Saturday 26 March 2016

3. തേന്മാവ്

തേന്മാവ് – Mango Tree
     ഇന്ത്യയിലെ പ്രധാന ഫലവൃക്ഷമാണ് മാവ്. നാരക വർഗ്ഗങ്ങൾ, ആപ്പിൾ എന്നിവയെക്കാൾ ജനപ്രിയമാണ് മാമ്പഴം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് മാവ് കാണപ്പെടുന്നത്. തെക്കൻ ഏഷ്യയാണ് മാവിന്റെ ജന്മദേശമായി കണക്കാക്കുന്നത്. പാക്കിസ്താൻ, മ്യാന്മാർ, ചൈന, ശ്രീലങ്ക എന്നിവിടങ്ങളിൽ മാവ് കൃഷിചെയ്തുവരുന്നു.നൂറ് കണക്കിന് ഇനങ്ങൾ അതാത് പ്രദേശങ്ങൾക്കിണങ്ങിയ തരത്തിൽ കൃഷി ചെയ്തുകാണുന്നു. ഇന്ത്യയിൽ ഉടനീളവും ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ, കേരളം, കർണ്ണാടക, മഹരാഷ്ട്ര, തമിഴ്നാട്, ഉത്തരാഞ്ചൽ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൻതോതിൽ മാവ് കൃഷി ചെയ്തുവരുന്നു. ഒരേയിനം മാവുകൾ പലപ്രദേശങ്ങളിൽ പലപേരുകളിൽ കാണുന്നത് ഏറേ വിചിത്രവുമാണ്.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:അനാകാർഡിയേസീ
ശാസ്ത്ര നാമം:മാൻജിഫെറ ഇൻഡിക്ക / Mangifera indica

അറിയപ്പെടുന്ന പേരുകൾ:
മലയാളം:മാവ്, തേന്മാവ്
ഇംഗ്ളീഷ്:മാങ്കോ ട്രീ (Mango tree)
സംസ്കൃതം:ആമ്രഃ, പികവല്ലഭഃ, മധുദൂതഃ, പികവല്ലഭഃ, രസാലഃ, മാകന്ദഃ
ഹിന്ദി  :ആമ്
ബംഗാളി:ആമ്ര
തമിഴ്  :മാമ്പളം
തെലുങ്ക്           :മാമിടി

സസ്യ വിശേഷങ്ങൾ:
വിശാലവും വിസ്തൃതവും പത്ത് മീറ്ററോളം ഉയരമുള്ളതും അനേകം ശാഖകളോടുകൂടി പടർന്നുപന്തലിച്ച് വളരുന്ന നിത്യഹരിതസസ്യമാണ് മാവ്. സസ്യം ബഹുവർഷിയാണ്. നനവുള്ള മണ്ണിൽ മാവ് തഴച്ചുവളരും.
  • കാണ്ഡം:
മാവിന്റെ കാണ്ഡഭാഗം വിശാലവും വിസ്തൃതവും അനേകം ശാഖകളോടും പടർന്ന്  പന്തലിച്ച് വളരുന്നതുമാണ്. മരത്തിന്റെ പട്ട പരുക്കനും വിള്ളലോട് കൂടിയ ചാരനിറമാർന്നതുമാണ്. തൊലി പരുക്കനും ചിലകാലങ്ങളിൽ വിണ്ടുകീറിയും കാണുന്നു.
  • വേര്:
തായ് വേരുപടലമുള്ള സസ്യമാണ് മാവ്. കട്ടിയേറിയതും ഇളം ചാരനിറത്തിലുള്ള ശാഖാ വലുപ്പമുള്ള വേരുകൾ മേൽമണ്ണിൽ ഉയർന്ന് നിൽക്കാറുണ്ട്.
  • ഇല:
മാവിലകൾക്ക് ഏകദേശം 10-30 സെന്റി മീറ്റർ നീളവും 2-6 സെ. മീ. വീതിയും പരുപരുത്തതും അഗ്രം കൂർത്തതുമാണ്. പുതിയ ഇലകൾ പ്രത്യേക കാലങ്ങളിൽ ഒരുമിച്ച് ശാഖാഗ്രങ്ങളിൽ നിന്നുമുണ്ടാകുന്നു. ഇലകൾ ആദ്യം ചുവപ്പ് കലർന്ന നിറത്തിലും വയലറ്റ് നിറത്തിലും മൃദുലമായും പിന്നീട് ചെമ്പ്കലർന്നപച്ചനിറത്തിലും കാണപ്പെടും. ക്രമേണെ കടുത്ത പച്ച നിറമാകും. അനുപർണ്ണങ്ങളില്ല. ഇലകൾ ഒരു സീസൺ വരേ നിലനിൽക്കുകയും പിന്നീട് മഞ്ഞ നിറത്തിലെത്തി കൊഴിയുകയും ചെയ്യും. ഇടവിട്ടുണ്ടാകുന്ന തിളിർപ്പുകൾ വഴിയാണ് സസ്യങ്ങൾ വളർച്ചപ്രാപിക്കുന്നത്.
  • പൂവ്:
ശിശിര കാലങ്ങളിൽ (ജനുവരി) സസ്യമാകമാനം പുതിയ ഇലകളോടൊപ്പം ഇളം ശാഖകളുടെ അറ്റത്ത് സ്തൂപികാകൃതിയിൽ ഏകദേശം 40 സെ. മീ നീളത്തിൽ പൂങ്കുല കാണപ്പെടും. പൂങ്കുല പാനിക്കിൾ ആണ്. പൂങ്കുലയ്ക്ക് 10 മുതൽ 25 സെ.മീ. നീൾഅമുണ്ടാകും. ഇളം പച്ച കലർന്ന വെള്ള നിറമാർന്ന ചെറിയ പൂക്കളാണ് മാവിൻ പൂവ്. അനേകം പൂക്കളുള്ള ഒരു പൂങ്കുലയിൽ ദ്വിലിംഗ പുഷ്പങ്ങളും കൂടുതൽ ആൺപൂക്കളുമുണ്ട്.പൂക്കളിൽ പ്രത്യുൽപ്പാദന ശേഷിയുള്ള ഒറ്റക്കേസരം ഉൾപ്പടെ മൂന്നു നാലു കേസരങ്ങൾ ഉണ്ടാകും.
  • ഫലം:
ഫലം ആമ്രക (ഡ്രൂപ്പ്) മാണ്. മാർച്ചിൽ വിളയും. മാമ്പഴത്തിന്റെ ആകൃതി, വലുപ്പം, നിറം, തൊലിയുടെ പ്രത്യേകത, അകക്കാമ്പിന്റെ നിറം, അകക്കാമ്പിന്റെ കട്ടി, ചാറിന്റെ അളവ്, നാര്, മധുരം, ഗന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് മാവിനങ്ങൽ കാണുന്നത്. കായ്കൾ ദീർഘഗോളാകൃതി, ഗോളാകൃതി, ജ്വാലാമുഖം, അണ്ഡാകൃതി, ചുണ്ട് മടങ്ങിയത് എന്നീ ആകൃതിയിൽ കാണുന്നു. കായ്കളുടെ പുറമ്പാളി (എക്സോകാർപ്പ്) മിനുസമുള്ള നേർത്തതും, മധ്യപാളി (മിസോകാർപ്പ്) മാംസളമായ വലിയ ഭാഗമായും, ഉള്ളിലെ പാളി (എൻഡോകാർപ്പ്) കട്ടിയുള്ള സ്തരത്തോടുള്ള വിത്തായും കാണുന്നു. നാടൻ ഇനങ്ങളിൽ ചിലതിന് ബഹുഭ്രൂണതയുള്ളതിനാൽ വിത്ത് മുളയ്ക്കുമ്പോൾ ഒന്നിലധികം തൈച്ചെടികൾ ഉണ്ടാകുന്നു. ഫല കഞ്ചുകം മഞ്ഞയോ ചുവപ്പോ, ഇവ കലർന്നതോ ആയ നിറമാണ്. പച്ച മാങ്ങയ്ക്ക് പുളിരസവും പഴുത്തതിന് മധുരവുമേറും.
ഉപയോഗങ്ങൾ:
  • കായ്:
മാമ്പഴം ഏത് തരത്തിലും ഭക്ഷ്യയോഗ്യമാണ്. പച്ച മാങ്ങ അച്ചാറുകൾ/ ഉപ്പുമാങ്ങ എന്നിവയ്ക്ക് ഉപയോഗപ്പെടുത്തുമ്പോൾ, പഴുത്ത മാങ്ങ മുന്തിയ പഴമാണ് സ്ക്വാഷുകൾ, ജാമുകൾ, ദാഹശമനികൾ എന്നിവയായി മാമ്പഴസത്ത് ഉപയോഗിക്കുന്നു. മാങ്ങ ഉപ്പ്ചേർത്ത് ഉണക്കി (അടമാങ്ങ) ഏറേക്കാലം ഉപയോഗിക്കാവുന്നതാണ്.
  • തടി:
മാവിൻ തടി വിറകിനായി ഉപയോഗിക്കുന്നു. ചുരുക്കം ചില കെട്ടിട നിർമ്മാണത്തിനും ഉപയോഗിക്കാ‍റുണ്ട്. ഉപ്പും രാസവസ്തുക്കളും ചേർത്ത് സീസൺ ചെയ്ത് ഉപയോഗിക്കാറുണ്ട്. പച്ചയായി വിറക് ഉപയോഗിക്കാവുന്നതാണ്.
  • ഇല:
മാവില പല്ലുതേയ്ക്കുന്നതിന് പഴയകാല തലമുറ ഉപയോഗിച്ചിരുന്നു.      
രാസഘടകങ്ങൾ:
  • പച്ച മാങ്ങ:
മാലിക്, സിട്രിക്, ടാർടാറിക് അമ്ളം എന്നിവയും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
  • പഴുത്ത മാമ്പഴം:
വൈറ്റമിൻ എ, ബി, സി എന്നിവയും പഞ്ചസാര, സ്റ്റാർച്ച്, ടാനിൻ, ഗാലിക് അമ്ളം എന്നിവയും അടങ്ങിയിട്ടുണ്ട്.
  • മരത്തോലി:
മഞ്ഞകലർന്ന ബ്രൌൺ നിരത്തിൽ പശയും, ടാനിക് അമ്ളം, റേസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
ആ‍യുഃവേദ പ്രയോഗങ്ങൾ:
ഫലം, വിത്ത്, ഇല, പൂവ് എന്നിവയാണ് മാവിന്റെ ഔഷധയോഗ്യഭാഗം.
  • രസ ഘടകങ്ങൾ
പച്ച മാങ്ങ:
രസം:അമ്ളം, കഷായം
ഗുണം:ലഘു, രൂക്ഷം
വീര്യം  :ഉഷ്ണം
വിപാകം:കടു

പഴുത്ത മാമ്പഴം:
രസം:മധുരം
ഗുണം:സ്നിഗ്ധം, ഗുരു
വീര്യം  :ശീതം
വിപാകം:മധുരം

  • പച്ച മാങ്ങ ആയുഃവേദവിധിയിൽ പിത്തവും വാതവും വർധിപ്പിക്കുന്നു.
  • മാമ്പഴം പിത്തവും വാതവും കുറയ്ക്കുന്നു. ബീജ മജ്ജയ്ക്ക് ഉത്തേജനം നൽകുന്നു. വയറിളക്കം, വയറുകടി എന്നീ രോഗങ്ങൾക്ക് ആശ്വാസമാണ്.
വിവിധ ഇനങ്ങൾ:
  • നാട്ടുമാവ് / പാണ്ടിമവ്:
കേരളത്തിൽ സഹ്യപർവ്വതം മുതൽ കടലോരം വരേ കാണപ്പെടുന്ന തനത് ഇനം. ഏറ്റവും ഉയരവും വലുപ്പവുമുള്ള ഈ ഇനത്തിന്റെ കായ്കൾ വളരെചെറുതുമാണ്. ചന്ത്രകാരൻ മാവിന്റെ കായേക്കാൾ ചെറുതും സ്വാഭാവികമായ ആകർഷകമായ ഗന്ധവുമുണ്ട്. 10-15 മീറ്റർ ഉയരം വരെ ശാഖകൾ കാണാറില്ല. നീളമുള്ള ഞെട്ടിൽ 10-15 കായ്കൾ കാണും. ഇളം കായ്കൾക്ക് രൂക്ഷമായ ചെനപ്പ് അധികമാണ്. താമസിച്ച് കായ്ഫലം തന്നു തുടങ്ങുന്ന ചിലയിനം മൂന്നു വർഷത്തിലൊരിക്കൽ മാത്രം കായ്ക്കും. വിത്തുറയ്ക്കാത്ത ഇളം കായ്കൾ കണ്ണിമാങ്ങാ അച്ചാറിന് അത്യുത്തമമാണ്. വർഷങ്ങളോളം അച്ചാറായി സൂക്ഷിക്കാവുന്നതിനാൽ പഴുക്കുന്നതിനേക്കാൾ കേരളീയർക്ക് പ്രിയം ഇളം മാങ്ങയോടാണ്. പഴുക്കുമ്പോൾ മഞ്ഞ നിറത്തിലെത്തുന്ന ഇതിന്റെ മധുരവും സുഗന്ധവും മറ്റുമാങ്ങകളെ കടത്തിവെട്ടുന്നു. പഴുത്തമാങ്ങ മാമ്പഴപ്പുളിശ്ശേരിക്ക് അത്യുത്തമമാണ്. നാരുള്ള ഇതിന്റെ കാ‍യ്കളുടെ ഞെട്ടുഭാഗത്തിലൂടെ ഊറിക്കുടിക്കാൻ കഴിയും. വലുപ്പക്കൂടുതലും ആദ്യകായ്ഫലം നൽകാനുള്ള താമസവും ഈ മാവിന്റെ പുനരുത്ഭവത്തിന് വിഘാദമായിട്ടുണ്ട്.
  • ചന്ദ്രകാരൻ:
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ബഹുഭ്രൂണി മാവിനം. ചുവടുമുതൽ ശാഖകൾ കാണുന്നു. കുലകുലകളാ‍യി കായ്കൾ സമൃദ്ധിയായിക്കാണുന്നു. നാട്ടുമാവിന്റെ ഫലത്തേക്കാൾ വലുതെങ്കിലും ചെറിയ ഇനത്തിൽപ്പെട്ട മാങ്ങയ്ക്ക് മധുരം കൂടുതലാണ്. പച്ചയ്ക്ക് പുളിയും സവിശേഷ ഗന്ധവുമുള്ളതിനാൽ ഫലം പച്ചയ്ക്ക് കറിവയ്ക്കാനും ഉപയോഗപ്പെടുത്തുന്നു.  മാങ്ങയ്ക്ക് ചെനപ്പ് കുറവാണ്. ചാറു ധാരാളമുള്ളതിനാലും നാരുകൾ അടങ്ങിയതിനാലും വലിച്ചുകുടിയ്ക്കാൻ ഉത്തമമാണ്. ഇളം മാങ്ങകൾ കണ്ണിമാങ്ങ അച്ചാറുകൾക്ക് നല്ലതാണ്. ഇതിന്റെ ഇളം കായ്കൾ നാട്ടുമാവിന്റെ ഇളം കായ് പോലായതിനാൽ വിപണിയിൽ കബളിപ്പിക്കലിന് സാധ്യത കൂടുതലുമാണ്.
  • പ്രിയോർ:
പേരയ്ക്കാ മാവ് എന്നറിയപ്പെടുന്ന മാവിനമാണുന്നു പ്രിയോർ. കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്നു. സമൃദ്ധമായി കായ്ക്കുന്ന ഈ ഇനം സീസണിലിൽ നേരത്തേ കായ്ക്കുന്നതിനാൽ വിപണിയിൽ നല്ല വില ലഭിക്കുന്നു. ഇടത്തരം വലുപ്പമുള്ള കായ്കൾക്ക്  250 ഗ്രാമിനടുത്ത് ഭാരവുമുണ്ടാകും. ശരാശരി അളവ് പഞ്ചസാരയുള്ള ഫലം സംസ്കരിച്ച്  ഉത്പന്നങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. നാര് വളരെ കുറവാണ്.
  • ഒളോർ:
കേരളത്തിന്റെ തനത് മാവിനമാണ് ഒളോർ. വടക്കൻ കേരളത്തിൽ ധാരാളം നട്ടുവളർത്തുന്നു. ഫെബ്രുവരി-മാർച്ച് മാസത്തിൽ കായ്ക്കുന്നതുകൊണ്ട് ഉത്തരേന്ത്യയിൽ കയറ്റുമതി സാധ്യതകൂടുതലാണ്. വിത്തു തൈകൾക്ക് മാതൃ വൃക്ഷത്തിന്റെ ഗുണം പ്രദർശിപ്പിക്കാൻ കഴിയുന്നു. പഴങ്ങൾ ഇടത്തരം വലുപ്പമുള്ളതും അണ്ഡാകൃതിയുമുള്ളതുമാണ്. കായ്കകൾക്ക്  മധുരവും സവിശേഷഗന്ധവുമുണ്ട്. കഴമ്പ് മൃദുവും ചെറിയതോതിൽ നാരുള്ളതുമാണ്.
  • കോട്ടൂ‍ക്കോണം:
തെക്കൻ കേരളത്തിൽ കാണപ്പെടുന്ന സവിശേഷ ഇനമാണ് കോട്ടുക്കോണം. ധാരാളം ശാഖോപശാഖകളായി കാണുന്ന ഈ മാവിൽ സീസണിൽ നിറയെ കായ്കൾ കാണാ‍റുണ്ട്. പുളി കുറവായ മാങ്ങയ്ക്ക് തൊലിക്കട്ടി കൂടുതലാണ്. പച്ചയ്ക്ക് ഉപയോഗിക്കാനും ഉത്തമമാണ്. പഴുക്കുമ്പോൾ മധുരം കൂടുതലുള്ള മാങ്ങ മഞ്ഞകലർന്ന ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ കാ‍ണുന്നു.
  • കപ്പമാങ്ങ:
തെക്കൻ കേരളത്തിൽ കാണപ്പെടുന്ന താരതമ്യേനെ വലുപ്പം കുറഞ്ഞ മാവിൽ വളരെ വലുപ്പമുള്ള മാങ്ങകളാണ് കപ്പമാവിൽ ഉണ്ടാകുക. ഒരു കിലോ ഗ്രാം വരെ വലുപ്പമുണ്ടാ‍കുന്ന കപ്പമാങ്ങയ്ക്ക് ദൃഡതകൂടുതലും നാര് കുറവുമാണ്. അടമാങ്ങ (ഉണക്കിയെടുക്കുന്ന മാങ്ങ) ഉണ്ടാക്കുന്നതിനും പഴുപ്പിക്കുന്നതിനും നന്ന്.
  • വരിക്ക മാവ്:
തെക്കൻ കേരളത്തിൽ കാണപ്പെടുന്നതും പഞ്ചാര വരിക്ക എന്ന് അറിയപ്പെടുന്നതുമായ ചെറിയ ഇനം മാവാണ്. ഇതിന്റെ മധുരം പഞ്ചസാര പോലെ ഏറേ സവിശേഷപ്പെട്ടതാണ്. ഇടത്തരം വലുപ്പമുള്ള ഇവ മരത്തിൽ കുലകുലകളായിക്കിടക്കാറുണ്ട്. പച്ചക്കായ് അച്ചാറുകൾക്കും അടമാങ്ങയായും പഴുത്താൽ ഊറിക്കുടിക്കാവുന്ന തരത്തിലുമുള്ളതാണ്.  
  • അൽഫോൺസോ:
ഭാരതത്തിൽ ഏറ്റവുമധികം ക്ര്6ഷിചെയ്യപ്പെടുന്ന ഇനമാണ് അൽഫോൺസോ. മഹാരാഷ്ട്രയിൽ കൂടുതൽ കൃഷിചെയ്യുന്നു. നല്ല സ്വാദ്, സമൃദ്ധമായ വിളവ്, നല്ല സൂക്ഷിപ്പ് ഗുണം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഇടത്തരം വലുപ്പമുള്ള ഫലത്തിന് അണ്ഡാകൃതിയും വശങ്ങൾ പരന്നതുമാണ്. പഴുക്കുംപ്പോൾ മഞ്ഞ നിറമുള്ള ഫലത്തിന് കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. അതിമധുരമുള്ളതും നല്ല ഗന്ധവുമുള്ള കായ്കൾ പഴുത്താൽ മൂന്നാഴ്ച്ചവരെ കേടുകൂടാതിരിക്കും. ബദാമി(മൈസൊരു), ഗുണ്ടു(സേലം, കോയമ്പത്തൂർ), പട്ടണം ജാതി(തിരുനെൽവേലി), ഖാദർ(ചെന്നൈ), ആപ്പൂസ്(കന്നഡ) എന്നീപേരുകളിൽ അറിയപ്പെടുന്നു.
  • ഖുദാദാദ്:
തമിഴ്നാട്ടിലെ സേലം ജില്ലയിൽ ജന്മംകൊണ്ട ഇനമാണിത്. തെക്കേയിന്ത്യയിൽ കൃഷിചെയ്യുന്ന ഇതിന്റെ പ്രധാന ന്യൂനത സൂക്ഷിപ്പ്ഗുണം കുറവ് എന്നുള്ളതാണ്. ഫലം വലുതും ഓവലാകൃതിയുമാണ്. പഴുക്കുംപ്പോൾ മഞ്ഞനിറമുള്ള ഇവയ്ക്ക് കട്ടിയുള്ള തൊലിയാണുള്ളത്. മധുരം കൂടുതലുള്ള ഇതിന് കഴമ്പിൽ നാ‍രില്ല. നല്ല ഗന്ധമുള്ള ഇതിന് ചാറു ധാരാളമുണ്ട്.
  • ലാംഗ്ര:
ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ഉത്തരേന്ത്യൻ ഇനമാണ്. ഇടത്തരം വലുപ്പമുള്ള അണ്ഡാകൃതിയാണ് ഇതിനുള്ളത്. ചെറിയ തൊലിക്കട്ടിയുള്ള ഇതിന്റെ ഫലം പഴുക്കുമ്പോൾ പച്ചനിറം വിട്ടുമാറാറില്ല. കഴമ്പ് കട്ടിയുള്ളതും നാരുകൾ ഇല്ലാത്തതുമായ ഇതിന് അംമ്ളാംശമുള്ള മധുര രസമുണ്ട്. മെയ്-ജൂലൈ മാസങ്ങളാണ് മാമ്പഴക്കാലം. ലാംഗ്ഡ, ഡേവിഡ് ഫോർഡ്, റൂ- ഇ- അഫ്സ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
  • മൽഗോവ:
നല്ല വിപണന മൂല്യമുള്ള ഇവ തേക്കേ ഇന്ത്യയിലും ഡക്കാനിലും വൻ തോതിൽ കൃഷിചെയ്യുന്നു. പഴം വലുതും അഗ്രം വളഞ്ഞതുമാണ്. പലപ്പോഴും ഫലപാകത്തിൽ മഴയുണ്ടാകുകയും കൂടുതലും കൊഴിയുകയുംചെയ്യുന്നു. അല്ലാത്തതിന്റെ തൊലിയിൽ കറുത്ത പുള്ളിക്കുത്തുണ്ടാവുകയും ഭംഗി നഷ്ടപ്പെട്ട് വിപണിയിൽ പിന്തള്ളപ്പെടുകയും ചെയ്യുന്നു. കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. പഴുക്കുംപ്പോൾ മഞ്ഞ നിറത്തിലെത്തുന്ന ഫലത്തിന് നല്ല സുഗന്ധവും അതിമധുരവും ചാറുമുണ്ട്. വൈകി പാകമാകലും കുറഞ്ഞ കായ്പിടുത്തവും ഇതിന്റെ ന്യൂനതയാണ്.
  • നീലം:
തമിഴ്നാട്ടിൽ ജന്മംകൊണ്ട ഈ ഇനം തെക്കേ ഇന്ത്യയിലെ സുപ്രധാന വാ‍ണിജ്യമൂല്യമുള്ള ഫലങ്ങളിലൊന്നാണ്. തമിഴ്നാട്ടിൽ ചിലേടങ്ങളിൽ കാജാലഡുവെന്നറിയപ്പെടുന്നു. ഈർപ്പമുള്ള കാലവസ്ഥയിൽ നന്നായി വളരുന്ന ഈ ഇനം സൂക്ഷിപ്പ് ഗുണം കൂടുതലയാതിനാൽ കയറ്റുമതിക്ക് കൂടുതൽ അനുയോജ്യമാണ്. മാർച്ച്-ഏപ്രിൽ വരേയാണ് മാമ്പഴക്കാലം. മധുരമേറിയ പഴത്തിന്റെ കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. മിതവലുപ്പമുള്ള ഇതിന്റെ ഭാരം 200-250 ഗ്രാം കാണാറുണ്ട്. വൈകി മാത്രമേ മാങ്ങ മൂപ്പെത്തൂവെന്നത് ഇതിന്റെ എടുത്തുപറയാവുന്ന ന്യൂനതയാണ്.
  • ബങ്കനപ്പള്ളി :
വലുപ്പമേറിയ ഫലമാണ് ലഭിക്കുന്നത്. തൊലി നേർത്തതും, മിനുമിനുപ്പുമുള്ള മാമ്പഴത്തിന് സ്വർണ്ണനിറമുള്ളതുമാണ്. സീസണിന്റെ ആദ്യം തന്നെ കായ്ക്കുന്നതിനാൽ നല്ല വിലകിട്ടുന്നതുമാണ്. സാമാന്യം നല്ല വിളവുതരുന്ന ഫലത്തിന് നല്ലഗന്ധം കൂടിയുണ്ട്. സമാന്യം വലുപ്പമുള്ള ഇതിന് ഭാരം ഏകദേശം 300-600 ഗ്രാമും പഞ്ചസാര അളവ് കൂടുതലുമാണ്.
  • കലപ്പാടി:
കാലേപ്പാട്, കട്ടിനീലം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇനമാണ് കലപ്പാടി. കുലകുലകളായി കായ്ക്കുന്ന ഇവ മറ്റു മാവുകളെ അപേക്ഷിച്ച് ഉയരം വളരെക്കുറവാണ്. ആയതിനാൽ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്താവുന്നതാണ്. പഴം ചെറുതും കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതും നല്ലമധുരമുള്ളതുമാണ്.
  • ബാങ്കളോറ:
സേലം, തോട്ടാപൂരി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇനമാണ്  ബാങ്കളോറ. ഇടത്തരം വലുപ്പത്തിലുള്ള ഫലത്തിന്റെ അഗ്രം വളഞ്ഞ് തത്തച്ചുണ്ടുപോലിരിക്കും. സ്വർണ്ണ നിറമുള്ള കായ്കൾക്ക് കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. നന്നായി കായ്ക്കുന്ന ഇവയ്ക്ക് സൂക്ഷിപ്പുഗുണം കൂടുതലാണ്. വലുപ്പമുള്ള ഇവയ്ക്കു ഭാരം 500 ഗ്രാമത്തിനടുത്ത് വരും. ശരാശരി അളവ് പഞ്ചസാരയുള്ള ഫലം സംസ്കരിച്ച്  ഉത്പന്നങ്ങളുണ്ടാക്കാൻ ധാരാളം ഉപയോഗിക്കുന്നു. ചെറിയ പുളിമണമുള്ളതാണ്.
  • മുണ്ടപ്പ:
കർണ്ണാ‍ടകത്തിൽ നിന്നെത്തിയ ഇനമാണ് മുണ്ടപ്പ. സീസണിൽ വളരെ താമസിച്ച് കായ്ക്കുന്നതിനാൽ മഴകൊണ്ടുള്ള ദോഷഫലങ്ങൾ ഇതിനെ ബാധിക്കുന്നില്ല. പഴം സാമാന്യം വലുതും കഴമ്പ് ഉറപ്പുള്ളതുമാണ്. ഏറക്കുറേ ഉരുണ്ട കായ്കൾക്ക് നാരില്ലാത്തതും മധുരമേറിയതുമാണ്. വിളവ് കുറവെന്നത് എടുത്തുകാണിക്കവുന്ന ദോഷയമാണ്.
  • ആലമ്പൂർ ബനിഷൻ:
ആന്ധ്രാ സ്വദേശിയായ ഈ ഇനം ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ കൂടുതൽ കൃഷിചെയ്യുന്ന ഇനമാണ് ആലമ്പൂർ ബനിഷൻ. വലുപ്പം കൂടുതലുള്ള ഇതിന് നേർത്ത തൊലിയും നാരിന്റെ അംശമില്ലാത്തതും ഉറപ്പുള്ള കഴമ്പുമാണുള്ളത്. നല്ലരുചിയും മണവും മധുരവും എടുത്തുപറയാവുന്ന പ്രത്യേകതയാണ്. സൂക്ഷിപ്പ് ഗുണം കൂടുതലുള്ള ഈ ഇനത്തിന് വിളവ് താരതമ്യേനെ കുറവാണെന്ന ന്യൂനതയുമുണ്ട്.
  • പിയറി:
സമൃദ്ധമായി കായ്ക്കുന്ന ഈ ഇനം ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. കേരളത്തിൽ പ്രിയപ്പെട്ട ഇനമായ ഈ ഇനം ‘പീറ്റർ‘ എന്നപേരിൽ അറിയപ്പെടുന്നുണ്ട്. കടുത്ത ഓറഞ്ച് നിറം ഇതിന്റെ ആകർഷകമായ പ്രത്യേകതയാണ്. ഇടത്തരം വലുപ്പമുള്ളതും നല്ല മധുരവും നാരില്ലാത്ത മൃദുവായ കഴമ്പുള്ളതുമാണ്.
  • സുവർണരേഖ:
പേരുപോലെതന്നെ സ്വർണവർണ നിറവും മധുരവുമുള്ളതുമാണ്. സൂക്ഷിപ്പ്ഗുണം കൂടുതലാണ്. സീസണിന്റെ ആദ്യം തന്നെ കായുണ്ടാകുകയും പാകമാകുകയും ചെയ്യുന്നതിനാൽ വാണിജ്യപ്രാധാന്യത്തിൽ മുന്നിലാണ്. കേരളീയ കാലാവസ്ഥയിൽ നന്നായി വളരുകയും കായ് പിടിയ്ക്കുകയും ചെയ്യും.
  • ഹിമായുദ്ദീൻ:
ഇമാം പസന്ത്, ഹമാം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇനമാണ് ഹിമായുദ്ദീൻ. കഴമ്പ് ഉറപ്പുള്ളതും നാരില്ലാത്തതും നല്ല സുഗന്ധവുമുള്ള ഈ ഇനത്തിന്റെ ഫലം വലുതാണ്. വിളവു കുറവെന്ന ന്യൂനതയുണ്ടെങ്കിലും ഏറേ സ്വാദിഷ്ടമാണ്.
  • ജഹാംഗീർ:
ഹിമായുദ്ദീൻ ഇനത്തോട് അഭേദ്യബന്ധമുള്ള ഇനമാണ് ജഹാംഗീർ. നാരില്ലാത്ത പഴത്തിന് നല്ല മധുരമാണ്. വിളവു കുറവെന്ന ന്യൂനത ഇതിനുമുണ്ട്.
  • ദഷേരി:
ഉത്തരേന്ത്യയിൽ വാണിജ്യപ്രാധാന്യത്തോടെ നട്ടുവളർത്തുന്ന ഇനമാണ് ദാഷേരി. താരതമ്യേനെ ചെറിയ മാമ്പഴമെങ്കിലും നന്നായി കായ്ക്കും. മധുരമേറെയുള്ള ഈ ഇനത്തിന് നാരില്ലാത്ത കഴമ്പുണ്ട്.
സങ്കരയിനം മാവുകൾ:
കേരളത്തിൽ മണ്ണിനും കാലാവസ്ഥയ്ക്കും അനുകൂലമായി വളർത്താവുന്ന ചില സങ്കരയിനം മാവുകൾ കുറിക്കുന്നു.
  • സങ്കരം-45
ബെന്നറ്റ് അൽഫോൺസോ, ഹിമായുദ്ദീൻ എന്നീ ഇനങ്ങളുടെ സങ്കര സന്തതിയാണ് സങ്കരം-45. ഇതിന്റെ പഴത്തിന് ഹിമയുദ്ദീന്റെ ആകൃതിയാണ്. കഴമ്പ് നാരില്ലാതതും ദൃഡവുമായ ഫലത്തിന് നല്ല മധുരം കാണുന്നു. വർഷത്തിൽ നല്ല വിളവുതരുന്ന മാമ്പഴത്തിന് സൂക്ഷിപ്പ് ഗുണം കൂടുതലാണ്.
  • സങ്കരം-56:
ബെന്നറ്റ് അൽഫോൺസോ, ഹിമായുദ്ദീൻ എന്നീ ഇനങ്ങളുടെ മറ്റൊരു സങ്കര സന്തതിയാണ് സങ്കരം-56. ഇതിന്റെ പഴത്തിന് അൽഫോൺസോ മാമ്പഴത്തിന്റെ ആകൃതിയാണ്. കഴമ്പ് നാരില്ലാതതും ദൃഡവുമായ ഫലത്തിന് ഹിമായുദ്ദീനേക്കാൾ നല്ല മധുരം കാണുന്നു. വർഷത്തിൽ നല്ല വിളവുതരുന്നു.
  • സങ്കരം-87:
കലപ്പാടി, ആലമ്പൂർ ബനിഷൻ എന്നീ ഇനങ്ങളുടെ സങ്കര സന്തതിയാണ് സങ്കരം-87. ഇതിന്റെ പഴത്തിന് വലുപ്പം കുറവാണ്. നല്ല മധുരം കാണുന്ന ഫലമാണുള്ളത്. വർഷത്തിൽ നല്ല വിളവുതരുന്നു.
  • സങ്കരം-151:
കലപ്പാടി, നീലം എന്നീ ഇനങ്ങളുടെ സങ്കര സന്തതിയാണ് സങ്കരം-151. കാഴ്ചയ്ക്ക് നീലം പോലാണെങ്കിലും ഗുണത്തിൽ സാമ്യം കലപ്പാടിക്കൊപ്പമാണ്.  ഇതിന്റെ പഴത്തിന് വലുപ്പം വളരെ കുറവാണ്. നല്ല മധുരം കാണുന്ന ഫലമാണുള്ളത്. വർഷത്തിൽ നല്ല വിളവുതരുന്നു.

  • വെള്ളരി, കസ്തൂരി, നാട്ടുമാങ്ങ, കപ്പ, പുളിച്ചി, ചാമ്പവരിക്ക, വെള്ളംകൊള്ളി, ഞെട്ടുകുഴിയൻ, ഞാരൻ എന്നിവ നാടൻ മാവിനങ്ങളാണ്.
  • മൽഗോവ, നീലം, അൽഫോൺസ, സിന്ധു, കേസർ, ജൂലി എന്നിവ വിപണിയിലെ മുന്തിയ മാവിനങ്ങളാണ്.
  • കലപ്പാടി, ബംഗനപ്പള്ളി, മല്ലിക, മൈലാപ്പൂർ, പാതിരി, അമൃത്, ബെന്നറ്റ് അൽഫോൺസോ, പ്രിയൂർ, മുണ്ടപ്പ, സുവർണ്ണ രേഖ, പഞ്ചധാര കലശ, ബധാമി, ചന്ദന, ബ് ളാക്ക് ആണ്ട്രൂസ്, കാവേരി, ജഹാംഗീർ, പച്ചരശി, സിന്ദൂരം, മഹാരാജ പസന്ത് എന്നിവ തെക്കേ ഇന്ത്യയിൽ കൃഷി ചെയ്തുവരുന്ന മാവിനങ്ങളാണ്.

പരാഗണവും വിതരണവും :
  • തേനീച്ചകൾ വഴിയും കാറ്റ് മഞ്ഞ് എന്നിവ വഴിയും പരാഗണം നടക്കാറുണ്ട്.
  • ജലവും അണ്ണാ‍ൻ, വാവലുകൾ, പക്ഷികൾ എന്നിവ വഴിയും സാധാരണ വിത്ത് വിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും:
  • മൂപ്പെത്തിയ വിത്തുകളിൾ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. വിത്തിൽ നിന്നുത്പാദിപ്പിക്കുന്ന തൈകൾക്ക് മാതൃസസ്യത്തിന്റെ ഗുണം കുറയുമെങ്കിലും ആയുസ്സ് നൂറോളം വർഷമുണ്ട്.
  • അലൈംഗിക പ്രജനന രീതിയായ സ്റ്റോൺ ഗ്രാഫ്റ്റിംഗ് മേൽത്തരം തൈ നിർമ്മാണ രംഗങ്ങളിൽ കണ്ടുവരുന്നു. ഇവയ്ക്ക് ശരാശരി എൺപത് വർഷം ആയുസ്സുണ്ട്. മാതൃ വൃക്ഷത്തിന്റെ ഗുണം കൂടുതലാ‍യിരിക്കും.
  • ഒന്നോ രണ്ടോ ആഴ്ച പ്രായമുള്ളതും വലുപ്പവും ആരോഗ്യവും ഒത്തിണങ്ങിയ വിത്തുമുളപ്പിച്ച തൈയ്ച്ചെടിയെ സ്റ്റോക്കായി ഒട്ടിക്കാൻ തെരഞ്ഞെടുക്കുന്നു. ഇതിന്റെ ഇലകളുടേയും തണ്ടിന്റേയും ചെമ്പ് നിറം മാറുന്നതിന് മുൻപ് ഒട്ടിക്കുകയും വേണം.
  • സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് 10 സെ. മീ. അകലത്തിൽ മുറിച്ചശേഷം മുകൾ ഭാഗത്ത് മധ്യ ഭാഗത്തിലൂടെ 2-3 സെ.മീറ്റർ താഴ്ചയിൽ പിളർപ്പ് ഉണ്ടാക്കണം.
  • സ്റ്റോക്കിന്റെ മുകൾ ഭാഗത്ത് ഒട്ടിക്കുന്നതിന്  ഇതേ വലുപ്പമുള്ള നല്ല ഇനത്തിലും ആരോഗ്യത്തിലുമുള്ള മാതൃവൃക്ഷശിഖരത്തെ ഒട്ടുകമ്പായി (സയോൺ) ഉപയോഗിക്കുന്നു.
  • സയോണിന്റെ 10 സെ.മീറ്റർ ഉയരത്തിലുള്ള ഇലകൾ അതിനോട് ചേർന്ന മുളപ്പിന് കോട്ടം തട്ടാതെ നീക്കം ചെയ്തശേഷം മുറിച്ചഭാഗം 2-3 സെ.മീറ്റർ വലുപ്പത്തിൽ ചരിച്ചുചെത്തി ആപ്പ് രൂപത്തിലാക്കണം.
  • സ്റ്റോക്കിന്റെ പിളർപ്പിൽ സയോണിന്റെ ആപ്പ്ഭാഗം ശ്രദ്ധയോടെ കടത്തി പോളിത്തീൻ നാട കെട്ടണം.
  • ഇത് തണലത്ത് വച്ച് ചെറുതായി നനയ്ക്കണം. ഗ്രാഫ്റ്റ് വിജയമെങ്കിൽ മൂന്ന് നാലു ആഴ്ചയ്ക്കുള്ളിൽ തളിരുകൾ വരികയും ചെയ്യും
  • ആറുമാസം മുതൽ ഒരു വർഷം വരെ പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്ട് തൈകളാണ് കൃഷിക്ക് അനുയോജ്യം.
  • ഗ്രാഫ്ട് തൈകൾക്ക് നല്ല സൂര്യപ്രകാശം അത്യാവശ്യമായതിനാൽ തുറസ്സായ സ്ഥലം കൂടുതൽ അഭികാമ്യം.
  • നീർവാർച്ചയും ജൈവാംശവും ഉള്ള മണ്ണാണ് ഇവയ്ക്കു കൂടുതൽ അനുയോജ്യം.
  • മെയ്- ജൂൺ മാസമാണ് തൈ നടാൻ അനുകൂലമെങ്കിലും ജല ലഭ്യതയ്ക്കനുസരിച്ച് എപ്പോഴും മാവ് നടവുന്നതാണ്.
  • രണ്ട് തൈകൾ തമ്മിലുള്ള അകലം പത്ത് മീറ്ററെങ്കിലും വേണ്ടിവരും. തൈക്കുഴികൾ നടുന്നതിന് ഒരുമാസമെങ്കിലും മുൻപ് തയ്യാറാക്കുകയും വേണം.
  • കളിമണ്ണുള്ളിടത്താണെങ്കിൽ, ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയെടുത്ത് അതിൽ 10 കിലോ ഗ്രാം വീതം കമ്പോസ്റ്റ്, ചാണകപ്പൊടി, മേൽമണ്ണ് എന്നിവ നിറയ്ക്കണം. മണൽ പ്രദേശത്തണെങ്കിൽ അര - മുക്കാൽ ഘന മീറ്റർ കുഴിയും ആനുപാതിക മിശ്രിതവും മതിയാകും.
  • കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം നടുന്നത്. കാറ്റിൽ ഒട്ടിപ്പിന് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം.
  • ഗ്രാഫ്റ്റിന് താഴേയുണ്ടാകുന്ന പൊടിപ്പുകൾ നീക്കം ചെയ്യേണ്ടതും ഗ്രാഫ്റ്റിന് മുകളിൽ മണ്ണ് വരാതിരിക്കേണ്ടതുമാണ്.
  • നാലു വർഷം വരേയുള്ള മാമ്പൂക്കൾ കായ്ക്കാനനുവദിക്കരുത്. അതു ചെറുതിലേ നീക്കംചെയ്യുകയും വേണം.
  • മേയ്-ജൂൺ മാസങ്ങളിലാണ് വളപ്രയോഗം നടത്തേണ്ടത്. പച്ചിലവളം, വെണ്ണീറ്, രാസവളം എന്നിവ ഉപയോഗിക്കാവുന്നതാണ്.
  • നാടൻ വിത്ത് ഗ്രോബാഗിലോ മറ്റ് ബാഗുകളിലോ നട്ട് ഒരുവർഷമെങ്കിലും കഴിഞ്ഞ് തടത്തിൽ നടാവുന്നതാണ്.
  • ഒന്നാം വർഷത്തിൽ ജൈവ വളം-10 കി.ഗ്രാം; എൻ.പി.കെ-20:15:50 ഗ്രാം എന്ന അനുപാതത്തിലും രണ്ടാം വർഷത്തിൽ ജൈവ വളം-15 കി.ഗ്രാം; എൻ.പി.കെ-50:25:75 ഗ്രാം എന്ന അനുപാതത്തിലും മൂന്ന്-അഞ്ച് വരേ വർഷത്തിൽ ജൈവ വളം-25 കി.ഗ്രാം; എൻ.പി.കെ-100:35:100 ഗ്രാം എന്ന അനുപാതത്തിലും ആറ്-ഏഴ് വരേ വർഷത്തിൽ ജൈവ വളം-40 കി.ഗ്രാം; എൻ.പി.കെ-250:70:700 ഗ്രാം എന്ന അനുപാതത്തിലും എട്ട്-ഒൻപത് വരേ വർഷത്തിൽ ജൈവ വളം-50 കി.ഗ്രാം; എൻ.പി.കെ-400:140:400 ഗ്രാം എന്ന അനുപാതത്തിലും പത്താം വർഷം മുതൽ ജൈവ വളം-75 കി.ഗ്രാം; എൻ.പി.കെ-500:360:750 ഗ്രാം എന്ന അനുപാതത്തിലും നൽകാവുന്നതാണ്.
  • കായ്ചുതുടങ്ങാത്തവയുടെ തടിയിൽ നിന്നും 15-30 സെ. മീറ്റർ അകലത്തിലും കായ്ചുതുടങ്ങിയവയുടെ ചുവട്ടിൽ നിന്നും 2.5-3മീറ്റർ അകലത്തിൽ 30 സെ. മീറ്റർ താഴ്തി ചാലെടുത്ത് കുഴികുത്തി വളമിടേണ്ടത്.
  • കാ‍യ്ചുതുടങ്ങിയവയ്ക്കു ജൂൺ, ആഗസ്റ്റ് മാസങ്ങളിലെ മഴയ്ക്കനുസരിച്ച് വർഷത്തിൽ രണ്ടുവട്ടം വളം നൽകാവുന്നതാണ്.
  • 25 കി ഗ്രാം പച്ചിലവളവും 10 കിഗ്രാം വെണ്ണീറും വർഷത്തിൽ ലഭ്യമാക്കുന്നത് നന്ന്. ഇവ ഇടവപ്പാതി മഴയ്ക്ക് ചുവട്ടിൽ ഇടാവുന്നതാണ്.
  • നാലഞ്ച് വർഷം വരേ വേനൽക്കാലത്ത് ആഴ്ചയിൽ രണ്ട് തവണ നനയ്ക്കേണ്ടതാണ്.
  • 8-10 മാസം വിളഞ്ഞ കമ്പുകളാണ് പൂക്കുന്നത്. ഒരുലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി പൂക്കളിൽ സ്പ്രേ ചെയ്താൽ പൂകരിച്ചിൽ മാറിക്കിട്ടും, കൂടുതൽ പൂക്കൾ കായ്പിടിക്കും. കായ്ച് രണ്ടാഴ്ചയ്ക്ക് ശേഷം നാഫ്തലിൻ അസറ്റിക് ആസിഡ് 10-30 പി. പി. എം. ഗാഡതയിൽ സ്പ്രേ ചെയ്താൽ കായ് കൊഴിച്ചിൽ കുറയുകയും കായ്ഫലം കൂടുകയും ചെയ്യുന്നു.

രോഗങ്ങളും രോഗ നിവാരണവും :
  • രോഗം:         പൊടിപ്പൂപ്പ് (പൌഡറി മൈൽഡ്യൂ)
ലക്ഷണം:       മഞ്ഞു കാലത്ത് ഇലകളിലും ചെറു ശാഖകളിലും പൊടിപോലെ കാണുകയും പിന്നീട് നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)
ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യി ആദ്യം കാണുന്നു. പിന്നീട് ഇലയും തണ്ടും ചീയുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം:       മരച്ചില്ലകൾക്കും വലിയ ശാഖകൾക്കും ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി:       ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.
  • രോഗം:            കരിമ്പൂപ്പ് (ബ്ളാക്ക് മോൾഡ്)
ലക്ഷണം:       ഇലകളിലും ചെറു ശാഖകളിലും കറുത്ത പൊടിപോലെ കാണുകയും പിന്നീട് ഇലയുടെ സ്വാഭാവിക നിറം മാറി ഇലമുഴുവൻ കരിഞ്ഞ് നശിക്കുകയും ചെയ്യുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.
  • രോഗം:            ചെന്നീരൊലിപ്പ്
രോഗാണു: തിലാവിയോപ്‌സിസ് പാരഡോക്‌സ് 
ലക്ഷണം: തടിയിൽ നെടുകേ അങ്ങിങ്ങ് ചെറിയ വിള്ളലുണ്ടാകുകയും തവിട്ടുകലർന്ന ചുവന്ന ദ്രാവകം ഒഴുകുകയും ചെയ്യും. ക്രമേന തെങ്ങിൻ തടി മുഴുവനും വിള്ളലുണ്ടാകുകയും ചെയ്യുന്നു. ഈ ഭാഗങ്ങൾ അഴുകാൻ തുടങ്ങുന്നു.
പ്രതിവിധി: കാലിക്സിൻ വേപ്പിൻ പിണ്ണാക്ക് എന്നിവ തടത്തിലിടുകയും ആക്രമണത്തിന്റെ ആദ്യകാലം രോഗ ബാധയേറ്റ സ്ഥലം വെട്ടിമാറ്റി കാലിക്സിൻ പുരട്ടുകയും രണ്ട് ദിവസത്തിനു ശേഷം കോൾട്ടാർ പുരട്ടുകയും വേണം

കീടങ്ങളും കീട നിവാരണവും :
  • കീടം: മാംഗോ ഹോപ്പർ (തുള്ളൻ)
ലക്ഷണം: ശലഭ വിഭാഗത്തിൽപ്പെടുന്ന ഇവ ഇലകളിൽ മുട്ടയിട്ട് പെരുകുന്നു. ഇവറ്യുടെ ലാർവ്വ തിളിരിലകൾ തിന്ന് നശിപ്പിക്കുന്നു.
നിവാരണം: 0.1% കാർബാറിലോ, 0.1% മാലത്തിയോൺ ഇവയിലേതെങ്കിലും പൂക്കുന്ന സമയത്ത് തളിച്ചാൽ ഈ കീടത്തെ നിയന്ത്രിക്കാം.

  • കീടം: തണ്ടുതുരപ്പൻ പുഴു
ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം: മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)
ലക്ഷണം: മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം: മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം: കായീച്ച / പഴയീച്ച
ലക്ഷണം: കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കയകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം: 20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം: ഇലതീനിപ്പുഴു
ലക്ഷണം: ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

  • കീടം: ഇലച്ചാടി
ലക്ഷണം: പുൽച്ചാടി വർഗ്ഗത്തിൽപ്പെട്ട ഇവ ഇളം ഇലകൾ കരണ്ട് തിന്നു ൻഅശിപ്പിക്കാറുണ്ട്. ഇലതീനിപ്പുഴുക്കളേപ്പോലെ കൂട്ടമായി ആക്രമിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ മറ്റു രോഗങ്ങളുടെ രോഗവാഹികളാകാറുമുണ്ട്.
നിവാരണം:    ജൈവ കീടനാശിനിയായ പെരുവല പ്രയോഗം, വെളുത്തുള്ളി-മുളക് പ്രയോഗം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. 100 ഗ്രാം വെളുത്തുള്ളി, 100 ഗ്രാം മുളക് 100 ഗ്രാം ഇഞ്ചി എന്നിവ വെള്ളത്തിൽ കുതുർത്ത് അരച്ചശേഷം അരിച്ച് ആവശ്യാനുസരണം നേർപ്പിച്ച് ഉപയോഗിക്കാം.  0.1% കാർബാറിൻ, 0.05% ഡൈമെത്തയേറ്റ് എന്നിവ സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം

മറ്റ് വിശേഷങ്ങൾ:
  • ഭാരതത്തിൽ ഉത്പാദനത്തിൽ 30%വും ആന്ധ്രപ്രദേശിന്റെ സംഭാവനയാണ്. 30-35 ലക്ഷം ടൺ മാമ്പഴമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
  • മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന ‘അൽഫോൺസോ’ എന്ന ഇനമാണ് മാമ്പഴങ്ങളിലെ രാജാവ് എന്നറിയപ്പെടുന്നത്.
  • ഭാരതത്തിന്റേയും പാക്കിസ്താന്റേയും ദേശീയ ഫലമാണ് മാങ്ങ.
  • പഴയകാല തലമുറ മാവില മംഗള കാര്യങ്ങൾക്ക് അലങ്കാരമായി ഉപയോഗിച്ചിരുന്നു.
  • പഴയകാല തലമുറ ശവദാഹത്തിന് മാവിൻ വിറക് ഉപയോഗിച്ചിരുന്നു.
  • മാവിന് ഇടവിളയായി പച്ചക്കറികൾ, ഉഴുന്ന്, പയർ, മുതിര, ചീര, എള്ള്, വാഴ എന്നിവ ആദ്യകാലങ്ങളിൽ കൃഷി ചെയ്യാം.
  • ‘ആലി പസന്ത്’, ‘അബ്ബാസി’, ‘ഇമാം പസന്ത്’, ‘മുണ്ടപ്പ’, ‘അയ്യപ്പഷെട്ടി’ എന്നിവ ആളുകളുടെ പേരുകളിൽ അറിയപ്പെടുന്ന മാങ്ങകളാണ്.
  • ‘ജയിലർ‘, ‘കളക്ടർ‘, ‘നവാബ്’, ‘ബിഷപ്പ്’, ‘മഹാരാജ്’ എന്നീ സ്ഥാനപ്പേരിൽ അറിയപ്പെടുന്ന മാങ്ങകൾ വിപണിയിലെത്താറുണ്ട്.
  • ചരിത്ര പുരുഷന്മാരുടെ പേരുകളിൽ അറിയപ്പെടുന്ന മാങ്ങകളാണ് ‘ജഹാംഗീർ‘, ‘ഷാജഹാൻ‘, ‘നൂർജഹാ‍ൻ‘, ‘ശിവജീ പസന്ത് ‘എന്നിവ.
  • സ്ഥലപ്പേരുകളിൽ നിന്നും ഉടലെടുത്ത മാങ്ങ ഇനങ്ങളാണ് ‘ആലമ്പൂർ ബനിഷൻ‘, ‘ബങ്കനപ്പള്ളി’, ‘കൽക്കത്ത’, ‘ബാരമാസി’, ‘സേലം’, ‘കുറ്റ്യാട്ടൂർ‘  എന്നിവ.
  • പഴത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ ‘സുവർണ്ണരേഖ’, ‘സഫ്രാൺ‘, ‘സർദാലു’, ‘സിന്ധൂരിയ’ എന്നീ മാങ്ങകളുണ്ട്.
  • ‘മനോരഞ്ജൻ‘, ‘മല്ലിക’, ‘ഖുദാദാദ്’ എന്നിവ കാൽപ്പനിക നാമങ്ങളിലുള്ള മാങ്ങകളാണ്.
  • ‘ഗുണ്ടു’, ‘ഗുമ്മട്ടി’, ‘തോട്ടാപൂരി’, ‘കരേലിയ’, ‘ലാഡു’, ‘തുപ്പാക്കി മടിയം’, ‘ഞാറ്റിക്കുഴിയൻ‘, മൂ’ക്കുരസം’  എന്നിവ ആകൃതി സവിശേഷങ്ങളായ മാങ്ങകളാണ്.
  • ‘ജാമ്പലു’, ‘പെദ്ദ സുവർണ്ണരേഖ’, ചി’ന്നരസം’, ‘ഹാംലെറ്റ്’ എന്നിവ വലുപ്പത്തെ സൂചിപ്പിക്കുന്ന മാങ്ങകളാണ്.
  • രുചിയുമായി ബന്ധപ്പെട്ട വകഭേദങ്ങളാണ് ‘സീതാഫൽഗോവ’, ‘അതിമധുരം’, ‘പഞ്ചദാര കലസ’, ‘മിത് വാ’, ‘മൽഗോവ’ എന്നീ മാങ്ങകൾ.
  • മത്സ്യാകൃതിയുള്ള മാങ്ങയായ ‘മച്ലി’, നീലക്കല്ല് ആകൃതിയുള്ള ‘നീലം’ മാങ്ങ എന്നിവ വ്യാപാര മേഖലയിലെ ആകഷണമാണ്.
  • ഗന്ധത്തിന്റെ അടിസ്ഥാനത്തിൽ കാണുന്ന മാങ്ങകളാണ് ‘കൊത്തബള്ളിഗൊബ്ബാരി’, ‘തെണ്ണേരു’, ‘ന്യൂനേ പസന്ത് ‘എന്നിവ.
  • അന്താരാഷ്ട്ര വിപണികളിലെ താരമായ ‘അൽഫോൺസൊ’ മാമ്പഴം മഹാരാഷ്ട്രയില ‘ആപ്പൂസ്’ എന്നും കർണാടകത്തിൽ ‘ബദാമി’ എന്നും അറിയപ്പെടുന്നു.
  • മുംബായിലെ ആകർഷക ഇനമായ ‘പീറ്റർ‘ മാങ്ങ തമിഴിൽ ‘ഗുണ്ടു’, ‘നടുസാലൈ’ എന്നും അറിയപ്പെടുന്നു.
  • മാവിൻ തൈ
  • മാവിൻ പൂങ്കുല
  • ഇളം മാങ്ങ (കണ്ണിമാങ്ങ)
  • മാങ്ങ
  • ഇളം മാവില
  • പൂവുള്ള കുല

1 comment:

  1. നല്ല വിവരണം നന്ദി☺

    ReplyDelete