും കൃഷി ചെയ്യാൻ അനുയോജ്യമാണ്.
കല്പമിത്ര:
ഈ സങ്കരയിനം മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിക്ക് യോജിച്ചതാണ്.
ചന്ദ്രസങ്കരകല്പരക്ഷ:
ഇവ കാറ്റുവീഴ്ച ബാധിച്ച പ്രദേശങ്ങളിൽ കൃഷിക്ക് യോജിച്ച സങ്കരയിനങ്ങളാണ്.
ചന്ദ്രലക്ഷലക്ഷഗംഗചന്ദ്രകല്പകല്പധേനു:
വരൾച്ചാ സാധ്യതയുള്ള പ്രദേശങ്ങൾക്ക് അനുയോജ്യമായ സങ്കരയിനമാണ്.

  • ഇളനീരിന് യോജിച്ച ഇനം:
ഇളനീരിന് യോജിച്ച തെങ്ങിനങ്ങൾ രണ്ടുതരം. നെടിയ ഇനം, കുറിയ ഇനം എന്നിവയാണ്.

  1. നെടിയ ഇനം- പൊക്കമുള്ള ഇത്തരം തെങ്ങിൽ കൂടുതൽ എണ്ണം കരിയ്ക്കുകൾ ഉണ്ടാകും. കൂടാതെ കരിയ്കളിലെ ഇളനീരിന്റെ അളവും കൂടുതലായിരിക്കും.

പ്രതാപ് (ബനാവലി):
നാളീകേരം താരതമ്യേനെ ചെറുതും ഉരുണ്ടതുമാണ്. വർഷത്തിൽ ശരാശരി നൂറ്റമ്പതോളം കരിക്കുണ്ടാകും. കരിക്കിൽ ശരാശരി 250 മി.ലിറ്റർ ഇളനീര് ഉണ്ടാകും.
 ഫിജി:
വർഷത്തിൽ ശരാശരി അറുപതോലം കരിക്കുണ്ടാകും. ആറുമാസം പാകമായ കർഇയ്ക്കിൽ ശരാശരി 330 മി. ലിറ്റർ ഇലനീര് അടങ്ങിയിട്ടുണ്ട്.
കൊച്ചിൻചൈന: 
പ്രതിവര്‍ഷം ശരാശരി അറുപത്തഞ്ചോളം കരിയ്ക്ക് ഉത്പാദിപ്പിക്കുന്നു. കരിയ്ക്കിൽ ശരാശരി 450 മി. ലിറ്റർ ഇളനീര്‍ ഉണ്ട്.
ഗ്വാം-111:
വർഷത്തിൽ ശരാശരി നൂറോളം കരിക്കുണ്ടാകുന്നു. നല്ല മധുരമുള്ള ഈ ഇനത്തിന്റെ കരിയ്ക്കിൽ ശരാശരി 325 മി.ലിറ്റർ ഇളനീര് അടങ്ങിയിട്ടുണ്ട്.
വെസ്റ്റ്ആഫ്രിക്കൻടാൾ:
പ്രതിവർഷം അറുപതോളം നാളീകേരം ലഭിക്കുന്നുണ്ട്. പാകമായ കരിയ്ക്കിൽ 525 മി.ലിറ്റർ ഇളനീര് അടങ്ങിയിട്ടുണ്ട്. മധുരം കൂടുതലുള്ള ഇളനീര് ഇതിന്റെ പ്രത്യേകതയാണ്.
ടിപ്ടൂർടാൾ:
വർഷത്തിൽ ശരാശരി എൺപതോളം കരിയ്ക്ക് ലഭ്യമാകും. പാകമായ കരിയ്ക്കിൽ 250 മി.ലിറ്റർ ഇളനീര് അടങ്ങിയിട്ടുണ്ട്.
           2. കുറിയ ഇനം-  നെടിയ ഇനത്തെ അപേക്ഷിച്ച് പൊക്കം കുറഞ്ഞ ഇത്തരം തെങ്ങിൽ കുറഞ്ഞ എണ്ണം കരിയ്ക്കുകൾ ഉണ്ടാകും. കൂടാതെ കരിയ്കളിലെ ഇളനീരിന്റെ അളവും അൽപ്പം കൂറവുമായിരിക്കും.
കേരശ്രീ
തദ്ദേശീയ സങ്കരയിനമാണ്. പ്രതിവർഷം ശരാശരി അറുപതോളം കരിയ്ക്ക് ലഭ്യമാകുന്നു.  ഇളനീരിന് അനുയോജ്യമായ ഇവയിൽ ശരാശരി 200 മി. ലിറ്റർ ഇളനീര്‍ കാണും.
മലയൻ ഡ്വാർഫ് ഓറഞ്ച്:
കരിയ്ക്ക് ചെറുതാണ്. പ്രതിവർഷം ശരാശരി അറുപതോളം കരിക്ക് ലഭിക്കുന്ന ഇതിൽ 350 മി. ലിറ്റർ ഇളനീരുണ്ടാകും.
കാമറൂൺ ഡ്വാർഫ് റെഡ്
മധുരത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇവയ്ക്ക് പ്രതിവർഷം ഉത്പാദനം അറുപതോളം കരിയ്ക്ക് ലഭിക്കും. കരിക്കൊന്നിന് 340 മി.ലിറ്റർ ഇളനീര് അടങ്ങിയിട്ടുണ്ട്.
ഗംഗാബോണ്ടം
പ്രതിവര്‍ഷം ശരാശരി അറുപതോളം കരിയ്ക്ക് ലഭിക്കുന്നു. ഒരു കരിയ്ക്കിൽ ശരാശരി 300 മി. ലിറ്റർ ഇളനീര്‍ കാണും. 
ചാവക്കാട്ഗ്രീൻ ഡ്വാർഫ് :
പതിനെട്ടാം പട്ട എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ ഇനമാണിത്. പ്രതിവർഷം ശരാശരി നാല്പതോളം കരിയ്ക്ക് ലഭിക്കും.
കിങ്കോക്കനട്ട്
പ്രതിവർഷം ശരാശരി അൻപതോളം കരിയ്ക്ക് ലഭിക്കും. ഒരു കരിയ്ക്കിൽ ശരാശരി 360 മി. ലിറ്റർ ഇളനീര്‍ കാണും. ശ്രീലങ്കയാ‍ണ് ജന്മദേശം.
ചാവക്കാട്ഓറഞ്ച്ഡ്വാർഫ്
ചെന്തെങ്ങ് എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ ഇനമാണിത്. പരമ്പരാഗതമായി ഇളനീരിനായി നട്ടുവളർത്തുന്നു. പ്രതിവർഷം ശരാശരി അൻപതോളം കരിയ്ക്ക് ലഭിക്കും. ഒരു കരിയ്ക്കിൽ ശരാശരി 350 മി. ലിറ്റർ ഇളനീര്‍ കാണും. 
പരാഗണവും വിതരണവും:
  • തേനീച്ചകൾ, കാറ്റ്, മഴ എന്നിവ വഴി പരാഗണം നടക്കാറുണ്ട്.
  • ജലം വഴിയാണ് സാധാരണ വിത്ത് വിതരണം.
ഉത്പാദനവും വളപ്രയോഗവും:
  • ഉരുണ്ട ചുവടു ഭാഗമുള്ളതും ഭാരമുള്ളതും കുലുക്കുമ്പോൽ കൂടുതൽ വെള്ളം ഉണ്ടെന്ന് ഉറപ്പുള്ള തേങ്ങകളാണ് വിത്തിനെടുക്കേണ്ടത്.
  • നടുന്നതിന് 10-20 ദിവസം തണലിലാണ് സൂക്ഷിക്കേണ്ടത്. പാകുന്നതിന് മുൻപ് രണ്ടാഴ്ചയെങ്കിലും വെള്ളത്തിൽ വച്ചാൽ കുതിരുകയും പെട്ടെന്ന് മുളയ്ക്കുകയും ചെയ്യും. ഒരാഴ്ച തലതിരിച്ച് വച്ചശേഷം നിവർത്തി നട്ടാ‍ൽ പെട്ടെന്ന് മുളപൊട്ടും.
  • തലപ്പു ഭാഗം 1-2 ഇഞ്ച് മുകളിലാകുന്നത് നന്നായിരിക്കും.
  • തൈമാറ്റുമ്പോൾ വേര് പൊട്ടാതിരിക്കാൻ ഗ്രോ ബാഗിലോ ചാക്കിലോ നടാവുന്നതാണ്.
  • മെയ് മാസമാണ് വിത്ത് നടാൻ പറ്റിയ സമയം. അഞ്ചുമാസം മുളപ്പെത്തിയതും പുഷ്ടിയുള്ളതുമായ  തേങ്ങകളാണ് തൈകളായി തെരഞ്ഞെടുക്കേണ്ടത്.
  • 1 ഘനമീറ്റർ ആഴത്തിലാണ് കുഴിയെടുക്കേണ്ടത്. കുഴിയുടെ 50-60 സെ. മീ താഴ്ചവരെ മേൽമണ്ണും ചാണകപ്പൊടിയും ഇലപ്പൊടിയും നിറയ്ക്കുക. അതിൽ ചെറിയ കുഴികുത്തി തൈ വയ്ക്കുക. പിന്നീട് മുകൾ ഭാഗത്ത് നല്ലവണ്ണം ചവുട്ടി മണ്ണ് നിറയ്ക്കാവുന്നതാണ്.
  • മുകൾഭാഗത്ത് തൊണ്ട് നികത്തിയാൽ ഈർപ്പം നിലനിൽക്കും.
  • കടലോരമല്ലാത്തിടത്ത് കുഴിക്ക് 2 കി ഗ്രാം ഉപ്പിടുന്നത് വളർച്ചയ്ക്ക് നന്നാണ്.
  • വളപ്രയോഗം കാലവർഷത്തിന് മുൻപാണ്. ചുവട്ടിൽ നിന്നും 2 മീറ്റർ അകൽത്തിൽ 15 സെ. മീ. താഴ്ചയിലാണ് വളമിടേണ്ടത്.
  • കാലിവളം, കമ്പോസ്റ്റ്, ആട്ടിൻ കാഷ്ടം, എല്ല് പൊടി, മീൻ വളം, കോഷിവളം, ശീമക്കൊന്ന തുടങ്ങിയ പച്ചിലകൾ എന്നിവ ജൈവ വളങ്ങളായി നൽകാവുന്നതാണ്.
  • തെങ്ങിൻ തടത്തിൽ പയർവർഗ്ഗങ്ങൾ നടുന്നത് തെങ്ങിന് നല്ലതാണ്.
  • യൂറിയ, അമോണിയം സൾഫേറ്റ്, സൂപ്പർ ഫോസ്ഫേറ്റ്, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾ മണ്ണ് പരിശോധിച്ച് മഴയുള്ളപ്പോൾ ഉപയോഗിക്കാവുന്നതാണ്.
രോഗങ്ങളും രോഗ നിവാരണവും:
  • കൂമ്പ് ചീയൽ:
രോഗാണു:  ഫൈറ്റോഫ്‌തോറോ പാമിവോറ
ലക്ഷണം: അന്തരീക്ഷതാപനില താഴുകയും ഈർപ്പം കൂടുകയും ചെയ്യുന്ന കാലാവസ്ഥയിലാണ് രോഗം കാണാറുള്ളത്. എല്ലാത്തരം തെങ്ങിനേയും ആക്രമിക്കുമെങ്കിലും ഇളം തെങ്ങിനെ കൂടുതലാക്രമിക്കാറുണ്ട്. നാമ്പിലയ്ക്ക് ചുറ്റുമുള്ള ഇലകൾക്ക് മഞ്ഞ നിറം ഉണ്ടാകുകയും പിന്നീട് നാമ്പിലയുടെ കടഭാഗം അഴുകുകയും ദുർഗ്ഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.
പ്രതിവിധി: രോഗ ഭാഗങ്ങൾ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോർഡോ മിശ്രിതം കുഴമ്പ് രൂപത്തിൽ അവിടെ പുരട്ടിയ ശേഷം നന്നായി കെട്ടിപ്പൊതിഞ്ഞ് പുതു നാമ്പ് വരുന്നതുവരെ സൂക്ഷിക്കണം. മൂന്നു മാസത്തിലൊരിക്കൽ വീതം രോഗം തീരുവോളം ചെയ്യുകയും വേണം. രോഗാണു ആക്രമണം കൂടുകയോ, രക്ഷപ്പെടാൻ സാ‍ധ്യതയില്ലാത്തതോ ആയ തെങ്ങ് തീയിൽ നശിപ്പിക്കുകയും വേണം.
  • ഓല ചീയൽ:
രോഗാണു: കുമിളുകൾ
ലക്ഷണം: കാറ്റ് വീഴ്ച ബാധിച്ചതെങ്ങുകളിലാണ് കാണുന്നത്. നടുഭാഗത്തെ ഇലകൾക്കിരുവശത്തും മുകൾഭാഗത്തും കറുത്ത പാടുകൾ പ്രത്യക്ഷമാകും. പിന്നീട് ഇവ ചുരുളുകയും പൊട്ടിപ്പിളർന്ന് വിശറിരൂപത്തിൽ കാണപ്പെടുന്നു. പിന്നീട് ബാക്കി ഓലകളിലും ഇത് വ്യാപിക്കാറുണ്ട്.
പ്രതിവിധി: മൂന്നു മാസത്തിലൊരിക്കൽ വീതം രോഗം തീരുവോളം രോഗ ഭാഗങ്ങൾ നന്നായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം ബോർഡോ മിശ്രിതം പുരട്ടി രോഗം ഒഴിവാക്കവുന്നതാണ്.
  • കാറ്റ് വീഴ്ച:
ലക്ഷണം: ഓലക്കാലുകൾ മഞ്ഞനിറത്തിലാകുക, ഓലക്കാൽ അകത്തേയ്ക്കു വളയുക, ഓലക്കാലിന്റെ അറ്റം പൊട്ടിപ്പിളരുക എന്നിവ. വേരുരോഗമാണ് കാറ്റ് വീഴ്ച.
പ്രതിവിധി: രോഗാണു ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ അത്തരം തെങ്ങ് നശിപ്പിക്കുകയാണ് പ്രതിവിധി.
  • മഞ്ഞളിപ്പ് (മഹാളി):
ലക്ഷണം: കായ്കളിലും പൂവിലും പൊള്ളലുകൾ പ്രത്യക്ഷപ്പെടുകയും കറുത്തപാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. ക്രമേണ അഴുകുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
  • ചെന്നീരൊലിപ്പ്:
രോഗാണു: തിലാവിയോപ്‌സിസ് പാരഡോക്‌സ് 
ലക്ഷണം: തെങ്ങിൻ തടിയിൽ നെടുകേ അങ്ങിങ്ങ് ചെറിയ വിള്ളലുണ്ടാകുകയും തവിട്ടുകലർന്ന ചുവന്ന ദ്രാവകം ഒഴുകുകയും ചെയ്യും. ക്രമേന തെങ്ങിൻ തടി മുഴുവനും വിള്ളലുണ്ടാകുകയും ചെയ്യുന്നു. ഈ ഭാഗങ്ങൾ അഴുകാൻ തുടങ്ങുന്നു. ഡയോകലാണ്ട്ര എന്ന കീടത്തിന്റെ ആക്രമണം ഉണ്ടാകുന്നതിനാൽ ചീഞ്ഞഴുകൽ ത്വരിതഗതിയിലാവുന്നു.
പ്രതിവിധി: കാലിക്സിൻ വേപ്പിൻ പിണ്ണാക്ക് എന്നിവ തടത്തിലിടുകയും ആക്രമണത്തിന്റെ ആദ്യകാലം രോഗ ബാധയേറ്റ സ്ഥലം വെട്ടിമാറ്റി കാലിക്സിൻ പുരട്ടുകയും രണ്ട് ദിവസത്തിനു ശേഷം കോൾട്ടാർ പുരട്ടുകയും വേണം
കീടങ്ങളും കീട നിവാരണവും:
  • കൊമ്പൻ ചെല്ലി:
ലക്ഷണം: കറുത്ത് വലുപ്പമുള്ള വണ്ട് വർഗ്ഗത്തിലുള്ള ഇവ കുരുന്നോല, ഇളം പൂങ്കുല എന്നിവയെ ആക്രമിക്കുന്നു. ഓലകൾ വിരിയുമ്പോൾ ഓലക്കലുകൾ നെടുകെ വെട്ടിയതായിക്കാണുന്നു. പൂങ്കുലകളെ ബാധിക്കുന്നതിനാൽ തേങ്ങയുടെ ഉലപാ‍ദനം, കൊപ്ര, എണ്ണ എന്നിവ കുറവായിരിക്കും.
നിവാരണം: ചാണകം ഉൾപ്പടെയുള്ള ജൈവാവശിഷ്ടങ്ങൾ, കമ്പോസ്റ്റ് എന്നിവയിൽ മുട്ടയിട്ടു പെരുകുന്ന ഇവയെ ഒഴിവാക്കാൻ ഇത്തരം അവശിഷ്ടങ്ങൾ, കമ്പോസ്റ്റ് എന്നിവ യദാസമയം നീക്കം ചെയ്യലാണ്. തെങ്ങുകളിൽ ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ തലപ്പിൽ നിന്നും ഇവയെ നശിപ്പിക്കുകയും, കേട് ഭാഗം മുറിച്ച് നീക്കി അതിൽ വേപ്പിൻ പിണ്ണാക്ക്, മണൽ എന്നിവ ആവശ്യാനുസരണം ഇട്ടുകൊടുത്തും ചെയ്യുക വഴി ഇവയെ നിയന്ത്രിക്കാം.
  • ചെമ്പൻ ചെല്ലി:
ലക്ഷണം: റിങ്കോഫൊറസ് ഫെറുഗിനിയെസ് എന്നറിയപ്പെടുന്ന ചെമ്പൻ ചെല്ലി പനവർഗ്ഗ സസ്യങ്ങളുടെ തണ്ടുതുളച്ച് നീര് കുടിക്കുകയും മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു. വിള്ളലിലൂടെ ചുവന്ന കൊഴുത്ത ദ്രാവകം, ചവച്ചുതുപ്പിയപോലുള്ള അവശിഷ്ടങ്ങൾ, മധ്യഭാഗത്തെ ഇളം ഇലകളിലെ വാട്ടവും ഇവയുടെ സാന്നിധ്യം തിരിച്ചറിയാം. തടിക്കുള്ളിൽ നിന്നും പുഴുക്കൾ കരണ്ട് തിന്നുന്നതിന്റെ ശബ്ദവും കേൾക്കാം.
നിവാരണം: പ്രായംകുറഞ്ഞ തെങ്ങുകൾക്ക് ഇവയുടെ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാകില്ല. ഫെറമോൺ കെണിയിലൂടെ ചെമ്പൻ ചെല്ലിയേയും, മിത്രകീടങ്ങളുപയോഗിച്ച് പുഴുക്കളേയും നശിപ്പിക്കാവുന്നതാണ്.
  • തെങ്ങോലപ്പുഴു:
ലക്ഷണം: നെഫാന്റിസ് സെറി നോവ് എന്നറിയപ്പെടുന്ന പട്ടുനൂൽ ശലഭത്തിന്റെ പുഴുക്കളാണിവ. ഇവ പ്രായമേറിയ ഓലയുടെ ഓലക്കലിനടിയിലാണ് മുട്ടയിടുന്നത്. നൂറുകണക്കിന് മുട്ടകൾ വിരിഞ്ഞ് പുറത്ത് വരുന്ന പുഴുക്കൾ ഇലയ്ക്കടിയിലിരുന്നു ഹർതകം തിന്നു നശിപ്പിക്കുന്നു. ഇലകൾ തീയിൽ കരിഞ്ഞപോലെ കാണപ്പെടും. ക്രമേണ പുഴുക്കൾ മുകളിലുള്ള ഇളം ഓലകളേക്കൂടി ആക്രമിച്ച് തുടങ്ങുമ്പോൾ തെങ്ങിന്റെ ഉത്പാദന ക്ഷമതയെ ബാധിക്കും.
നിവാരണം: ഓലഞ്ഞാലി പക്ഷി, ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നീ മിത്രകീടങ്ങൾ എന്നിവ ഇവയെ ഭക്ഷിക്കുക വഴി നിയന്ത്രിക്കാവുന്നതാണ്. മാലത്തിയോൺ, ഫോസലോൺ, ഡൈക്ളോർവാസ് എന്നിവ നേർപ്പിച്ച് ഇലയുടെ അടിഭാഗത്ത് പമ്പ് ചെയ്യുന്നതും നല്ലതാണ്.
  • വേരുതീനിപ്പുഴു:
ലക്ഷണം: മണ്ണിൽ കാണുന്ന ഒരിനം വെളുത്ത പുഴുവാണിത്. ഇവയുടെ ആക്രമണത്തിൽ തെങ്ങോലകൾ വിളറുകയും മഞ്ഞനിറമാകുകയും ചെയ്യുന്നു. കായ്കൾ മൂപ്പെത്തുന്നതിന് മുൻപ് കൊഴിയുകയും ചെയ്യുന്നു.
നിവാരണം: വെളിച്ചക്കെണിയുപയോഗിച്ച് ഇവയുടെ ശലഭങ്ങളെപ്പിടിച്ച് നശിപ്പിക്കാവുന്നതാണ്.
  • മണ്ഡരി:
ലക്ഷണം: അര മി. മീറ്ററിലും താഴെ വലുപ്പമുള്ള എട്ടുകാലി വർഗ്ഗമാണ് മണ്ഡരി. ഇതിന്റെ ശരീരം നിറയെ വരയും രോമങ്ങളുമുണ്ട്. ചലനശേഷി വളരെക്കുറവായ ഇവ വായുവിലൂടെ പറന്ന് വ്യാപിക്കാനും മുട്ടയിട്ട് പെരുകുവാനും കഴിയുന്നു. ആയിരക്കണക്കിന് എണ്ണം മണ്ഡരികൾ കോളനികളായി കഴിയുന്നു. രണ്ട് മാസം പ്രായമായ കായ്കളുടെ മോടിനുള്ളിലെ മൃദുകോശങ്ങളിൽ പറ്റിക്കൂടുകയും അതിലെ ചാറ് ഊറ്റിക്കുടിക്കുന്നു. ചിലവ കൊഴിയുകയും അല്ലാത്തവ പിന്നീട് ചെറു വിള്ളലുണ്ടാവുകയും കായ്കകൾ വികൃതരൂപത്തിലാവുകയും ചെയ്യുന്നു. ചകിരി നാര് ഒട്ടിച്ചേർന്ന് കനം കുറയുകയും ചെയ്യുന്നു. കൊപ്രയുടെ 30% കുറവ് ഈ ജീവിവർഗ്ഗം സൃഷ്ടിക്കുന്നു.
  • പൂങ്കുലച്ചാഴി:
ലക്ഷണം: തെങ്ങിന്റെ ചെറിയ കായ്കൾ, കിനാഞ്ഞിൽ, കൊതുമ്പ്, ഓല എന്നിവിടങ്ങളിൽ മുട്ടയിട്ട് പെരുകുകയും അവയ്ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികൾ. മൃദുകോശങ്ങളിൽ പറ്റിക്കൂടുകയും അവിടെ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചിൽ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു.
മറ്റ് വിശേഷങ്ങൾ :
  • പതിനെട്ടാം പട്ട എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ ഇനമാണ് ചാവക്കാട് ഗ്രീൻ ഡ്വാർഫ്.
  • ചെന്തെങ്ങ് എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ ഇനമാണ് ചാവക്കാട്ഓറഞ്ച് ഡ്വാർഫ്.
  • ധാന്യ വിളകളായ കരനെല്ല്, ചോളം തുടങ്ങിയവ തെങ്ങിനു ഇടവിളയായി കൃഷിക്ക് അനുയോജ്യമാണ്.
  • മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ് എന്നീ കിഴങ്ങുവർഗ്ഗങ്ങൾ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • പയർ, നിലക്കടല എന്നീ പയറു വർഗ്ഗങ്ങൾ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • ഇഞ്ചി, മഞ്ഞൾ, കൂവ, ഗ്രാമ്പു, മുളക്, ജാതി എന്നീ സുഗന്ധവ്യഞ്ജനങ്ങൾ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • വാഴ, കൈതച്ചക്ക, പപ്പായ എന്നീ പഴവർഗ്ഗങ്ങൾ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • കൊക്കോ, തീറ്റപ്പുല്ലിനങ്ങൾ എന്നിവ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്.
  • കുരുമുളക്, വെറ്റില എന്നിവയ്ക്ക് പറ്റ് മരമാണ്.
  • ചിരട്ടകരി അണുനാശകമായതിനാൽ ജലശുദ്ധീകരണത്തിന് പ്രയോജനപ്പെടുത്തുന്നു.
  • ചിരട്ട ഉപയോഗിച്ച് ഇസ്തിരിയിടുന്ന പഴയകാല തലമുറയുടെ പ്രത്യേകതയാണ്.
  • ചിരട്ട പഴയകാല തലമുറ കപ്പിനും ഗ്ളാസിനും പകരം ഉപയോഗിച്ചിരുന്നു.
  • പച്ച ഈർക്കിൽ പഴമക്കാരുടെ ‘ടങ്ങ് ക്ളീനറാ’ണ്.
  • ചെന്തെങ്ങ്
  • പതിനെട്ടാംപട്ട തെങ്ങ്
  • തെങ്ങിൻ തൈ
  • വിത്ത് പാകൽ
  • തെങ്ങിൻ പൂവ്
  • തെങ്ങോല- മുകളിലേയ്ക്കുള്ള ദൃശ്യം

No comments:

Post a Comment