നെല്ലി – Indian gooseberry
ഇന്ത്യയിലെ ഇലകൊഴിയും കാടുകളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന മരമാണ് നെല്ലി. ഇന്ത്യയിലുടനീളവും ശ്രീലങ്ക, ബർമ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും നെല്ലിമരം സമൃദ്ധമായിക്കാണുന്നു. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ഏതു രീതിയിൽ പാകം ചെയ്താലും അതിലെ വൈറ്റമിൻ സി നഷ്ടപ്പെടില്ല. നെല്ലിക്ക ത്രിഫലകളിൽ ഒന്നാണ്. നെല്ലിക്ക് ചൂടും തണുപ്പും പ്രതിരോധിക്കാൻ കഴിയുന്നു. നെല്ലിക്കായ് കഴിച്ചശേഷം വെള്ളം കുടിച്ചാൽ മധുരം അനുഭവപ്പെടും
ശാസ്ത്ര പഠന വിഭാഗം:
കുടുംബം | : | യൂർഫേബിയേസീ |
ശാസ്ത്ര നാമം | : |
ഫില്ലാന്തസ് എംബ്ലിക്ക / Phyllanthus emblica
എംബ്ലിക്ക ഒഫീഷിനാലിസ് / Emblica officinalis |
അറിയപ്പെടുന്ന പേരുകൾ:
മലയാളം | : | നെല്ലി |
ഇംഗ്ളീഷ് | : | ഇന്ത്യൻ ഗൂസ്ബെറി (Indian gooseberry) |
സംസ്കൃതം | : | അമൃതാ, ആമലകഃ, വയസ്ഥഃ, വൃക്ഷഃ, ധാത്രീ, ധാത്രീഫലഃ, ശിവം |
ഹിന്ദി | : | ആമ്ലാ |
ബംഗാളി | : | ആമ്ലകി |
തമിഴ് | : | നെല്ലിക്കായ് |
തെലുങ്ക് | : | നെല്ലി, ആമ്ലകമു |
സസ്യ വിശേഷങ്ങൾ :
ഏകദേശം 10-20 മീറ്റർ വരെ നീളമുള്ളതും ശാഖകളുള്ളതുമായ ബഹുവർഷി സസ്യമാണ് നെല്ലിമരം. വേനൽക്കാലത്ത് ഇലകളോടൊപ്പം ശാഖകളും പൊഴിക്കാറുണ്ട്. വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ത്രിഫലകളിൽ (നെല്ലിക്ക, താന്നിക്ക, കടുക്ക) ഒന്നാണ്.
- കാണ്ഡം:
10-20 മീറ്റർ വരെ ഉയരമുള്ള ശാഖകളുള്ള ഇടത്തരം മരമാണ് നെല്ലി. ചാര നിറമുള്ള കാണ്ഡത്തിലെ തൊലിക്ക് അപശൽക്കന സ്വഭാവമുണ്ട്. തെലി അടർന്ന പാട് കാണ്ഡത്തിൽ കാണാവുന്നതാണ്. തൊലിയുടെ ഉൾഭാഗം ചുവപ്പാണ്. തടിക്ക് ചുവപ്പ് നിറവും കടുപ്പവും ബലവുമുണ്ട്.
- വേര് :
കട്ടിയുള്ള തായ്‌വേര് വിന്യാസമാണുള്ളത്. ചുവടോട് ചേർന്ന വേരുകൾ തറയിൽ നിന്നും അൽപ്പം ഉയർന്ന് നിൽക്കാറുണ്ട്.
- ഇല:
നെല്ലിയിലയ്ക്ക് 8-10 വരെ സെ.മീ. നീളമുണ്ട്. ഇവ ശാഖകളിൽ ഇരുവശത്തുമായി രണ്ട് നിരയായി വിന്യസിച്ചിരിക്കുന്നു. പത്രസീമാന്തം അഖണ്ഡമാണ്. ലഘുവായ ഇലയ്ക്കു ചെറിയ അനുപർണ്ണങ്ങളുണ്ട്. ശാഖകളിൽ ഇലകളുടെ രണ്ട് നിരകൾ കാണുന്നു. ഇലയുടെ നിറം മഞ്ഞ കലർന്ന പച്ചനിറമാണ്. വേനലിൽ ഇലപൊഴിക്കുന്നു.
- പൂവ് :
ശിശിരകാലാന്ത്യത്തിൽ (ജനുവരി- മാർച്ച്) പൂക്കളുണ്ടാകുന്നു. ദ്വിലിംഗ പൂക്കൾ ചെറുതും ധാരാളവും ഉണ്ടാകും. പച്ചകലർന്ന മഞ്ഞനിറമാണുള്ളത്. ദളങ്ങളില്ലാത്ത ഇവയ്ക്ക് 5-6 ബാഹ്യദളങ്ങൾ ഉണ്ട്. 3 സംയുക്തകേസരങ്ങളുണ്ട്. അണ്ഡാശയത്തിന് മൂന്ന് അറകളും ആറ് ബീജാണ്ഡങ്ങളുമുണ്ട്.
- ഫലം :
നെല്ലിയ്ക്ക ഡ്രൂപ്പാണ്. വസന്തകാലത്ത് (ഓഗസ്റ്റ്- സെപ്തംബർ) ഫലം വിളവെടുക്കാവുന്നതാണ്. ഇളം കായ്കൾക്ക് മങ്ങിയ പച്ചനിറവും, വിളഞ്ഞകായ്കൾക്ക് മഞ്ഞ നിറവുമാണ്. ചെറുതായി കടുപ്പമുള്ളതും ഗോളാകൃതിയുള്ളയ്ഹുമായ കായ്കളുടെ ഉപരിതലം തിളങ്ങുന്നതും നെടുകെ ആറോളം വേർതിരിക്കലിമുണ്ട്. വിത്തുകൾ പുതിയ തൈകൾക്കായി ഉപയോഗിക്കാവുന്നതാണ്. ആധുനിക പൂന്തോട്ട രീതികൾ ഉപയോഗിച്ച് മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.
ഉപയോഗങ്ങൾ :
- കായ്:
കായ്കളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ചൂടിൽ നശിക്കാത്ത വൈറ്റമിൻ സി ആയതിനാൽ അച്ചാറുകൾക്കും ഉപയോഗിക്കാം, ഉണക്കിയാലും ഉപ്പിലിട്ടാലും വൈറ്റമിൻ സി നഷ്ടപ്പെടാറില്ല. ജാം, കാൻഡി, സ്ക്വാഷുകൾ എന്നിവയ്ക്കായി നെല്ലിക്ക ഉപയോഗിച്ചുവരുന്നു. ഔഷധമേഖലകളിൽ നെല്ലിക്കയുടെ പ്രാധാന്യമേറേയാണ്. ച്യവനപ്രാസത്തിലും, രസായനങ്ങളിലും, ചൂർണ്ണങ്ങളിലും മുഖ്യചേരുവയായി ഉൾപ്പെടുത്താറുണ്ട്. മഷി, മുടിനരയ്ക്കുള്ള ഡൈ, ഷാമ്പൂ, തല്യിൽ തേക്കുന്ന എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
- ഇല:
വിളവെടുപ്പിനുശേഷം കൊമ്പുകോതുമ്പോൾ ഇലകൾ കന്നുകാലികൾക്ക് ആഹാരമായി നൽകാറുണ്ട്. ഏലത്തിന് പുതയിടുന്നതിന് നെല്ലിയില ഉപയോഗിക്കുന്നു.
- തടി:
കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. വെള്ളം ശുദ്ധീകരിക്കാൻ കിണറുകളിൽ നെല്ലിപ്പലക ഉപയോഗിക്കാറുണ്ട്. തടി വിറകിനായും ഉപയോഗിക്കുന്നു.
രാസഘടകങ്ങൾ:
- ഫലം:
100 ഗ്രാം നെല്ലിക്കയിൽ 720-900 മില്ലി ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിൽ പെക്ടിൻ, ഇരുമ്പ്, കാത്സ്യം എന്നിവയും ഗൈനിക്, ടാനിക് എന്നീ പഞ്ചസാര, അന്നജം, റെസിൻ പ്രൊട്ടീൻ, സെല്ലുലോസ്, സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ലൂപ്പിനോൾ, ക്വർസെറ്റിൻ, കൊരിലാജിൻ എന്നിവയും ഗ്ലൂക്കോഗാലിക്, ചെബുലാജിക്, എല്ലജിക് എന്നീ അംമ്ളങ്ങളും അടങ്ങിയിട്ടുണ്ട്.
ആയുഃവേദ പ്രയോഗങ്ങൾ:
കായ്, വേര്, തൊലി എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്.
രസ ഘടകങ്ങൾ
രസം | തിക്തം, മധുരം, കഷായം, അമ്ളം | |
ഗുണം | ഗുരു, രൂക്ഷം | |
വീര്യം | : | ശീതം |
വിപാകം | : | മധുരം |
- വാത പിത്ത കഫ രോഗങ്ങൾ കുറയ്ക്കുന്നു. ധാതുപുഷ്ഠിയ്ക്കും ശുക്ളവർദ്ധനയ്ക്കും ഉത്തമമാണ്.
- രക്തപിത്തം, അമ്ള പിത്തം രക്തദുഷ്ടി, ജ്വരം, പ്രമേഹം, മുടികൊഴിച്ചിൽ എന്നിവ ശമിപ്പിക്കും.
- കാഴ്ചവർദ്ധനയ്ക്കും നാഡികൾക്ക് ബലം നൽകുന്നതിനും അത്യുത്തമം.
- രുചിയും ദഹനവും വർധിപ്പിക്കും.
- ആയുർവേദത്തിൽ നെല്ലിയുടെ കായ്കൾ കൂടാതെ ഇല, വേര്, തൊലി എന്നിവയും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
- ച്യവനപ്രാശം, രസായനം, ആസവം എന്നിവയിലെ പ്രധാന ചേരുവയാണ് നെല്ലിക്ക.
വിവിധ ഇനങ്ങൾ :
ഫലത്തിനായും, ഔഷധ നിർമ്മാണത്തിനായും നെല്ലി ഇനങ്ങൾ കൃഷി ചെയ്തുവരുന്നു. നാടൻ ഇനങ്ങൾ കൂടാതെ ബനാറസി, ഫ്രാൻസിസ് (ഹാതിഝൂൽ), ചക്കൈയ്യ, കാഞ്ചൻ (എൻ.എ.-4) , എൻ.എ.-4, എൻ.എ.-6, എൻ.എ.-7, ആനന്ദ്-1, ആനന്ദ്-2, ആനന്ദ്-3 എന്നിവയാണ് പ്രധാന ഇനങ്ങൾ.
- നാടൻ നെല്ലി:
ശാഖോപശാഖകളായി വരുന്ന ഈ ഇനം കേരളത്തിൽ വീട്ടുവളപ്പിൽ സാധാരണ കാണാറുണ്ട്. ഇറ്റത്തരം വലുപ്പമുള്ള മരത്തിൽ ധാരാളം കായ്കൾ ഉണ്ടാകും. കായ്കൾ ചെറുതും അണ്ഡാകൃതിയുമാണ്. പാകമാകുമ്പോൾ തിളങ്ങുന്ന മഞ്ഞ നിറത്തിൽ തൊലിയും, ആയതിനു പുറത്തെ വരകൾ കൂടുതൽ തെളിഞ്ഞും കാണുന്നു. അച്ചാർ വിഭവങ്ങളുണ്ടാക്കുന്നതിന് കൂടുതൽ ഉപയോഗിച്ചുവരുന്നു.
- ബനാറസി:
വളരെപ്പെട്ടെന്ന് കായ്ഫലം ലഭിക്കുന്ന ഇനമാണ് ബനാറസി. ചില്ലകൾ കോതുന്ന രീതിയിൽ ധാരാളം കായ്കൾ ഉണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ഇടത്തരം വലുപ്പവും നാരടങ്ങിയതുമാണ്. അണ്ഡാകൃതിയുള്ള കായ്കൾക്ക് വെള്ളകലർന്ന നിറവും പച്ചയും കലർന്ന അടയാളവുമുണ്ട്. കായ്കളുടെ സൂക്ഷിപ്പ് ഗുണം കുറവാണ്.
- ഫ്രാൻസിസ്:
ഈ ഇനം ഹാത്തിഝൂൽ എന്ന പേരിലും അറിയപ്പെടുന്നു. പ്രത്യേക ആകൃതിയില്ലാത്ത കായ്കൾ ഇടത്തരം ഫലം ലഭിക്കുന്നു. മഞ്ഞ നിറമാണ് കായ്കൾക്കുള്ളത്.
- ചക്കൈയ്യ:
വളരെ താമസിച്ച് കായ്ഫലം ലഭിക്കുന്ന ഇനമാണ് ചക്കൈയ്യ. ചില്ലകൾ കോതുന്ന രീതിയിൽ ധാരാളം കായ്കൾ ഉത്പാദിപ്പിക്കുന്ന ഇനമാണ്. മറ്റുമരങ്ങളുമായി പരാഗണനത്തിനുപയോഗിക്കുന്ന ഇനം കൂടിയാണിത്.
- എൻ എ- 4:
കാഞ്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഇനമാണ് എൻ എ- 4. ചക്കൈയ്യ ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ്. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനത്തിൽ ധാരാളം നാരടങ്ങിയിട്ടുണ്ട്. മറ്റുമരങ്ങളുമായി പരാഗണനത്തിനുപയോഗിക്കുന്ന ഇനം കൂടിയാണിത്. മാംസളതകൂടുതളുള്ള ഈ ഇനത്തിന് വിപണി മൂല്യം കൂടുതലാണ്.
- എൻ എ- 5:
കൃഷ്ണ എന്ന പേരിൽ അറിയപ്പെടുന്ന ഇനമാണ് എൻ എ- 5. ബനാറസി ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ്. വളരേ നേരത്തേ കായ്ഫലം ലഭിക്കുന്ന ഇനമായ ഈ ഇനത്തിൽ നിന്നും 40-50 ഗ്രാം ഭാരമുള്ള കായ്കൾ ലഭിക്കുന്നു. ആകർഷകവും ഉരുണ്ടതും ചുവന്ന കുത്തുകൾ കാനപ്പെടുന്നതുമായ കായ്കൾ ഉത്പാദിപ്പിക്കുന്നു. ഈ ഇനത്തിന്റെ ഫലത്തിൽ നാരു സാന്നിദ്യമില്ല. ബനാറസി ഇനത്തേക്കാൾ കൂടുതൽ കായ്ഫലം ലഭിക്കുന്നു.
- എൻ എ- 6:
ചക്കൈയ്യ ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ് എൻ എ- 6. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനം കൂടുതൽ കായ്കൾ ഉത്പാദിപ്പിക്കുന്നു. മാംസളതകൂടുതളുള്ള ഈ ഇനത്തിൽ നാരുകുറവായതിനാൽ സൂക്ഷിക്കാനും കാൻഡി ഉത്പാദനത്തിനും ഉപയോഗിക്കുന്നു.
- എൻ എ- 7:
ഫ്രാൻസിസ് ഇനത്തിൽ നിന്നും വേർതിരിച്ചെടുത്ത ഇനമാണ് എൻ എ- 7. ഇടത്തരം വലുപ്പമുള്ള കായ്കൾ ഉത്പാദിപ്പിക്കുന്ന ഈ ഇനം കൂടുതൽ കായ്കൾ ഉത്പാദിപ്പിക്കുന്നു. വിപണന മേഖലകളിൽ പ്രിയമേറിയ ഈ ഇനം കൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗ്ഗിക്കുന്നു.
- ഹിമാലയൻ നെല്ലി:
പടിഞ്ഞാറൻ ഹിമാലയസാനുക്കളിൽ കാണുന്ന വന്യമായ ഇനമാണ് ഹിമാലയൻ നെല്ലി. ഇവ തണുപ്പും ഉയരമേറിയ കുന്നുകളിലും നന്നായി വളരും. നെല്ലിക്ക വളരെ ചെറുതും സമൃദ്ധമായും കാണുന്നു. ഔഷധമൂല്യം കൂടുതലായതിനാൽ വിപണന മേഖലകളിൽ ഈ ഇനത്തിന്റെ കായ്കൾ വൻ വിലയ്ക്ക് വിൽക്കാറുണ്ട്. തണുപ്പുള്ളയിടങ്ങളിൽ വളർത്താൻ അനുയോജ്യം.
- കാട്ടുനെല്ലി / വനനെല്ലി:
സഹ്യപർവ്വത സാനുക്കളിലും പ്രത്യേകിച്ച് കേരള വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിൽ അപൂർവ്വമായും കാണുന്ന ഇനമാണിത്. കായ്കൾ ഹിമാലയൻ നെല്ലിയുടേതിന് സമാനമാണ്. വളരെ ചെറിയ കായ്കൾക്ക് പച്ചകലർന്ന ചുവപ്പ് നിറം കാണാം. കഞ്ചുകം കുറവാണ്. വിത്തുഭാഗം കൂടുതലുള്ള ഈ ഇനം ഔഷധമൂല്യം കൂടുതലായതിനാൽ വിപണന മേഖലകളിൽ ഈ ഇനത്തിന്റെ കായ്കൾ വൻ വിലയ്ക്ക് വിൽക്കാറുണ്ട്.
- എൻ എ- 6:
നരേന്ദ്ര- 6 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 6. ചക്കൈയ്യ ഇനത്തിന്റെ സങ്കരയിനമാണ്. ഫലം വലുപ്പമേറിയതും ആകർഷകമായ തിളക്കമാർന്നതുമാണ്. നാരുകൾ കുറവാണ്. മരത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ജാം, കാൻഡി, മധുര പലഹാരങ്ങൾ എന്നിവയ്ക്കുപയോഗിക്കാറുണ്ട്.
- എൻ എ- 7:
നരേന്ദ്ര- 7 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 7. ഫ്രാൻസിസ് ഇനത്തിന്റെ സങ്കരയിനമാണ്. സീസണിന്റെ മധ്യകാലത്ത് ഫലം പാകമാകും. ഫലം വലുപ്പമേറിയതും ആകർഷകമായ തിളക്കമാർന്നതുമാണ്. നാരുകൾ എൻ എ- 6 നേക്കാൾ കൂടുതലാണ്. വർഷത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ ച്യവനപ്രാശം, ചട്ണി, അച്ചാറുകൾ, ജാം, സ്ക്വാഷ് എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കാറുണ്ട്.
- എൻ എ- 9:
നരേന്ദ്ര- 9 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 9. സീസണിന്റെ ആദ്യകാലത്ത് ഫലം പാകമാകുന്നതിനാൽ നല്ല വിപണന മൂല്യം ലഭിക്കുന്നു. മറ്റ് ഇനങ്ങളേക്കാൾ വൈറ്റമിൻ- സി വളരെക്കൂടുതൽ ഈ ഇനത്തിനുണ്ടെന്ന് എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഫലം പാകമാകുന്നത് ഒക്ടോബർ മാസം മധ്യ കാലം മുതൽ നവംബർ മാസം ആദ്യം വരെ യുള്ള കാലയളവിലാണ്.
- എൻ എ- 10:
നരേന്ദ്ര- 10 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് എൻ എ- 10. ബനാറസ് ഇനത്തിന്റെ സങ്കരയിനമാണ്. സീസണിന്റെ ആദ്യകാലത്ത് ഫലം പാകമാകും. ഫലം വലുപ്പമേറിയതും അൽപ്പം പരന്നതുമാണ്. വർഷത്തിൽ നന്നായി കായ്ഫലമുണ്ടാകുന്ന ഈ ഇനത്തിന്റെ കായ്കൾ അച്ചാറുകളുടെ നിർമ്മാണത്തിനും ഉണക്കി സൂക്ഷിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
- ബി എസ് ആർ- 1:
ഭവാനി സാഗർ - 1 എന്ന പേരിലറിയപ്പെടുന്ന ഇനമാണ് ബി എസ് ആർ- 1. തമിഴ്നാട് കാർഷിക സർവകലാശാലയുടെ കോയമ്പത്തൂർ ഭവാനി സാഗർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഇനമാണിത്. മറ്റിനങ്ങളേക്കാൾ കൂടുതൽ നാരടങ്ങിയിട്ടുണ്ട്. ഫലത്തിൽ വൈറ്റമിൻ- സി കൂടുതലുണ്ട്. ആയതിനാൽ ആയൂർവേദ ഔഷധ നിർമ്മാണത്തിന് കൂടുതലുപയോഗിക്കുന്നു. ഇളം മഞ്ഞകലർന്ന നിറത്തിൽ കാണുന്ന ഈ ഇനത്തിന്റെ കായ്കൾ ഓരോന്നിനും 27 ഗ്രാം വീതം കാണുന്നു. ഉരുണ്ട ആകൃതിയുള്ളതും അറ്റം പരന്നതുമായ കായ്കൾ കയ്പേറിയതാണ്.
പരാഗണവും വിതരണവും :
- തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
- പക്ഷികൾ, അണ്ണാൻ, വാവലുകൾ എന്നിവയുടെ സഹായത്താലാണ് വിതരണം നടത്തുന്നത്.
ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
- വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:
സാധാരണ രീതിയിൽ വിത്തു നട്ടാണ് തൈകൾ ഉണ്ടാക്കുന്നത്. ജനുവരി-ഫെബ്രുവരി മാസത്തിൽ ലഭിക്കുന്ന നല്ല നെല്ലിക്കായിലെ വിത്തുകൾ ഉണക്കി വിത്തുകൾക്കയി തെരഞ്ഞെടുക്കാം. സ്വാഭാവിക വിത്തുമുളയ്ക്കൽ പ്രയാസമാണ്. കായ്പൊട്ടി വിത്ത് പുറത്തുവന്നാലേ മുളപ്പ് സാദ്ധ്യമാകൂ. ഉണക്കിയ മേൽത്തരം കായ്കൾ പൊട്ടിച്ച് നട്ട് തൈകൾ ഉത്പാദിപ്പിക്കാം.തടങ്ങളിലോ കവറുകളിലോ മണ്ണ്, ചാണകപ്പൊടി, ഇലപ്പൊടി എന്നിവയിൽ അര ഇഞ്ച് താഴ്ത്തി വിത്ത് ചേർത്ത് മുളപ്പ് വരുന്നതുവരെ രണ്ട്നേരം നനച്ച് മുളപ്പിക്കാവുന്നതാണ്.
വിത്തുകളുടെ പുനരുത്ഭവശേഷിക്കുറവായതിനാൽ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികൾ അവലംബിക്കാവുന്നതാണ്. തൊലി വെട്ടി ബഡ്ഡ് ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. മാതൃ സസ്യനിർമ്മാണത്തിന് (സ്റ്റോക്ക്) നല്ല വിത്തുകൾ തെരഞ്ഞെടുക്കണം. വെള്ളത്തിൽ ഉണക്ക വിത്തിട്ടാൽ താഴ്ന്നുപോകുന്ന വിത്ത് ഉണക്കിയശേഷം വിത്ത് തടത്തിൽ വിതയ്ക്കാനുപയോഗിക്കാം. ഗിബ്ബെർലിക് ആസിഡ് അനുയോജ്യമായ രീതിയിൽ ചേർത്ത വിത്തുകൾക്ക് അങ്കുരണ ശേഷികൂടുതലാണ്. സ്റ്റോക്കിന്റെ മുകള ഭാഗത്ത് ഒട്ടിക്കുന്നതിന് ഇതേ വലുപ്പമുള്ള നല്ല ഇനത്തിലും ആരോഗ്യത്തിലുമുള്ള കൂടുതൽ കായ്ഫലമുള്ള വൃക്ഷശിഖരത്തിന്റെ മുകുളമുള്ള ഒട്ടുകമ്പായി (സയോൺ) ഉപയോഗിക്കാം. സ്റ്റോക്കിന്റെ ചുവടുഭാഗത്തിനുമുകളിൽ 20 സെ. മീറ്റർ അകലത്തിലുള്ള ഭാഗത്തെ മുകുളമുൾപ്പടെ തൊലി നീക്കിയശേഷം സയോണിലെ മുകുളമുൾപ്പെടുന്ന തൊലി ചേർത്തുവച്ച് കെട്ടിയശേഷം പോളിത്തീൻ ടേപ്പ് ചുറ്റുന്നു. സയോൺ മുകുളം മൂന്ന് നാല് ആഴ്ചയ്ക്ക് ശേഷം മുളയ്ക്കുകയും മുളപ്പിന് മുകളിൽ രണ്ട് മൂന്ന് ഇഞ്ച് ഉയരത്തിൽ വച്ച് മുറിച്ച് തൈയായി മാറ്റാവുന്നതാണ്. ആറുമാസം മുതൽ ഒരുവർഷം വരെ പ്രായമായ വിത്തുതൈകളാണ് സ്റ്റോക്കിനുപയോഗിക്കേണ്ടത്.
- മണ്ണൊരുക്കലും, നടീൽ രീതിയും:
മേയ്- ജൂൺ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. കാറ്റിൽ ഒട്ടിപ്പിന് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം. തൈ വളരുന്നതനുസരിച്ച് ഗ്രാഫ്റ്റിന് താഴേയുണ്ടാകുന്ന പൊടിപ്പുകൾ നീക്കം ചെയ്യേണ്ടതും ഗ്രാഫ്റ്റിന് മുകളിൽ മണ്ണ് വരാതിരിക്കേണ്ടതുമാണ്. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 4.5 മീറ്റർ അകലത്തിലാണ് നെല്ലി നടേണ്ടത്.
- വളപ്രയോഗം, ജലസേചനം:
ഒരു ഘന മീറ്റർ (1 മീ. നീളം, 1 മീ. വീതി, 1 മീ. താഴ്ച) ഉള്ള കുഴിയെടുത്ത് അതിൽ മൂന്നു നാല് കുട്ട വളക്കൂറുള്ള മണ്ണും, 1 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, 500 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. ആയതിൽ മധ്യ ഭാഗത്താണ് തൈകൾ നടേണ്ടത്. പിന്നീടുള്ള വർഷങ്ങളിൽ 10 കി. ഗ്രാം സാധാ വളം, 100:50:100 ഗ്രാം എൻ പി കെ മിശ്രിതം എന്നിവ 10 വർഷം വരെ നൽകാവുന്നതാണ്.
15 ദിവസത്തിലൊരിക്കൽ ചെറിയ നെല്ലികൾക്ക് നനയ്ക്കേണ്ടതുണ്ട്. മൺസൂൺ മഴയ്ക്ക്ശേഷം 25 മുതൽ 30 വരെ ലിറ്റർ ജലം മരമൊന്നിന് ദിവസവും ലഭ്യമാക്കണം. നനയ്ക്കുന്നത് ചുരുക്കാൻ തൈത്തടങ്ങളിൽ പുതയിടുന്നതോ തുള്ളിനനരീതി അവലമ്പിക്കുന്നതോ നന്നാണ്. തടങ്ങളിൽ പുതയായി കച്ചിലോ കരിമ്പിൻ ചണ്ടിയോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവിന്നതാണ്. ഡിസംബർ അവസാനത്തോടെ തടിച്ചുവട്ടിൽ നിന്നും മുക്കാൽ മീറ്റർ ഉയരത്തിലുള്ള 4-9 വരെ ശാഖകൾ നിർത്തി, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും ജലൽഭ്യതയും ശ്രദ്ധിക്കുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും.
- വിളവ് ലഭ്യത:
സാധാരണ ഇനങ്ങളുടെ ഫലത്തിന്റെ നിറം മഞ്ഞയിൽ നിന്നും തവിട്ട് നിറത്തിലേക്ക് മാറുമ്പോൾ വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. എന്നാൽ മൂപ്പെത്തിയ കായ്കൾ മരത്തിൽ നിന്നും ശേഖരിച്ചില്ല എങ്കിൽ അവ താനേകൊഴിയുകയും പിന്നീടുള്ള വർഷത്തിൽ ഫലത്തേ ബാധിക്കുകയും ചെയ്യും. ബനാറസി, ഫ്രാൻസിസ് ഇനങ്ങൾ ഇത്തരത്തിൽ പ്രതികരിക്കാറുണ്ട്.
സാധാരണ ഇനങ്ങൾ 6-8 വർഷം കൊണ്ട് കായ്ക്കുമ്പോൾ ബഡ്ഡ്/ഗ്രാഫ്റ്റിനം 3 വർഷംകൊണ്ട് കായ്ഫലം ലഭ്യമാക്കുന്നു. 10-12 വർഷങ്ങൾക്കുശേഷം നല്ല രീതിയിൽ കായ്ച്ചുതുടങ്ങിയാൽ
രോഗങ്ങളും രോഗ നിവാരണവും :
- ഇലപ്പൂപ്പ്:
രോഗാണു: ഫംഗസ് (റവേനിലിയ എംബ്ളിക്കേ)
ലക്ഷണം: ഇലകളിലും കായ്കളിലും തവിട്ട് നിറത്തിലുള്ള പൂപ്പൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട് കടുത്ത തവിട്ട് നിറത്തിലോ കറുത്തനിറത്തിലോ ആകുന്നു. പാകമെത്താതെ കായും ഇലകളും കൊഴിയുകയും ചെയ്യുന്നു. സാധാരണ സെപ്തംബർ മാസത്തെ മൺസൂൺ മഴയ്ക്ക് ശേഷമാണ് രോഗം കണ്ടുവരാറുള്ളത്.
പ്രതിവിധി: സെപ്തംബർ മാസം ആദ്യ 10-15 ദിവസങ്ങൾക്കുള്ളിൽ 0.3% ഡയത്തീൻ എം-45 അല്ലെങ്കിൽ ഇന്തോഫിൽ എം-45 മൂന്നുഗ്രാം പ്രതി ലിറ്റർ എന്നകണക്കിന് കായ്കളിൽ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
- കായ് ചൊട്ടൽ:
ലക്ഷണം: ബോറോണിന്റെ അഭാവത്താലുണ്ടാകുന്ന അപര്യാപ്തതാരോഗമാണിത്. വിത്തുഭാഗത്തെ കലകൾ തവിട്ട് നിറത്തിലും പിന്നീട് കറുപ്പ് നിറത്തിലുമാകും. ആയതിനുശേഷം കായ്ക്കുള്ളിൽ വ്യാപിച്ച് ആകൃതിക്ക് വ്യത്യാസമുണ്ടാകുന്നു.
പ്രതിവിധി: സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ 0.6% ബൊറാക്സ് 10-15 ദിവസങ്ങൾക്കുള്ളിൽ മൂന്നു തവണ കായ്കളിൽ തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.
- കായ്പ്പുള്ളി:
രോഗാണു: ഫംഗസ്
ലക്ഷണം: വെള്ള സാന്നിധ്യമുള്ള കുമിളകൾ കായ്കളിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് കുമിളകൾ വലുതാവുകയും മഞ്ഞ, തവിട്ട്, കറുപ്പ് നിറമാറ്റത്തിലെത്തുകയും ചെയ്യുന്നു. പിന്നീട് കുമിള പരന്ന് കറുത്ത പുള്ളികളാവുകയും കായ്കൾ അഴുകുകയും ചെയ്യുന്നു.
പ്രതിവിധി: രോഗം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യമേ മരുന്ന് പ്രയോഗിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്. 0.1-0.5 % ബൊറാക്സോ കറിയുപ്പോ കായ്കളിൽ തളിച്ച് രോഗാണുക്കളെ നിയന്ത്രിക്കാവുന്നതാണ്.
- തണ്ട് മുഴ:
ലക്ഷണം: സസ്യത്തിന്റെ കാണ്ഡത്തിലും ചെറുശാഖകളിലും മുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് വളർച്ച മുരടിക്കുകയും ചെയ്യുന്നതാണിതിന്റെ ലക്ഷണം.
പ്രതിവിധി: രോഗ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. കാലാകാലങ്ങളിൽ കൊമ്പുകോതുന്നത് (പ്രൂൺ ചെയ്യുന്നത്) തണ്ട് മുഴ സാധ്യത ഒഴിവാക്കാൻ സാധിക്കും.
കീടങ്ങളും കീട നിവാരണവും :
- കീടം: തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)
ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൾ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാസിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ദ്വാരങ്ങളിൽ മണ്ണെണ്ണ ഒഴിച്ചോ ഇവയെ നശിപ്പിക്കാം. മരുന്ന് പ്രയോഗിച്ചശേഷം മണ്ണുപയോഗിച്ച് ദ്വാരം അടയ്ക്കാവുന്നതാണ്.
- കീടം: തണ്ടുതുരപ്പൻ ഗാളീച്ച (ബെട്ടൂസ സ്റ്റൈലോഫൂറ)
ലക്ഷണം: മൺസൂൺ കാലത്തേത്തുടർന്ന് ഇളം കാണ്ഡഭാഗത്ത് സുഷിരങ്ങൾ ഉണ്ടാക്കി അകത്തു മുട്ടയിട്ട് ലാർവകളെ വിരിയിക്കുന്നു. ഈ ലാർവകൾ അകവശം തിന്നുന്നതോടൊപ്പം മുഴകൾ ഉണ്ടാക്കുകയും ചെയ്യും. ഈ മുഴകൾക്ക് താഴെ ചില പുതുശാഖകൾ മുളയ്ക്കാറുമുണ്ട്.
നിവാരണം: ലാർവ്വ ഉളപ്പടെയുള്ള മുഴഭാഗങ്ങൾ നീക്കം ചെയ്യുകയും ലാർവകളെ നശിപ്പിക്കുകയുമാണ് ഇതിനുള്ള പ്രധാന പരിഹാരം. മഴയ്ക്ക് ശേഷം 0.05% മോണോക്രോട്ടോഫോസ് തളിക്കുന്നത് ഗാളീച്ചയെ തുരത്തി കീടനിയന്ത്രണത്തിലാക്കാം.
മറ്റ് വിശേഷങ്ങൾ :
- മഹാരാഷ്ട്രയാണ് നെല്ലിക്കയുത്പാദനത്തിലും വിതരണത്തിലും ഇന്ത്യയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം.
- നെല്ലിക്കായ്കളിൽ വൈറ്റമിൻ സി ധാരാളമുണ്ട്.
- ചൂടിൽ നശിക്കാത്ത വൈറ്റമിൻ സി നെല്ലിക്കായുടെ പ്രത്യേകതയാണ്.
- നെല്ലിക്ക ഭക്ഷിക്കുന്നവരിൽ കാത്സ്യാഗിരണ തോത് കൂടുതലുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യം വർദ്ധിക്കുന്നു.
- നെല്ലിക്കയിൽ ധാരാളം പ്രോട്ടീനുകളുള്ളതിനാൽ കോശവളർച്ചയ്ക്കും പേശീവളർച്ചയ്ക്കും ശാരീരികാവയവങ്ങളുടെ വളർച്ചയേയും ത്വരിതപ്പെടുത്തുന്നു.
- നെല്ലിക്കായ്കൾ മഷി, തുണിത്തരങ്ങൾക്കുള്ള ചായം, ഷാമ്പൂ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു.
- നെല്ലിയില ഏലത്തിന് പുതയിടാൻ ഉത്തമമാണ്.
- ഭരണി നക്ഷത്രക്കാരുടെ നക്ഷത്ര വൃക്ഷം നെല്ലിയാണ്.
- പാലാഴി മഥനത്തിനുശേഷമുള്ള ദേവാസുരയുദ്ധത്തിനിടയിൽ ഭൂമിയിൽ വീണ അമൃത് തുള്ളികളിൽ നിന്നാണ് നെല്ലിയുണ്ടായതെന്ന് ഹൈന്ദവർ കരുതിപ്പോരുന്നു.
- ബുദ്ധ സംഘങ്ങൾക്ക് അശോക ചക്രവർത്തി അവസാനമായി നൽകിയ ഭിക്ഷ നെല്ലിക്കയാണെന്ന് ബുദ്ധമത വിശ്വാസികൾ വിശ്വസിച്ചു പോരുന്നു.
- ശ്രീ ശങ്കരാചാര്യരെപ്പറ്റി കവിയും തത്വചിന്തകനുമായ രവി തേജ യെലമഞ്ചിലി എഴുതിയ പുസ്തകത്തിന്റെ പേരാണ് ‘ആമ്ലകി’. ആമ്ലകി എന്നത് നെല്ലിക്കായുടെ മറ്റൊരു പേരാണ്.
- തമിഴ് സംഘകാല കവയിത്രിയായ അവ്വയാർക്ക് പാണ്ഡ്യരാജാവ് അത്തിയമൻ നെല്ലിക്ക പവിത്രവും അമൂല്യവുമായി കണക്കാക്കി ദാനമായി നൽകിയിട്ടുണ്ടെന്ന് അക്കാല കൃതികളിൽ പരാമർശിച്ചിട്ടുണ്ട്.
- ഇന്ത്യയിൽ നെല്ലിക്കാ കൂടുതലും ഉപ്പ്, എണ്ണ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ചേർത്ത് അച്ചാറുകളാക്കി ഉപയോഗിക്കുന്നു.
- ഉത്തരേന്ത്യയിൽ നെല്ലിക്കയും പഞ്ചസാര പാണിയും ചേർത്ത് സംസ്കരിച്ചെടുത്ത സത്ത് രാത്രികാല ആഹാരശേഷം ഉപയോഗിക്കുന്നു.
- ദക്ഷിണേന്ത്യയിൽ നെല്ലിക്കയും കരിപ്പട്ടി പാണിയോ ചെറുതേനോ ചേർത്ത് സംസ്കരിച്ചെടുത്ത സത്ത് രാത്രികാല ആഹാരശേഷം ഉപയോഗിക്കുന്നു. നെല്ലിക്ക- തേൻ സത്ത് നേത്രജന്യ രോഗങ്ങൾക്ക് ഔഷധമാണ്.
- കേരളത്തിലെ കിണറുകളിൽ നെല്ലിയുടെ പലക വിരിക്കാറുണ്ട്. ജലശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
- നെല്ലിയ്ക്ക് ഇടവിളയായി പഴവർഗ്ഗ സസ്യങ്ങളായ പേര, വാഴ, ജാമ്പ, നാരകം എന്നിവ നടാവുന്നതാണ്.
- നെല്ലിയ്ക്ക് ഇടവിളയായി പച്ചക്കറി വർഗ്ഗ സസ്യങ്ങളായ പടവലം, പാവൽ, പയർ, വെള്ളരിവർഗ്ഗങ്ങൾ എന്നിവ നടാവുന്നതാണ്.
- നെല്ലിയ്ക്ക് ഇടവിളയായി കിഴങ്ങ് വർഗ്ഗ സസ്യങ്ങളായ മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിവ നടാവുന്നതാണ്.
- നെല്ലിയ്ക്ക് ഇടവിളയായി ചീര, മുളക്, കത്തിരി, തക്കാളി, കുറ്റിപ്പയർ, വഴുതന, വെണ്ട എന്നിവ നടാവുന്നതാണ്.
- നെല്ലിയ്ക്ക് ഇടവിളയായി ഗുണ്ടുമല്ലി( മാരിഗോൾഡ്), തുളസി, മല്ലി, പുതിന എന്നിവ നടാവുന്നതാണ്.
- ഗുജറാത്ത് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള നെൽലിയിനങ്ങളാണ് ആനന്ദ്-1, ആനന്ദ്- 2, ആനന്ദ്- 3 എന്നിവ.