കറിവേപ്പ്– Curryleaf Tree
ആയിരത്തഞ്ഞൂറ് മീറ്റർ വരെ ഉയരമുള്ള മലമടക്കുകളിൽ പോലും കാണുന്ന ഇലപൊഴിക്കുന്നതുമായ കുറ്റിച്ചെടിയാണ് കറിവേപ്പ്. ഇലകളുടെ സവിശേഷ ഗന്ധം കറിവേപ്പിന്റെ പ്രത്യേകതയാണ്. ശ്രീലങ്ക, ചൈന, ആസ്ത്രേലിയ, ആഫ്രിക്ക, പാക്കിസ്താൻ, മലേഷ്യ, വിയത്നാം എന്നിവിടങ്ങളിലും കേരളം, തമിഴ് നാട്, ആന്ധ്ര, കർണ്ണാടകം, എന്നീ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ഇലയ്ക്ക് വേണ്ടി വളർത്തുന്നു. സുഗന്ധമുള്ള ഇതിന്റെ ഇലകൾ കറികളിൽ പ്രധാനമായി ഉപയോഗിക്കുന്നു. കറിവേപ്പിനെ തോട്ടങ്ങളിൽ അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട്.
ശാസ്ത്ര പഠന വിഭാഗം:
കുടുംബം | : | റൂട്ടേസീ |
ശാസ്ത്ര നാമം | : | മുറയാ കോയ്നിജി സ്പ്രെങ്ങ് / Murraya koenigii spreng L. |
അറിയപ്പെടുന്ന പേരുകൾ:
മലയാളം | : | കറിവേപ്പ്, കരിവേപ്പ് |
ഇംഗ്ളീഷ് | : | കറിലീഫ് ട്രീ (Curryleaf tree) |
സംസ്കൃതം | : | കാലശകനി, കൃഷ്ണനിംബ, കൈഡര്യഃ, സുരഭിനിംബ, ശ്രീപർണ്ണികാ |
ഹിന്ദി | : | കരയ് പാക് |
ബംഗാളി | : | ബർസുംഗാ |
തമിഴ് | : | കരുവേപ്പിലൈയ്, കരുവേമ്പു |
തെലുങ്ക് | : | കരേപാകു, കറിവേപു |
സസ്യ വിശേഷങ്ങൾ:
ഏകദേശം 5-6 മീറ്റർ വരെ നീളമുള്ളതും ചെറുശാഖോപശാഖകളോട് കൂടി കാണപ്പെടുന്നതുമായ വളരെക്കാലം കൊണ്ട് വളരുന്ന ബഹുവർഷിയും ഇലപൊഴിക്കുന്നതുമായ കുറ്റിച്ചെടിയാണ് കറിവേപ്പ്.
- കാണ്ഡം:
ചെറിയ ശാഖകളുള്ള ഇടത്തരം കുറ്റിച്ചെടിയാണ് കറിവേപ്പ്. കാണ്ഡത്തിലെ തൊലിക്ക് ചാരനിറം, തവിട്ട് നിറം കലർന്ന പച്ച നിറം എന്നിങ്ങനങ്ങളിൽ കാണുന്നു. ചിലനേരങ്ങളിൽ ശൽകം പൊഴിക്കാറുണ്ട്. തൊലി പൊട്ടി നിൽക്കുമ്പോൽ തടിയുടെവെള്ള കാണാവുന്നതുമാണ്. തടിക്ക് കടുപ്പവും ബലവുമുണ്ടെങ്കിലും വേഗം പൊട്ടിപ്പോകും.
- വേര്:
തായ് വേര് പടല രീതിയിലൂള്ള വേരാണ് കറിവേപ്പിനുള്ളത്. അപൂർവ്വമായി ശാഖാ വേരുകളിൽ ചിലവ പുതിയ തൈകളായി മുളച്ച് വരാറുണ്ട്.
- ഇല:
കറിവേപ്പിലകളുടെ വിന്യാസം ഏകാന്തരമാണ്. അസമപിച്ഛകസംയുക്തമായതും അനുപർണ്ണങ്ങളില്ലാത്തുമാണ്. ഓരോ ഇലയും 6-10 ജോടി പത്രകങ്ങൾ ഏകാന്തരമായി വിന്യസിച്സിരിക്കുന്നു. 6-15 സെ. മീറ്റർ വരെ നീളവും 1 സെ. മീ. വീതിയും ഉള്ളതും ഗന്ധം കൂടിയ കടുത്ത പച്ചയിലയുള്ളതുമാണ്. ഇവയിൽ ധാരാളം സുഗന്ധ ഗ്രന്ധികളുണ്ട്. അണ്ഡാകാരവും അഗ്രം കൂർത്തതുമാണ് പത്രകങ്ങൾ. അഗ്രത്ത് മറ്റ് പത്രകങ്ങളേക്കാൾ വലുപ്പമുള്ള ഒരുപത്രകം ഇതിന്റെ സവിശേഷതയാണ്. ഓരോ പത്രകത്തിനും ഇനമനുസരിച്ച് 2-3 വരെ നീളവും 0.5 സെ.മീ. വീതിയും ഉള്ളതും നിറവ്യത്യാസമുള്ള നെടുവരയുള്ളതും ഗന്ധ വ്യത്യാസമുള്ളതുമായി കണ്ടുവരുന്നു.
- പൂവ്:
ഫെബ്രുവരി മുതൽ മേയ് വരെയാണ് പൂക്കാലം. പൂക്കൾ പാനിക്കിൾ ആണ്. ഒറ്റക്കുലയിൽ 60-90 പൂക്കൾ കാണും. പൂക്കൾക്ക് സവിശേഷ ഗന്ധവും തേനും ഉണ്ട്. പൂക്കൾ കുലകളായി കാണുന്നു. പൂക്കൾ ദ്വിലിംഗികളായിക്കാണുന്നു. അവയ്ക്കു പച്ചകലർന്ന വെള്ളപ്പൂക്കളാണ്. ബാഹ്യദളങ്ങൾ, ദളങ്ങൾ എന്നിവ 5 വീതം. കേസരങ്ങൾ അഞ്ചുവീതം മേയ് മാസത്തിൽ കൂടുതൽ പൂവിടുന്നു.
- ഫലം:
കറിവേപ്പ് കായ്കൾ അണ്ഡാകൃതിയിലുള്ള ബെറിയാണ്. ഒക്ടോബർ മാസത്തിൽ വിളയും. കായ്കൾ ആദ്യം പച്ചയും വിളയുമ്പോൾ കറുത്ത ചുവപ്പ് നിറത്തിലും തിളങ്ങുന്ന ഉപരിതലത്തോടും കാണുന്നു. ഒരുകുലയിൽ 30-80 വരെ കായ്കൾ കാണാറുണ്ട്. കായ്ക്കുള്ളിൽ ഒന്നുരണ്ട് വിത്ത് കാണും. പക്ഷികൾ വിത്തുപൊതിഞ്ഞുകാണുന്ന പൾപ്പ് ഭക്ഷിക്കാറുണ്ട്. അണ്ഡാശയം ഊർധ്വവർത്തിയാണ്.
- വിത്ത്:
കറിവേപ്പിന്റെ വിത്തിന് പച്ചനിറമാണ്. സ്വാഭാവിക പുനരുത്ഭവം കുറവെങ്കിലും ഉണങ്ങിയ വിത്തുകൾ ഉപയോഗിച്ച് പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.
ഉപയോഗങ്ങൾ:
- ഇല:
കറികളിൽ ഉപയോഗിക്കുന്നു. കൂടാതെ കറികൾ അലങ്കരിക്കാനും പ്രയോജനപ്പെടുത്തുന്നു. പ്രമേഹത്തിനെതിരായി പ്രവർത്തിക്കുന്നതിനാൽ ആയൂഃവേദത്തിൽ ഉപയോഗിക്കുന്നു.
രാസഘടകങ്ങൾ:
- ഇല:
കറിവേപ്പില കൂവളത്തില തൈലത്തോട് സാമ്യമുള്ള ബാഷ്പശീലമുള്ള തൈലം ഇലകളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്ളൂക്കാസൈഡ്, റെസിൻ എന്നിവയും അടങ്ങിയിരിക്കുന്നു.
ആയുഃവേദ പ്രയോഗങ്ങൾ:
ഇല,വേര്,മരത്തൊലി എന്നിവ ഔഷധഭാഗമാണ്.
രസ ഘടകങ്ങൾ:
രസം | : | തിക്തം, കടു, മധുരം |
ഗുണം | : | ഗുരു, രൂക്ഷം |
വീര്യം | : | ഉഷ്ണം |
വിപാകം | : | കടു |
- കറിവേപ്പില ദഹന ശക്തി വർദ്ധിപ്പിക്കുന്നു.അതിസാരം, വയറുകടി ഇവ കൂറയ്ക്കുന്നു. മലബന്ധം ഉണ്ടാക്കുന്നു.
- കറിവേപ്പില വിഷബാധ ഒഴിവാക്കുന്നു. വായു ശമിപ്പിക്കുന്നു. വായ്ക്ക് രുചി വർധിപ്പിക്കുന്നു.
വിവിധ ഇനങ്ങൾ :
കറിവേപ്പ് സധാരണയായി മൂന്ന് തരത്തിലാണുള്ളത്. ഇലയുടെ വലുപ്പം, സുഗന്ധം, വളർച്ച എന്നിവയിലാണ് ഇനങ്ങൾ തമ്മിൽ വ്യത്യാസമുള്ളത്.
- സാധാരണ കറിവേപ്പ്:
കേരളത്തിലും തമിഴ് നാട്ടിലും വ്യാപകമായി കണ്ടുവരുന്ന ഇനമാണ്. ഇലകൾ പാകമാകുമ്പോൾ കടുത്ത പച്ച നിറവും കൂടുതൽ സുഗന്ധവും കാണും. ഇലഞരമ്പുകൾക്ക് മഞ്ഞ നിറമാണ്. അറ്റത്തെ പത്രകം മറ്റ് പത്രകങ്ങളേക്കാൾ വലുതാണ്. ഈ ഇനം വളരെ വേഗത്തിലും ഉയരത്തിലും വളരാറുണ്ട്. ഗുണവും സുഗന്ധവും കൂടുതലാണ്.
- കുറിയ ഇനം കറിവേപ്പ്:
അലങ്കാരത്തിനായി ചെടിത്തോട്ടങ്ങളിൽ വ്യാപകമായി വളർത്തുന്ന ഇനമാണിത്. ഇലകൾ പാകമാകുമ്പോൾ ഇളം പച്ച നിറവും കുറഞ്ഞ സുഗന്ധവും കാണും. ഇലഞരമ്പുകൾക്ക് ചുവപ്പ് നിറമാണ്. എല്ലാ പത്രകങ്ങളും ഒരേ വലുപ്പവും സാധാരണ കറിവേപ്പിനേക്കാൾ വളരെ ചെറുതുമാണ്. ഈ ഇനം വളരെ സാവധാനത്തിലാണ് വളരുന്നത്. ഗുണവും സുഗന്ധവും കുറവാണ്.
- ഗന്ധി:
കമ്പോള ആവശ്യങ്ങൾക്കായി വ്യാപകമായി വളർത്തുന്ന പുതിയ ഇനമാണിത്. ഇലകൾ പാകമാകുമ്പോൾ പച്ച നിറവും കുറഞ്ഞ അതിയായ സുഗന്ധവും കാണും. എല്ലാ പത്രകങ്ങളും ഒരുപോലുള്ള ഇവയുടെ പത്രകങ്ങളെല്ലാം വലുതാണ്. ഈ ഇനം വളരെ സാവധാനത്തിലാണ് വളരുന്നത്. സുഗന്ധവും സാധാരണയിനത്തേക്കാൾ കൂടുതലാണ്.
പരാഗണവും വിതരണവും :
- തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
- പക്ഷികൾ വിത്തുപൊതിഞ്ഞുകാണുന്ന പൾപ്പ് ഭക്ഷിക്കാറുണ്ട്. ഭക്ഷണ ശേഷമുള്ള വിത്ത് വിതരണം നടക്കുന്നു.
ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
- വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:
കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ 17-20 വിത്തുകൾ. അവയിൽ പലതിനും പുനരുത്ഭവ ശേഷി കുറവാണ്. വിത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്തിന്റെ കട്ടിയുള്ള കവചം ഒഴിവാക്കി നട്ടാൽ വളരെവേഗം മുളയ്ക്കുന്നതാണ്. നനവുണ്ടെങ്കിൽ പോലും താമസിച്ച് മുളപൊട്ടുകയും വളരുകയും ചെയ്യും. ചെറുമുറ്റുള്ള ശാഖ ഇലയോടൊടിച്ച് മിസ്റ്റ് ഹൌസുകളിൽ നട്ടും തൈകൾ ഉണ്ടാക്കിവരുന്നു. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം. ചെറിയ ഇലകളെ കീടങ്ങൾ ആക്രമിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ആക്രമണം കൂടിയാൽ ചെടിത്തൈകൾക്ക് നാശം വരെ സംഭവിക്കാം.
- മണ്ണൊരുക്കലും, നടീൽ രീതിയും:
മേയ്- ജൂൺ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 2 മീറ്റർ അകലത്തിലാണ് കറിവേപ്പ് തൈകൾ നടേണ്ടത്.
- വളപ്രയോഗം, ജലസേചനം:
ആറുമാസം കഴിയുമ്പോൽ വേരിന് ക്ഷതം വരാതെ അരമീറ്റർ അകൽത്തിൽ മരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ കമ്പോസ്റ്റ്, ചാണകം, 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. പിന്നീടുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് നൽകാവുന്നതാണ്.
രണ്ടുമാസത്തിനുള്ളിൽ 2-3 ദിവസത്തിലൊരിക്കൽ ചെറിയ കറിവേപ്പുക്കൾക്ക് നനയ്ക്കേണ്ടതുണ്ട്. മൺസൂൺ മഴയ്ക്ക്ശേഷം ജല ലഭ്യതയ്ക്കനുസരിച്ച് നനയ്ക്കാവുന്നതാണ്. നനയ്ക്കുന്നത് ചുരുക്കാൻ തൈത്തടങ്ങളിൽ പുതയിടുന്നതോ തുള്ളിനനരീതി അവലമ്പിക്കുന്നതോ നന്നാണ്. തടങ്ങളിൽ പുതയായി ഉമിയോ കച്ചിലോ കരിമ്പിൻ ചണ്ടിയോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവുന്നതാണ്. രണ്ടുവർഷത്തിലൊരിക്കൽ പൂക്കൾ, ഇലകൾ എന്നിവ നുള്ളിമാറ്റുകയോ ചെയ്താൽ ശാഖകൾക്ക് വളർച്ച ത്വരിതപ്പെടും. ഡിസംബർ അവസാനത്തോടെ ശാഖകൾ കോതി നിർത്തുകയും, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റുകയും വേണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും ജലലഭ്യത ശ്രദ്ധിക്കുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 5-6 വർഷത്തിനുള്ളിൽ 4-6 മീറ്റർ ഉയരമെത്തുഅകയും ചെയ്യും.
- വിളവ് ലഭ്യത:
ആദ്യവർഷം മുതൽ ശാഖ കോതുന്നത് ഉപശാഖകൾ കൂടുതൽ പുഷ്ടിയോടെ വളരാൻ കാരണമാകും. സാധാരണയായി തൈകൾ ഒറ്റശാഖകളായാണ് കാണുന്നത്. തലപ്പ് നുള്ളി പുതുശാഖകൾ സൃഷ്ടിക്കാവുന്നതാണ്. വളർച്ചയ്ക്കനുസരിച്ച് ഇലകൾ ഇറുത്തെടുക്കുന്നതിന് പകരം ഇലക്കൂട്ടങ്ങൾ ഉൾപ്പെടുന്ന തലപ്പ് ഭാഗം ഒടിക്കുന്നതാണ് നന്ന്. ഈ രീതിയിൽ കൂടുതൽ വിളവ് ലഭിക്കും. ആരോഗ്യമുള്ള കീടബാധയില്ലാത്ത ഇലകൾക്ക് വിപണി ലഭ്യത കൂടുതലുണ്ടാകും.
രോഗങ്ങളും രോഗ നിവാരണവും :
- രോഗം: മൊസൈക് രോഗം (Mosaic virus)
ലക്ഷണം: വെള്ളീച്ച എന്ന കീടമാണ് രോഗവാഹി. ഇവ പരത്തുന്ന മൊസൈക് വൈറസ് ആക്രമണത്താൽ ചെടികളുടെ ഇലഞരമ്പുകളുടെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞ നിറമാകുന്നു. ഇലകൊഴിയുകയും പിന്നീടുള്ളവ വളർച്ച മുരടിക്കുകയും ചെയ്യുന്നു.
പ്രതിവിധി: മൊസൈക് ബാധിച്ച ചെടികൾ വേരേടെ നശിപ്പിക്കലാണ് ഏറ്റവും നല്ല മാർഗ്ഗം. രോഗം വരാതിരിയ്ക്കാൻ വേപ്പെണ്ണ എമൽഷൻ അടക്കമുള്ള കീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം എന്നിവയുടെ പ്രയോഗത്താൽ വെള്ളീച്ചയെ തുരത്താവുന്നതാണ്.
- രോഗം: ഇലപ്പുള്ളി രോഗം
ലക്ഷണം: ഇലകളിൽ വെളുത്ത നിറത്തിലുള്ള പൊട്ടുകൾ കാണപ്പെടുത്തതാണിതിന്റെ ലക്ഷണം
പ്രതിവിധി: ഇലപ്പുള്ളി വരാതിരിയ്ക്കാൻ മഞ്ഞൽപ്പൊടി മിശ്രിതം തളിക്കലാണ് പ്രകൃതിദത്തമായ ഒരു മാർഗ്ഗം. 2% വീര്യത്തിൽ സ്യൂഡോമോണസ് ലായനി തളിച്ചും ഇവയെ നിയൻത്രിക്കാവുന്നതാണ്.
കീടങ്ങളും കീട നിവാരണവും :
- കീടം: ഇലപ്പേൻ
ലക്ഷണം: കറിവേപ്പിലയുടെ ഇലകൾ, ഇളം തണ്ട് എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട് എന്നിവ വാടിയതായി കാണുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
- കീടം: ശൽക്ക കീടം
ലക്ഷണം: ഇളം കറിവേപ്പ് മരങ്ങളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം, പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.
- കീടം: ഇലതീനിപ്പുഴുക്കൾ
ലക്ഷണം: കറിവേപ്പിന്റെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്ന ശലഭപ്പുഴുക്കളാണ്. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകളിലെ ഹരിതകം തിന്ന് നശിപ്പിക്കുന്നു. ഇലകൾ ചെറുതായി ചുരുട്ടി അതിനുള്ളിൽ കൂടുകൂട്ടാറുമുണ്ട്.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം, പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
മറ്റ് വിശേഷങ്ങൾ :
- കറിക്കൂട്ടുകളിലെ സുഗന്ധവ്യഞ്ജനമായി മാത്രമല്ല; സോപ്പ് നിർമ്മാണത്തിനും ശരീരത്തിലുപയോഗിക്കുന്ന ലോഷനുകൾ, സുഗന്ധക്കൂട്ട്, സെന്റുകൾ, എയർ ഫ്രഷ്നറുകൾ, ശരീരത്തിന് നറുമണം നൽകുന്ന വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, കുളിക്കുന്നതിനും തടവുന്നതിനുമുള്ള എണ്ണ എന്നിവയിൽ കറിവേപ്പിലെ രാസഘടകങ്ങൾ ഉപയോഗിക്കുന്നു.
- ഏഷ്യൻ രാജ്യങ്ങളിൽ പച്ചക്കറി – മത്സ്യ – മാംസ വിഭവങ്ങൾക്കും കടൽ വിഭവങ്ങൾക്കും, തേങ്ങ ഉപയോഗിക്കുന്ന കറികൾക്കും സ്റ്റ്യൂവിനും സൂപിനും ചട്ണിയ്ക്കും (ചമ്മന്തി) കറിവേപ്പില ഒഴിവാക്കാനാകാത്തതാണ്.
- കറിവേപ്പ് തോട്ടങ്ങളിൽ അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട്.
- തുളസിയുടെ അഭാവത്തിൽ പൂജകൾക്കായി കറിവേപ്പിലകൾ ഉപയോഗിക്കാറുണ്ട്.
- തൈകൾക്കായി വിത്ത് നടുമ്പോൾ വിളഞ്ഞതും പുതിയതുമായ വിത്തുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
- വിത്തു തൈകൾ 2-3 വർഷമെങ്കിലും പാകമായ ശേഷമേ ഇലകൾ ഉപയോഗിച്ചു തുടങ്ങാവൂ.
- ഇലകൾ നുള്ളിയും പ്രൂൺ ചെയ്തും ധാരാളം ശാഖകൾ ഉണ്ടാക്കുക വഴി കൂടുതൽ ഇല ലഭ്യമാകും.
- പ്രൂൺചെയ്യാൻ ഡിസംബർ - ജനുവരി മാസമാണ് (മഞ്ഞുകാലാരംഭത്തിൽ) കൂടുതൽ അനുയോജ്യം. ഇക്കാലത്ത് ഇലകൾ മഞ്ഞിച്ചുതുടങ്ങിയാൽ ഇലപൊഴിക്കാൻ തുടങ്ങും. ഈ സമയം പ്രൂണിംഗിനും കമ്പുകോതലിനും അനുയോജ്യമാണ്.
- തുടർച്ചയായ വർഷങ്ങളിൽ ഒരേപോലെ പ്രൂണിംഗ് നടത്തിയാൽ കൂടുതൽ വിളവുണ്ടാകുന്നതായി കണ്ടുവരുന്നു.
- കറിവേപ്പില മരങ്ങൾക്ക് മഞ്ഞുകാലത്ത് കൂടുതൽ നന പാടില്ല.
- കറിവേപ്പ് തൈകൾക്കുണ്ടാകുന്ന ഇരുമ്പ് അപര്യാപ്തതതയ്ക്ക് അയൺ സൾഫേറ്റ് 2 ടേബിൾ സ്പൂൺ 20% നേർപ്പിച്ച് ചെടികൾക്ക് നൽകാവുന്നതാണ്.
- വീടിനുള്ളിൽ അലങ്കാരത്തിന് വളർത്തുന്ന ചെടികൾക്ക് അനുയോജ്യമായ ചെടിച്ചട്ടികളും മണ്ണും അനിവാര്യമാണ്. ആയതിന്റെ പ്രവർത്തനങ്ങൾ കാലാകാലങ്ങളിൽ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുമാണ്.
- പാകമായ കറിവേപ്പിൻ കായ്കൾ ചുവപ്പ് നിറമാകും ആയതിന്റെ പൾപ്പ് ഭക്ഷ്യയോഗ്യമാണ്. എന്നാൽ വിത്തിൽ നേരിയ വിഷാംശമുള്ളത് ശ്രദ്ധിക്കേണ്ടതുമാണ്.
- ചൂടാക്കിയ തേങ്ങാപ്പാലിൽ ഉപ്പും ചതച്ച കറിവേപ്പിലയും ചേർത്ത് കഴിച്ചാൽ കരൾ രോഗത്തിന് ശമനമുണ്ടാകും.
- കറിവേപ്പ് ചെടികൾക്ക് കാത്സ്യം അപര്യാപ്തത ഉണ്ടാകാതിരിക്കാൻ മുട്ടത്തോട് പൊടിച്ച് ചെടികളുടെ ചുവട്ടിൽ നിക്ഷേപിച്ചാൽ മതിയാകും.
- പഠനങ്ങളിൽ കറിവേപ്പില വിഷഹാരിയും കൊളസ്റ്ററോൾ, പ്രമേഹം, മറവിരോഗം, അനീമിയ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് ഔഷധവുമാണ്.
- നൈട്രജൻ വളങ്ങളും കമ്പോസ്റ്റും കറിവേപ്പ് ചെടികളുടെ വളർച്ച വർദ്ധിപ്പിക്കും.
No comments:
Post a Comment