Saturday, 28 May 2016

13. രാമപ്പഴ മരം


രാമപ്പഴ മരം – Netted custard apple tree
    ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഫലസസ്യമാണ് രാമപ്പഴം.  മുള്ളാത്ത, സീതപ്പഴം എന്നിവയോട് ചേർന്നു നിൽക്കുന്നു. ധാരാളം ചെറു ശാഖകൾ ഉള്ള ഫലസ്യമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ഇവ ഇന്ത്യ കൂടാതെ ബംഗ്ളാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ്, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിൽ ധാരാളമായിക്കാണുന്നു. ഫലം പച്ചയും ഇളംചുവപ്പും ഇടകലർന്ന നിറവും മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. ജന്മ സ്ഥലം മധ്യ അമേരിക്ക, വെസ്റ്റിൻഡീസ് എന്നിവിടങ്ങളാണെന്ന് കരുതപ്പെടുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബ           :അനോനേസീ
ശാസ്ത്ര നാമം:അനോന റെറ്റിക്കുലേറ്റ  / Annona reticulata L.

അറിയപ്പെടുന്ന പേരുകൾ:
മലയാളം:രാമപ്പഴം, ആത്തിച്ചക്ക, പറങ്കിച്ചക്ക
ഇംഗ്ളീഷ്:ബുള്ളക്ക് ഹാർട്ട് (Bullock heart), ബുൾസ് ഹാർട്ട് (Bull’s heart), നെറ്റെഡ് കസ്റ്റാർഡ് ആപ്പിൾ (Netted custard apple)
സംസ്കൃതം:രാമ ഫലഃ, ലവണി, കൃഷ്ണബീജഃ
ഹിന്ദി  :രാമഫൽ, ആത്
ബംഗാളി:ആത, നോണ
തമിഴ്  :രാമചിത്ത, രാമപ്പളം
തെലുങ്ക്           :
രാമഫലമു

സസ്യ വിശേഷങ്ങൾ:
ഏകദേശം 6-10 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ ബഹുവർഷിയായ കുറ്റിച്ചെടിയാണ് രാമപ്പഴ മരം. മുള്ളാത്ത, സീതപ്പഴം എന്നിവയോട് ചേർന്നു നിൽക്കുന്നു. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.
  • കാണ്ഡം:
ഏകദേശം 6-10 മീറ്റർ വരെ നീളമുള്ളതും ചെറിയ ശാഖകളുള്ള ഇടത്തരം കുറ്റിച്ചെടിയാണ് രാമപ്പഴ മരം.  ശാഖാവിന്ന്യാസം ക്രമ രഹിതമാണ്. തടിക്ക് കടുപ്പമോ ബലമോ ഇല്ല. തടിയുടെ നിറം തവിട്ടാണ്.
  • വേര്:
തായ് വേര് പടല രീതിയിലൂള്ള വേരാണ് രാമപ്പഴ മരത്തിനുള്ളത്. തായ് വേര് ഇല്ലെങ്കിലും ഇവ വളരാറുണ്ട്.
  • ഇല:
രാമപ്പഴ മരത്തിന്റെ ഇലകളുടെ വിന്യാസം ഏകാന്തരമാണ്. അനുപർണ്ണങ്ങളില്ലാത്ത ലഘുപത്രമാണ് ഇവയ്ക്കുള്ളത്. ഇലയ്ക്ക്  10-17 വരെ സെ.മി. നീളവും 2-7 വരെ സെ. മീ. വീതിയുമുണ്ട്. ദീർഘാകാരമാ‍ണ്. അഗ്രങ്ങൾ കൂർത്തതുമാണ്. പത്രസീമാന്തം അഖണ്ഡവും പത്രവൃന്തം തടിച്ചതുമാണ്. സിരകൾ നന്നേ തെളിഞ്ഞതും മധ്യസിര തടിച്ചതുമാണ്. ഇലകൾ കടുത്ത പച്ചയാണ്. തളിരിലകൾ രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. മുറ്റിയ ഇലയുടെ അടിവശം മിനുസമുള്ള രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.
  • പൂവ്:
രാമപ്പഴ മരപ്പൂക്കൾ ഇലയുടെ കക്ഷങ്ങളിൽ നിന്നും കൂട്ടമായോ ഒറ്റയ്ക്കോ കാണുന്നു. 3 ബാഹ്യ ദളപുടങ്ങൾ വളരെ ചെറുതും ആറ് എണ്ണം ദളങ്ങൾ വലുതുമായിക്കാണുന്നു. പൂക്കൾ ദ്വിലിംഗികളായിക്കാണുന്നു. പുറത്തെ മൂന്നു ദളങ്ങൾ മഞ്ഞകലർന്ന പച്ചനിറവും തടിച്ചതുമാണ് പുറം വശത്ത് ഇരുണ്ട ചുവപ്പ് നിറത്തിലുള്ള പുള്ളികൾ കാണാം. 2.5 സെ. മി. നീളവും 1 സെ.മീ വീതിയും ഉണ്ട്. അകവശത്തെ ദളങ്ങൾ 0.5 സെ. മി. യിൽ കൂടുതൽ നീളം വരുന്നു. കേസരങ്ങൾ ധാരാളം. മുകളിലേക്കു ഉന്തി നിൽക്കുന്ന പുഷ്പാസനമുണ്ട്. ജനിപുടത്തിൽ ധാരാളം ബീജാണ്ഡപർണങ്ങളും അതിൽ ഓരോ ബീജാണ്ഡവുമുണ്ട്. ഊർധ്വവർത്തി അണ്ഡാശയമാണുള്ളത്. മേയ്- ജൂൺ മാസം പൂക്കാലമാണ്.
  • ഫലം:
രാമപ്പഴം ബെറിയും ഹൃദയാകാരവും ആപ്പിളിനേക്കാൾ വലുപ്പമുള്ളതുമാണ്. ബെറികൾ പുഷ്പാസനവുമാ‍യി യോജിച്ചാണ് കാണുന്നത്. ഫലം വിളയുമ്പോൾ പുറം മഞ്ഞകലർന്ന ചുവപ്പ് നിറമാകും. ഉള്ളിൽ വെളുത്ത മാംസള ഭാഗം ഉണ്ട്. വെളുത്ത മാംസള ഭാഗത്തിന് പഞ്ചസാര പോലെ തരികളും മധുരവുമേറും. വിളയാത്ത രാമപ്പഴത്തിൽ ധാരാളം ടാനിൻ ഉണ്ടാകും.
  • വിത്ത്:
രാമപ്പഴ വിത്തിന് 1.5 സെ.മീ നീളവും 0.5 സെ. മീ. വീതിയുമുണ്ട്. വിത്തിന് ഇളം കറുപ്പോ കറുപ്പ് കലർന്ന തവിട്ടോ നിറമാണുള്ളത്. വിത്തിന് വിഷ സ്വഭാവമുണ്ട്.
ഉപയോഗങ്ങൾ :
  • ഫലം:
വിളഞ്ഞ് പഴുത്ത രാമപ്പഴ കായോടുചേർന്ന തണ്ട് വൃത്താകൃതിയിൽ കറക്കിയാൽ അതിന്റെ കൂഞ്ഞിലോടെ ഇളകി വരും. മൃദുലമായ തിലിക്കുള്ളിൽ നീരും കഴമ്പും ഉണ്ടായിരിക്കും. ഇതിന് നല്ല മധുരമുണ്ട്. ആയതിനാൽ മധുരമേറിയ ആഹാരമായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ മിൽക്ക് ഷേക്ക്, ഐസ്ക്രീം എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
രാസഘടകങ്ങൾ:
  • ഫലം:
രാമപ്പഴത്തിന്റെ സിംഹഭാഗവും ജലവും ശേഷിച്ച ഭാഗം പഞ്ചസാരയും (അന്നജം) ഉണ്ട്. പച്ച ഫലത്തിൽ അടങ്ങിയിട്ടുള്ള ടാനിൻ അണുനാശിനിയായി ഉപയോഗിക്കാവുന്നതാണ്.
  • ഇല:
രാമപ്പഴ മരത്തിന്റെ ഇലയിലടങ്ങിയിരിക്കുന്ന ടാനിൻ അണുനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഇല ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് പേൻ നാശിനിയാണ്.
  • വിത്ത്:
തൈലം, റെസിൻ എന്നിവ രാമപ്പഴ വിത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിത്തിലടങ്ങിയിരിക്കുന്ന തൈലം വിഷകാരിയാണ്.
  • കാണ്ഡം:
            രാമപ്പഴ കാണ്ഡത്തിലെ മുറിവുകളിൽ നിന്നും ഊറിവരുന്ന സ്രവത്തിന് കണ്ണിന്റെ പ്രവർത്തനത്തെ ബാധിക്കാനും ശരീരത്തിൽ പ്രവേശിച്ചാൽ പക്ഷാഘാതത്തിന് കാരണമാകും.

ആ‍യുഃവേദ പ്രയോഗങ്ങൾ:
രാമപ്പഴത്തിന്റെ ഫലം, ഇല എന്നിവ ഔഷധഭാഗമാണ്.
രസ ഘടകങ്ങൾ
രസം
:
മധുരം
ഗുണം

ഗുരു
വീര്യം  
:
ശീതം
വിപാകം
:
മധുരം
  • രാമപ്പഴം ശരീര ശക്തി വർദ്ധിപ്പിക്കുന്നു.
  • രാമപ്പഴ വിത്ത് വിഷകരമാണ്. കഴിച്ചാൽ പനി, ഛർദ്ദി എന്നിവ ഉണ്ടാകും.
  • രാമപ്പഴവേരിൻ കഷായം പനിക്കുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്.
  • രാമപ്പഴത്തിന്റെ വേരിൻ തൊലി ചതച്ച് മോണയിൽ വച്ചാൽ പല്ലുവേദന ശമിക്കും.
  • രാമപ്പഴ വേരിൻ കഷായം വയറിളക്കം, രക്താതിസാരം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
  • രാമപ്പഴ ഇലക്കഷായം വിര നശീകാരിയായി ഉപയോഗിക്കാവുന്നതാണ്.
  • ചതച്ചരച്ച രാമപ്പഴ ഇല പഴുപ്പ് നിറഞ്ഞ വീക്കം, പൊള്ളലുകൾ എന്നിവ മാറുന്നതിന് ഉപയോഗിക്കാവുന്നതാണ്.
  • പാകമാകാത്ത ഉണങ്ങിയ രാമപ്പഴ കായ് തിളപ്പിച്ച വെള്ളം വയറിളക്കം, രക്താതിസാരം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

വിവിധ ഇനങ്ങൾ :
രാമപ്പഴം സധാരണയായി കാണുന്ന തരത്തിലാണുള്ളത്. സാധാരണ ഇനം കൂടാതെ ബഡ്ഡ് തൈകളും കാ‍ണാറുണ്ട്.
  • സാധാരണ രാമപ്പഴം:
സാധാരണ രാമപ്പഴം ഏകദേശം 6-10 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നു. മുള്ളാത്തയേക്കാൾ വലുപ്പമുള്ളതുമാണ്. മുള്ളാത്ത, സീതപ്പഴം എന്നിവയുടേത് പോലെ ഫലം പച്ച നിറം ഉണ്ടാവില്ല. ഇളം കായ് പച്ചനിറവും വിളഞ്ഞുപഴുക്കുമ്പോൾ മഞ്ഞ കലർന്ന ചുവന്ന നിറവും പുറത്ത് വെളുത്ത പൊടി പൂശിയതുപോലെ കാണപ്പെടും. അകത്തെ മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. മറ്റ് ആത്തകളേക്കാൾ കുറച്ച് ഫലമേ ലഭിക്കൂ. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.
  • രാമപ്പഴം - ബഡ്ഡിനം:
രാമപ്പഴം ഏകദേശം 6-8 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമാണ്. സധാരണ രാമപ്പഴ മരത്തിന്റെ വലുപ്പത്തേക്കാൾ ചെറുതും ധാരാളം ശാഖകൾ ഉള്ളതുമാണ്. സധാരണ രാമപ്പഴമരത്തേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 15-20 വർഷത്തോളം  ആയുസ്സുണ്ട്.

പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ, അണ്ണാൻ, കുരങ്ങ് എന്നിവ മുഖേനെ വിത്ത് വിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:
രാമപ്പഴത്തിന്റെ കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത് അവയ്ക്ക് പുനരുത്ഭവ ശേഷി കൂടുതലാണ്. ഒരു പഴത്തിൽ 15- 20 വരെ വിത്തുകൾ കാണാറുണ്ട്. നല്ല വലുപ്പമുള്ള വിത്ത് തെരഞ്ഞെടുത്ത വിത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്ത് നട്ടാൽ മുളയ്ക്കുന്നതാണ്. സാധാരണ നിലയിൽ നനവുണ്ടെങ്കിൽ പോലും താമസിച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുകയാണ് പതിവ്. ചെറുമുറ്റുള്ള ശാഖ ഇലയോടൊടിച്ച് മിസ്റ്റ് ഹൌസുകളിൽ നട്ടും തൈകൾ ഉണ്ടാക്കിവരുന്നു. ഓഗസ്റ്റ് - സെപ്തംബർ മാസത്തിലോ ഡിസംബർ - ജനുവരി മാസത്തിലോ മാതൃ വൃക്ഷത്തിന്റെ മുറ്റിയ ശാഖകളിൽ എയർ ലെയറിംഗ് നടത്തുകയും മൂന്നുനാല് മാസത്തിനുശേഷം ആയത് മുറിച്ച് ചെറു പോളിത്തീൻ കവറിൽ ഒന്നുരണ്ട്മാസം നനച്ച് സൂക്ഷിച്ച ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം.
  • മണ്ണൊരുക്കലും, നടീൽ രീതിയും:
ഏതുസമയത്തും രാമപ്പഴത്തൈകൾ നടാമെങ്കിലും മഴക്കാല ആരംഭത്തിൽ നട്ടാൽ നനയ്ക്കൽ കാര്യമായി ഒഴിവാക്കാം. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 3 മീറ്റർ അകലത്തിലാണ് സീതപ്പഴ തൈകൾ നടേണ്ടത്.
  • വളപ്രയോഗം, ജലസേചനം:
ആറുമാസം കഴിയുമ്പോൽ വേരിന് ക്ഷതം വരാതെ അരമീറ്റർ അകൽത്തിൽ മരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ കമ്പോസ്റ്റ്, ചാണകം, 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. പിന്നീടുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് നൽകാവുന്നതാണ്.
കാര്യമായ ജലസേചനം വേണ്ടാത്ത മരമാണ് രാമപ്പഴം. തടങ്ങളിൽ പുതയായി ഉണങ്ങിയ ഇലകളോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവുന്നതാണ്. വർഷത്തിലൊരിക്കൽ പ്രത്യേകിച്ച് മഞ്ഞുകാലത്ത് ശാഖകൾ കോതി നിർത്തുകയും, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റുകയും വേണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും നിർത്തുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 4-5 വർഷത്തിനുള്ളിൽ 7-9 മീറ്റർ ഉയരമെത്തുകയും ചെയ്യും.
  • വിളവ് ലഭ്യത:
ആദ്യവർഷം മുതൽ രാമപ്പഴ മരത്തിന്റെ ശാഖ കോതുന്നത് ഉപശാഖകൾ കൂടുതൽ പുഷ്ടിയോടെ വളരാൻ കാരണമാകും. സാധാരണയായി തൈകൾ ഒറ്റശാഖയാണ് കാണുന്നത്. തലപ്പ് നുള്ളി പുതുശാഖകൾ സൃഷ്ടിക്കാവുന്നതുമാണ്. വളർച്ചയ്ക്കനുസരിച്ച് പ്രൂൺ ചെയ്യുന്നത് നല്ലതാണ്. ഈ രീതിയിൽ കൂടുതൽ വിളവ് ലഭിക്കും. കേടില്ലാത്തതും വലുപ്പമുള്ളതുമായ കായ്കൾക്ക് വിപണി ലഭ്യത കൂടുതലുണ്ടാകും. അഞ്ചു വർഷം പഴക്കമുള്ള രാമപ്പഴ മരങ്ങളിൽ നിന്നും 30 കായ്കൾ വരെ വർഷത്തിൽ ലഭിക്കും.

രോഗങ്ങളും രോഗ നിവാരണവും :
  • രോഗം:      ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)
ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യും ഇളം കായ്കളിലും ആദ്യം കാണുന്നു. പിന്നീട് ഇലയും കായും ചീയുകയും കൊഴിയുകയും ചെയ്യും. രാമപ്പഴം വ്യാവസായികമായി കൃഷിചെയ്യുമ്പോൾ രോഗം വളരെ വേഗം പടർന്ന് കാർഷിക നാശം ഉണ്ടാക്കുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം. രോഗ ബാധയേറ്റ ഇലകൾ, കായ്കൾ എന്നിവ പെറുക്കി നശിപ്പിക്കുന്നത് രോഗപ്പകർച്ചയെ നിയന്ത്രിക്കാവുന്നതാണ്.
  • രോഗം:      ഇലപ്പുള്ളി രോഗം
ലക്ഷണം:       മഴക്കാലത്തോടെ രാമപ്പഴ മരങ്ങളുടെ ഇലകളിലും കായ്കളിലും മഞ്ഞനിറമാർന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ കുത്തുകൾ വലുതാവുകയും കുത്തുകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേരുന്നതു ഇലകളിലെങ്കിൽ അത് ഒടിഞ്ഞുതൂങ്ങുകയും കായ്കളാണെങ്കിൽ അഴുകുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള കായ്കൾ യഥാസമയം നശിപ്പിക്കണം. കൂടാതെ രോഗബാധയുള്ള ഇലകളുണ്ടെങ്കിൽ അവ മുറിച്ചുമാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതും ഉചിതമാണ്.
  • രോഗം:      കായ് കറുക്കൽ
ലക്ഷണം:       രാമപ്പഴ മരങ്ങളുടെ കായ്കളിൽ വയലറ്റ് നിറമാർന്ന പാടുകൾ ആദ്യം കാണപ്പെടുകയും പിന്നീട് കറുത്ത നിറത്തിലാവുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. പാടുകൾ വലുതാവുകയും ആയതിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. (കായ്കൾ മുറിച്ചാൽ പാടിനകത്ത് കറുത്ത് കട്ടിയായി കാണപ്പെടും.) ക്രമേണ കറുത്ത ഭാഗത്ത് പൊട്ടലുണ്ടാകുകയും ചെയ്യും
പ്രതിവിധി:       രോഗബാധയുള്ള കായ്കൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം നശിപ്പിക്കണം.
  • രോഗം:      കായ് ചീയൽ
ലക്ഷണം:       തണുപ്പ് കാലങ്ങളിൽ രാമപ്പഴ മരങ്ങളുടെ കായ്കളുടെ പുറത്ത് കറുത്ത നിറത്തിലുള്ള പാടുകൾ കാണുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. പാടുകൾ വലുതാവുകയും തൊലിയുടെ കട്ടികുറയുകയും ചെയ്യും. കായ്ക്കുള്ളിലെ കഞ്ചുകം കൂടുതൽ മഞ്ഞനിരത്തിലാകുകയും അഴുകുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള കായ്കൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം നശിപ്പിക്കണം.
  • രോഗം:        കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം:       രാമപ്പഴമരത്തിന്റെ മരച്ചില്ലകൾക്ക് ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി:       ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.

കീടങ്ങളും കീട നിവാരണവും :
  • കീടം:         തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)
ലക്ഷണം:       രാമപ്പഴമരത്തിന്റെ കാണ്ഡഭാഗത്ത് തണ്ടുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം:     125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം:         മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)
ലക്ഷണം:       മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. രാമപ്പഴ മരത്തിന്റെ വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം:     മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം:         കായീച്ച / പഴയീച്ച
ലക്ഷണം:       കായീച്ച രാമപ്പഴ പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം:     20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം:         ഇലതീനിപ്പുഴു
ലക്ഷണം:       രാമപ്പഴ മരത്തിന്റെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ് ഇലതീനി. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.
നിവാരണം:     ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം:         നിമാ വിര:
ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം രാമപ്പഴ മരങ്ങളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈ നടുന്ന കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ നല്ലൊരു പരിഹാരമാണ്.
മറ്റുപയോഗങ്ങൾ:
  • വിത്ത് കീടനാശിനിയായി ഉപയോഗിക്കുന്നു.
  • ഇലകൾ സംസ്കരിച്ചെടുത്ത് കറുപ്പും നീലയും ചായം നിർമ്മിക്കാ‍ൻ ഉപയോഗിക്കുന്നു.
  • കട്ടിയുള്ള രാമപ്പഴത്തൊലി സവിശേഷമായ ചരട് നിർമ്മാണത്തിനുപയോഗിക്കുന്നു.
  • രാമപ്പഴത്തടി നുകം പണിയുന്നതിനുപയോഗിക്കുന്നു.
  • രാമപ്പഴ മരം
  • രാമപ്പഴത്തിന്റെ ഇല
  • രാമപ്പഴ പൂവ്
  • രാമപ്പഴം
  • കീട ബാധയേറ്റ രാമപ്പഴം
  • രാമപ്പഴ മരത്തൈ
  • രാമപ്പഴ മരം

Friday, 20 May 2016

12. സീതപ്പഴ മരം

സീതപ്പഴ മരം – Sugar apple tree
    ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഫലസസ്യമാണ് സീതപ്പഴം. വെസ്റ്റിൻഡീസിൽ നിന്നും പോർച്ചുഗീസുകാരാണ് ഇവിടെ എത്തിച്ചെന്ന് കരുതപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ഇവ ഇന്ത്യ കൂടാതെ ബംഗ്ളാദേശ് പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ധാരാളമായിക്കാണുന്നു. ഇന്ത്യയിൽ തമിഴ്നാട്, ആസ്സാം, ഉത്തരാഞ്ചൽ എന്നിവിടങ്ങളിൽ കൃഷി ചെയ്തുവരുന്നു.
ശാസ്ത്ര പഠന വിഭാഗം:
കുടുംബ           :അനോനേസീ
ശാസ്ത്ര നാമം:അനോന സ്ക്വാമോസ / Annona squamosa L.

അറിയപ്പെടുന്ന പേരുകൾ:
മലയാളം:സീതപ്പഴം, ആത്തിച്ചക്ക
ഇംഗ്ളീഷ്:ഷുഗർ ആപ്പിൾ(Sugar Apple), കസ്റ്റാർഡ് ആപ്പിൾ(Custard Apple), സ്വീറ്റ് സോപ്(Sweet Sop)
സംസ്കൃതം:സീതാ ഫല, ബഹുബീജഃ, കൃഷ്ണബീജഃ, ഗണ്ഡഗാത്ര
ഹിന്ദി  :സീതാഫൽ, ആത്
ബംഗാളി:ആത, ലൂണ
തമിഴ്  :ആത്ത്, സീതപ്പളം
തെലുങ്ക്           :സീതാഫലമു, ഗണ്ഡഗാത്രമു

സസ്യ വിശേഷങ്ങൾ:
            ഏകദേശം 2-8 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ ബഹുവർഷിയായ കുറ്റിച്ചെടിയാണ് സീതപ്പഴമരം. മുള്ളാത്ത, രാമപ്പഴം എന്നിവയോട് ചേർന്നു നിൽക്കുന്നു. ഇവയേക്കാൾ വലുപ്പത്തിൽ ചെറുതും ധാരാളം ചെറു ശാഖകൾ ഉള്ളതുമാണ്. മുള്ളാത്തഫലം പോലെ പച്ച നിറവും മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. മറ്റ് ആത്തകളേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.
  • കാണ്ഡം:
ഏകദേശം 2-7 മീറ്റർ വരെ നീളമുള്ളതും ചെറിയ ശാഖകളുള്ള ഇടത്തരം കുറ്റിച്ചെടിയാണ് സീതപ്പഴ മരം.  ശാഖാവിന്ന്യാസം ക്രമ രഹിതമാണ്. തടിക്ക് കടുപ്പമോ ബലമോ ഇല്ല. തടിയ്ക്ക് ഇളം തവിട്ട് നിറമാണുള്ളത്. ഇലപ്പാട് ശാഖകളിലും പ്രധാന തടികളിലും കാണാറുണ്ട്. മഞ്ഞ നിറത്തിലുള്ള തടിയാണുള്ളത്. ചെറുശാഖകൾക്ക് പുള്ളിക്കുത്തുള്ള തവിട്ട് നിറമാണുള്ളത്.
  • വേര്:
തായ് വേര് പടല രീതിയിലൂള്ള വേരാണ് സീതമരത്തിനുള്ളത്.
  • ഇല:
സീതപ്പഴയിലകളുടെ വിന്യാസം ഏകാന്തരമാണ്. അനുപർണ്ണങ്ങളില്ലാത്ത ലഘുപത്രമാണ്. ഇലയ്ക്ക്  5-17 വരെ സെ.മി. നീളവും 2-5 വരെ സെ. മീ. വീതിയുമുണ്ട്. ഇലകൾ ദീർഘാകാരമാ‍ണ്. ഇലകളുടെ അഗ്രങ്ങൾ കൂർത്തതുമാണ്. ഇലാസിരകൾ നന്നേ തെളിഞ്ഞതും മധ്യസിര തടിച്ചതുമാണ്. ഇലയുടെ അടിവശം മിനുസമുള്ള രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഇലഞെട്ട് 4 മില്ലി മീറ്റർ നീളമുള്ളതും പച്ചനിറമാർന്നതുമാണ്.

  • പൂവ്:
സീതപ്പഴപ്പൂക്കൾ ഇലയുടെ കക്ഷങ്ങളിൽ നിന്നും മൂന്നെണ്ണം ഉൾപ്പെടുന്ന ചെറുകുലകളായോ ഒറ്റയ്ക്കോ കാണുന്നു. 3 ബാഹ്യ ദളപുടങ്ങൾ വളരെ ചെറുതും ആറ് എണ്ണം ദളങ്ങൾ വലുതുമായിക്കാണുന്നു. പൂക്കൾ ദ്വിലിംഗികളായിക്കാണുന്നു. പുറത്തെ മൂന്നു ദളങ്ങൾ മഞ്ഞകലർന്ന പച്ചനിറവും തടിച്ചതുമാണ്. 2.5 സെ. മി. നീളവും 1 സെ.മീ വീതിയും ഉണ്ട്. അകവശത്തെ ദളങ്ങൾ 0.5 സെ. മി. യിൽ കൂടുതൽ നീളം വരുന്നു. കേസരങ്ങൾ ധാരാളം. ജനിപുടത്തിൽ ധാരാളം ബീജാണ്ഡപർണങ്ങളും അതിൽ ഓരോ ബീജാണ്ഡവുമുണ്ട്. ഊർധ്വവർത്തി അണ്ഡാശയമാണുള്ളത്. മേയ്- ജൂൺ മാസം പൂക്കാലമാണ്. നിറ്റിഡൂലിഡ് വണ്ടുകൾ പരാഗണം നടത്താറുണ്ട്.
  • ഫലം:
സീതപ്പഴത്തിന്റെ ഫലം ബെറിയും ഗോളാകൃതിയും ഇടത്തരം ആപ്പിൾ വലുപ്പമുള്ളതുമാണ്. ഉപരിതലം ഉയർച്ചതാഴ്ച്ചകളുണ്ട്. ഫലം വിളയുമ്പോൾ പുറം പച്ചനിറം മാറി മഞ്ഞകലർന്ന പച്ചനിറവുമാകും. നല്ല വിളവാകുമ്പോൾ ഉപരിതലത്തിൽ പൌഡർ പൂശിയപോലെ കാണാറുണ്ട്. സ്തരങ്ങളാൽ വേർതിരിവില്ലാത്ത വെളുത്ത അല്ലികളാൽ കാണപ്പെടുന്ന മാസള ഭാഗത്തിന് നടുക്കായി വിത്തുകാണും. വെളുത്ത വെളുത്ത മാംസള ഭാഗത്തിന് മാധുര്യമേറും.
  • വിത്ത്:
സീതപ്പഴ വിത്തിന് 1.5 സെ.മീ നീളവും 0.5 സെ. മീ. വീതിയുമുണ്ട്. ഉപരിതലം നല്ല തിളക്കമാർന്നതും കറുപ്പ് നിറമുള്ളതുമാണ്. വിഷ സ്വഭാവമുണ്ട്. ഒരു പഴത്തിൽ 10- 15 വരെ വിത്തുകൾ കാണാറുണ്ട്.

ഉപയോഗങ്ങൾ:
  • ഫലം:
വിളഞ്ഞ സീതപ്പഴഫലം മധുരമേറിയ ആഹാരമായി ഉപയോഗിക്കുന്നു. ആയൂർവേദമരുന്നുകളിൽ വിളയാത്തകായ് സന്ധിവാദം, വയറിളക്കം എന്നിവയ്ക് ഔഷധമായി ഉപയോഗിക്കുന്നു. തലമുടിക്കുള്ള ടോണിക്ക് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. പൊള്ളലുള്ളഭാഗത്ത് ഫലകഞ്ചുകം തേച്ചുപിടിപ്പിച്ചാൽ ചുട്ടെരിച്ചിൽ മാ‍റും. പഞ്ചസാര വൈൻ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്.
  • കാണ്ഡം:
സീതപ്പഴത്തടിക്ക് കാഠിന്യമോ ബലമോ ഇല്ല്. വിറകായി ഉപയോഗിക്കുന്നു.
  • തൊലി:
സീതപ്പഴമരത്തൊലി ചരട്, കയർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ആയൂർവേദമരുന്നുകളിൽ രക്താതിസാരം, പ്രമേഹം എന്നിവയ്ക് ഔഷധമായി ഉപയോഗിക്കുന്നു.
  • ഇല:
രൂക്ഷ ഗന്ധമുള്ള സീതപ്പഴയിലകൾ ആയൂർവേദമരുന്നുകളിൽ സന്ധിവാദം, വയറിളക്കം, രക്താതിസാരം എന്നിവയ്ക് ഔഷധമായി ഉപയോഗിക്കുന്നു.
  • വിത്ത്:
സീതപ്പഴവിത്ത് വിഷകാരിയാണ്. വിത്ത് പ്രകൃതിദത്ത കീടനാശിനിയായി ഉപയോഗിക്കുന്നു. തലയിലെ താരൻ, പേൻ എന്നിവയ്കെതിരെ പ്രയോഗിക്കാനും ഉപയോഗപ്പെടുത്താവുന്നതാണ്. കണ്ണിൽ വീഴാനിടയായാൽ കാഴ്ചശക്തിയെ ബാധിക്കുകയോ, അന്ധതയ്ക്ക് കാർഅണമാവുകയോ ചെയ്യാം. വിത്തിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന എണ്ണ സോപ്പ് നിർമ്മാണത്തിനുപയോഗിക്കുന്നു. ശുദ്ധീകരിച്ച എണ്ണ പാചകയെണ്ണയായി ഉപയോഗിക്കുന്നുണ്ട്.

രാസഘടകങ്ങൾ:
  • ഫലം:
സിംഹഭാഗവും ജലവും ശേഷിച്ച ഭാഗം പഞ്ചസാരയും ഉണ്ട്.
  • വിത്ത്:
തൈലം, റെസിൻ എന്നിവ അടങ്ങിയിട്ടുണ്ട്.
  • ഇല:
ഇലയിൽ അനോനെയിൻ, ഹൈഡ്രോസയനിക്ക് അമ്ളവും അടങ്ങിയിട്ടുണ്ട്.

ആ‍യുഃവേദ പ്രയോഗങ്ങൾ:
ഫലം, ഇല എന്നിവ ഔഷധഭാഗമാണ്.
രസ ഘടകങ്ങൾ:
രസം:മധുരം
ഗുണം:ഗുരു
വീര്യം  :ശീതം
വിപാകംമധുരം

  • സീതപ്പഴ ഫലം ശരീര ശക്തി വർദ്ധിപ്പിക്കുന്നു.
  • സീതപ്പഴം ക്ഷയരോഗത്തിനു ഔഷധമാണ്.
  • സീതപ്പഴം ഹൃദ്രോഗികളിൽ രക്ത സമ്മർദ്ദം കുറയ്ക്കുന്നു.
  • പനി, ആത്സ്മ എന്നിവയ്ക്ക് സീതപ്പഴം ഔഷധമാണ്.
  • ഹിസ്റ്റീരിയ, മയക്കം എന്നിവയ്ക്ക് സീതപ്പഴത്തിന്റെ ഇല മണപ്പിച്ചാൽ മതി.

വിവിധ ഇനങ്ങൾ :
സീതപ്പഴം സധാരണയായി കാണുന്ന തരത്തിലാണുള്ളത്. സാധാരണ ഇനം കൂടാതെ ബഡ്ഡ് തൈകളും കാ‍ണാറുണ്ട്.
  • സാധാരണ സീതപ്പഴം:
സാധാരണ സീതപ്പഴം ഏകദേശം 8 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നു. മുള്ളാത്ത, രാമപ്പഴം എന്നിവയേക്കാൾ വലുപ്പത്തിൽ ചെറുതും ധാരാളം ചെറു ശാഖകൾ ഉള്ളതുമാണ്. മുള്ളാത്തഫലം പോലെ പച്ച നിറവും മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. മറ്റ് ആത്തകളേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.
  • സീതപ്പഴം - ബഡ്ഡിനം:
സീതപ്പഴം ഏകദേശം 6 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നു. സധാരണ സീതപ്പഴ മരത്തിന്റെ വലുപ്പത്തിൽ ചെറുതും ധാരാളം ചെറു ശാഖകൾ ഉള്ളതുമാണ്. മറ്റ് ആത്തകളേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 15-20 വർഷത്തോളം  ആയുസ്സുണ്ട്.

പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • നിറ്റിഡൂലിഡ്, സ്റ്റാഫിലിനിഡെ എന്നീ കുടുംബത്തിൽ പെടുന്ന വണ്ടുകൾ, ക്രൈസോമിലിഡെ കുടുംബത്തിലുള്ള ഇലവണ്ട്, കുർക്കുല്യോനിഡെ കുടുംബത്തിലുള്ള ശൽക്കകീടം, സ്കാറബിഡെ കുടുംബത്തിലുള്ള ചാണക വണ്ട് എന്നിവയുടെ സഹായത്താൽ  പരാഗണം നടത്താറുണ്ട്.
  • കൃത്രിമ പരാഗണം നടത്തിയും വിത്തുകൾ ഉണ്ടാക്കാവുന്നതാണ്.
  • പക്ഷികൾ മുഖേനെ വിത്ത് വിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:
സീതപ്പഴത്തിന്റെ കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത് അവയ്ക്ക് പുനരുത്ഭവ ശേഷി കൂടുതലാണ്. ഒരു പഴത്തിൽ 10- 15 വരെ വിത്തുകൾ കാണാറുണ്ട്. നല്ല വലുപ്പമുള്ള വിത്ത് തെരഞ്ഞെടുത്ത വിത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്ത് നട്ടാൽ വളരെവേഗം മുളയ്ക്കുന്നതാണ്. സാധാരണ നിലയിൽ നനവുണ്ടെങ്കിൽ പോലും താമസിച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുകയാണ് പതിവ്. ചെറുമുറ്റുള്ള ശാഖ ഇലയോടൊടിച്ച് മിസ്റ്റ് ഹൌസുകളിൽ നട്ടും തൈകൾ ഉണ്ടാക്കിവരുന്നു. ഓഗസ്റ്റ് - സെപ്തംബർ മാസത്തിലോ ഡിസംബർ - ജനുവരി മാസത്തിലോ മാതൃ വൃക്ഷത്തിന്റെ മുറ്റിയ ശാഖകളിൽ എയർ ലെയറിംഗ് നടത്തുകയും മൂന്നുനാല് മാസത്തിനുശേഷം ആയത് മുറിച്ച് ചെറു പോളിത്തീൻ കവറിൽ ഒന്നുരണ്ട്മാസം നനച്ച് സൂക്ഷിച്ച ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം.
  • മണ്ണൊരുക്കലും, നടീൽ രീതിയും:
ഏതുസമയത്തും സീതപ്പഴത്തൈകൾ നടാമെങ്കിലും മഴക്കാല ആരംഭത്തിൽ നട്ടാൽ നനയ്ക്കൽ കാര്യമായി ഒഴിവാക്കാം. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 3 മീറ്റർ അകലത്തിലാണ് സീതപ്പഴ തൈകൾ നടേണ്ടത്.
  • വളപ്രയോഗം, ജലസേചനം:
ആറുമാസം കഴിയുമ്പോൽ വേരിന് ക്ഷതം വരാതെ അരമീറ്റർ അകൽത്തിൽ മരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ കമ്പോസ്റ്റ്, ചാണകം, 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. പിന്നീടുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് നൽകാവുന്നതാണ്.
കാര്യമായ ജലസേചനം വേണ്ടാത്ത മരമാണ് സീതപ്പഴം. തടങ്ങളിൽ പുതയായി ഉണങ്ങിയ ഇലകളോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവുന്നതാണ്. വർഷത്തിലൊരിക്കൽ പ്രത്യേകിച്ച് മഞ്ഞുകാലത്ത് ശാഖകൾ കോതി നിർത്തുകയും, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റുകയും വേണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും നിർത്തുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 4-5 വർഷത്തിനുള്ളിൽ 5-7 മീറ്റർ ഉയരമെത്തുകയും ചെയ്യും.
  • വിളവ് ലഭ്യത:
ആദ്യവർഷം മുതൽ ശാഖ കോതുന്നത് ഉപശാഖകൾ കൂടുതൽ പുഷ്ടിയോടെ വളരാൻ കാരണമാകും. സാധാരണയായി തൈകൾ ഒറ്റശാഖയാണ് കാണുന്നത്. തലപ്പ് നുള്ളി പുതുശാഖകൾ സൃഷ്ടിക്കാവുന്നതാണ്. വളർച്ചയ്ക്കനുസരിച്ച് പ്രൂൺ ചെയ്യുന്നത് നല്ലതാണ്. ഈ രീതിയിൽ കൂടുതൽ വിളവ് ലഭിക്കും. കേടില്ലാത്തതും വലുപ്പമുള്ളതുമായ കായ്കൾക്ക് വിപണി ലഭ്യത കൂടുതലുണ്ടാകും. അഞ്ചു വർഷം പഴക്കമുള്ള സീതപ്പഴ മരങ്ങളിൽ നിന്നും 50 കായ്കൾ വരെ വർഷത്തിൽ ലഭിക്കും.

രോഗങ്ങളും രോഗ നിവാരണവും :
  • രോഗം:      ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)
ലക്ഷണം:       തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യും ഇളം കായ്കളിലും ആദ്യം കാണുന്നു. പിന്നീട് ഇലയും കായും ചീയുകയും കൊഴിയുകയും ചെയ്യും. സീതപ്പഴം വ്യാവസായികമായി കൃഷിചെയ്യുമ്പോൾ രോഗം വളരെ വേഗം പടർന്ന് കാർഷിക നാശം ഉണ്ടാക്കുന്നു.
പ്രതിവിധി:       ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം. രോഗ ബാധയേറ്റ ഇലകൾ, കായ്കൾ എന്നിവ പെറുക്കി നശിപ്പിക്കുന്നത് രോഗപ്പകർച്ചയെ നിയന്ത്രിക്കാവുന്നതാണ്.
  • രോഗം:      ഇലപ്പുള്ളി രോഗം
ലക്ഷണം:       മഴക്കാലത്തോടെ സീതപ്പഴ മരങ്ങളുടെ ഇലകളിലും കായ്കളിലും മഞ്ഞനിറമാർന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ കുത്തുകൾ വലുതാവുകയും കുത്തുകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേരുന്നതു ഇലകളിലെങ്കിൽ അത് ഒടിഞ്ഞുതൂങ്ങുകയും കായ്കളാണെങ്കിൽ അഴുകുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള കായ്കൾ യഥാസമയം നശിപ്പിക്കണം. കൂടാതെ രോഗബാധയുള്ള ഇലകളുണ്ടെങ്കിൽ അവ മുറിച്ചുമാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതും ഉചിതമാണ്.
  • രോഗം:      കായ് കറുക്കൽ
ലക്ഷണം:       സീതപ്പഴ മരങ്ങളുടെ കായ്കളിൽ വയലറ്റ് നിറമാർന്ന പാടുകൾ ആദ്യം കാണപ്പെടുകയും പിന്നീട് കറുത്ത നിറത്തിലാവുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. പാടുകൾ വലുതാവുകയും ആയതിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. (കായ്കൾ മുറിച്ചാൽ പാടിനകത്ത് കറുത്ത് കട്ടിയായി കാണപ്പെടും.) ക്രമേണ കറുത്ത ഭാഗത്ത് പൊട്ടലുണ്ടാകുകയും ചെയ്യും
പ്രതിവിധി:       രോഗബാധയുള്ള കായ്കൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം നശിപ്പിക്കണം.
  • രോഗം:      കായ് ചീയൽ
ലക്ഷണം:       തണുപ്പ് കാലങ്ങളിൽ സീതപ്പഴ മരങ്ങളുടെ കായ്കളുടെ പുറത്ത് കറുത്ത നിറത്തിലുള്ള പാടുകൾ കാണുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. പാടുകൾ വലുതാവുകയും തൊലിയുടെ കട്ടികുറയുകയും ചെയ്യും. കായ്ക്കുള്ളിലെ കഞ്ചുകം കൂടുതൽ മഞ്ഞനിരത്തിലാകുകയും അഴുകുകയും ചെയ്യുന്നു.
പ്രതിവിധി:       രോഗബാധയുള്ള കായ്കൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം നശിപ്പിക്കണം.
  • രോഗം:        കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം:       സീതമരത്തിന്റെ മരച്ചില്ലകൾക്ക് ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി:       ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.

കീടങ്ങളും കീട നിവാരണവും :
  • കീടം:         തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)
ലക്ഷണം:       സീതമരത്തിന്റെ കാണ്ഡഭാഗത്ത് തണ്ടുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം:     125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

  • കീടം:         മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)
ലക്ഷണം:       മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.
നിവാരണം:     മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇറ്റവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

  • കീടം:         കായീച്ച / പഴയീച്ച
ലക്ഷണം:       കായീച്ച പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് സീതപ്പഴ കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.
നിവാരണം:     20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

  • കീടം:         ഇലതീനിപ്പുഴു
ലക്ഷണം:       ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.
നിവാരണം:     ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം:         നിമാ വിര:
ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പുളിമരങ്ങളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈ നടുന്ന കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ നല്ലൊരു പരിഹാരമാണ്.

മറ്റ് വിശേഷങ്ങൾ :
  • വിത്ത് കീടനാശിനിയായി ഉപയോഗിക്കുന്നു.
  • വിത്ത് വിഷകരമാണ്. കഴിച്ചാൽ പനി, ഛർദ്ദി എന്നിവ ഉണ്ടാകും.
  • നീറുറുമ്പുകളുടെ കോളനികൾ സീതപ്പഴ മരത്തിൽ ധാരാളം കണ്ടുവരാറുണ്ട്.
  • വേരുകളിൽ കാണുന്ന ഉറുമ്പുകൾ മീലിമൂട്ടകളുടെ വാഹകരായി വർത്തിക്കാറുണ്ട്.
  • വേരുകൾ ആടുമാടുകൾ ഭക്ഷിക്കാനിടയായാൽ അവയുടെ ഗർഭം അലസാനിടയാ‍കും.

  • സീതപ്പഴത്തൈ
  • സീതപ്പഴത്തൈ
  • സീതപ്പഴപ്പൂവ്
  • സീതപ്പഴ കായ്
  • പഴുത്ത സീതപ്പഴവും വിത്തും
  • സീതപ്പഴവും ഇലയും
  • സീതപ്പഴമരം

Thursday, 12 May 2016

11. കറിവേപ്പ്

കറിവേപ്പ്– Curryleaf Tree
    ആയിരത്തഞ്ഞൂറ് മീറ്റർ വരെ ഉയരമുള്ള മലമടക്കുകളിൽ പോലും കാണുന്ന ഇലപൊഴിക്കുന്നതുമായ കുറ്റിച്ചെടിയാണ് കറിവേപ്പ്. ഇലകളുടെ സവിശേഷ ഗന്ധം കറിവേപ്പിന്റെ പ്രത്യേകതയാണ്. ശ്രീലങ്ക, ചൈന, ആസ്ത്രേലിയ, ആഫ്രിക്ക, പാക്കിസ്താൻ, മലേഷ്യ, വിയത്നാം എന്നിവിടങ്ങളിലും കേരളം, തമിഴ് നാട്, ആന്ധ്ര, കർണ്ണാടകം, എന്നീ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ഇലയ്ക്ക് വേണ്ടി വളർത്തുന്നു. സുഗന്ധമുള്ള ഇതിന്റെ ഇലകൾ കറികളിൽ പ്രധാനമായി ഉപയോഗിക്കുന്നു. കറിവേപ്പിനെ തോട്ടങ്ങളിൽ അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട്.  
ശാസ്ത്ര പഠന വിഭാഗം:
കുടുംബം:റൂട്ടേസീ
ശാസ്ത്ര നാമം:മുറയാ കോയ്നിജി സ്പ്രെങ്ങ് / Murraya koenigii spreng L.

അറിയപ്പെടുന്ന പേരുകൾ:
മലയാളം:കറിവേപ്പ്, കരിവേപ്പ്
ഇംഗ്ളീഷ്:കറിലീഫ് ട്രീ (Curryleaf tree)
സംസ്കൃതം:കാലശകനി, കൃഷ്ണനിംബ, കൈഡര്യഃ, സുരഭിനിംബ, ശ്രീപർണ്ണികാ
ഹിന്ദി  :കരയ് പാക്
ബംഗാളി:ബർസുംഗാ
തമിഴ്  :കരുവേപ്പിലൈയ്, കരുവേമ്പു
തെലുങ്ക്           :കരേപാകു, കറിവേപു

സസ്യ വിശേഷങ്ങൾ:
ഏകദേശം 5-6  മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ വളരെക്കാലം കൊണ്ട് വളരുന്ന ബഹുവർഷിയും ഇലപൊഴിക്കുന്നതുമായ കുറ്റിച്ചെടിയാണ് കറിവേപ്പ്.
  • കാണ്ഡം:
ചെറിയ ശാഖകളുള്ള ഇടത്തരം കുറ്റിച്ചെടിയാണ് കറിവേപ്പ്. കാണ്ഡത്തിലെ തൊലിക്ക് ചാരനിറം, തവിട്ട് നിറം കലർന്ന പച്ച നിറം എന്നിങ്ങനങ്ങളിൽ കാണുന്നു. ചിലനേരങ്ങളിൽ ശൽകം പൊഴിക്കാറുണ്ട്. തൊലി പൊട്ടി നിൽക്കുമ്പോൽ തടിയുടെവെള്ള കാണാവുന്നതുമാണ്. തടിക്ക് കടുപ്പവും ബലവുമുണ്ടെങ്കിലും വേഗം പൊട്ടിപ്പോകും.
  • വേര്:
തായ് വേര് പടല രീതിയിലൂള്ള വേരാണ് കറിവേപ്പിനുള്ളത്. അപൂർവ്വമായി ശാഖാ വേരുകളിൽ ചിലവ പുതിയ തൈകളായി മുളച്ച് വരാറുണ്ട്.
  • ഇല:
കറിവേപ്പിലകളുടെ വിന്യാസം ഏകാന്തരമാണ്. അസമപിച്ഛകസംയുക്തമായതും അനുപർണ്ണങ്ങളില്ലാത്തുമാണ്. ഓരോ ഇലയും  6-10 ജോടി പത്രകങ്ങൾ ഏകാന്തരമായി വിന്യസിച്സിരിക്കുന്നു. 6-15 സെ. മീറ്റർ വരെ നീളവും 1 സെ. മീ. വീതിയും ഉള്ളതും ഗന്ധം കൂടിയ കടുത്ത പച്ചയിലയുള്ളതുമാണ്. ഇവയിൽ ധാരാളം സുഗന്ധ ഗ്രന്ധികളുണ്ട്. അണ്ഡാകാരവും അഗ്രം കൂർത്തതുമാണ് പത്രകങ്ങൾ. അഗ്രത്ത് മറ്റ് പത്രകങ്ങളേക്കാൾ വലുപ്പമുള്ള ഒരുപത്രകം ഇതിന്റെ സവിശേഷതയാണ്. ഓരോ പത്രകത്തിനും ഇനമനുസരിച്ച് 2-3 വരെ നീളവും 0.5 സെ.മീ. വീതിയും ഉള്ളതും  നിറവ്യത്യാസമുള്ള നെടുവരയുള്ളതും ഗന്ധ വ്യത്യാസമുള്ളതുമായി കണ്ടുവരുന്നു.
  • പൂവ്:
ഫെബ്രുവരി മുതൽ മേയ് വരെയാണ് പൂക്കാലം. പൂക്കൾ പാനിക്കിൾ ആണ്. ഒറ്റക്കുലയിൽ 60-90 പൂക്കൾ കാണും. പൂക്കൾക്ക് സവിശേഷ ഗന്ധവും തേനും ഉണ്ട്. പൂക്കൾ കുലകളായി കാണുന്നു. പൂക്കൾ ദ്വിലിംഗികളായിക്കാണുന്നു. അവയ്ക്കു പച്ചകലർന്ന വെള്ളപ്പൂക്കളാണ്. ബാഹ്യദളങ്ങൾ, ദളങ്ങൾ എന്നിവ 5 വീതം. കേസരങ്ങൾ അഞ്ചുവീതം മേയ് മാസത്തിൽ കൂടുതൽ പൂവിടുന്നു.
  • ഫലം:
കറിവേപ്പ് കായ്കൾ അണ്ഡാകൃതിയിലുള്ള ബെറിയാണ്. ഒക്ടോബർ മാസത്തിൽ വിളയും. കായ്കൾ ആദ്യം പച്ചയും വിളയുമ്പോൾ കറുത്ത ചുവപ്പ് നിറത്തിലും തിളങ്ങുന്ന ഉപരിതലത്തോടും കാണുന്നു. ഒരുകുലയിൽ 30-80 വരെ കായ്കൾ കാണാറുണ്ട്. കായ്ക്കുള്ളിൽ ഒന്നുരണ്ട് വിത്ത് കാണും. പക്ഷികൾ വിത്തുപൊതിഞ്ഞുകാണുന്ന പൾപ്പ് ഭക്ഷിക്കാറുണ്ട്. അണ്ഡാശയം ഊർധ്വവർത്തിയാണ്.
  • വിത്ത്:
കറിവേപ്പിന്റെ വിത്തിന് പച്ചനിറമാണ്. സ്വാഭാവിക പുനരുത്ഭവം കുറവെങ്കിലും ഉണങ്ങിയ വിത്തുകൾ ഉപയോഗിച്ച് പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.

ഉപയോഗങ്ങൾ:
  • ഇല:
കറികളിൽ ഉപയോഗിക്കുന്നു. കൂടാതെ കറികൾ അലങ്കരിക്കാനും പ്രയോജനപ്പെടുത്തുന്നു. പ്രമേഹത്തിനെതിരായി പ്രവർത്തിക്കുന്നതിനാൽ ആയൂഃവേദത്തിൽ ഉപയോഗിക്കുന്നു.

രാസഘടകങ്ങൾ:
  • ഇല:
കറിവേപ്പില കൂവളത്തില തൈലത്തോട് സാമ്യമുള്ള ബാഷ്പശീലമുള്ള തൈലം ഇലകളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ളൂക്കാസൈഡ്, റെസിൻ എന്നിവയും അടങ്ങിയിരിക്കുന്നു.

ആ‍യുഃവേദ പ്രയോഗങ്ങൾ:
ഇല,വേര്,മരത്തൊലി എന്നിവ ഔഷധഭാഗമാണ്.
രസ ഘടകങ്ങൾ:
രസം:തിക്തം, കടു, മധുരം
ഗുണം:ഗുരു,  രൂക്ഷം
വീര്യം  :ഉഷ്ണം
വിപാകം:കടു
  • കറിവേപ്പില ദഹന ശക്തി വർദ്ധിപ്പിക്കുന്നു.അതിസാരം, വയറുകടി ഇവ കൂറയ്ക്കുന്നു. മലബന്ധം ഉണ്ടാക്കുന്നു.
  • കറിവേപ്പില വിഷബാധ ഒഴിവാക്കുന്നു. വായു ശമിപ്പിക്കുന്നു. വായ്ക്ക് രുചി വർധിപ്പിക്കുന്നു.

വിവിധ ഇനങ്ങൾ :
കറിവേപ്പ് സധാരണയായി മൂന്ന് തരത്തിലാണുള്ളത്. ഇലയുടെ വലുപ്പം, സുഗന്ധം, വളർച്ച എന്നിവയിലാണ് ഇനങ്ങൾ തമ്മിൽ വ്യത്യാസമുള്ളത്.
  • സാധാരണ കറിവേപ്പ്:
കേരളത്തിലും തമിഴ് നാട്ടിലും വ്യാപകമായി കണ്ടുവരുന്ന ഇനമാണ്. ഇലകൾ പാകമാകുമ്പോൾ കടുത്ത പച്ച നിറവും കൂടുതൽ സുഗന്ധവും കാണും. ഇലഞരമ്പുകൾക്ക് മഞ്ഞ നിറമാണ്. അറ്റത്തെ പത്രകം മറ്റ് പത്രകങ്ങളേക്കാൾ വലുതാണ്. ഈ ഇനം വളരെ വേഗത്തിലും ഉയരത്തിലും വളരാറുണ്ട്. ഗുണവും സുഗന്ധവും കൂടുതലാണ്.
  • കുറിയ ഇനം കറിവേപ്പ്:
അലങ്കാരത്തിനായി ചെടിത്തോട്ടങ്ങളിൽ വ്യാപകമായി വളർത്തുന്ന ഇനമാണിത്. ഇലകൾ പാകമാകുമ്പോൾ ഇളം പച്ച നിറവും കുറഞ്ഞ സുഗന്ധവും കാണും. ഇലഞരമ്പുകൾക്ക് ചുവപ്പ് നിറമാണ്. എല്ലാ പത്രകങ്ങളും ഒരേ വലുപ്പവും സാധാരണ കറിവേപ്പിനേക്കാൾ വളരെ ചെറുതുമാണ്. ഈ ഇനം വളരെ സാവധാനത്തിലാണ് വളരുന്നത്. ഗുണവും സുഗന്ധവും കുറവാണ്.
  • ഗന്ധി:
കമ്പോള ആവശ്യങ്ങൾക്കായി വ്യാപകമായി വളർത്തുന്ന പുതിയ ഇനമാണിത്. ഇലകൾ പാകമാകുമ്പോൾ പച്ച നിറവും കുറഞ്ഞ അതിയായ സുഗന്ധവും കാണും. എല്ലാ പത്രകങ്ങളും ഒരുപോലുള്ള ഇവയുടെ പത്രകങ്ങളെല്ലാം വലുതാണ്. ഈ ഇനം വളരെ സാവധാനത്തിലാണ് വളരുന്നത്. സുഗന്ധവും സാധാരണയിനത്തേക്കാൾ കൂടുതലാണ്.

പരാഗണവും വിതരണവും :
  • തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
  • പക്ഷികൾ വിത്തുപൊതിഞ്ഞുകാണുന്ന പൾപ്പ് ഭക്ഷിക്കാറുണ്ട്. ഭക്ഷണ ശേഷമുള്ള വിത്ത് വിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
  • വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:
കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ 17-20 വിത്തുകൾ. അവയിൽ പലതിനും പുനരുത്ഭവ ശേഷി കുറവാണ്. വിത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്തിന്റെ കട്ടിയുള്ള കവചം ഒഴിവാക്കി നട്ടാൽ വളരെവേഗം മുളയ്ക്കുന്നതാണ്. നനവുണ്ടെങ്കിൽ പോലും താമസിച്ച് മുളപൊട്ടുകയും വളരുകയും ചെയ്യും. ചെറുമുറ്റുള്ള ശാഖ ഇലയോടൊടിച്ച് മിസ്റ്റ് ഹൌസുകളിൽ നട്ടും തൈകൾ ഉണ്ടാക്കിവരുന്നു. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം. ചെറിയ ഇലകളെ കീടങ്ങൾ ആക്രമിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ആക്രമണം കൂടിയാൽ ചെടിത്തൈകൾക്ക് നാശം വരെ സംഭവിക്കാം.
  • മണ്ണൊരുക്കലും, നടീൽ രീതിയും:
മേയ്- ജൂൺ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 2 മീറ്റർ അകലത്തിലാണ് കറിവേപ്പ് തൈകൾ നടേണ്ടത്.
  • വളപ്രയോഗം, ജലസേചനം:
ആറുമാസം കഴിയുമ്പോൽ വേരിന് ക്ഷതം വരാതെ അരമീറ്റർ അകൽത്തിൽ മരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ കമ്പോസ്റ്റ്, ചാണകം, 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. പിന്നീടുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് നൽകാവുന്നതാണ്.
രണ്ടുമാസത്തിനുള്ളിൽ 2-3 ദിവസത്തിലൊരിക്കൽ ചെറിയ കറിവേപ്പുക്കൾക്ക് നനയ്ക്കേണ്ടതുണ്ട്. മൺസൂൺ മഴയ്ക്ക്ശേഷം ജല ലഭ്യതയ്ക്കനുസരിച്ച് നനയ്ക്കാവുന്നതാണ്. നനയ്ക്കുന്നത് ചുരുക്കാൻ തൈത്തടങ്ങളിൽ പുതയിടുന്നതോ തുള്ളിനനരീതി അവലമ്പിക്കുന്നതോ നന്നാണ്. തടങ്ങളിൽ പുതയായി ഉമിയോ കച്ചിലോ കരിമ്പിൻ ചണ്ടിയോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവുന്നതാണ്. രണ്ടുവർഷത്തിലൊരിക്കൽ പൂക്കൾ, ഇലകൾ എന്നിവ നുള്ളിമാറ്റുകയോ ചെയ്താൽ ശാഖകൾക്ക് വളർച്ച ത്വരിതപ്പെടും. ഡിസംബർ അവസാനത്തോടെ ശാഖകൾ കോതി നിർത്തുകയും, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റുകയും വേണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും ജലലഭ്യത ശ്രദ്ധിക്കുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 5-6 വർഷത്തിനുള്ളിൽ 4-6 മീറ്റർ ഉയരമെത്തുഅകയും ചെയ്യും.
  • വിളവ് ലഭ്യത:
ആദ്യവർഷം മുതൽ ശാഖ കോതുന്നത് ഉപശാഖകൾ കൂടുതൽ പുഷ്ടിയോടെ വളരാൻ കാരണമാകും. സാധാരണയായി തൈകൾ ഒറ്റശാഖകളായാണ് കാണുന്നത്. തലപ്പ് നുള്ളി പുതുശാഖകൾ സൃഷ്ടിക്കാവുന്നതാണ്. വളർച്ചയ്ക്കനുസരിച്ച് ഇലകൾ ഇറുത്തെടുക്കുന്നതിന് പകരം ഇലക്കൂട്ടങ്ങൾ ഉൾപ്പെടുന്ന തലപ്പ് ഭാഗം ഒടിക്കുന്നതാണ് നന്ന്. ഈ രീതിയിൽ കൂടുതൽ വിളവ് ലഭിക്കും. ആരോഗ്യമുള്ള കീടബാധയില്ലാത്ത ഇലകൾക്ക് വിപണി ലഭ്യത കൂടുതലുണ്ടാകും.

രോഗങ്ങളും രോഗ നിവാരണവും :
  • രോഗം:            മൊസൈക് രോഗം (Mosaic virus)
ലക്ഷണം:       വെള്ളീച്ച എന്ന കീടമാണ് രോഗവാഹി. ഇവ പരത്തുന്ന മൊസൈക് വൈറസ് ആക്രമണത്താൽ ചെടികളുടെ ഇലഞരമ്പുകളുടെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞ നിറമാകുന്നു. ഇലകൊഴിയുകയും പിന്നീടുള്ളവ വളർച്ച മുരടിക്കുകയും ചെയ്യുന്നു.
പ്രതിവിധി:       മൊസൈക് ബാധിച്ച ചെടികൾ വേരേടെ നശിപ്പിക്കലാണ് ഏറ്റവും നല്ല മാർഗ്ഗം. രോഗം വരാതിരിയ്ക്കാൻ വേപ്പെണ്ണ എമൽഷൻ അടക്കമുള്ള കീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം  എന്നിവയുടെ പ്രയോഗത്താൽ വെള്ളീച്ചയെ തുരത്താവുന്നതാണ്.
  • രോഗം:            ഇലപ്പുള്ളി രോഗം
ലക്ഷണം:       ഇലകളിൽ വെളുത്ത നിറത്തിലുള്ള പൊട്ടുകൾ കാണപ്പെടുത്തതാണിതിന്റെ ലക്ഷണം
പ്രതിവിധി:       ഇലപ്പുള്ളി വരാതിരിയ്ക്കാൻ മഞ്ഞൽപ്പൊടി മിശ്രിതം തളിക്കലാണ് പ്രകൃതിദത്തമായ ഒരു മാർഗ്ഗം. 2% വീര്യത്തിൽ സ്യൂഡോമോണസ് ലായനി തളിച്ചും ഇവയെ നിയൻത്രിക്കാവുന്നതാണ്.

കീടങ്ങളും കീട നിവാരണവും :
  • കീടം: ഇലപ്പേൻ
ലക്ഷണം:  കറിവേപ്പിലയുടെ ഇലകൾ, ഇളം തണ്ട്  എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട്  എന്നിവ വാടിയതായി കാണുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
  • കീടം: ശൽക്ക കീടം
ലക്ഷണം: ഇളം കറിവേപ്പ് മരങ്ങളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.

  • കീടം: ഇലതീനിപ്പുഴുക്കൾ
ലക്ഷണം:  കറിവേപ്പിന്റെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്ന ശലഭപ്പുഴുക്കളാണ്. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്ന് നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

മറ്റ് വിശേഷങ്ങൾ :
  • കറിക്കൂട്ടുകളിലെ സുഗന്ധവ്യഞ്ജനമായി മാത്രമല്ല; സോപ്പ് നിർമ്മാണത്തിനും ശരീരത്തിലുപയോഗിക്കുന്ന ലോഷനുകൾ, സുഗന്ധക്കൂട്ട്, സെന്റുകൾ, എയർ ഫ്രഷ്നറുകൾ, ശരീരത്തിന് നറുമണം നൽകുന്ന വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, കുളിക്കുന്നതിനും തടവുന്നതിനുമുള്ള എണ്ണ എന്നിവയിൽ കറിവേപ്പിലെ രാസഘടകങ്ങൾ ഉപയോഗിക്കുന്നു.
  • ഏഷ്യൻ രാജ്യങ്ങളിൽ പച്ചക്കറി – മത്സ്യ – മാംസ വിഭവങ്ങൾക്കും കടൽ വിഭവങ്ങൾക്കും, തേങ്ങ ഉപയോഗിക്കുന്ന കറികൾക്കും സ്റ്റ്യൂവിനും സൂപിനും ചട്ണിയ്ക്കും (ചമ്മന്തി) കറിവേപ്പില ഒഴിവാക്കാനാകാത്തതാണ്.
  • കറിവേപ്പ് തോട്ടങ്ങളിൽ അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട്. 
  • തുളസിയുടെ അഭാവത്തിൽ പൂജകൾക്കായി കറിവേപ്പിലകൾ ഉപയോഗിക്കാറുണ്ട്.
  • തൈകൾക്കായി വിത്ത് നടുമ്പോൾ വിളഞ്ഞതും പുതിയതുമായ വിത്തുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
  • വിത്തു തൈകൾ 2-3 വർഷമെങ്കിലും പാകമായ ശേഷമേ ഇലകൾ ഉപയോഗിച്ചു തുടങ്ങാവൂ.
  • ഇലകൾ നുള്ളിയും പ്രൂൺ ചെയ്തും ധാരാളം ശാഖകൾ ഉണ്ടാക്കുക വഴി കൂടുതൽ ഇല ലഭ്യമാകും.
  • പ്രൂൺചെയ്യാൻ ഡിസംബർ - ജനുവരി മാസമാണ് (മഞ്ഞുകാലാരംഭത്തിൽ) കൂടുതൽ അനുയോജ്യം. ഇക്കാലത്ത് ഇലകൾ മഞ്ഞിച്ചുതുടങ്ങിയാൽ ഇലപൊഴിക്കാൻ തുടങ്ങും. ഈ സമയം പ്രൂണിംഗിനും കമ്പുകോതലിനും അനുയോജ്യമാണ്.
  • തുടർച്ചയായ വർഷങ്ങളിൽ ഒരേപോലെ പ്രൂണിംഗ് നടത്തിയാൽ കൂടുതൽ വിളവുണ്ടാകുന്നതായി കണ്ടുവരുന്നു.
  • കറിവേപ്പില മരങ്ങൾക്ക് മഞ്ഞുകാലത്ത് കൂടുതൽ നന പാടില്ല.
  • കറിവേപ്പ് തൈകൾക്കുണ്ടാകുന്ന ഇരുമ്പ് അപര്യാപ്തതതയ്ക്ക് അയൺ സൾഫേറ്റ് 2 ടേബിൾ സ്പൂൺ 20% നേർപ്പിച്ച് ചെടികൾക്ക് നൽകാവുന്നതാണ്.
  • വീടിനുള്ളിൽ അലങ്കാരത്തിന് വളർത്തുന്ന ചെടികൾക്ക് അനുയോജ്യമായ ചെടിച്ചട്ടികളും മണ്ണും അനിവാര്യമാണ്. ആയതിന്റെ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുമാണ്.
  • പാകമായ കറിവേപ്പിൻ കായ്കൾ ചുവപ്പ് നിറമാകും ആയതിന്റെ പൾപ്പ് ഭക്ഷ്യയോഗ്യമാണ്. എന്നാൽ വിത്തിൽ നേരിയ വിഷാംശമുള്ളത് ശ്രദ്ധിക്കേണ്ടതുമാണ്.
  • ചൂടാക്കിയ തേങ്ങാപ്പാലിൽ ഉപ്പും ചതച്ച കറിവേപ്പിലയും ചേർത്ത് കഴിച്ചാൽ കരൾ രോഗത്തിന് ശമനമുണ്ടാകും.
  • കറിവേപ്പ് ചെടികൾക്ക് കാത്സ്യം അപര്യാപ്തത ഉണ്ടാകാതിരിക്കാൻ മുട്ടത്തോട് പൊടിച്ച് ചെടികളുടെ ചുവട്ടിൽ നിക്ഷേപിച്ചാൽ മതിയാകും.
  • പഠനങ്ങളിൽ കറിവേപ്പില വിഷഹാരിയും കൊളസ്റ്ററോൾ, പ്രമേഹം, മറവിരോഗം, അനീമിയ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് ഔഷധവുമാണ്.
  • നൈട്രജൻ വളങ്ങളും കമ്പോസ്റ്റും കറിവേപ്പ് ചെടികളുടെ വളർച്ച വർദ്ധിപ്പിക്കും.
  • കറിവേപ്പ്- കായ്കൾ
  • കറിവേപ്പ്- തൈ
  • കറിവേപ്പിൻ പൂവ്
  • കറിവേപ്പില- കുറിയ ഇനം
  • കറിവേപ്പില- സധാരണ ഇനം
  • കറിവേപ്പില- കറിക്കൂട്ടിൽ
  • കറിവേപ്പ് ചെടി